- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനിലിനും രമേശിനും മിന്നലേറ്റത് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനിടെ; മഴയില്ലാതെ എത്തിയ ഇടിമിന്നലിൽ തൽക്ഷണം മരിച്ച് ഇരുവരും: ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ
കോട്ടയം: ഇന്നലെ മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് മരിച്ചത് ബന്ധുക്കളായ രണ്ടുപേർ. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തേൽ സുനിൽ (47), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ രമേശ് (ഷിബു 43) എന്നിവരാണ് മരിച്ചത്. വീതം വയ്ക്കുന്നതിനുള്ള സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
മഴയില്ലാതെ എത്തിയ ഇടിമിന്നലിൽ ഇരുവരും തൽക്ഷണം മരിച്ചതായാണ് റിപ്പോർട്ട്. മിന്നലേറ്റ ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുക ആയിരുന്നു. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികൾക്കായി അളന്നു തിട്ടപ്പെടുത്തുമ്പോൾ ഇരുവർക്കും ഇടിമിന്നലേൽക്കുകയായിരുന്നു. കുടുംബ വീടിന്റെ മുകൾ ഭാഗത്തെ കോൺക്രീറ്റ് തകർന്ന് തെറിച്ചുവീണു. ഈ ഭാഗത്താണ് ഇരുവരും നിന്നിരുന്നത്. ഒരാളുടെ കയ്യിൽ ഇരുമ്പ് കമ്പിയും ഉണ്ടായിരുന്നതായി ഒപ്പമുണ്ടായിരുന്നവർ പറയുന്നു.
ഉടൻതന്നെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരരണം സ്ഥിരീകരിച്ചു. ഒരു വർഷം മുൻപ് ഇതേ സ്ഥലത്ത് ഇടിമിന്നലേറ്റ് ഒരു തെങ്ങും കൊക്കോമരവും ഉണങ്ങിപ്പോയിരുന്നു. സുനിലിന്റെ മാതാവ് ലക്ഷ്മിയാണ് കുടുംബവീട്ടിൽ താമസിക്കുന്നത്. ഇതിന് സമീപമുള്ള സുനിലിന്റെ വീട്ടിൽ ഭാര്യ സിന്ധുവും ഉണ്ടായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. അർജുനാണ് സുനിലിന്റെ ഏക മകൻ. രമേശിന്റെ ഭാര്യ സുജാത.