- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സസ്പെൻഷൻ നീട്ടി കൊണ്ടു പോകാനുള്ള തെറ്റുകളില്ലെന്നും തിരികെയടുത്ത് വകുപ്പതല അന്വേഷണം തുടരാമെന്നും ചീഫ് സെക്രട്ടറിയുടെ ശുപാർശ; മികച്ച ട്രാക്ക് റിക്കോർഡ് അടക്കം ചൂണ്ടിക്കാട്ടി റിപ്പോർട്ട്; ഐജി പി വിജയനെ തിരിച്ചെടുക്കുമോ?
തിരുവനന്തപുരം : ഐജി പി. വിജയന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നത് വകുപ്പ് തല അന്വേഷണത്തിന് തടസ്സമാവില്ലെന്നാണ് റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ഐജിയെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. ഈ ഫയൽ മുഖ്യമന്ത്രിക്ക് മുന്നിലാണ്. തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സസ്പെൻഷൻ പിൻവലിക്കും എന്നാണ് റിപ്പോർട്ട്.
പി.വിജയന്റെ സസ്പെഷനെതിരെ ഐപിഎസുകാർക്കിടയിൽ വ്യാപകമായ പ്രതിഷേധമുയർന്നുവെങ്കിലും ഐപിഎസ് അസോസിയേഷൻ ഔദ്യോഗികമായി മുഖ്യമന്ത്രിയെ പ്രതിഷേധമറിയിച്ചില്ല. സസ്പെൻഷൻ നീട്ടികൊണ്ടുപോകരുതെന്നാവശ്യപ്പെട്ട പ്രമേയവും പാസാക്കിയില്ല. ഇതിനിടെയാണ് വീണ്ടും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാരിന് മുന്നിലെത്തുന്നത്.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ചാണ് ഐജി പി. വിജയനെ മെയ് 18ന് സസ്പെൻഡ് ചെയ്യുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സസ്പെൻഷന് അടിസ്ഥാനമായ കാരണങ്ങൾ നിഷേധിച്ചായിരുന്നു പി.വിജയൻ സർക്കാർ നോട്ടീസിന് മറുപടി നൽകിയിരുന്നത്. രണ്ടുമാസത്തിന ശേഷം നടന്ന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സസ്പെൻഷൻ പുനപരിശോധന സമിതി പി.വിജയനെ തിരികെയെടുക്കുന്നമെന്ന് ശുപാർശ നൽകി.
സസ്പെൻഷൻ നീട്ടികൊണ്ടുപോകാനുള്ള തെറ്റുകളില്ലെന്നും തിരികെയടുത്ത് വകുപ്പതല അന്വേഷണം തുടരാമെന്നുമായിരുന്നു ശുപാർശ. എന്നാൽ പി.വിജയന്റെ വിശദീകരത്തിൻ മേൽ വീണ്ടും ഡിജിപിയുടെ വിശദീകരണം മുഖ്യമന്ത്രി തേടി. വിജയനെതിരായ എഡിജിപിയുടെ ആരോപണങ്ങൾ ശരിവച്ചു. പി.വിജയന്റെ വിശദീകരണം തള്ളിയുമായിരുന്നു ഡിജിപിയുടെ മറുപടി. ഈ മറുപടി പരിശോധിച്ചാണ് ചീഫ് സെക്രട്ടറി വീണ്ടും റിപ്പോർട്ട് നൽകിയത്.
ഐജിയെ തിരിച്ചെടുക്കുന്നത് വകുപ്പ്തല അന്വേഷണത്തിന് തടസമല്ല. വകുപ്പ്തല അന്വേഷണത്തിൽ ഐജിക്കും അന്വേഷണ ഉദ്യോഗസ്ഥനും വിശദീകരിക്കാനുള്ള അവസരമുണ്ടാകും. അപ്പോഴുള്ള കണ്ടെത്തലുകളിൽ വകുപ്പുതല നടപടിയാകാം. മൂന്നരമാസമായി തുടരുന്ന സസ്പെൻഷൻ നീട്ടി കൊണ്ടുപോകേണ്ടതില്ലെന്നുമാണ് ശുപാർശ. ഐജിയുടെ സർവ്വീസ് ജീവിതത്തിലെ മികച്ച ട്രാക്ക് റിക്കോർഡ് ഉൾപ്പെടെ ചൂണ്ടികാട്ടിയാണ് റിപ്പോർട്ട്. ഐ.ജി പി വിജയന്റെ സസ്പെൻഷനെ ചൊല്ലി പൊലീസിൽ തർക്കം രൂക്ഷമാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് ഇടയിലെ ചേരിപ്പോരാണ് സസ്പെൻഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. എന്നാൽ വിജയന്റെ നടപടികൾ ഗുരുതര ചട്ട ലംഘനമെന്ന് മറു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
എലത്തൂർ തീവണ്ടി ആക്രമണക്കേസിലെ അന്വേഷണ വിവരങ്ങൾ പുറത്ത് വിട്ടത് തീവ്രവാദ വിരുദ്ധ സേനാ തലവനായിരുന്ന പി വിജയനെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി വിജയന്റെ സസ്പെൻഷൻ. എന്നാൽ റിപ്പോർട്ട് സമർപ്പിച്ച ലോ ആൻഡ് ഓർഡർ എ.ഡി.ജി.പി എം.ആർ അജിത്ത്കുമാറും വിജയനുമായുള്ള പ്രശ്നങ്ങളാണ് സസ്പെൻഷന് പിന്നിലെന്നാണ് ആരോപണം. താക്കീതിൽ ഒതുക്കാവുന്ന നടപടിയാണ് സസ്പെൻഷനായി മാറ്റിയത്.
മാത്രമല്ല, ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻ എം.ഡി ആയിരിക്കെ ഇടത് അനുകൂല തൊഴിലാളികളെ പുറത്താക്കിയതും സസ്പെൻഷന് കാരണമായി പറയപ്പെടുന്നു. തുടർന്ന് ബുക്ക്സ് ആൻഡ് പബ്ലിക്കേഷന്റെ ചുമതലകളിൽ നിന്നും സ്റ്റുഡന്റ് പൊലീസിന്റെ ചുമതലകളിൽ നിന്നും വിജയനെ ഒഴിവാക്കിയിരുന്നു.




