- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടിൽ നിന്ന് കാണാതായ 12-കാരൻ പാലത്തിന്റെ പില്ലറിനിടയിൽ കുടുങ്ങിയ നിലയിൽ; രക്ഷാപ്രവർത്തനം
പട്‌ന: ബിഹാറിൽ രണ്ടു ദിവസം മുമ്പ് വീട്ടിൽ നിന്ന് കാണാതായ പന്ത്രണ്ട് വയസ്സുകാരനെ സോൻ നദിക്കു കുറുകെയുള്ള പാലത്തിന്റെ പില്ലറിനിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
ബിഹാർ ഖിരിയ സ്വദേശിയായ പന്ത്രണ്ടുകാരൻ രഞ്ജൻ കുമാറാണ് പാലത്തിൽ കുടുങ്ങിയത്. പാലത്തിന്റെ സ്ലാബിനും തൂണിനുമിടയിൽ കുടുങ്ങിയ നിലയിലായിരുന്നു കുട്ടി. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം കഴിഞ്ഞ 20 മണിക്കൂറായി തുടരുകയാണ്.
പാലത്തിന്റെ തൂണ് മുറിച്ചുനീക്കി കുട്ടിയെ പുറത്തെടുക്കാനായിരുന്നു ദേശീയ ദുരന്ത പ്രതികരണ സേനയുൾപ്പടെയുള്ള രക്ഷാപ്രവർത്തകരുടെ ആദ്യത്തെ ശ്രമം. എന്നാൽ ഈ ഉദ്യമം വിജയിച്ചില്ല. തുടർന്ന് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വിദഗ്ധ സംഘം ഉടൻതന്നെ സ്ഥലത്ത് എത്തിച്ചേരും. അവരുമായി കൂടിയാലോചിച്ച ശേഷം രക്ഷാപ്രവർത്തനം പുനഃരാരംഭിക്കാമെന്ന തീരുമാനത്തിലാണ് എൻ.ഡി.ആർ.എഫ് സംഘം.
ക്ഷീണിതനായ കുട്ടിക്ക് ഭക്ഷണവും വെള്ളവും എത്തിച്ചുനൽകിയിട്ടുണ്ടെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എൻ.ഡി.ആർ.എഫ് അസിസ്റ്റന്റ് കമാൻഡർ ജയ്പ്രകാശ് വ്യക്തമാക്കി.
മകൻ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെന്നും രണ്ടു ദിവസങ്ങൾക്കു മുമ്പ് വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നെന്നും രഞ്ജന്റെ പിതാവ് പറഞ്ഞു. തൊട്ടടുത്ത ഗ്രാമങ്ങളിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ പ്രദേശവാസിയായ ഒരു സ്ത്രീയാണ് കുട്ടിയെ പാലത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.




