ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി - സി വോട്ടർ അഭിപ്രായ സർവേ ഫലം. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് 115 മുതൽ 127 വരെ സീറ്റുകളിൽ വിജയിക്കുമെന്നാണ് സർവ്വേ ഫലത്തിൽ പറയുന്നത്. ബിജെപി 68 മുതൽ 80 സീറ്റകളിലേക്ക് ഒതുങ്ങും. മറ്റൊരു സുപ്രധാന പാർട്ടിയായ ജെഡിഎസ് 23 മുതൽ 35 സീറ്റുകളിലാണ് വിജയം നേടിയേക്കുക.

അതേസമയം, കർണാടകയിൽ ആർക്കും ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് സീ ന്യൂസ് - മാട്രിസ് സർവെ വ്യക്തമാക്കുന്നത്. ബിജെക്ക് മുൻതൂക്കം ഉണ്ടാകുമെന്നും പ്രവചനം. ബിജെപി - 96- 106 കോൺഗ്രസ് - 88 - 98 ജെഡിഎസ് - 23 - 33 മറ്റുള്ളവർ 2 മുതൽ 7 വരെ സീറ്റുകൾ നേടുമെന്നുമാണ് പ്രവചനം. മറ്റുള്ളവർക്ക് പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെയും ലഭിച്ചേക്കുമെന്ന് പ്രവചനമുണ്ട്.

സംസ്ഥാനത്തിന്റെ എല്ലാമേഖലയിലും കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം സർവേ പ്രവചിക്കുന്നു. കർണാടകയുടെ തീരദേശമേഖലയിൽ ബിജെപി. 46% വോട്ട് വിഹിതം നേടുമെങ്കിലും 41 ശതമാനമുള്ള കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ ജയിക്കുമെന്നാണ് പ്രവചനം.

സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോൺഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവർ ഏഴ് ശതമാനം വോട്ട് നേടുമെന്നും സർവ്വേ ഫലം വ്യക്തംമാക്കുന്നു. മുഖ്യമന്ത്രിയായി 39 ശതമാനം പേരും സിദ്ധരാമയ്യയെയാണ് തെരഞ്ഞെടുത്തത്.

മതധ്രുവീകരണം, കാവേരി നദീജല തർക്കം, ലിങ്കായത്തുകളുടെ ന്യൂനപക്ഷ പദവി, ഹിജാബ് വിവാദം എന്നിവ ഫലത്തെ നിർണയിക്കുന്ന ഘടകങ്ങളാവുമെന്നാണ് ജനങ്ങളുടെ പ്രതികരണം. നിലവിലെ സർക്കാരിന്റെ പ്രകടനത്തിന്റെ വിലയിരുത്തലാവുമെന്ന് 13.3% പേരാണ് പ്രതികരിച്ചത്.

ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയാകുന്നതിനെ 31 ശതമാനം പേർ പിന്തുണച്ചപ്പോൾ ഡി കെ ശിവകുമാറിനെ മൂന്ന് ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്. അതേസമയം, തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ ഇനിയൊരു സഖ്യത്തിനില്ലെന്നുറപ്പിച്ച് പരസ്പരം മത്സരിക്കുകയാണ് കോൺഗ്രസും ജെഡിഎസും.

കടുത്ത ധ്രുവീകരണ നീക്കങ്ങളുമായി കളം നിറയുന്ന ബിജെപിക്ക് ദക്ഷിണേന്ത്യയിലെ ഏക അധികാര കേന്ദ്രം തിരിച്ച് പിടിക്കുകയെന്നത് നിർണായകമാണ്. രാഹുലിന്റെ അയോഗ്യത പാർട്ടിക്ക് മുന്നിൽ നീറുന്ന പ്രശ്‌നമായി നിലനിൽക്കേ, കർണാടക വീണ്ടെടുക്കുകയെന്നത് കോൺഗ്രസിന് അഭിമാനപ്രശ്‌നവുമാണ്. ബിജെപിക്ക് തക്ക മറുപടി കൊടുക്കാൻ കർണാടകയിലെ ജയം ഉറപ്പാക്കാനാണ് ഹൈക്കമാൻഡ് കോൺഗ്രസ് നേതൃത്വത്തിന് കൊടുത്തിരിക്കുന്ന കർശനനിർദ്ദേശം.

ഒരു കാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന കർണാടക തിരിച്ച് പിടിച്ചാൽ വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അത് പാർട്ടിക്ക് പുത്തനുണർവ് നൽകും. തൽക്കാലം മുഖ്യമന്ത്രി പദവിയച്ചൊല്ലിയുള്ള തർക്കമെല്ലാം മാറ്റി വച്ച് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും പാർട്ടി വേദികളിൽ ഒന്നിച്ചെത്തുന്നുണ്ട്. പക്ഷേ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സീറ്റ് മോഹികൾക്ക് കൂടുതൽ സീറ്റ് നൽകിയാൽ കഴിഞ്ഞ തവണത്തേത് പോലെ വിമതശല്യം ഇത്തവണയും കോൺഗ്രസിന് വെല്ലുവിളിയാകും.