തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങൾ, ആസിഡുകൾ, അപകടസാധ്യതയുള്ള രാസമിശ്രിതങ്ങൾ എന്നി ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്ന സ്ഥാപനങ്ങളിൽ ബയോമെട്രിക് ഹാജർ നിർബന്ധമാക്കി. പല ഡ്രൈവർമാർക്കും വൈദഗ്ധ്യമില്ലെന്ന് കണ്ടതിനെത്തുടർന്നാണ് പരിശീലനം കർശനമാക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ സർക്കാരിനോട് ആവശ്യപ്പെട്ടത്.

ഫയർസേഫ്റ്റി എൻജിനിയറിങ്ങിലും ഓട്ടോമൊബൈൽമേഖലയിലും ഒരേപോലെ വൈദഗ്ധ്യം നേടിയവരായിരിക്കണം പരിശീലകർ. ലൈൻ ട്രാഫിക്കും റോഡിലെ മര്യാദകളും നിഷ്‌കർഷിക്കുന്ന 2017-ലെ ഡ്രൈവിങ് റെഗുലേഷൻസും ഡ്രൈവർമാരെ പഠിപ്പിക്കണം.

അപകടമുണ്ടായും മറ്റും വാതക-ഇന്ധന ചോർച്ചയുണ്ടായാൽ ആദ്യമേ പരിഹരിച്ച് അത്യാഹിതമൊഴിവാക്കാൻ പരിശീലനം ലഭിച്ച ഡ്രൈവർമാർക്ക് കഴിയും. എന്നാൽ പ്രാഥമികസുരക്ഷാ ക്രമീകരണങ്ങൾപോലും സ്വീകരിക്കാതെ വാഹനം ഉപേക്ഷിച്ച് ഡ്രൈവർമാർ മുങ്ങുന്ന പ്രവണതയുണ്ട്.

ഹസാഡസ് ഡ്രൈവിങ് ലൈസൻസിന് പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ നിയന്ത്രണത്തിലേക്ക് മാറ്റും. സ്മാർട്ട് ക്ലാസ്‌റൂം, പരിശീലനഹാൾ, വിവിധതരത്തിലെ അഗ്‌നിശമന ഉപകരണങ്ങൾ, പി.പി.ഇ. കിറ്റുകൾ, ലൈബ്രററി, പ്രൊജക്ടറുകൾ, എന്നിവ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പരിശീലനസ്ഥാപനങ്ങളിൽ നിർബന്ധമാക്കി.

ഡ്രൈവർമാർ കോഴ്സിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കാനാണ് വിരലടയാളം സ്‌കാൻചെയ്ത് ഹാജർ ഉറപ്പാക്കുന്ന സംവിധാനം കൊണ്ടുവരുന്നത്. മൂന്നുദിവസമാണ് പരിശീലനം. കുറഞ്ഞ ഫീസ് നിരക്ക് 5000 രൂപയാണ്. പരിശീലനം നേടുന്നവരുടെ വിവരങ്ങൾ സ്‌കൂളുകളിൽ കൃത്യമായി സൂക്ഷിക്കണം. ക്രമക്കേട് കണ്ടെത്തിയാൽ സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കും. 25,000 രൂപയാണ് ലൈസൻസ് ഫീസ്. നിലവിലുള്ള സ്ഥാപനങ്ങൾ ഡിസംബറിന് മുന്നേ അംഗീകാരം നേടണം.