സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിലെ താലൂക്ക് ആശുപത്രിക്ക് സമീപം വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. 19 വയസുകാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിനി അക്ഷരയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകളാണ് അക്ഷര. ഞായറാഴ്ച വൈകീട്ട് 4.30ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ സമീപത്ത് വീണു കിടക്കുന്ന നിലയിലാണ് അക്ഷരയെ തൊഴിലാളികൾ കണ്ടത്. സംഭവമറിഞ്ഞ് ആശുപത്രി അധികൃതരും പൊലീസും സ്ഥലത്തെത്തുകയായരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച്് രക്ഷിതാക്കൾ ബത്തേരി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരികയായായിരുന്നു. സുഹൃത്തുക്കൾ വഴിയും മറ്റും പൊലീസ് അന്വേഷണം നടത്തി. ഇതിനിടെയാണ് സൈബർ സെൽ വഴി മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ ബത്തേരിയിൽ തന്നെയാണ് പെൺകുട്ടിയെന്ന് കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരവേയാണ് മൃതദേഹം കണ്ടെത്തിയത്. പാരാമെഡിക്കൽ വിദ്യാർത്ഥിനിയാണ് മരിച്ച അക്ഷര. മാതാവ്: വിദ്യ. സഹോദരൻ: അക്ഷയ്. യുവതിയുടെ മരണത്തിൽ അസ്വഭാവികതകൾ ഉണ്ടോയെന്നത് അടക്കം വിശദമായി പൊലീസ് അന്വേഷിക്കും. സംഭവത്തിന്റെ ഞെട്ടലിലാണ് അക്ഷരയുടെ സുഹൃത്തുക്കളും ബന്ധുക്കളും.