Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ മരിച്ചാൽ സമാധാനം പറയാൻ ഇക്ക വരണ്ടാ, ഇനി ഞാൻ വിളിക്കില്ല'; മരിക്കുന്നതിന് തൊട്ടു മുൻപ് അഫ്സലിന് മെസേജ് അയച്ച് നെബീന; ഡിവോഴ്സു ചെയ്യുമെന്ന ഭീഷണിയും നെബീനയെ തളർത്തി; 'നീ എന്തിനാ അവളെ കൊന്നത്, നിനക്ക് വേണ്ടായെങ്കിൽ ഇങ്ങ് തന്നൂടെയായിരുന്നോ'; അഫ്സലിനോട് കയർത്ത് പിതാവും; വർക്കല ആത്മഹത്യയിൽ നിറയുന്നത് ഭർത്താവിന്റെ ക്രൂരതകൾ

'ഞാൻ മരിച്ചാൽ സമാധാനം പറയാൻ ഇക്ക വരണ്ടാ, ഇനി ഞാൻ വിളിക്കില്ല'; മരിക്കുന്നതിന് തൊട്ടു മുൻപ് അഫ്സലിന് മെസേജ് അയച്ച് നെബീന; ഡിവോഴ്സു ചെയ്യുമെന്ന ഭീഷണിയും നെബീനയെ തളർത്തി; 'നീ എന്തിനാ അവളെ കൊന്നത്, നിനക്ക് വേണ്ടായെങ്കിൽ ഇങ്ങ് തന്നൂടെയായിരുന്നോ'; അഫ്സലിനോട് കയർത്ത് പിതാവും; വർക്കല ആത്മഹത്യയിൽ നിറയുന്നത് ഭർത്താവിന്റെ ക്രൂരതകൾ

വിനോദ് പൂന്തോട്ടം

വർക്കല: സ്ത്രീധനപീഡനത്തെ തുടർന്ന് വർക്കല സ്വദേശിനി നെബീന വീട്ടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് കല്ലമ്പലം ഞാറായിക്കോണം കപ്പാംവിള കരിമ്പുവിളയിൽ ദാറുൽ അഫ്‌സൽ വീട്ടിൽ അഫ്‌സലി (33) റിമാന്റിലിരിക്കെ പുറത്ത് വരുന്നത് ഭർതൃവീട്ടുകാരുടെ കൊടും ക്രൂരതയുടെ വിവരങ്ങൾ. നെബീനയെ മർദിച്ചവശയാക്കിയ ശേഷം കല്ലമ്പലത്തെ ഭർതൃ വീട്ടിൽ നിന്നും വർക്കലയിലെ വീട്ടിൽ കൊണ്ടുവിട്ട ശേഷം അഫ്‌സൽ വിളിച്ചിട്ടേ ഇല്ല. നെബീന നിരന്തരം വിളിച്ചിരുന്നെങ്കിലും അഫ്‌സൽ ഫോൺ എടുത്തിരുന്നില്ല.

ഇതിനിടെ ഡിവോഴ്‌സ് ചെയ്യുകയാണെന്ന ഭീഷണി വന്നതോടെ നെബീന ആകെ തകർന്നിരുന്നു. കരഞ്ഞ് കരഞ്ഞ് തളർന്ന് കിടപ്പായിരുന്നു. മരിക്കുന്നതിന് മുൻപ് അഫ്‌സലിനെ വീണ്ടും വിളിച്ചിട്ടും ഫോൺ എടുത്തില്ല. പിന്നീടാണ് മെസേജ് അയച്ചത്. ഞാൻ മരിച്ചാൽ സമാധാനം പറയാൻ ഇക്ക വരണ്ട .... ഇനി ഞാൻ വിളിക്കില്ല. ഇതിനിടെ അഫ്‌സിനെ അനുനയിപ്പിക്കാൻ വർക്കലയിലെ ചില പൊതുപ്രവർത്തകരും ശ്രമിച്ചിരുന്നു. ആർക്കും പിടികൊടുക്കാതെ ചില സൗന്ദര്യ പിണക്കങ്ങൾ മാത്രമാണ് ഉള്ളതെന്ന് കള്ളം പറയാനാണ് അഫ്‌സൽ ശ്രമിച്ചതെന്ന് വർക്കലയിലെ നെബീനയുടെ വീടിനടുത്തുള്ളവർ പറയുന്നു.

കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാനാണ് അഫ്‌സൽ ഗൾഫിൽ നിന്നും വന്നത്. പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടെ മുന്നിൽ വെച്ച് നെബീനയെ ഭർതൃവീട്ടുകാർ അപമാനിച്ചുവെന്നും അതിൽ മനം നൊന്ത് നെബീന മൂന്നു മാസം മുൻപും ആത്മഹത്യാ ശ്രമം നടത്തിയതായി സമീപവാസികൾ പറയുന്നു. നെബീന അടക്കമുള്ള മൂന്ന് മക്കളെയും ഈർക്കിൽ കൊണ്ടു പോലും അടി കൊടുക്കാതെ ലാളിച്ചാണ് വളർത്തിയത്. നല്ല വിദ്യാഭ്യാസവും നൽകി.ഇതിനിടെയാണ് മൂന്നര വർഷം മുൻപ് അഫ്‌സലിന്റെ വിവാഹ ആലോചന വരുന്നതും നിക്കാഹ് നടത്തുന്നതും.

അന്നും മോളെ പൊന്ന പോലെ നോക്കും എന്ന പ്രതീക്ഷയാണ് ഖത്തറിൽ ജോലി ചെയ്യുന്ന പിതാവിന് ഉണ്ടായിരുന്നത്. കഴിഞ്ഞ 11 ന് മറ്റ് പോംവഴികൾ ഇല്ലാതെ നെബീന ആത്മഹത്യ ചെയ്യുമ്പോൾ പിതാവ് ഗൾഫിലായിരുന്നു. മരണ വിവരം അറിഞ്ഞ് എത്തിയ അദ്ദേഹം താലൂക്ക് ആശുപത്രിയിൽ വെച്ച് അഫ്‌സലിനോടു ചോദിച്ച ചോദ്യം കണ്ട് നിന്നവരുടെ കണ്ണ് നനച്ചു. നീ എന്തിനാ അവളെ കൊന്നത്. നിനക്ക് വേണ്ടായെങ്കിൽ ഇങ്ങ് തന്നുടെയായിരുന്നോ പൊന്ന് പോലെ നോക്കില്ലയായിരുന്നോ ഞങ്ങൾ. വിറയാർന്ന് വൈകാരികമായി അദ്ദേഹം സംസാരിക്കുമ്പോൾ നാട്ടുകാരും മറ്റ് ബന്ധുക്കളുമൊക്കെ ആശുപത്രി മുറ്റത്ത് ഉണ്ടായിരുന്നു.

അതേസമയം അഫ്‌സലിന്റെ പീഡനം സംബന്ധിച്ച് കൂടുതൽ തെളിവുകൾ പുറത്ത് വന്നു. കല്ലമ്പലത്തെ ഭർതൃവീട്ടിലായിരുന്നപ്പോൾ നെബീന കൊടിയ പീഡനത്തിന് വിധേയയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗൾഫുകാരനായ ഭർത്താവ് റബ്ബർ എസ്റ്റേറ്റ് വാങ്ങാൻ നെബീനയുടെ മാതാപിതാക്കൾ താമസിക്കുന്ന വീടു വിൽക്കാൻ സമ്മർദ്ദപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ പലപ്പോഴും മർദ്ദനവും പതിവായിരുന്നു. അങ്ങനെ അടിവയറ്റിൽ നെബീനയെ ചവിട്ടിയതിനെ തുടർന്ന് രക്തസ്രാവം ഉണ്ടായി. ഒടുവിൽ കടുവാപ്പള്ളിക്കടുത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്നാണ് യുവതി രക്ഷപ്പെട്ടത്.

നെബീനയുടെ ശരീരത്തിൽ ബെൽറ്റ് കൊണ്ടടിച്ച പാടുകളും ബന്ധുക്കൾ കണ്ടിരുന്നു. അഫ്‌സലിന്റെ പീഡനം സഹിക്കാൻ വയ്യാതെ നെബീന അയച്ച വാട്‌സ് ആപ് വോയ്‌സും വീട്ടുകാർ പൊലീസിന് കൈമാറിയെന്നാണ് വിവരം.നിലവിൽ വർക്കല ഡിവൈഎസ്‌പിയാണ് കേസ് അന്വേഷിക്കുന്നത്. നെബീനയ്ക്ക് ഒരു സഹോദരിയും സഹോദരനും കൂടി ഉണ്ട്. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി വളർത്തിയ രക്ഷിതാക്കൾ രണ്ട് പെൺമക്കളെയും നല്ല നിലയിലാണ് വിവാഹം കഴിച്ച് അയച്ചത്.

ചോദിച്ചതിലും കൂടുതൽ പൊന്നും പണവും അഫ്‌സലിന് നെബീനയുടെ വീട്ടുകാർ നൽകിയിരുന്നു. എന്നിട്ടും സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് പീഡനം പതിവായിരുന്നു. അഫ്‌സലിന്റെ നിരന്തര പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാർ പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ഈമാസം 11-ന് വൈകീട്ട് നാലുമണിയോടെയാണ് നബീനയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നബീനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അഫ്‌സലിനെതിരേ പൊലീസ് കേസെടുത്തത്.

2019 ഓഗസ്റ്റ് നാലിനാണ് അഫ്‌സലുമായി നബീനയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം അഫ്‌സൽ വിദേശത്തേക്കു മടങ്ങി. ഇതിനിടെ സ്ത്രീധനത്തെച്ചൊല്ലി അഫ്‌സലിന്റെ മാതാവ് വഴക്കിട്ടിരുന്നതായി നബീന മാതാവിനെയും സഹോദരങ്ങളെയും അറിയിച്ചിരുന്നു. ഈ വഴക്കിന്റെ തുടർച്ചയായി ഭർത്താവും പിന്നീട് പീഡനം തുടരുകയായിരുന്നു. കുഞ്ഞ് ജനിച്ചശേഷം അഫ്‌സൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കാര്യങ്ങൾ വഷളായതെന്ന് നബീനയുടെ വീട്ടുകാർ പറയുന്നു.

സ്ത്രീധനത്തിന്റെ പേരിൽ അഫ്‌സൽ മദ്യപിച്ചെത്തി തന്നെ മർദിക്കുകയും നിരന്തരമായി ആക്ഷേപിക്കുകയും ചെയ്യുമായിരുന്നെന്ന് നബീന കുടുംബത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ 10ന് രാത്രി അഫ്‌സൽ നബീനയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും നബീനയുടെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. നബീനയുമായി ബന്ധം തുടരാൻ താത്പര്യമില്ലെന്നും ബന്ധം വേർപെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാൾ മടങ്ങിയത്. ഇതോടെ മാനസികമായി തളർന്ന നബീനയെ അടുത്ത ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

അഫ്‌സലിന്റേയും മാതാവിന്റെയും ക്രൂരപീഡനമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് നെബിനയുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. നബീനയുടെ കുടുംബത്തിന്റെ പരാതിയിൽ അഫ്‌സലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണം വർക്കല ഡിവൈ.എസ്‌പി. സി.ജെ.മാർട്ടിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP