- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; സതീഷിനായി മൊയ്തീൻ ഇടപെട്ടു; പൊലീസ് ഉദ്യോഗസ്ഥരും കള്ളപ്പണം വെളുപ്പിച്ചെന്നും സാക്ഷിയുടെ വെളിപ്പെടുത്തൽ; സിപിഎമ്മിന് കുരുക്കു മുറുകുന്നു
തൃശ്ശൂർ: കരുവന്നൂർ തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരൻ സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിലെ സതീശന്റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അക്കൗണ്ടിലുടെ തുടർ ക്രയവിക്രയങ്ങൾ അരുതെന്ന് ഇഡി കത്ത് നൽകി. സതീശന്റെ ഭാര്യ, മകൻ എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ചു. കള്ളപ്പണ ഇടപാടുകേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുകയാണ് ഇഡി. മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീൻ ഹാജരാകണം. കൗൺസിലർമാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എ സി മൊയ്ദീൻ സ്വത്ത് വിശദാംശങ്ങൾ, ബാങ്ക് നിക്ഷേപക രേഖകകൾ എന്നിവ പൂർണ്ണമായി ഹാജരാക്കണം.
നേരത്തെ ഹാജരായപ്പോൾ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് മൊയ്തീനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസിൽ അന്വേഷണം നേരിടുന്ന ബാങ്ക് മുൻ മാനേജർ ബിജു കരീമിന്റെ ബന്ധു കൂടിയാണ് എ സി മൊയ്തീൻ. ഈ സാഹചര്യത്തിൽ ബാങ്കിൽ നിന്ന് ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി ലോൺ നേടിയതിൽ എ.സി മൊയ്തീൻ പങ്കുണ്ടോ എന്നതിലാണ് ഇഡിയുടെ അന്വഷണം.
അതിനിടെ തട്ടിപ്പിൽ മുന്മന്ത്രി എസി മൊയ്തീൻ അടക്കമുള്ള സിപിഎം നേതാക്കളുടെ പങ്ക് വെളിപ്പെടുത്തി സാക്ഷി രംഗത്തുവന്നു. സഹകരണ ബാങ്ക് തട്ടിപ്പിന്റെ മറവിൽ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതി സതീഷ് കുമാറിനായി എസി മൊയ്തീൻ ഇടപെട്ടെന്ന് സാക്ഷി ജിജോർ വെളിപ്പെടുത്തി. തട്ടിപ്പിന് കളമൊരുക്കിയത് സിപിഎം നേതാക്കളാണെന്നും ജിജോർ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു റിട്ടയേഡ് എസ്‌പി അടക്കം രണ്ടു പൊലീസുകാരും ഇടപാടിൽ പങ്കാളികളായിരുന്നു. സതീഷിന്റെ സാമ്പത്തിക സ്രോതസ്സിൽ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. സതീഷ് കുമാറിന് അമ്പതിലേറെ ഏജന്റുമാരാണുള്ളത്. ഇവരുടെ പേരു വിവരങ്ങൾ ഇഡിക്ക് കൈമാറിയിട്ടുണ്ട്. ബിനാമി പേരിൽ കോടികൾ വായ്പയെടുത്ത സതീഷ് കുമാറിന് വേണ്ടി മുന്മന്ത്രിയും എംഎൽയുമായ എ സി മൊയ്തീൻ വിളിച്ചു. സമ്മർദ്ദം ചെലുത്തി. സതീഷിനെ മൊയ്തീന് പരിചയപ്പെടുത്തിയത് സിപിഎം കൗൺസിലർമാരാണ്. സിപിഎം നേതാവ് സി കെ ചന്ദ്രനുമായി സതീഷ് കുമാറിന് ഉറ്റബന്ധമുണ്ട്.
സതീഷ് കുമാറിന് വിദേശത്തും ബിസിനസ് സാമ്രാജ്യമുണ്ട്. തൃശൂർ കോർപ്പറേഷൻ സിപിഎം കൗൺസിലർ അനൂപ് ഡേവിഡ് കാടയുമായും, വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിപിഎം നേതാവുമായ പി ആർ അരവിന്ദാക്ഷനുമായി സതീഷ് കുമാർ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ജിജോർ പറയുന്നു.
കിരൺ, ബിജു കരീം, സെക്രട്ടറി സുനിൽ തുടങ്ങിയവരുമായുള്ള ബന്ധത്തിലാണ് സതീഷ് കുമാർ കരുവന്നൂർ ബാങ്ക് തട്ടിപ്പിലേക്ക് വരുന്നത്. കരുവന്നൂർ ബാങ്കിൽ തട്ടിപ്പാണ് നടക്കുന്നതെന്ന് സതീഷ് കുമാർ മനസ്സിലാക്കി. നനഞ്ഞിടം കുഴിക്കുക എന്നതാണ് സതീഷ് ചെയ്തത്. കിരണിന് ലോൺ കിട്ടാൻ ഒന്നര കോടി രൂപയുടെ എഫ്ഡി വേണമെന്ന് ബാങ്ക് അറിയിച്ചു.
ഇതു പ്രകാരം സതീഷ് കുമാറിനെക്കൊണ്ട് പണം ഇടുവിച്ചു. ഇത് മറ്റാരും അറിയാതെ കിരണും ബിജു കരീമും കൂടി മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. വേറൊരു ആധാരം എടുക്കാൻ. ആ ആധാരം വെച്ച് മൂന്നുകോടി ബാങ്കിൽ നിന്നും ലോൺ പാസ്സാക്കിയെടുത്തെന്നും ജിജോർ വെളിപ്പെടുത്തി. കോടികളുടെ കള്ളപ്പണം വെളുപ്പിക്കലിന് താൻ സാക്ഷിയാണെന്നും ജിജോർ പറയുന്നു.
ജപ്തി ഭീഷണി നേരിടുന്ന കുടുംബങ്ങളെ സമീപിച്ച്, അവരുടെ കുടിശ്ശിക തുക ബാങ്കിൽ അടച്ച് ആധാരം എടുക്കാൻ സഹായിക്കുന്നു. തുടർന്ന് ആ ആധാരം കരുവന്നൂർ ബാങ്കിൽ വെച്ച് വലിയ തുക വായ്പ എടുക്കുകയാണ് ചെയ്തിരുന്നത്. ആ പണം ഭൂവുടമയുടെ അക്കൗണ്ടിൽ വരും. തുടർന്ന് സതീഷ് കുമാറിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. അങ്ങനെയാണ് കള്ളപ്പണം വെളുപ്പിച്ചിരുന്നതെന്നും ജിജോർ പറയുന്നു.
സത്യം തുറന്നു പറഞ്ഞതിനാൽ തനിക്ക് വധഭീഷണിയുണ്ടെന്നും കേസിലെ നിർണായ സാക്ഷിയായ പി എ ജിജോർ വെളിപ്പെടുത്തി. ജിജോറിനെ ഒഴിവാക്കേണ്ടതല്ലേ, അയാൾക്ക് എല്ലാം അറിയാം എന്നു പറയുമ്പോൾ ഞാൻ പറയാം എന്ന് സതീഷ് മറുപടി പറയുന്ന വോയിസ് ക്ലിപ്പ് ഇഡി തന്നെ കേൾപ്പിച്ചിരുന്നു. ഒരു റെയ്ഡോ ഒന്നും ഇല്ലാതെ ഏതാണ്ട് പത്തു മുപ്പത്തഞ്ചു വർഷത്തോളം പലിശ ഫീൽഡിൽ തുടരണമെങ്കിൽ സതീഷിന് അത്രത്തോളം ഉന്നത ബന്ധങ്ങൾ ഉണ്ടായിരിക്കുമല്ലോയെന്നും ജിജോർ പറയുന്നു.




