ലാഹോർ: ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് വേദികളെ ചൊല്ലിയുള്ള ബിസിസിഐ-പിസിബി പോരിന് വീര്യം പകർന്ന് പുതിയ ആവശ്യവുമായി പിസിബി മുൻ സിഇഒയും ഐസിസി ക്രിക്കറ്റ് ജനറൽ മാനേജറുമായ വസീം ഖാൻ. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താൻ തീരുമാനിച്ചതുപോലെ ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്നാണ് വസീം ഖാൻ ആവശ്യപ്പെടുന്നത്. പാക്കിസ്ഥാൻ വേദിയാവുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ കളിക്കാൻ ബിസിസിഐ സമ്മതം മൂളിയതിന് പിന്നാലെയാണ് വസീം ഖാന്റെ പ്രതികരണം.

ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾ പാക്കിസ്ഥാനിൽ നടത്തുമ്പോൾ ഇന്ത്യയുടെ കളികൾ മാത്രം മറ്റൊരു വേദിയിൽ നടത്തുന്ന രീതി ഏകദിന ലോകകപ്പിന്റെ കാര്യത്തിലും വേണമെന്ന് വസീം ഖാൻ പറയുന്നു. ഇന്ത്യയിൽ ഈ വർഷം അവസാനം ഏകദിന ലോകകപ്പ് നടത്തുമ്പോൾ പാക്കിസ്ഥാന്റെ കളികൾ മാത്രം മറ്റൊരു വേദിയിലേക്കു മാറ്റണമെന്നാണ് വസീം ഖാന്റെ നിലപാട്. ബംഗ്ലാദേശിൽ ലോകകപ്പ് മത്സരങ്ങൾ നടത്തണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടേക്കുമെന്ന് ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനിടെയാണ് ഐസിസി ക്രിക്കറ്റ് ജനറൽ മാനേജർ കൂടിയായ വസീം ഖാൻ നിലപാടു വ്യക്തമാക്കിയത്.

''ലോകകപ്പ് മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്തുന്നതാണ് ഉചിതമായ കാര്യം. പാക്കിസ്ഥാൻ ഇന്ത്യയിൽ കളിക്കാൻ തയാറാകുമെന്നു തോന്നുന്നില്ല. ഏഷ്യാ കപ്പിൽ ഇന്ത്യ ചെയ്യുന്നതുപോലെ, ലോകകപ്പ് വരുമ്പോൾ പാക്കിസ്ഥാന്റെ കളികൾ ഇന്ത്യയ്ക്കു പുറത്തു നടത്തുന്നതാകും നല്ലത്.'' വസീം ഖാൻ ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാൽ ഏഷ്യാ കപ്പ് കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗത്തിലും ഇന്ത്യ തീരുമാനത്തിൽ ഉറച്ചുനിന്നു. തുടർന്ന് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റേതെങ്കിലും വേദിയിലേക്കു മാറ്റാൻ ധാരണയായി. ഇംഗ്ലണ്ട്, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഇക്കാര്യത്തിൽ സമ്മതം മൂളിയെന്നാണു വിവരം. ഈ സാഹചര്യത്തിലാണ് ഏകദിന ലോകകപ്പ് വരുമ്പോൾ പാക്കിസ്ഥാന്റെ കളികൾ ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റണമെന്ന ആവശ്യം ഉയരുന്നത്.

സുരക്ഷാപ്രശ്നങ്ങൾ പരിഗണിച്ച് ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാനിലേക്ക് ഏഷ്യാ കപ്പിനായി യാത്ര ചെയ്യില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇതിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഭീഷണി മുഴക്കിയിരുന്നു. ഇതോടെ ഇരു ബോർഡുകളും തമ്മിലുള്ള വടംവലി രൂക്ഷമായി.

ഇന്ത്യ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുകൾക്കിടയിലെ വടംവലിക്കൊടുവിൽ സമവായത്തിന്റെ വഴി കണ്ടെത്തിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഏഷ്യാ കപ്പിന്റെ വേദി ഒടുവിൽ ഉറപ്പിച്ചത്. ഏഷ്യ കപ്പ് സെപ്റ്റംബറിൽ തന്നെ നടത്താൻ തീരുമാനമായപ്പോൾ ആകെ 13 മത്സരങ്ങളുള്ള ടൂർണമെന്റിന്റെ വേദിയായി പാക്കിസ്ഥാനെ തന്നെ നിലനിർത്തുകയായിരുന്നു.

എന്നാൽ ഇന്ത്യൻ ടീമിന് പാക്കിസ്ഥാനിലേക്ക് പോകേണ്ടിവരില്ല. പാക്കിസ്ഥാനെതിരായ 2 ഗ്രൂപ്പ് മത്സരങ്ങൾ അടക്കം ഇന്ത്യയുടെ എല്ലാ കളികളും മറ്റൊരു രാജ്യത്തേക്ക് മാറ്റാമെന്ന് ധാരണയായി.