- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി എഎപി; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അരവിന്ദ് കെജ്രിവാൾ; പ്രതിപക്ഷ ഐക്യവും ചർച്ചയായി
ന്യൂഡൽഹി: കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രിയും ഡൽഹിയിലെ മന്ത്രിമാർക്കുമൊപ്പം മുംബൈയിലെത്തിയാണ് കണ്ടത്. കൂടിക്കാഴ്ച്ചയിൽ പ്രതിപക്ഷ ഐക്യവും ചർച്ചയായി.
ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അഥോറിറ്റി രൂപീകരിക്കാൻ പുതിയ ഓർഡിനൻസിറക്കിയ കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷ പിന്തുണ തേടി വിവിധ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുകയാണ് കെജ്രിവാൾ.
ഡൽഹി സർക്കാരിന്റെ നിയമനങ്ങളും സ്ഥലം മാറ്റവും സംബന്ധിച്ച് കേന്ദ്രസർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരെ ആം ആദ്മി പാർട്ടി ഡൽഹി രാംലീല മൈതാനിയിൽ ജൂൺ 11ന് റാലി നടത്തുന്നുണ്ട്. റാലിക്ക് മുമ്പായി കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി വീട് വീടാന്തരം കയറിയുള്ള പ്രചരണം നടത്തും.
ഓർഡിനൻസ് രാജ്യസഭയിൽ അംഗീകാരത്തിനായി അവതരിപ്പിക്കുമ്പോൾ അത് പരാജയപ്പെടുത്താനായി എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ തേടുകയാണ് എ.എ.പി നേതാക്കൾ. പിന്തുണ തേടി കെജ്രിവാൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടർന്ന് മുംബൈയിൽ വച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കണ്ട് പിന്തുണ തേടിയിരുന്നു. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയമനങ്ങളും സ്ഥലം മാറ്റവും സംബന്ധിച്ച കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരായ നീക്കത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോൺഗ്രസിന്റെയും പിന്തുണയുണ്ട്.
ഡൽഹി ഓർഡിനൻസിനെ പാർലമെന്റിൽ കോൺഗ്രസ് എതിർക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ഡൽഹിയിലെ നിയമനങ്ങളിൽ സംസ്ഥാന സർക്കാരിന് പൂർണ അധികാരമുണ്ടെന് വ്യക്തമാക്കിയ സുപ്രീം കോടതി വിധി മറികടക്കാനാണ് ഓർഡിനൻസ് കൊണ്ടുവന്നത്. അദ്ദേഹം പറഞ്ഞു.




