ന്യൂഡൽഹി: സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകിയെന്നു കാട്ടി നൽകിയ പരാതിയിൽ കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനിക്ക് ആശ്വാസമായി കോടതിവിധി. വ്യാജബിരുദമെന്നാരോപിച്ചു സ്മൃതിക്കെതിരായി നൽകിയ പരാതി ഡൽഹി പട്യാല കോടതി തള്ളി.

തെരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ സത്യവാങ്മൂലത്തിൽ, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി തെറ്റായ വിവരങ്ങൾ നൽകിയെന്നായിരുന്നു പരാതി. കേസിൽ സ്മൃതി ഇറാനിയെ വിളിച്ചുവരുത്തണമെന്ന പരാതിക്കാരുടെ വാദവും കോടതി തള്ളി.

11 വർഷത്തെ കാലതാമസമാണ് പരാതി ഉന്നയിക്കാൻ എടുത്തതെന്നു കോടതി ചൂണ്ടിക്കാട്ടി. ഡൽഹി സർവകാലാശാലയുടെ കൈവശം യഥാർത്ഥ രേഖകൾ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്. സ്മൃതി ഇറാനിയെ അനാവശ്യമായി ഉപദ്രവിക്കുക മാത്രമാണ് പരാതിക്കാരന്റെ ലക്ഷ്യം. കേന്ദ്രമന്ത്രി ആയിരുന്നില്ലെങ്കിൽ അവർക്കെതിരെ ഈ പരാതി ഉന്നയിക്കില്ലായിരുന്നുവെന്നും കോടതി പറഞ്ഞു.

ഡൽഹി സർവകലാശാലയിൽ നിന്നും 1996ൽ ബിഎ ബിരുദം നേടിയെന്നാണ് 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ സ്മൃതി അവകാശപ്പെട്ടത്. 2011ലെ രാജ്യസഭ തിരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ പക്ഷെ, വിദ്യാഭ്യാസ യോഗ്യത ഡൽഹി സർവകലാശാലയുടെ ബികോം ഒന്നാം വർഷ ബിരുദം പൂർത്തിയാക്കിയെന്നാണ് വ്യക്തമാക്കിയത്. എന്നാൽ, 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ യോഗ്യത ബികോം ബിരുദമായി മാറി. വിദ്യാഭ്യാസ യോഗ്യതയിലെ ഈ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി സ്വതന്ത്ര എഴുത്തുകാരനായ അഹ്മദ് ഖാൻ ആണ് കേസ് നൽകിയത്.

ബിരുദം സംബന്ധിച്ച സ്മൃതി ഇറാനിയുടെ രേഖകൾ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ലെന്നായിരുന്നു നേരത്തെ ഡൽഹി സർവകലാശാല കോടതിയെ അറിയിച്ചിരുന്നത്. സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യതകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് നേരത്തെ കോടതി ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. രേഖകൾ കണ്ടെത്താനായില്ലെന്നും വിവരങ്ങൾ വെബ്സൈറ്റിൽ ഉണ്ടെന്നുമായിരുന്നു ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടി.