Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202301Wednesday

ആൾ ദൈവങ്ങൾ ഉള്ള നാട്ടിൽ നരബലിയിൽ എന്തിന് അത്ഭുതപ്പെടണം? ഏറ്റവും നിരാശാജനകം മാധ്യമങ്ങൾ പ്രചാരം മാത്രം നോക്കി വാർത്തക്ക് പിന്നാലെ പായുന്നത്; കേരളത്തിന് ഏക പ്രതീക്ഷ പ്രവാസികൾ മാത്രം; കിറ്റുപോലെയുള്ള ഫ്രീബീസ് വോട്ടിനുള്ള കൈക്കൂലി തന്നെ; ബ്രിട്ടനിലെത്തിയ സക്കറിയ പങ്കിടുന്ന വിചാരങ്ങൾ ഇങ്ങനെയൊക്കെ

ആൾ ദൈവങ്ങൾ ഉള്ള നാട്ടിൽ നരബലിയിൽ എന്തിന് അത്ഭുതപ്പെടണം? ഏറ്റവും നിരാശാജനകം മാധ്യമങ്ങൾ പ്രചാരം മാത്രം നോക്കി വാർത്തക്ക് പിന്നാലെ പായുന്നത്; കേരളത്തിന് ഏക പ്രതീക്ഷ പ്രവാസികൾ മാത്രം; കിറ്റുപോലെയുള്ള ഫ്രീബീസ് വോട്ടിനുള്ള കൈക്കൂലി തന്നെ; ബ്രിട്ടനിലെത്തിയ സക്കറിയ പങ്കിടുന്ന വിചാരങ്ങൾ ഇങ്ങനെയൊക്കെ

കെ ആർ ഷൈജുമോൻ

കവൻട്രി: ''കേരളത്തിൽ നിന്നും കേൾക്കുന്ന അസാധാരണ സ്വഭാവമുള്ള വാർത്തകളിൽ എന്തിനു അത്ഭുതപ്പെടണം? നിങ്ങളൊക്കെ നാട് വിട്ടു ജീവിക്കുന്നതിനാൽ അത്ഭുതം തോന്നിയേക്കാം. എന്നാൽ എന്നെപോലെ ഉള്ളവർക്കും കേരളത്തിൽ ജീവിക്കുന്ന മഹാഭൂരിപക്ഷത്തിനും ഇപ്പോൾ കേൾക്കുന്ന ''അസാധാരണ കാര്യങ്ങൾ'' ഒന്നും അത്ഭുതമല്ല. പണ്ടേ എറിഞ്ഞ വിത്ത് മുളച്ചു ഇപ്പോൾ വിത കൊയ്തെടുക്കുന്നു എന്ന് കരുതിയാൽ മതി'', ലണ്ടനിൽ ഹ്ര്വസ കാല സന്ദർശനത്തിന് എത്തിയ മലയാളികളുടെ പ്രിയ കറിയാച്ചൻ എന്ന സാഹിത്യലോകത്തെ പോൾ സക്കറിയ കവൻട്രിയിലെ കൂം ആബി എന്ന ചരിത്രമുറങ്ങുന്ന ഹോട്ടലിൽ ഇരുന്നു മാധ്യമ പ്രവർത്തകനായ കെ ആർ ഷൈജുമോനുമായി നടത്തിയ സംഭാഷണത്തിൽ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ ജീവിതവും പ്രവാസ ലോകത്തെ ചിന്തകളും ഒക്കെ കടന്നു വരുന്നു.

കലാ സാംസ്‌കാരിക സംഘടനായ ശ്രുതി യുകെയുടെ വാർഷിക സമ്മേളനത്തിന് എത്തിയ സക്കറിയ ഇപ്പോൾ യുകെയിലെ ഓരോ പട്ടണത്തിലും മലയാളികളുടെ ആതിഥ്യം സ്വീകരിച്ചു നാടറിയാനുള്ള സഞ്ചാരത്തിലാണ്. ദീർഘകാല സുഹൃത്തായ ഒമാനിലെ ബിസിനസ് ഒക്കെ അവസാനിപ്പിച്ച് ലോക സഞ്ചാരത്തിന് ഇറങ്ങിയ കൊടുങ്ങല്ലൂർ സ്വദേശിയായ ഗഫൂറാണ് ഈ യാത്രയിൽ അദ്ദേഹത്തിന്റെ പങ്കാളി. ഇരുവരും ഒരു മാസത്തിലേറെ നീണ്ട യാത്ര അവസാനിപ്പിച്ച് ഈ ആഴ്ച തന്നെ യുകെയിൽ നിന്നും കേരളത്തിലേക്ക് യാത്രയാകും.

നമുക്ക് നരബലിയിൽ നിന്നും തുടങ്ങാം (ഈ സംഭാഷണം നടത്തുമ്പോൾ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന പ്രണയ ചതി പുറത്തു വന്നിരുന്നില്ല), എന്താണ് കേരളത്തിൽ സംഭവിക്കുന്നത്?

എന്തിനാണ് അത്ഭുതപ്പെടുന്നത്? (രാവിലെ കഴിച്ച ഇംഗ്ലീഷ് പ്രഭാത ഭക്ഷണത്തിന്റെ മുഴുവൻ ഊർജ്ജവും നിറച്ചാണ് കറിയാച്ചൻ സംഭാഷണം ആരംഭിച്ചത്) ആൾ ദൈവങ്ങൾ ഉള്ള നാടല്ലേ നമ്മുടേത്? അവിടെ ജീവിക്കുമ്പോൾ പൂജയും മന്ത്രവാദവും ഒക്കെ ചെന്നെത്തിക്കുന്നത് പിന്നെ എവിടെയാണ്? ഏതു മതമാണ് ഇതിൽ വ്യത്യസ്തമാകുന്നത്? എല്ലായിടത്തും ആൾക്കൂട്ടവും ആൾദൈവങ്ങളുമാണ്.

ഇത്തരക്കാർക്കിടയിൽ ജീവിക്കുമ്പോൾ ഒരു സമൂഹം എങ്ങനെ ആകാൻ പാടില്ല എന്നിടത്തേക്കാണ് കേരളം ഇപ്പോൾ നടന്നെത്തിയിരിക്കുന്നത്. ആത്മീയത തന്നെ ഒരു ദുരന്തമായി മാറുകയാണ്. ശബരിമല വിഷയമൊക്കെ ആയുധമാക്കി മാറ്റിയത് നിഷ്‌കളങ്കമായിരുന്നോ എന്നാണ് ചിന്തിക്കേണ്ടത്. ഭരണഘടനാ ലംഘനം ഭരിക്കുന്നവരിൽ നിന്നും തന്നെ ഉണ്ടാകുന്നു. സ്ത്രീകളെ അപമാനിക്കുന്ന നിലപാടും തുടരുന്നതെന്തു കൊണ്ട് എന്ന് മലയാളി സ്വയം ചിന്തിക്കേണ്ടതാണ്.

ഇത്രയും അധഃപതനം മലയാളിക്ക് ഉണ്ടായത് സമീപകാല ജീവിതത്തിൽ നിന്നുമാണോ?
അല്ല, ഒരിക്കലുമല്ല. ഇതിനു വിത്തുപാകിയതു പത്തു മുപ്പതും നാൽപതും കൊല്ലം മുൻപാണ്. വിമോചന സമരത്തിലേക്കാണ് നാം തിരിഞ്ഞു നോക്കേണ്ടത്. നവോത്ഥാനം സ്വീകരിച്ചവരാണ് മലയാളികൾ. ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമികളെയും പൽപ്പുവിനെയും അയ്യൻകാളിയെയും ഒക്കെ കണ്ട മലയാളി ഇന്നെവിടെ എത്തി നിൽക്കുന്നു. മൂലധനം ഒക്കെ വായിച്ചു മനസിലാക്കിയ ഒരു തലമുറയിൽ നിന്നും നാം മുന്നോട്ടോ പിന്നോട്ടോ പോയതെന്ന് ആരും ചിന്തിക്കുന്നില്ല. അന്ന് നാം കേട്ട, പിന്നീട് നാം അനുഭവിച്ച നവോത്ഥാനത്തിനു പിന്നെന്തു പറ്റി? രാഷ്ട്രീയത്തിന് മുകളിൽ മതം എങ്ങനെ ആധിപത്യം സ്ഥാപിച്ചു? അന്ധവിശ്വാസമൊക്കെ എങ്ങനെയാണു വിദ്യ സമ്പന്നമായ ഒരു സമൂഹത്തിൽ വേരുപിടിച്ചു പടരുന്നതെന്നത് പഠന വിഷയമാക്കേണ്ടതാണ്. ഇക്കാര്യത്തിൽ എല്ലാവർക്കും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. കേരളത്തെ സംരക്ഷിച്ചു നിർത്തുന്നതിൽ ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങൾക്കും തെറ്റ് പറ്റി.

കേരളം ഇത്തരത്തിൽ മാറിപ്പോയതിന് ആരെയാകും താങ്കൾ കൂടുതൽ കുറ്റപ്പെടുത്തുക?
ഇക്കാര്യത്തിൽ എനിക്ക് പണ്ടേയുള്ള നിലപാടിൽ ഇന്നും മാറ്റമില്ല. മാധ്യമങ്ങളാണ് ഇക്കാര്യത്തിൽ ഒന്നാം പ്രതി. വിപണി വിജയം തേടിയാണ് കഴിഞ്ഞ പത്തു മുപ്പതു വർഷത്തിലേറെയായി മലയാള മാധ്യമങ്ങളുടെ സഞ്ചാരം. കൂടുതൽ വരിക്കാരെയും കാഴ്ചക്കാരെയും ലക്ഷ്യം വച്ചപ്പോൾ മൂല്യത്തിലാണ് കത്തി വച്ചത്. അത് സമൂഹത്തിനേൽപ്പിച്ച പരിക്ക് ഏറെ വലുതാണ്. എല്ലാ രംഗത്തും വീഴ്ചകളും മൂല്യ ച്യുതിയും ഒക്കെ സംഭവിക്കുമെങ്കിലും കേരളത്തിലെ മാധ്യമ രംഗത്ത് അത് സംഭവിച്ചത് സങ്കൽപിക്കാൻ പോലും കഴിയാത്ത ആഴത്തിലാണ്.

കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നതെങ്കിൽ കേരളത്തെക്കുറിച്ചു നമുക്ക് നിരാശയാണോ പ്രത്യാശയാണോ ബാക്കിയാകുന്നത്?
നിരാശ തന്നെ. ഒരു സംശയവുമില്ല. എങ്ങോട്ടാണ് എന്നറിയാതെ എത്രകാലം ഒരാൾക്ക് നടക്കാനാകും? ഭരണത്തിൽ ഇരിക്കുന്നവർ തുടർ ഭരണത്തെക്കുറിച്ചല്ല ചിന്തിക്കേണ്ടത്. ഭരണകാലം എങ്ങനെ മികവുറ്റതാക്കാൻ കഴിയും എന്നതിനെ കുറിച്ചാണ്. പ്രസ്താവനകൾ അല്ല നമുക്കാവശ്യം. ഭരണതലത്തിലോക്കെ മതശക്തികൾ അനാവശ്യ ഇടപെടൽ നടത്തുന്നത് പോലും ആരും അറിയുന്നില്ല, കാര്യമായി ചർച്ച ചെയ്യപ്പെടുന്നില്ല. ഒരു സുപ്രഭാതത്തിൽ എവിടെയും വിമോചനം ഉണ്ടായിട്ടില്ല. പൗരബോധം ഉള്ള സമൂഹമാണ് വളർന്നു വരേണ്ടത്.

താങ്കൾ ഉദ്ദേശിക്കുന്ന മാറ്റം എങ്ങനെയാണു സാധ്യമാക്കി എടുക്കുക?
ഇക്കാര്യത്തിൽ വയോജന വിദ്യാഭ്യാസം കൊണ്ട് നേട്ടം ഇല്ലെന്നാണ് ഞാൻ എവിടെയും പറയുക, മനുഷ്യ മതിലും ചങ്ങലയും കെട്ടി സമൂഹത്തിൽ മാറ്റം ഉണ്ടാക്കാൻ ആകില്ല. നാം ആരോടാണ് സംസാരിക്കുന്നത്? അത്രയേറെ ദുഷിച്ചു കഴിഞ്ഞ ഒരു സമൂഹത്തോട് അധര വ്യായാമം നടത്തിയിട്ട് എന്ത് കാര്യം. സാക്ഷരതയുടെ കാര്യത്തിൽ നമുക്ക് വയോജന വിദ്യാഭ്യാസം ആകാം. എന്നാൽ പൗര ബോധത്തിൽ നാം എങ്ങനെ വയോജന വിദ്യാഭ്യാസം നടത്തും? കഴിവതും ഇനി കുഞ്ഞുങ്ങളിൽ തുടങ്ങുകയാണ് അഭികാമ്യം. യൂറോപ്പ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ എത്ര പൗര ബോധമുള്ള കുട്ടികളും തലമുറയുമാണ് വളരുന്നത്. അവർ അക്കാര്യം ഒക്കെ വീടുകളേക്കാൾ കൂടുതൽ മനസിലാക്കുന്നത് വിദ്യാലയങ്ങളിൽ നിന്നാണല്ലോ. ശരിയായ വിദ്യാഭ്യാസത്തിന്റെ പങ്കു തിരിച്ചറിയുന്നവർ എന്ന് ഭരിക്കാൻ എത്തുന്നുവോ അന്നേ പ്രതീക്ഷക്ക് വകയുള്ളൂ.

കാലങ്ങൾ കൊണ്ട് സാധിക്കുന്ന കാര്യമാണത്, മറ്റൊരു വഴി കൂടി നിർദേശിക്കാമോ?
കുറെയധികം കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചെയ്യാനാകും. കേരളത്തിൽ പ്രചാരണ ശേഷിയുള്ള മാധ്യമങ്ങളാണ് ഉള്ളത്. ഏവരും ഏതെങ്കിലും ഒക്കെ മാധ്യമങ്ങളെ ഫോളോ ചെയ്യുന്നവരുമാണ്. പ്രബുദ്ധ മലയാളി എന്നതൊക്കെ അർഥം നശിച്ചു പോയ വാക്കാണ്. പാർട്ടികൾക്ക് വേണ്ടിയാകരുതു മാധ്യമ വാർത്തകൾ. ഞാനൊക്കെ ഇടതുപക്ഷ മനസോടെ തന്നെയാണ് മാധ്യമ പ്രവർത്തകരെ പരിശീലിപ്പിച്ചിരുന്നത്. പിന്നീട് എപ്പോഴോ ആരും അറിയാതെ സംവരണ പട്ടികയിൽ പേര് വരുന്നത് പോലെ മാധ്യമ പ്രവർത്തകർ സ്ഥാപനങ്ങളിൽ കയറിക്കൂടി.

സിന്ധു സൂര്യകുമാർ, നികേഷ് കുമാർ, കൂടി പോയാൽ പ്രമോദ് രാമൻ എന്നിവർ വരെ നമുക്ക് ചൂണ്ടിക്കാണിക്കാനാകും. മികച്ച ബോധ്യമുള്ള ഒരു തലമുറ തീരുകയാണ്. പിന്നീടങ്ങോട്ട് മാധ്യമ പ്രവർത്തകരുടെ നിഷ്‌ക്രിയതയാണ് കാണാനായത്. പാർട്ടി നോമിനികളാകരുതു മാധ്യമ പ്രവർത്തകരായി വരേണ്ടത്. മാധ്യമങ്ങൾ വിൽപന ചരക്കുകൾ എന്ന ലേബലിൽ നിന്നും പുറത്തു കടക്കണം. ഞാനും ബിആർപിയും ശശികുമാറും ഒക്കെ ചേർന്ന് മാധ്യമ പ്രവർത്തകരെ തിരഞ്ഞെടുക്കുമ്പോൾ അവർ മതേതര പക്ഷക്കാർ ആണെന്നും ഉറപ്പാക്കുമായിരുന്നു. മാധ്യമങ്ങൾ പറയുന്നത് മാത്രം വിശ്വസിക്കുന്ന ശീലവും ഒഴിവാക്കണം. സ്വന്തമായ, സ്വതന്ത്രമായ ചിന്തയ്ക്ക് ആണ് ഇക്കാലത്തു പ്രാധാന്യം നൽകേണ്ടത്.

ജീർണത എല്ലായിടത്തും വന്നല്ലോ, ഭരണ പക്ഷം മോശമായെങ്കിൽ പ്രതിപക്ഷവും അങ്ങനെ തന്നെയല്ലേ?
ഞാൻ ഇടതു മനസുള്ള ആളാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ കോൺഗ്രസ് അത്ര മോശം കാര്യം ഒന്നുമല്ല. കോൺഗ്രസിന് മോശമാകാൻ ഒരു പരിധി വരെയേ പറ്റൂ. അതിനപ്പുറം മോശമാകാൻ അവർക്കാകില്ല.

ഇന്നത്തെ ഇടതുപക്ഷത്തെ കുറിച്ച് കൂടി
ഇപ്പോൾ ഇടതു പക്ഷം എന്നൊന്നില്ല. വിമോചന സമര കാലഘട്ട ശേഷം അവർക്കു മനസിലായി വിപ്ലവം പറഞ്ഞു നടന്നിട്ടു കാര്യം ഇല്ലെന്ന്. കൂടെ കൂട്ടാവുന്നവരെയൊക്കെ കൂടെ കൂട്ടി. രക്തം കുടിച്ചു വളരുമ്പോൾ പലതും തിരിച്ചറിയാതെ പോകും. പിന്നീട് മാധ്യമങ്ങളാണ് അജണ്ടകൾ തീരുമാനിച്ചത്. രാഷ്ട്രീയ പാർട്ടികൾ അതിനൊപ്പം ആടുകയും പാടുകയും ആയിരുന്നു. കമ്യുണിസം നന്മയുള്ള ആശയം ആയിരുന്നു. കുറച്ചു കാലത്തിനു ശേഷം തുടർച്ചയായ വിനാശമാണ് ആശയത്തെ മുറുകെ പിടിക്കുന്നതിൽ അവർക്കും സംഭവിച്ചത്.

ഇനിയെന്താണ് കേരളത്തിൽ സംഭവിക്കുക?
ഇത് ഞാൻ എവിടെ പോയാലും പറയുന്ന കാര്യമാണ്. അൽപം പ്രവാസികളിലാണ് ആകെ പ്രതീക്ഷ. അവർ നിക്ഷേപം നടത്തും എന്നൊന്നും ആരും മനക്കോട്ട കെട്ടരുത്. ഗൾഫിനു ശേഷം യൂറോപ്പിലും കുടിയേറ്റം ശക്തമായതോടെ കുറെയധികം വീടുകളിലേക്ക് പൗണ്ടും യൂറോയും ഒക്കെ വന്നെത്തും. അതുകൊണ്ടു കുറെയധികം പേര് കൂടി പട്ടിണിയില്ലാതെ കഴിഞ്ഞു കൂടും. ഭേദപ്പെട്ട ജീവിത സൗകര്യങ്ങളും ഉണ്ടായെന്നിരിക്കും. ബേസ്ഡ് ടാലന്റ് എന്നൊക്കെ പറയുന്ന ചെറുപ്പക്കാരെ നമുക്ക് നഷ്ടപ്പെടുകയാണ്. പക്ഷെ ഇതുക്കെ ആരോട് പറയാൻ, ആര് തിരിച്ചറിയാൻ.

ഭരണ തുടർച്ചയെ പറ്റി പറഞ്ഞപ്പോൾ കേരളത്തിൽ കണ്ട കിറ്റ് പോലെയുള്ള ഫ്രീബീസുകൾ ലോകമാകെ പടരുകയാണല്ലോ, ഇത് വോട്ടർക്കുള്ള കൈകൂലിയാണോ?

സംശയമെന്ത്, കൈക്കൂലി തന്നെ. സൗജന്യങ്ങൾ നൽകിയാകരുതു ഒരു ഭരണവും മുന്നോട്ട് പോകേണ്ടത്. പണ്ട് തമിഴ്‌നാട്ടിലും പിന്നീടും ഇപ്പോഴും ഉത്തരേന്ത്യയിലും ഒക്കെ ഈ ഫ്രീബിസ് കണ്ടതാണല്ലോ. പക്ഷെ കേരളത്തിൽ അതെത്തിയപ്പോൾ ആരും എതിർത്തില്ല. ഇപ്പോൾ കടം എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചപ്പോളല്ലേ ബ്രിട്ടനിൽ ഒരു പ്രധാനമന്ത്രിയുടെ സ്ഥാനം പോയത്. ചിന്തിക്കുന്ന ജനതയും പാർട്ടിയും ഒക്കെയാണ് ഒരു നാടിന്റെ ഭാവി നിശ്ചയിക്കുന്നത്.

പക്ഷെ വിമർശം താങ്കൾ അടക്കം ഉള്ളവരെയും തേടിയെത്തുകയാണ്, വഴി കാട്ടേണ്ട സാംസ്‌കാരിക നായകർ മൗനം പാലിക്കുന്നതിൽ പുകയുന്ന അമർഷം കാണുന്നില്ലേ
സാംസ്‌കാരിക നായകർ ഓടി നടന്നു പറഞ്ഞിട്ട് എന്ത് കാര്യം. അധികാരം ഉള്ളവർ പറയുന്നതേ നടക്കൂ. എന്നുവെച്ചു സാംസ്‌കാരിക നായകർ മിണ്ടാതിരിക്കുക എന്നല്ല ഞാൻ പറയുന്നത്. മിണ്ടിയിട്ടും കാര്യം ഇല്ലെന്നാണ് ഉദ്ദേശിച്ചത്. പാവം സുകുമാർ അഴീക്കോട് എത്ര നല്ല മനുഷ്യൻ ആയിരുന്നു. കേരളം മുഴുവൻ ഓടി നടന്നു പ്രസംഗിച്ചില്ലേ. അനീതിക്കെതിരെ തീ തുപ്പിയില്ലേ? എന്നിട്ടു എന്തുണ്ടായി? ആരെങ്കിലും ഗൗനിച്ചോ? ഇന്ന് ആ പേരെങ്കിലും ആരെങ്കിലും ആത്മാർത്ഥതയോടെ ഉരിയാടുന്നുണ്ടോ? അപ്പോൾ സാംസ്‌കാരിക നായകരുടെ നെഞ്ചത്ത് കേറിയിട്ടും കാര്യമില്ല. ഞങ്ങളാരും തിരഞ്ഞെടുക്കപ്പെട്ടവരല്ല. ഞങ്ങളൊക്കെ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടവർ മാത്രം. അവിടെയാണ് വ്യത്യസം ആരംഭിക്കുന്നതും.

നമ്മുടെ സിനിമക്ക് വരെ എന്താണ് സംഭവിക്കുന്നത്? ശുദ്ധമായ കഥകൾ പോലും ഇല്ലാതാകുകയാണോ
ഞാൻ നല്ല സിനിമ ആസ്വാദകനോ, പതിവില്ലാതെ സിനിമ പിന്തുടരുന്ന ആളോ അല്ല. അതിനാൽ വലിയ അഭിപ്രായം പറയുന്നതിൽ കാര്യമില്ല. പക്ഷെ സൂപ്പർ സ്റ്റാറുകൾ ആയ രണ്ടു പേരും പല തലമുറകളെ സന്തോഷിപ്പിച്ചവരാണ്. അതിനാൽ അവരെ ചെറുതാക്കി കാണുന്നതിലും കഥയില്ല. എന്നാൽ ഇപ്പോഴത്തെ ചെറുപ്പക്കാരിൽ നല്ല കഥകൾ ഉണ്ടാകുന്നു. അതും വ്യത്യസ്തമായ തരത്തിൽ. ദൃശ്യം ഒക്കെ നല്ല കഥയും സംഭവവും ആയ കാര്യമാണ്. എന്നാൽ പുലിമുരുകനോ? രണ്ടും ഒരാളിൽ നിന്നല്ലേ. എങ്കിലും ചെറുപ്പക്കാർ നമ്മളെ നിരാശരാക്കില്ല എന്നാണ് പുതിയ സിനിമകളെ നിരീക്ഷിച്ചാൽ മനസിലാകുക.

അവസാനമായി യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളോട് പറയാൻ എന്തുണ്ട്?
നിങ്ങൾ ഈ നാടിനെ സാംശീകരിക്കുക. നിങ്ങൾ ഇവിടെ ജീവിക്കാൻ എത്തിയവരാണ്. പിറന്ന നാടിനെ മറക്കണം എന്നല്ല പറഞ്ഞത്. എന്നാൽ ഇവിടെയുള്ള നന്മകളെ കണ്ടറിയുക. ഇവിടെ സംസ്‌കരിക സംഘടനകളും പ്രസ്ഥാനങ്ങളും ഒക്കെ സജീവമാകണം. മത കാര്യങ്ങളിൽ മാത്രം താൽപര്യം ഉള്ളവർ ആയി ഒതുങ്ങിക്കൂടരുത്. മത സംഘടനകളെയോ പ്രസ്ഥാനങ്ങളെയോ സാംസ്‌കാരിക സംഘടനകളുടെ തലയ്ക്കു മുകളിൽ വളരാൻ അനുവദിക്കുകയും അരുത്. അത്രയൊക്കെ ചെയ്യാനായാൽ പ്രവാസം സുന്ദരമാക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP