ന്യൂഡൽഹി: ചൈനീസ് ഫണ്ടിങ് ആരോപിച്ച് ന്യൂസ് ക്ലിക്ക് പോർട്ടലിന് താഴിട്ടിരിക്കുകയാണ് ഡൽഹി പൊലീസ്. സ്ഥാപക പത്രാധിപർ പ്രബീർ പുരകായസ്തയേയും എച്ച്ആർ തലവൻ അമിത് ചക്രവർത്തിയേയും അറസ്റ്റ് ചെയ്തത് ഇന്നലെ നടന്ന വിപുലമായ റെയ്ഡുകൾക്ക് ശേഷമാണ്.
ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തി ലാപ്‌ടോപ്പുകളും, മൊബൈലുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. ചൈനാ അനുകൂലിയായ അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിംഘം ന്യൂസ് ക്ലിക്കിന് ഫണ്ട് നൽകിയെന്നും, ചൈനാ അനുകൂല വാർത്തകൾ പ്രസിദ്ധീകരിച്ചെന്നുമാണ് ആരോപണങ്ങൾ. ന്യൂയോർക്ക് ടൈംസിൽ വന്ന ഒരു റിപ്പോർട്ടിനെ തുടർന്നാണ് നടപടികൾക്ക് ചൂടുപിടിച്ചത്. എന്നാൽ, ന്യൂസ് ക്ലിക്കിന്റെ വിദേശ ഫണ്ടിങ്ങിനെ കുറിച്ച് 2021 ൽ തന്നെ ഇഡി അന്വേഷണം തുടങ്ങിയിരുന്നു. ഏതായാലും റെയ്ഡിലും, അറസ്റ്റിലും പ്രതിഷേധിച്ച് ന്യൂസ് ക്ലിക്ക് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ആരോപണങ്ങൾ പോർട്ടൽ നിഷേധിച്ചു.

പ്രസ്താവനയുടെ പൂർണ രൂപം:

ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ ഇന്നലെ ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിലും, മാധ്യമ പ്രവർത്തകരുടെയും, ജീവനക്കാരുടെയും കൺസൾട്ടന്റുമാരുടെയും, ഫ്രീലാൻസ് കോൺട്രിബ്യൂട്ടർമാരുടെയും വീടുകളിലും, റെയ്ഡ് നടത്തിയിരുന്നു. നിരവധി പേരെ ചോദ്യം ചെയ്തു. അതു തുടരുന്നു. 76 കാരനായ സ്ഥാപക എഡിറ്റർ പ്രബീർ പുരകായസ്തയേയും, ശാരീരിക വെല്ലുവിളികൾ നേരിടുന്ന അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തു.

 

എഫ്‌ഐആറിന്റെ പകർപ്പ് ഞങ്ങൾക്ക് നൽകിയിട്ടില്ല. എന്തൊക്കെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിൽ നിന്നും, ജീവനക്കാരുടെ വീടുകളിൽ നിന്നും നടപടിക്രമങ്ങൾ പാലിക്കാതെ ഇലക്ടോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. വാർത്താ റിപ്പോർട്ടിങ് തടയാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായി ഓഫീസ് സീൽ വച്ചു.

ഞങ്ങളുടെ വെബ്‌സൈറ്റിൽ ചൈനീസ് ആശയ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. വിമർശനത്തെ രാജ്യദ്രോഹമായോ, ദേശവിരുദ്ധ പ്രചാരണമായോ കണക്കാക്കുന്നതിനെയും പത്രസ്വാതന്ത്ര്യത്തെ ബഹുമാനിക്കാത്തതുമായ സർക്കാർ നടപടികളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു.

2021 മുതൽ കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികൽ ന്യൂസ് ക്ലിക്കിനെ വേട്ടയായി വരികയാണ്. ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വീടുകളിലും ഇഡിയും ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗലും, ആദായ നികുതി വകുപ്പും പലവട്ടം റെയ്ഡു ചെയ്തിട്ടുണ്ട്.

ലാപ്‌ടോപ്പുകളും, ഗാഡ്ജറ്റുകളും ഫോണുകളും അടക്കം എല്ലാ ഉപകരണങ്ങളും മുമ്പും പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ ഇമെയിലുകളും, ആശയവിനിമയ സംവിധാനങ്ങളും സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. എല്ലാ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും, ഇൻവോയിസുകളും, ചെലവ് കണക്കുകളും, ഫണ്ടിന്റെ സ്രോതസുകളും, വിവിധ ഏജൻസികൾ പലവട്ടം പരിശോധിച്ചിരുന്നു. ഡയറക്ടർമാർ അടക്കമുള്ളവരെ മണിക്കൂറുകളോളം സർക്കാർ ഏജൻസികൾ ചോദ്യം ചെയ്തിട്ടുണ്ട്.

ഇതെല്ലാം കഴിഞ്ഞിട്ടും, കഴിഞ്ഞ രണ്ടുവർഷത്തിനിടെ, ന്യൂസ് ക്ലിക്ക് കള്ളപ്പണം വെളുപ്പിച്ചെന്ന ഒരു പരാതിയും ഇഡിക്ക് ഫയൽ ചെയ്യാനായിട്ടില്ല. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനും, ന്യൂസ് ക്ലിക്കിന് എതിരെ കുറ്റപത്രം സമർപ്പിക്കാനായിട്ടില്ല. ആദായ നികുതി വകുപ്പിനും കോടതികൾക്ക് മുമ്പാകെ തെളിവുകൾ ഹാജരാക്കാനായില്ല. കഴിഞ്ഞ മാസങ്ങളിൽ പ്രബീർ പുരകായസ്തയെ ചോദ്യം ചെയ്യാൻ പോലൂം ഈ ഏജൻസികൾ വിളിപ്പിച്ചിട്ടില്ല.

എല്ലാ വിവരങ്ങളും, രേഖകളും കൈവശം ഉണ്ടായിട്ടും, ന്യൂസ് ക്ലിക്കിന് എതിരായ ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്ത ഒരുസർക്കാരിന് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ദുരുദ്ദേശപരമായ വ്യാജ ലേഖനം വേണ്ടി വന്നു യു എ പിഎ ചുമത്തി നടപടി സ്വീകരിക്കാൻ. കർഷകരുടെയും, തൊഴിലാളികളുടെയും, സമൂഹത്തിലെ അവഗണിക്കപ്പെട്ടവരുടെയും അടക്കം യഥാർഥ ഇന്ത്യയുടെ കഥ സ്വതന്ത്രമായും, ഭീതിരഹിതമായും പറയുന്നതിനെ അടിച്ചമർത്താനും പൂട്ടിയിടാനും സർക്കാർ ശ്രമിക്കുകയാണ്.

ഞങ്ങൾ വ്യക്തമാക്കുന്ന കാര്യങ്ങൾ

1. ന്യൂസ് ക്ലിക്ക് ഒരു സ്വതന്ത്ര വാർത്താ വെബ്‌സൈറ്റാണ്

2. മാധ്യമ പ്രവർത്തനത്തിന്റെ ഉയർന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഞങ്ങളുടെ ഉള്ളടക്കം.

3. ഏതെങ്കിലും ചൈനീസ് സ്ഥാപനത്തിന്റെയോ, അധികാരികളുടെയോ ആവശ്യപ്രകാരം, നേരിട്ടോ അല്ലാതെയോ ഒരു വാർത്തയും, വിവരവും ന്യൂസ് ക്ലിക്ക് പ്രസിദ്ധീകരിക്കാറില്ല

4. ഞങ്ങളുടെ വെബ്‌സൈറ്റിൽ ചൈനീസ് ആശയ പ്രചാരവേല നടത്താറില്ല

5. വെബ്‌സൈറ്റിലെ ഉള്ളടക്കത്തിൽ നെവിൽ റോയ് സിംഘത്തിന്റെ നിർദ്ദശങ്ങൾ സ്വീകരിക്കാറില്ല

6. ന്യൂസ് ക്ലിക്കിന് കിട്ടുന്ന ധനസഹായം എല്ലാം നേരായ ബാങ്കിടപാടുകളിലൂടെയാണ്. അവ നിയമപ്രകാരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ആർബിഐ ഡൽഹി ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ സ്ഥിരീകരിച്ചിട്ടുമുണ്ട്.

വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതെല്ലാം ആർക്കും കാണാവുന്നതാണ്. ചൈനീസ് പ്രചാരവേലയാണെന്ന് കണക്കാക്കുന്ന ഒരു ലേഖനമോ വീഡിയോയോ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ പരാമർശിച്ചിട്ടില്ല. അതേസമയം, ഡൽഹി കലാപം, കർഷ പ്രക്ഷോഭം എന്നിവ ന്യൂസ് ക്ലിക്ക് റിപ്പോർട്ട് ചെയ്തതിനെ കുറിച്ചുള്ള ഡൽഹി പൊലീസ് സ്‌പെഷ്യൽ പൊലീസിന്റെ ചോദ്യരീതി ഇപ്പോഴത്തെ നടപടിക്രമങ്ങൾക്ക് പിന്നിലെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നു.

ഞങ്ങൾക്ക് കോടതികളും, നിയമപ്രക്രിയയിലും പൂർണവിശ്വാസമുണ്ട്. ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി ഞങ്ങൾ മാധ്യമസ്വാതന്ത്ര്യത്തിനും ജീവിതത്തിനുമായി പോരാടും.

https://www.newsclick.in/statement-newsclick-oct-3-raids-special-cell-delhi-police