Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർധസെഞ്ചുറിയുമായി ജയമുറപ്പിച്ച് സായ് സുദർശൻ; ഫിനിഷിങ് കരുത്തുമായി വീണ്ടും ഡേവിഡ് മില്ലർ; ഡൽഹിയെ ആറ് വിക്കറ്റിന് വീഴ്‌ത്തി ഗുജറാത്ത്; തുടർച്ചയായ രണ്ടാം ജയവുമായി ഹാർദ്ദികും സംഘവും

അർധസെഞ്ചുറിയുമായി ജയമുറപ്പിച്ച് സായ് സുദർശൻ; ഫിനിഷിങ് കരുത്തുമായി വീണ്ടും ഡേവിഡ് മില്ലർ; ഡൽഹിയെ ആറ് വിക്കറ്റിന് വീഴ്‌ത്തി ഗുജറാത്ത്; തുടർച്ചയായ രണ്ടാം ജയവുമായി ഹാർദ്ദികും സംഘവും

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഐ.പി.എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് ഗുജറാത്ത് തകർത്തുവിട്ടു. അർധസെഞ്ചുറി നേടിയ സായ് സുദർശനും അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഫിനിഷിങ് ചുമതല ഏറ്റെടുത്ത ഡേവിഡ് മില്ലറുമാണ് 18.1 ഓവറിൽ ഗുജറാത്തിന് ജയമൊരുക്കിയത്. സായ് 48 പന്തിൽ 62 റൺസും മില്ലർ 16 പന്തിൽ 31 റൺസുമായി പുറത്താവാതെ നിന്നു. ഡൽഹി തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി

163 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. 54 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റാണ് നഷ്ടമായത്. ആദ്യം പുറത്തായത് ഓപ്പണർ വൃദ്ധിമാൻ സാഹയാണ്. 14 റൺസെടുത്ത സാഹയെ ആന്റിച്ച് നോർക്യെ ബൗൾഡാക്കി. തൊട്ടുപിന്നാലെ ടീമിന്റെ ബാറ്റിങ് പ്രതീക്ഷയായ ശുഭ്മാൻ ഗില്ലിനെയും ബൗൾഡാക്കി നോർക്യെ കൊടുങ്കാറ്റായി. 14 റൺസാണ് ഗില്ലിന്റെയും സമ്പാദ്യം.

മൂന്നാമനായി വന്ന സായ് സുദർശൻ അനായാസം ബാറ്റുവീശിയപ്പോൾ മറുവശത്ത് നായകൻ ഹാർദിക് പാണ്ഡ്യ പതറി. വെറും അഞ്ചുറൺസെടുത്ത പാണ്ഡ്യയെ അതിമനോഹരമായ ഒരു പന്തിലൂടെ ഖലീൽ അഹമ്മദ് വിക്കറ്റ് കീപ്പർ അഭിഷേക് പോറലിന്റെ കൈയിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കറെ കൂട്ടുപിടിച്ച് സുദർശൻ തകർത്തടിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തുകയും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.

എന്നാൽ 23 പന്തിൽ 29 റൺസെടുത്ത ശങ്കറിനെ വിക്കറ്റിന് മുന്നിൽ കുടുക്കി മിച്ചൽ മാർഷ് ഈ കൂട്ടുകെട്ട് പൊളിച്ചു. ശങ്കറിന് പകരം ഡേവിഡ് മില്ലർ ക്രീസിലെത്തി. മില്ലർ വന്നതോടെ ഗുജറാത്ത് സടകുടഞ്ഞെഴുന്നേറ്റു. വെടിക്കെട്ട് പ്രകടനവുമായി മില്ലർ കില്ലറായപ്പോൾ ഗുജറാത്ത് വിജയപ്രതീക്ഷകൾ ഉയർത്തി. മില്ലറെ സാക്ഷിയാക്കി സായ് സുദർശൻ ഐ.പി.എല്ലിലെ തന്റെ രണ്ടാം അർധസെഞ്ചുറി പൂർത്തിയാക്കി. 44 പന്തുകളിൽ നിന്നാണ് താരം അർധശതകം കുറിച്ചത്. പിന്നാലെ ഗുജറാത്ത് വിജയം സ്വന്തമാക്കി.

സുദർശൻ 48 പന്തുകളിൽ നിന്ന് 62 റൺസെടുത്തും മില്ലർ 16പന്തുകളിൽ നിന്ന് 31 റൺസ് നേടിയും പുറത്താവാതെ നിന്നു. ഡൽഹിക്ക് വേണ്ടി ആന്റിച്ച് നോർക്യെ രണ്ട് വിക്കറ്റെടുത്തപ്പോൾ ഖലീൽ അഹമ്മദും മിച്ചൽ മാർഷും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 8 വിക്കറ്റിന് 162 റൺസെടുത്തു. 37 റൺസെടുത്ത ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ്പർ. സർഫറാസ് ഖാൻ 30 എടുത്തപ്പോൾ അവസാന ഓവറുകളിൽ 22 പന്തിൽ 36 നേടിയ അക്സർ പട്ടേൽ നിർണായകമായി. ടൈറ്റൻസിനായി റാഷിദ് ഖാനും മുഹമ്മദ് ഷമിയും മൂന്ന് വീതവും അൽസാരി ജോസഫ് രണ്ടും പേരെ പുറത്താക്കി.

നാടകീയമായിരുന്നു അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ മത്സരത്തിന്റെ തുടക്കം. ആദ്യ പന്ത് വൈഡ് ആയപ്പോൾ വീണ്ടും ഷമി എറിഞ്ഞ ബോൾ ഡേവിഡ് വാർണറുടെ ബെയ്ൽസിൽ കൊണ്ടെങ്കിലും നിലത്ത് വീണില്ല. വീണ്ടും അടുത്ത ഓവറിൽ പന്തെടുത്തപ്പോൾ ഷമി, പൃഥ്വി ഷായെ(5 പന്തിൽ 7) അൽസാരി ജോസഫിന്റെ കൈകളിൽ എത്തിച്ചു. ഒരോവറിന്റെ ഇടവേളയിൽ ഷമിയുടെ അഞ്ചാം ഓവറിൽ മിച്ചൽ മാർഷും മടങ്ങി. നാല് പന്തിൽ 4 റൺസുമായി മാർഷ് ബൗൾഡാവുകയായിരുന്നു. ക്യാപ്റ്റൻ ഡേവിഡ് വാർണറും സർഫറാസ് ഖാനും ക്രീസിൽ നിൽക്കേ പവർപ്ലേ പൂർത്തിയാകുമ്പോൾ 52-2 എന്ന നിലയിലായിരുന്നു ക്യാപിറ്റൽസ്. ഡൽഹി ഇന്നിങ്സിൽ അൽസാരി എറിഞ്ഞ 9-ാം ഓവർ ഗുജറാത്തിന് നിർണായകമായി. ജീവൻ വീണുകിട്ടിയ അവസരങ്ങളൊന്നും കാര്യമായി മുതലാക്കാൻ കഴിയാതെ വന്ന വാർണർ 32 പന്തിൽ 37 എടുത്ത് ബൗൾഡായി.

തൊട്ടടുത്ത പന്തിൽ റൈലി റൂസ്സോ ഗോൾഡൻ ഡക്കായി. ഇതോടെ ഡൽഹി കൂടുതൽ പ്രതിരോധത്തിലായി. സർഫറാസ് ഖാനും അഭിഷേക് പോരെലും ചേർന്ന് 100 കടത്തിയതും അടുത്ത വിക്കറ്റ് വീണു. 11 പന്തിൽ 20 നേടിയ പോരെലിനെ റാഷിദ് ഖാൻ ബൗൾഡാക്കുകയായിരുന്നു. 34 പന്തിൽ 30 എടുത്ത് നിൽക്കേ സർഫറാസ് ഖാനെയും റാഷിദ് മടക്കിയതോടെ ഉത്തരവാദിത്തമെല്ലാം അക്സർ പട്ടേലിന്റെ തലയിലാവുകയായിരുന്നു. ഇതിനിടെ അമാൻ ഖാനെ(8 പന്തിൽ 8) റാഷിദ് മടക്കി. ഇന്നിങ്സിലെ അവസാന ഓവറിൽ ഷമി, അക്സറിന് മടക്ക ടിക്കറ്റ് കൊടുത്തു. 22 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും ഉൾപ്പടെയാണ് അക്സർ 36 എടുത്തത്. കുൽദീപ് യാദവും(1 പന്തിൽ 1*), ആന്റിച് നോർക്യയും(2 പന്തിൽ 4*) പുറത്താവാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP