പാലക്കാട്: കൈക്കൂലി വാങ്ങിയതിന് പിടിയിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിന് സസ്‌പെൻഷൻ. സുരേഷ് കുമാർ കാട്ടിയത് ഗുരുതര കൃത്യവിലോപമെന്ന് ഉത്തരവിൽ പറയുന്നു. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വി. സുരേഷ്‌കുമാർ പിടിയിലായത്. ഇയാൾക്ക് ഒരുകോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതിന് പിന്നാലെ വിജിലൻസ് അന്വേഷണം വിപുലമാക്കി. സമാന രീതിയിൽ, മറ്റ് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നാണ് അന്വേഷണം. കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിജിലൻസ് നൽകുന്ന സൂചന.

സുരേഷ്‌കുമാറിന്റെ വാടകമുറിയിൽ നിന്ന് 35 ലക്ഷം രൂപ പണമായി മാത്രം കണ്ടെടുത്തിരുന്നു. ഇതിനുപുറമേ 71 ലക്ഷം രൂപ നിക്ഷേപം നടത്തിയ രേഖകളും കണ്ടെത്തിയിട്ടുണ്ട്. 17 കിലോ നാണയങ്ങളും മുറിയിൽനിന്ന് പിടിച്ചെടുത്തു. കഴിഞ്ഞദിവസം നടത്തിയ റെയ്ഡിൽ മണിക്കൂറുകളെടുത്താണ് ഇവയെല്ലാം വിജിലൻസ് ഉദ്യോഗസ്ഥർ എണ്ണി തിട്ടപ്പെടുത്തിയത്. വൻതോതിൽ കൈക്കൂലി വാങ്ങിയിട്ടും വളരെ ലളിതമായ ജീവിതരീതിയായിരുന്നു സുരേഷിന്റേത്. പണത്തിന് പുറമേ തേനും കുടംപുളിയും പുഴുങ്ങിയ മുട്ടയുംവരെ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകളും മുണ്ടുകളും മുറിയിലുണ്ടായിരുന്നു. പടക്കങ്ങളും കെട്ടുകണക്കിന് പേനകളും മുറിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

പ്രതിമാസം 2,500 രൂപ വാടകയുള്ള ഒറ്റമുറിയിലായിരുന്നു സുരേഷ്‌കുമാറിന്റെ താമസം. 20 വർഷത്തോളമായി മണ്ണാർക്കാട് മേഖലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ ജോലിചെയ്തിരുന്ന ഇയാൾ പത്തുവർഷമായി ഈ വാടകമുറിയിലാണ് കഴിഞ്ഞിരുന്നത്. മാറാല പിടിച്ച മുറിക്കുള്ളിലാണ് 35 ലക്ഷം രൂപയും കിലോക്കണക്കിന് നാണയങ്ങളും സൂക്ഷിച്ചിരുന്നത്. 150 പേനകളും പത്തുലിറ്റർ തേനും ഒരുചാക്ക് കുടംപുളിയും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതെല്ലാം പ്രതി കൈക്കൂലിയായി വാങ്ങിയതാണെന്നാണ് വിവരം.

സ്വന്തമായി കാറോ ഇരുചക്ര വാഹനമോ ഇല്ല. അവിവാഹിതനായതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നുമാണ് മൊഴി. മുമ്പ് ജോലി ചെയ്ത ഓഫീസുകളിലും ഇയാൾ ക്രമക്കേട് നടത്തിയിരുന്നതായി വിജിലൻസിന് വിവരം ലഭിച്ചു. കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകളും മുണ്ടുകളും മുറിയിലുണ്ടായിരുന്നു. പടക്കങ്ങളും കെട്ടുകണക്കിന് പേനകളും മുറിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

എന്ത് ആവശ്യത്തിന് സമീപിച്ചാലും കൈക്കൂലി ചോദിച്ച് വാങ്ങുന്നതായിരുന്നു ഇയാളുടെ പതിവ്. ഏറ്റവും കുറഞ്ഞത് 500 രൂപയായിരുന്നു സുരേഷ് കുമാർ വാങ്ങിയിരുന്ന കൈക്കൂലി. ചിലരിൽ നിന്ന് പതിനായിരം രൂപ വരെ ഇയാൾ ചോദിച്ചുവാങ്ങിയിരുന്നതായും വീടുകളിൽ കയറിയിറങ്ങി കൈക്കൂലി വാങ്ങിച്ചതായും നാട്ടുകാർ ആരോപിച്ചിരുന്നു.

കൈക്കൂലി വാങ്ങിയത് വീട് വെയ്ക്കാൻ വേണ്ടിയെന്നാണ് പ്രതി വിജിലൻസിന് നൽകിയ മൊഴി. ഇത്രയധികം പണം സമ്പാദിച്ചിട്ടും എന്തിനാണ് ലളിതമായ ജീവിതം നയിച്ചതെന്ന് ചോദിച്ചപ്പോൾ മൗനമായിരുന്നു ഇയാളുടെ മറുപടി. അതേസമയം, തിരുവനന്തപുരം സ്വദേശിയായ സുരേഷ്‌കുമാർ നാട്ടിൽ വീടുപണി തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ നിർമ്മാണം പൂർത്തിയായിട്ടില്ലെന്നാണ് വിവരം. അവിവാഹിതനായ ഇയാൾ വല്ലപ്പോഴുമാണ് നാട്ടിൽ വന്നിരുന്നത്.