തിരുവനന്തപുരം: പത്താം ക്ലാസും ട്രാവൽ ആൻഡ് ടൂറിസത്തിൽ ഡിപ്ലോമയും മാത്രമുള്ള കേരള ഹൗസിലെ ജീവനക്കാരനെ കൺട്രോളർ തസ്തികയിൽ നിയമിക്കാൻ ചരടുവലികൾ നടത്തുന്നതായി വിവരം. സെക്രട്ടറിയേറ്റിൽ നിന്നും ഡൽഹിയിലേക്ക് അയച്ച ഒരു കത്തിലൂടെയാണ് ഈ തട്ടിപ്പിന് വഴിയൊരുങ്ങിയത്. ഡൽഹി കേരളാ ഹൗസിലേക്കാണ് വിചിത്രമായ ഈ കത്ത് എത്തിയത്. ഈ നിയമനം നിയമപരമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കേരള ഹൗസിൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്.

കേരള ഹൗസിലെ റസിഡൻഷ്യൽ കമ്മീഷണർക്ക് പൊതുഭരണ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ അയച്ച കത്തിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. ഐ എ എസുകാരന് മൂന്നാമത്തെ പ്രമോഷൻ കിട്ടുന്ന തസ്തികയിലേക്കാണ് കേരള ഹൗസ് ജീവനക്കാരനായ കണ്ണൂർ സ്വദേശിയായ പ്രകാശനെ നിയമിക്കാൻ നീക്കം നടക്കുന്നത്. പത്താം ക്ലാസും ഗുസ്തിയും മാത്രം യോഗ്യതയായുള്ള പിണറായി വിജയന്റെ സ്വന്തക്കാരനായ പ്രകാശനെ ഐ എ എസിന് തുല്യമായ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ കത്ത്.

മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറിയും പാർട്ടിയിലെ നേതാക്കളുമൊക്കെ ഡൽഹിയിലെത്തിയാൽ അവരെ സ്വീകരിക്കുന്നത് മുതൽ അവരുടെ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് വരെ പ്രകാശനാണ്. പാർട്ടി നേതാക്കൾ വേണ്ടപ്പെട്ട പ്രകാശനെ ഈ തസ്തികയിൽ നിയമിക്കപ്പെട്ടാൽ ഏതാണ് ഒന്നേമുക്കാൽ ലക്ഷം രൂപയായിരിക്കും ശമ്പളം കിട്ടുക. ജീവിതകാലം മുഴുവൻ അതിന് തുല്യമായ പെൻഷനും കിട്ടും. അതിനുവേണ്ടിയാണ് യോഗ്യതയില്ലാതിരുന്നിട്ടും നേതാക്കൾക്ക് പ്രിയങ്കരനായ പ്രകാശനെ സുപ്രധാന തസ്തികയിൽ നിയമിക്കാൻ ഒരുങ്ങുന്നത്.



ഈ കത്തിൽ ഇങ്ങനെ പറയുന്നു. പൊതുഭരണ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ അതേ റാങ്കിലുള്ള കേരള ഹൗസിലെ റസിഡൻഷ്യൽ കമ്മീഷണർക്ക് അയച്ച കത്തിലെ വിഷയം ഇങ്ങനെയാണ്.

വിഷയം: പൊതുഭരണ പൊളിറ്റിക്കൽ വകുപ്പ്, കേരള ഹൗസ്, ന്യൂഡൽഹി, കേരള ഹൗസിലെ തസ്തികകൾക്കുള്ള നിയമന രീതിയും യോഗ്യതയും സംബന്ധിച്ച്

സൂചനയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ന്യൂഡൽഹിയിലെ കേരളാ ഹൗസ് ജീവനക്കാർക്ക് പ്രമോഷനില്ലാത്ത അവസ്ഥ പരിഗണിച്ച് ഹൗസ് കീപ്പിങ് മാനേജർ, കാറ്ററിങ് മാനേജർ, കൺട്രോളർ എന്നീ തസ്തികകളിലേക്ക് യോഗ്യരായ കേരളാ ഹൗസ് ജീവനക്കാരെ നിയമിക്കണം എന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഫ്രണ്ട് ഓഫീസർ മാനേജർ തസ്തിക - ഗസറ്റഡ് തസ്തിക ഉയർത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫ്രണ്ട് ഓഫീസ് മാനേജർ തസ്തിക - ഗസറ്റഡ് തസ്തിക ഉയർത്തുന്നതിനും കൺട്രോളർ തസ്തികയിലെ നിയമന രീതി ഭേദഗതി ചെയ്യുന്നതോടൊപ്പം ഹൗസ് കീപ്പിങ് മാനേജർ കാറ്ററിങ് മാനേജർ ഫ്രണ്ട് ഓഫീസ് മാനേജർ എന്നീ തസ്തികകൾ ഉൾപ്പെടുത്തി കേരള ഹൗസ് ന്യൂഡൽഹി, സ്റ്റേറ്റ സർവീസ് റൂൾ രൂപീകരിക്കുന്നതിനുമായി താഴെ പറയുന്ന വിശദാംശങ്ങൾ ഉൾപ്പെടുത്തി നിലവിലുള്ള നടപടിക്രമം പാലിച്ച് ഒരു കരട് പ്രപ്പോസൽ അടിയന്തരമായി സർക്കാരിലേക്ക് ലഭ്യമാക്കാൻ താൽപര്യപ്പെടുന്നു.

ഒന്നിൽ കൂടുതൽ നിയമനരീതിക്ക് വ്യവസ്ഥയുടെ തസ്തികകയ്ക്ക് ഏത് നിയമന രീതി അവലംബിക്കണമെന്ന് സർക്കാരിന് തീരുമാനിക്കാം എന്ന വ്യവസ്ഥകൂടി കരട് സർവീസ് റൂളിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്നു. ഇതിനൊപ്പം കുറെയേറെ തസ്തികകളുടെ പേരും നൽകിയിരിക്കുന്നു.

കേരള ഹൗസ് എന്ന് പറയുന്നത് കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഡൽഹിയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ചെല്ലുമ്പോൾ താമസിക്കുന്ന ഇടമാണ്. വാസ്തവത്തിൽ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കേണ്ട ഒരു കെടിഡിസി റെസ്റ്റോറന്റിന്റെയോ ഹോട്ടലിന്റെയോ ആവശ്യം മാത്രമേയുള്ളു. എന്നാൽ കേരളത്തിന്റെ താൽപര്യം സംരക്ഷിക്കാൻ വേണ്ടി അവിടെ കേരള ഹൗസ് എന്ന പേരിൽ ഒരു സംവിധാനം തന്നെ കൊണ്ടുപോകുന്നു. അതിന്റെ ചുമതല ഒരു അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകുന്നു.ഡൽഹിയിൽ വീടുള്ള പല ഉദ്യോഗസ്ഥന്മാർക്കും അവിടെ പോയി സർക്കാരിന്റെ അഴിമതിക്ക് ഒത്താശ ചെയ്യാൻ ഇത് ഉപയോഗിക്കാറുണ്ട്. അവിടേക്ക് നിയമിക്കപ്പെടുന്നവരൊക്കെ പൊതുഭരണ വകുപ്പിൽ നിന്നും ഡെപ്യൂട്ടേഷനിലോ മറ്റോ പോവേണ്ടവരാണ്. എന്നാൽ അവിടെ സാധാരണ തസ്തികയിലേക്കുള്ള നിയമനങ്ങളെല്ലാം പിൻവാതിൽ നിയമനങ്ങളാണ്. പി എസ് സി വഴിയല്ല നിയമനങ്ങൾ.

അവിടുത്തെ സാധാരണ ജീവനക്കാർ, അതിൽ വെയിറ്റർമാരും റിസപ്ഷനിസ്റ്റുകളും എല്ലാമായാണ് നിയമനങ്ങൾ. ഈ നിയമനം ഒക്കെ പിൻവാതിലിലൂടെയാണ്. മാറി മാറി വരുന്ന സർക്കാരുകൾ ആളുകളെ നിയമിക്കുന്നു. പിന്നീട് സ്ഥരപ്പെടുത്തുന്നു. അവർക്ക് പ്രമോഷൻ കൊടുക്കുന്നു. ആകെ നൽകാവുന്ന സ്ഥാനക്കയറ്റങ്ങൾ മുമ്പ് പറഞ്ഞ കാറ്ററിങ് മാനേജർ, ഹൗസ് കീപ്പിങ് മാനേജർ ഒക്കെയാണ്.

അങ്ങനെ പിൻവാതിലിലൂടെ കയറിയ ഒറു ഉദ്യോഗസ്ഥൻ, അദ്ദേഹത്തിന്റെ പേര് പ്രകാശൻ എന്നാണ്. ഈ പ്രകാശന്റെ യോഗ്യത പത്താം ക്ലാസും ട്രാവൽ ആൻഡ് ടൂറിസത്തിൽ ഒരു ഡിപ്ലോമയുമാണ്. ഈ ഡിപ്ലോമ എങ്ങനെ തരപ്പെടുമെന്ന് നമുക്ക് അറിയാവുന്നതാണ്. കണ്ണൂരിൽ നിന്നുള്ള പ്രകാശൻ സിപിഎമ്മിന് വളരെ വേണ്ടപ്പെട്ടവനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തക്കാരൻ എന്ന് വിശേഷിപ്പിക്കേണ്ടി വരും. പിണറായി മാത്രമല്ല, പാർട്ടി സെക്രട്ടറിയും പാർട്ടിയിലെ നേതാക്കളും ഡൽഹിയിലെത്തിയാൽ അവരെ സ്വീകരിക്കുന്നത് മുതൽ അവരുടെ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് വരെ പ്രകാശനാണ്. അങ്ങനെ പ്രകാശൻ മറ്റൊരു സി എൻ രവീന്ദ്രനായി മാറുന്നു. വടകരയിൽ നിന്നും കുഞ്ഞിക്കണ്ണൻ എന്ന എൽഡിഎഫ് കൺവീനർക്ക് ഒപ്പമെത്തി മന്ത്രിമാരുടേയൊ പ്രതിപക്ഷ നേതാവിന്റെയോ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായി കഴിഞ്ഞ മുപ്പത് വർഷത്തോളം അധികാരത്തിന്റെ ഇടനാഴിയിൽ കടിച്ചുതൂങ്ങി, ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ നിയന്ത്രിക്കുന്ന സി എൻ രവീന്ദ്രൻ എന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ എല്ലാവർക്കും അറിയാം. ഡൽഹിയെ മറ്റൊരു സി എൻ രവീന്ദ്രനാണ് ഈ പ്രകാശൻ. സി എൻ രവീന്ദ്രന് പത്താം ക്ലാസ് പോലും യോഗ്യത ഇല്ലെങ്കിൽ പ്രകാശന് പത്താം ക്ലാസിനൊപ്പം ഒരു ഡിപ്ലോമയുണ്ട്. പ്രകാശന് കൊടുക്കാൻ കഴിയുന്ന പരമാവധി പ്രമോഷൻ എന്ന് പറയുന്നത് കാറ്ററിംങ് മാനേജർ അല്ലെങ്കിൽ റിസപ്ഷൻ മാനേജർ തസ്തികയാണ്. ആ തസ്തികയാകട്ടെ ഗസറ്റഡ് റാങ്കുമല്ല.

മുഖ്യമന്ത്രി പിണറായി വിജയന് ഇത്രയേറെ ഇഷ്ടമുള്ള പാർട്ടി നേതാക്കളുടെ ഒക്കെ കണ്ണിലുണ്ണിയായ പ്രകാശനെ ഒരു ഐ എ എസുകാരനാക്കി മാറ്റാനുള്ള ഗൂഢാലോചനാണ് ഇപ്പോൾ നടക്കുന്നത്. നേരിട്ട് ഐ എ എസ് കിട്ടാൻ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ഐ എ എസുകാരുടെ അതേ തസ്തികയിലേക്ക് ഉയർത്താൻ വേണ്ടിയാണ് നീക്കം നടത്തിയിരിക്കുന്നത്. കഴിഞ്ഞ കുറേ കാലമായി പ്രകാശന് വേണ്ടിയുള്ള ചരടുവലികൾ നടക്കുകയാണ്. ഇവിടെനിന്നും പലതവണ കത്ത് എഴുതിയെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം പ്രകാശന് പ്രമോഷൻ കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. റസിഡന്റ് കമ്മീഷണർ കഴിഞ്ഞാൽ പിന്നെയുള്ള പ്രധാന തസ്തിക കൺട്രോളർ ആണ്. ആ കൺട്രോളർ എന്ന് പറയുന്നത് സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറിയുടെ റാങ്കാണ്. സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി ജോലിക്ക് കയറിയാൽ അയാൾക്ക് എത്താവുന്ന ഏറ്റവും വലിയ രണ്ട് തസ്തികകളിൽ ഒന്നാണ് അഡീഷണൽ സെക്രട്ടറി. മറ്റൊന്ന് സ്‌പെഷ്യൽ സെക്രട്ടറിയാണ്. അഡീഷണൽ സെക്രട്ടറിയേക്കാൾ രണ്ട് റാങ്ക് താഴെയാണ് ഒരു ഐ എ എസുകാരൻ സിവിൽ സർവീസിൽ ജോലിക്ക് കയറുന്നത്,. ഒരു ഐ എ എസുകാരൻ സർവീസിൽ കയറിയാൽ സെക്രട്ടറിയേറ്റിലാണെങ്കിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിലാണ് തുടക്കം. അവിടെ നിന്നും ജോയിന്റ് സെക്രട്ടറിയായി പ്രമോഷൻ കിട്ടും. അതിനു ശേഷമാണ് അഡീഷണൽ സെക്രട്ടറിയാകുന്നത്.

ഐ എ എസുകാരന് മൂന്നാമത്തെ പ്രമോഷൻ കിട്ടുന്ന തസ്തികയിലേക്ക് പ്രകാശൻ എന്നു പേരുള്ള ഈ പത്താം ക്ലാസും ഡിപ്ലോമയുമുള്ളയാളെ പിണറായി വിജയന്റെ സ്വന്തക്കാരനായതിനാൽ നേരിട്ട് നിയമിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. നേരത്തെ കൺട്രോളർ എന്ന തസ്തികയിൽ ഐ എ എസുകാരായിരുന്നു നിയമിക്കപ്പെട്ടിരുന്നത്. ഈ തസ്തികയിൽ നിയമിക്കപ്പെട്ടാൽ ഏതാണ് ഒന്നേമുക്കാൽ ലക്ഷം രൂപയായിരിക്കും ശമ്പളം കിട്ടുക. ജീവിതകാലം മുഴുവൻ അതിന് തുല്യമായ പെൻഷനും കിട്ടും. അതിനുവേണ്ടിയാണ് യോഗ്യതയില്ലാതിരുന്നിട്ടും നേതാക്കൾക്ക് വേണ്ടപ്പെട്ട പ്രകാശനെ നിയമിക്കാൻ ഒരുങ്ങുന്നത്. ഈ നിയമനം നിയമപരമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കേരള ഹൗസിൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. കേരള ഹൗസിലെ ഉദ്യോഗസ്ഥർ പ്രപ്പോസൽ കൊടുത്ത് ആ പ്രപ്പോസൽ പ്രകാരം നിയമിച്ചു എന്ന് വന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാകും. പണി കിട്ടുന്നത് കേരള ഹൗസിലെ ഉദ്യോഗസ്ഥർക്കാകും. ഒരുയോഗ്യതയുമില്ലാത്തയാളെ യോഗ്യതയുണ്ടെന്ന് കാണിച്ച് നിയമിക്കുന്നതിലൂടെ ഈ ഉദ്യോഗസ്ഥരാകും ഇതിൽ കുഴപ്പത്തിലാകുക. ഈ നിയമനത്തിന് വേണ്ടിയുള്ള സമ്മർദം തുടരുകയാണെന്നാണ് ഡൽഹിയിൽ നിന്നുള്ള വിവരം. പ്രകാശനെ കൺട്രോളറാക്കുക എന്ന ഉദ്ദേശത്തിലാണ് ഈ കത്ത് ഡൽഹിക്ക് നൽകിയിരിക്കുന്നത്. ഈ കത്ത് പ്രപ്പോസൽ കൊടുക്കണമെന്നല്ല. സർക്കാർ ആവശ്യപ്പെട്ടത് പോലെ പ്രപ്പോസൽ നൽകണമെന്നാണ് കത്തിൽ പറയുന്നത്. ആ പ്രപ്പോസലിന്റെ പേരിൽ കൺട്രോളറായി പ്രകാശനെ നിയമിച്ചാൽ പ്രകാശൻ ഐ എ എസിന് തുല്യമുള്ള പദവിയിലെത്തും.

എക്‌സ്പിരിയൻസ് ഇല്ല എന്ന പരാതി ഉണ്ടാകാതിരിക്കാൻ പ്രകാശനെ കഴിഞ്ഞ ആറേഴ് മാസം മുമ്പ് കണ്ണൂർ എയർപോർട്ടിൽ പുതിയ തസ്തികയുണ്ടാക്കി നിയമിച്ചിരുന്നു. ആ തസ്തിക ഉണ്ടാക്കിയത് പോലും ഈ നിയമനം മുന്നിൽ കണ്ടാണ്. പ്രപ്പോസൽ വരുന്നതോടുകൂടി പ്രകാശൻ കണ്ണൂർ എയർപോർട്ടിൽ നിന്നും ഡൽഹിയിലെ കേരളാ ഹൗസിലെത്തും. പ്രകാശനെതിരെ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രകാശന് ക്വാർട്ടേഴ്‌സ് അനുവദിച്ചിരുന്നു. എന്നാൽ രണ്ട് കിലോമീറ്റർ ദൂരത്തുള്ള ക്വാർട്ടേഴ്‌സിലേക്ക് യാത്ര ചെയ്യാൻ മടിയുള്ളതുകൊണ്ട് കേരളാ ഹൗസിലെ ഒരു മുറിയിൽ താമസമാക്കിയിരുന്നു. മൂവായിരം രൂപ വാടകയുള്ള ഒരു മുറിയിലായിരുന്നു സ്ഥിരമായി പ്രകാശൻ താമസിച്ചിരുന്നത്. അതിനുശേഷം ക്വാർട്ടേഴ്‌സ് ഇല്ലാത്തതിന്റെ പേരിൽ രണ്ടേമുക്കാൽ ലക്ഷം രൂപ എഴുതിയെടുത്തു എന്നും ആരോപണമുണ്ട്. എന്തായാലും പത്താം ക്ലാസും ഡിപ്ലോമയും മാത്രമുള്ള പ്രകാശനെ കൺട്രോളർ എന്ന പേരിൽ കേരളാ ഹൗസിൽ നിയമിക്കാൻ സർക്കാർ നീക്കം തുടരുന്നു. അതിനായി ഡൽഹിയിൽ നിന്നും പ്രപ്പോസൽ എന്ന പേരിൽ കേരള ഹൗസിലെ ഉദ്യോഗസ്ഥർ കയ്യൊപ്പ് നൽകുകയും അതിന് പിന്നാലെ തിരുവനന്തപുരത്തുനിന്നും ഉത്തരവ് ഇറങ്ങുകയും ചെയ്താൽ പത്ത് വർഷം സർവീസുള്ള ഐ എ എസുകാർ വരെ പ്രകാശന് മുന്നിൽ തലകുനിച്ച് നിൽക്കേണ്ടിവരും.

കേരളീയം പദ്ധതിയുടെ മറവിൽ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ നന്നാക്കാൻ നൂറ് കോടി ഖജനാവിൽ നിന്നും മുടക്കാനുള്ള നീക്കവും വിഴിഞ്ഞം തുറമുഖത്തെത്തിയ ചൈനീസ് കപ്പലിൽ നിന്നും ക്രയിൻ ഇറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യത്തിനായി കാത്തികിടന്നപ്പോൾ ചെലവിടേണ്ടി വന്ന ലക്ഷങ്ങളുടെ കണക്കും സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്റർ നടത്തി ജിഎസ്ടി വെട്ടിക്കുന്ന സിബിഎസ്ഇ സ്‌കൂളുകൾക്ക് നോട്ടീസ് അയച്ച കാര്യവുമൊക്കെ കഴിഞ്ഞ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ മറുനാടൻ മലയാളി പുറത്തുവിട്ട വാർത്തകളായിരുന്നു.

കേരള യൂണിവേഴ്‌സിറ്റിയിലെ ജോലി രാജിവച്ച് റിപ്പോർട്ടർ ടിവിയിൽ ജോലിക്ക് കയറിയ അരുൺ കുമാർ യൂണിവേഴ്‌സിറ്റിയിലെ ജോലിയിലേക്ക് മടങ്ങാൻ ശ്രമിച്ചതിനെക്കുറിച്ച് നേരത്തെ മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. അത് തെറ്റാണെന്നായിരുന്നു അരുൺ കുമാർ പറഞ്ഞത്. എന്നാൽ ഇന്നലെ ഞങ്ങൾ അരുൺ കുമാറിന്റെ രാജിക്കത്ത് പോലും പുറത്തുവിട്ടിരുന്നു. അതുകൊണ്ടാണ് ഡോ. തോമസ് ഐസക്കും സ്വരാജും എം വി ഗോവിന്ദനും ഒക്കെ മറുനാടൻ മലയാളി ക്രിമിനൽ മാധ്യമമാണെന്ന് ആരോപണം ഉന്നയിച്ചത്.

സംസ്ഥാനം ഭരണം കയ്യാളുന്നതിന്റെ പേരിൽ പാർട്ടി നേതാക്കൾ നടത്തുന്ന ക്രിമിനൽ കുറ്റങ്ങൾ പുറത്തുകൊണ്ടുവരുന്നതുകൊണ്ടാണ് ക്രമിനൽ മാധ്യമമായി മറുനാടൻ മലയാളിയെ മുദ്രകുത്താൻ ശ്രമിക്കുന്നതെന്ന് വ്യക്തം. അത്തരത്തിലുള്ള ഒരു ഞെട്ടിക്കുന്ന തട്ടിപ്പ് വീണ്ടും പുറത്തുവന്നിരിക്കുകയാണ്.