കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാട്ടിൽ സി.പി. എം നടത്തുന്ന പിണറായി പെരുമ മഹോത്സവത്തിൽ മുഖ്യാതിഥിയായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശിതരൂർ പങ്കെടുക്കും. മുഖ്യമന്ത്രി രക്ഷാധികാരിയായ പിണറായി പെരുമയിൽ ചലച്ചിത്രതാരങ്ങളും മന്ത്രിമാരും പങ്കെടുക്കുന്നതിനൊപ്പം പാർട്ടിക്ക് പുറത്തു നിന്നും പങ്കെടുക്കുന്ന ഇതരകക്ഷി നേതാക്കളിലൊരാളാണ് ശശിതരൂർ.

എന്നാൽ ശശിതരൂർ പങ്കെടുക്കുന്ന വിവരം കണ്ണൂർ ജില്ലാ കോൺഗ്രസ് നേതൃത്വം അറിഞ്ഞിട്ടില്ലെന്നാണ്സൂചന. പാർട്ടി എംപിമാർ പങ്കെടുക്കുന്ന പരിപാടികൾ അതത് ജില്ലകളിലെ നേതൃത്വം അറിയണമെന്ന് നേരത്തെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നിർദ്ദേശിച്ചിരുന്നു. ഇതിനു പുല്ലുവില കൽപ്പിച്ചുകൊണ്ടാണ് കെപിസിസി അധ്യക്ഷന്റെ തട്ടകത്തു തന്നെ സി.പി. എം പരിപാടിയിൽ ശശിതരൂർ പങ്കെടുക്കുന്നത്.

എന്നാൽ ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ചു പൊതുപരിപാടിയാണ് നടത്തുന്നതെന്നാണ് ഇതുസംബന്ധിച്ചു സി.പി. എം നേതാക്കളുടെ പ്രതികരണം. പുറമേക്ക് ഇങ്ങനെ പറയുന്നുണ്ടെങ്കിലും പിണറായി പെരുമ സംഘാടകരായി പൂർണമായും സി.പി. എം പ്രാദേശിക നേതാക്കൾ തന്നെയാണുള്ളത്. ഇതരകക്ഷിക്കാരെ ആരെയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ല. പാർട്ടിസഹയാത്രികരായ സാംസ്‌കാരികനായകരായ സ്ഥിരം മുഖങ്ങളാണ് ഓരോദിവസം വേദിയിൽ വിവിധ പരിപാടികളിലെത്തുന്നത്.

ടൂറിസം വകുപ്പിന്റെ 16 ലക്ഷത്തിനൊടാപ്പം വൻതോതിൽ പണപിരിവും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. ഉന്നതരായ ചില ബിസിനസുകാരിൽ നിന്നാണ് ഭരണസ്വാധീനമുപയോഗിച്ചു സ്പോൺസർഷിപ്പായി വൻതുക ഓരോ ദിവസത്തെ പരിപാടിക്കും ശേഖരിക്കുന്നത്. സംസ്ഥാനം വൻസാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഏകദേശം അരക്കോടിയോളം രൂപ ചെലവഴിച്ചു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വന്തം നിയോജകമണ്ഡലമായ തളിപ്പറമ്പിലും ഹാപ്പിനസ് ഫെസ്റ്റ് നടത്തിയിരുന്നു.കഴിഞ്ഞ അഞ്ചുവർഷമായി നടത്തിവരുന്ന പിണറായി പെരുമയുടെ ചുവടുപിടിച്ചായിരുന്നു തളിപറമ്പിലെ ഹാപ്പിനെസ് ഫെസ്റ്റ്.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ളോക്ക് നേതാവ് എടയന്നൂർ ഷുഹൈബ് കൊല്ലപ്പെട്ടത് പിണറായിക്ക് തൊട്ടടുത്ത പ്രദേശമായ മട്ടന്നൂരിലാണ്. കണ്ണൂരിലെത്തുമ്പോൾ രക്തസാക്ഷി കുടുംബങ്ങളിലോ സി.പി. എം അക്രമത്തിന് ഇരയായ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലോ തരൂർ സന്ദർശിക്കാറില്ല. അടുത്ത കാലത്ത് എ. ഐ. സി.സി തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കണ്ണൂരിൽ ഒരിക്കൽ വന്നു പോയതല്ലാതെ കോൺഗ്രസ് ഔദ്യോഗിക പരിപാടികളിൽ ശശിതരൂരിന്റെ സാന്നിധ്യമുണ്ടാകാറില്ലെന്ന വികാരം കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് അത്യാഡംബര പൂർണമായി നടത്തുന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മേളയിൽ ശശിതരൂർ പങ്കെടുക്കുന്നതിൽ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നത്.

പിണറായി പെരുമ സർഗോത്സവം 2023 ഏപ്രിൽ ഒന്നുമുതൽ 14 വരെ പിണറായിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.