ന്യൂഡൽഹി: മുത്തലാഖെന്ന സമ്പ്രദായത്തെ രൂക്ഷമായി വിമർശിച്ചു സിപിഐ(എം) രംഗത്ത്. മുത്തലാഖിനെതിരായ പോരാട്ടത്തിനു പിന്തുണയേകുന്നുവെന്നും സിപിഐ(എം) വ്യക്തമാക്കി.

അതേസമയം, കേന്ദ്രം മുന്നോട്ടു വച്ച ഏകീകൃത സിവിൽ കോഡിനെ സിപിഐ(എം) എതിർത്തു. മുത്തലാഖിലെ ഇടപെടൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചാണ്. സ്ത്രീസമത്വമല്ല സർക്കാരിന്റെ നീക്കത്തിന് പിന്നിൽ. മുത്തലാഖ് വിഷയത്തിൽ മുസ്ലിം സ്ത്രീകളുടെ പ്രതിഷേധത്തിനൊപ്പമാണ് പാർട്ടിയെന്നും സിപിഐ(എം) വ്യക്തമാക്കി.

ഹിന്ദു വ്യക്തിനിയമവും പരിഷ്‌ക്കരിക്കാൻ കേന്ദ്രം തയ്യാറാകണം. ഭൂരിപക്ഷ സമുദായത്തിലെ സ്ത്രീകളും വ്യക്തിനിയമത്തിന്റെ ദുരുതമനുഭവിക്കുന്നുണ്ട്. ഹിന്ദു വ്യക്തിനിയമം പരിഷ്‌ക്കരിച്ചതാണെന്ന കേന്ദ്രത്തിന്റെ വാദം തെറ്റാണെന്നും പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി.

പല ഇസ്ലാമിക രാജ്യങ്ങളിൽ പോലും മുത്തലാഖ് അനുവദനീയമല്ല. അത്തരം ഒരു തീരുമാനം ഉണ്ടാകുന്നത് പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്ക് ഏറെ ആശ്വാസം പകരും. ഭൂരിപക്ഷ സമുദായത്തിന്റേതടക്കം എല്ലാ വ്യക്തിനിയമങ്ങളും പരിഷ്‌കരിക്കണം. ഇക്കാര്യത്തിൽ ഹിന്ദു സ്ത്രീകളുടെ വ്യക്തിനിയമം പരിഷ്‌കരിച്ചിട്ടുണ്ടെന്ന കേന്ദ്രസർക്കാർ വക്താവിന്റെ വാദം തെറ്റാണ്. കേന്ദ്ര സർക്കാർ സ്ത്രീ സമത്വം ലക്ഷമിടുന്നതിനുപകരം ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തെയാണ് ലക്ഷ്യമിടുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. നിലവിൽ ദത്തെടുക്കൽ, സ്വത്തവകാശം, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയെല്ലാം ഹിന്ദു സ്ത്രീകൾക്ക് വിവേചനം നേരിടുന്നുണ്ട്. ഏകീകൃതസിവിൽകോഡ് അടിച്ചേൽപ്പിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും പൊളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ആദ്യപടിയായി കേന്ദ്ര നിയമ കമ്മിഷൻ ചോദ്യാവലി പുറത്തിറക്കിയത് വിവാദമായിരുന്നു. ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ജനങ്ങളിൽ നിന്ന് വിശദാംശങ്ങൾ ആരാഞ്ഞതിന് ശേഷം കൂടുതൽ വിശദമായ നടപടികളിലേക്ക് കടക്കാനാണ് നിയമകമ്മീഷൻ ഉദ്ദേശിക്കുന്നത്. ഏക സിവിൽ നിയമത്തെ അനുകൂലിക്കുന്ന തരത്തിലുള്ള അപേക്ഷയും ഇതിനോടൊപ്പമുണ്ട്. 16 വ്യത്യസ്ത വിഷയങ്ങളിലാണ് ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇത് ബഹിഷ്‌ക്കരിക്കണമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.