- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിദാസന്റെ പരാതി വൈകിച്ചത് 10 ദിവസം; പ്രതിയാകുമായിരുന്ന അഖിൽ മാത്യു ഇതോടെ വാദിയായി; അലീബി വാദം ഉയർത്തി സ്വയം പ്രതിരോധിച്ചു മന്ത്രിയുടെ പി എ; വ്യക്തതക്കായി പരാതിക്കാരന്റെ മൊഴിയെടുക്കാൻ പൊലീസ്
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ ഓഫീസിനെ സംശയത്തിലാക്കിയ അഴിമതി ആരോപണത്തിലെ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനിരിക്കയാണ്. ജോലി വാഗ്ദാനം ചെയ്തു 1.75 ലക്ഷം രൂപ കോഴവാങ്ങിയെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റ് അഖിൽ മാത്യുവിനെതിരെ പരാതി കൈമാറാൻ മന്ത്രിയുടെ ഓഫീസ് കാലതാമസം വരുത്തിയത് അടക്കം സംശയം വർധിപ്പിച്ചിട്ടുണ്ട്.
മലപ്പുറം സ്വദേശി ഹരിദാസൻ നൽകിയ പരാതി പൊലീസിനു കൈമാറാതെ മന്ത്രിയുടെ ഓഫിസ് ദിവസങ്ങളോളം പിടിച്ചു വെക്കുകയാണ് ചെയ്തത്. പകരം അഖിൽ മാത്യുവിന്റെ പരാതിയും പ്രൈവറ്റ് സെക്രട്ടറി കെ.സജീവന്റെ കത്തുമാണു ഡിജിപിക്ക് കൊടുത്തത്. പ്രതിയാകുമായിരുന്ന അഖിൽ ഇതോടെ സംഭവത്തിൽ വാദിയും സാക്ഷിയുമായി മാറി. ഹരിദാസന്റെ പരാതി ഈ മാസം 13നാണു മന്ത്രിക്കു ലഭിച്ചത്. പൊലീസിനു കൈമാറാതെ ആഭ്യന്തര അന്വേഷണത്തിനാണു മന്ത്രിയുടെ ഓഫിസ് ശ്രമിച്ചത്. അഖിൽ ആ സമയം പത്തനംതിട്ടയിൽ ബന്ധുവിന്റെ വീട്ടിലായിരുന്നു എന്നതാണ് പരാതി വൈകിപ്പിക്കാൻ കാരണായി പറയുന്നത്. ഈ അലീബി തെളിവുകൾ തുണയാകുമെന്നാണ് അഖിൽ മാത്യു കരുതുന്നത്.
അഖിൽ മാത്യുവിനു പങ്കില്ലെന്നാണു ഈ ഘട്ടത്തിൽ മന്ത്രിക്കും ഓഫിസിനും ബോധ്യപ്പെട്ടത്. അതോടെയാണു സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു പ്രൈവറ്റ് സെക്രട്ടറി മന്ത്രിക്കു കത്തു നൽകിയത്. ഇതിൽ ഹരിദാസന്റെ പരാതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു മാത്രം. പ്രൈവറ്റ് സെക്രട്ടറിയുടെ കത്തും അഖിൽ മാത്യുവിന്റെ പരാതിയും ചേർത്ത് ഡിജിപിക്കു കൈമാറുകയായിരുന്നു.
ഈ കത്ത് ഇമെയിലിലൂടെ 23ന് ഡിജിപിക്കു കൈമാറിയെന്നാണ് മുഖ്യമന്ത്രിയും മന്ത്രിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പരാതി ലഭിച്ചത് 26ന് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഡിജിപിയിൽ നിന്നു പരാതി സിറ്റി പൊലീസ് കമ്മിഷണർക്കു ലഭിച്ചതു പിറ്റേന്നും. സംഭവം വിവാദമാകുമെന്നുറപ്പായതോടെ മുൻ തീയതി വച്ചു പരാതി നൽകിയതാണോ എന്നും സംശയമുയരുന്നു.
സാഹചര്യത്തെളിവുകളും പരാതിക്കാരനായ ഹരിദാസൻ കുമ്മോളി പറയുന്നതും തമ്മിലെ പൊരുത്തക്കേടുകൾ പരിശോധിക്കുമെന്നു അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹരിദാസനിൽ നിന്നു വിവരങ്ങൾ ശേഖരിക്കാൻ സംഘം മലപ്പുറത്തേക്കു തിരിച്ചു. ഇന്ന് ഹരിസാദസന്റെ മൊഴി എടുക്കുന്നതോടെ കൂടുതൽ വസ്തുതകൾ തെളിയുമെന്നാണ് വിലയിരുത്തൽ.
അഖിൽ മാത്യുവിനു കോഴ നൽകിയെന്ന ഹരിദാസന്റെ പരാതി മന്ത്രിയുടെ ഓഫിസിൽ എത്തിച്ച ബാസിതിനെയും അഖിൽ സജീവിന്റെ സുഹൃത്തും അഭിഭാഷകനുമായ ലെനിനെയും വിളിച്ചുവരുത്തും. കോഴ വിവാദത്തിലുൾപ്പെട്ട പത്തനംതിട്ട സ്വദേശിയും സിഐടിയു മുൻ നേതാവുമായ അഖിൽ സജീവ് തട്ടിപ്പുകേസിൽ പ്രതിയായി മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒളിവിൽ കഴിഞ്ഞപ്പോഴാണു ബാസിതിനെയും ലെനിനെയും പരിചയപ്പെടുന്നത്. ഹരിദാസനുമായി ഇവർ ഇരുവർക്കും ഏറെ അടുപ്പമുണ്ട്.
സെക്രട്ടേറിയേറ്റ് അനക്സിന് സമീപത്ത് വച്ച് ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം കൈമാറിയതെന്നാണ് പരാതി. ആരോഗ്യ കേരള മിഷന്റെ ഓഫീസിൽ നിന്ന് നിയമനം സംബന്ധിച്ചുള്ള കൂടുതൽ രേഖകൾ പൊലീസ് ആവശ്യപ്പെടും. സെക്രട്ടേറിയേറ്റ് അനക്സിന് സമീപത്ത് വച്ച് ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം കൈമാറിയതെന്നാണ് പരാതി. ഇത് ഉറപ്പിക്കാൻ അഖിൽ മാത്യുവിന്റെയും ഹരിദാസിന്റെയും മൊബൈൽ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശി അഖിൽ സജീവിന് വേണ്ടിയുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.




