കണ്ണൂർ: ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കുന്നതും വ്യാപകമായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായ കൃത്രിമ ജലപാത നിർമ്മാണത്തിനെതിരായ സമരം കോൺഗ്രസ് കൂടുതൽ ശക്തമാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി മുന്നറിയിപ്പു നൽകി.കെ.റെയിൽ പോലെ ജനങ്ങളെ ദ്രോഹിക്കുന്ന മറ്റൊരു പദ്ധതിയാണിത്.

പ്രദേശവാസികളെപ്പോലും അറിയിക്കാതെ പാതയുടെ സർവെ പ്രവർത്തികൾ ജനാധിപത്യ വിരുദ്ധമായിട്ടാണ് നടത്തിവരുന്നത്. ഇത് ഇനിയും തുടരാൻ കോൺഗ്രസ് അനുവദിക്കില്ല.ജനവികാരം ഉൾക്കൊള്ളാതെ സർവെ നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെങ്കിൽ പൊതുജനത്തെ അണിനിരത്തി അത് കോൺഗ്രസ് തടയും.പിറന്നമണ്ണിൽ ജീവിക്കാനുള്ള അവകാശം നിഷേധിച്ച് നൂറുകണക്കിനാളുകളുടെ വീടുകളും മറ്റു സ്ഥാപനങ്ങളും തകർത്തുകൊണ്ടാണ് പാതനിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നത്.

വികസനത്തിന്റെ പേരിൽ ജനങ്ങൾക്ക് ദോഷകരമാകുന്ന പദ്ധതികളോട് യോജിക്കാനാവില്ലെന്നും പരിസ്ഥിതിക്കും ജനങ്ങൾക്കും നാടിനും ദോഷകരമല്ലാത്തതും ഉപകാരപ്രദവുമായ പദ്ധതികളാണ് ആവശ്യമെന്നും സുധാകരൻ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും മാത്രമല്ല പ്രകൃതിക്കും ദോഷകരമായ പദ്ധതിയാണിത്. ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കും. കൃത്രിമ ജലപാത നിർമ്മാണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക അകറ്റാതെയും വേണ്ടത്ര പഠനവും ചർച്ചകളും നടത്താതെ യുക്തി രഹിതമായ നപടിയുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.വരും തലമുറയ്ക്ക് കൂടി ദോഷകരമായ പദ്ധതിയാണെന്നാണ് പാരിസ്ഥിതിക പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.

കുടിവെള്ള ക്ഷാമത്തിനും ജലമലിനീകരണത്തിനും വ്യാപക കൃഷിനാശത്തിനും പദ്ധതി ഇടയാക്കുമെന്ന ആക്ഷേപമുണ്ട്.ടൂറിസം വികസനത്തിന്റെ പേരിൽ നിർമ്മിക്കുന്ന ജലപാതയുമായി ബന്ധപ്പെട്ട് വ്യാപകമായി സ്വകാര്യഭൂമി ഏറ്റെടുത്ത് അവിടത്തെ ആളുകളെ കുട്ടത്തോടെ കുടിയൊഴിപ്പിക്കേണ്ടി വരും. ഈ പദ്ധതി കൊണ്ട് സംസ്ഥാനത്തിന് കാര്യമായ പ്രയോജനമില്ലെന്നതാണ് മറ്റൊരു വസ്തുത. അത് തിരിച്ചറിഞ്ഞിട്ടാണ് പാനൂരിലെ സിപിഎം നേതൃത്വം പോലും പദ്ധതിയെ പരസ്യമായി എതിർക്കാൻ തയ്യാറായതെന്നും സുധാകരൻ പറഞ്ഞു.

കോടികൾ പൊടിച്ച് സംസ്ഥാനത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കാൻ 590 കിലോമീറ്റർ നീളത്തിൽ 40 മീറ്റർ വീതിയിലും 2.2 മീറ്റർ ആഴത്തിലുമാണ് ജലപാത നിർമ്മിക്കുന്നത്. നിലവിൽ ഉപയോഗക്ഷമമല്ലാത്ത ജലപാതകളെ വികസിപ്പിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കായലുകളെയും നദികളെയും ബന്ധിപ്പിച്ച് പുതിയ ജലപാത നിർമ്മിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ദേശീയ ജലപാത പദ്ധതിയുടെ ഭാഗമായി 1963 ൽ പരിസ്ഥിതി ആഘാത പഠനം നടത്തിയപ്പോൾ കണ്ണൂർ, കാസർഗോഡ് ജില്ലകളെ ഒഴിവാക്കിയിരുന്നു. ഇത് പരിഗണിക്കാതെയാണ് സർക്കാർ മാഹി മുതൽ വളപട്ടണം വരെയുള്ള ജലപാതനിർമ്മാണ പ്രവർത്തികൾ നടത്തുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.