- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാല് ശതമാനം മുസ്ലിം സംവരണം റദ്ദാക്കി വോക്കലിഗയ്ക്കും ലിംഗായത്തിനും വീതിച്ച് നൽകി ബിജെപി; അഴിമതിയിലും സംവരണത്തിലും ബിജെപിയെ കുരുക്കാൻ കോൺഗ്രസ്; പഴയ കോട്ടയായ കർണാടക തിരിച്ചുപിടിക്കാൻ സകല അടവും പയറ്റാൻ ഡികെയും ടീമും; കിങ് മേക്കറാകാൻ ജെ ഡി എസ്
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ കർണാടകയിൽ രാഷ്ട്രീയ കക്ഷികൾ ഗോദായിൽ മൽപിടുത്തം തുടങ്ങിയിരുന്നു. രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിഷയം കൂടി വന്നതോടെ കോൺഗ്രസിന് വീറും വാശിയും കൂടിയെന്ന് മാത്രം. ബിജെപിയും, കോൺഗ്രസും തമ്മിൽ ഇത്തവണ തീപാറും പോരാട്ടമാണെന്ന് ചുരുക്കം. കിങ് മേക്കറാകാൻ ജനതാദൾ സെക്കുലറും കളത്തിലുണ്ട്. ജെ ഡി എസുമായി സഖ്യമില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ പ്രഖ്യാപിച്ചതാണ് ഒടുവിലത്തെ വാർത്ത. ഒരു രാഷ്ട്രീയ കക്ഷിയുമായും കോൺഗ്രസ് സഖ്യത്തിനില്ലെന്നും, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാർട്ടി അധികാരത്തിൽ ഏറുമെന്നും ആണ് ഡികെയുടെ ആത്മവിശ്വാസപ്രകടനം.
ജാതി രാഷ്ട്രീയ കണക്കുകൾ തെറ്റിക്കാതെ ബിജെപി
തുടർച്ചയായ രണ്ടാം വട്ടം അധികാരത്തിലേറുകയാണ് സ്വാഭാവികമായും ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ലക്ഷ്യം. 150 സീറ്റാണ് അവർ ലക്ഷ്യമിട്ടിരിക്കുന്നത്. കർണാടകയുടെ തെക്കൻഭാഗങ്ങളിലുള്ള വൊക്കലിഗയും, വടക്കൻ ഭാഗങ്ങളിലുള്ള ലിംഗായത്തുമാണ് പ്രബല സമുദായങ്ങൾ. ജനസംഖ്യയിൽ 14 ശതമാനമാണ് വൊക്കലിഗ സമുദായമെങ്കിൽ 17 ശതമാനമാണ് ലിംഗായത്തുകൾ. ലിംഗായത്ത് വിഭാഗം ബിജെപിയോടും വോക്കലിഗ കോൺഗ്രസിനോടും ജെ.ഡി.എസിനോടും അടുപ്പം കാട്ടുന്നു.
മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ്. അധ്യക്ഷനുമായ എച്ച്.ഡി. ദേവെഗൗഡ, മകനും മുന്മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി, കോൺഗ്രസ് പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ തുടങ്ങിയവർ വൊക്കലിഗ സമുദായത്തിൽനിന്നുള്ള പ്രമുഖ നേതാക്കളാണ്. ബിജെപിയുടെ മുന്മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയാണ് ലിംഗായത്ത് സമുദായത്തിൽനിന്നുള്ള പ്രമുഖൻ. ബസവരാജ് ബൊമെമയാണ് മുഖ്യമന്ത്രിയെങ്കിലും, മുഖ്യ തന്ത്രജ്ഞൻ യെദ്യുരപ്പയായിരിക്കും.
2021 ജൂലൈയിലാണ് യെദ്യൂരപ്പ മാറി ബസവരാജ ബൊമ്മെ മുഖ്യമന്ത്രിയായി വന്നത്. യെദ്യുരപ്പ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ, പിന്നണിയിലാണ് അങ്കം കുറിച്ചിരിക്കുന്നത്. യെദ്യുരപ്പയുടെ ഇളയ മകൻ ബി വൈ വിജയേന്ദ്ര ശികാരിപുരയിൽ നിന്ന് മത്സരിച്ചേക്കും. ഇതുവരെ മക്കൾ രാഷ്ട്രീയ ആരോപണം പേടിച്ച് വിജയേന്ദ്രക്ക് ബിജെപി സീറ്റ് നൽകാതിരിക്കുകയായിരുന്നു.
ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പാർട്ടി നിലവിലുള്ള എംഎൽഎമാരെ തന്നെ വീണ്ടും മത്സരിപ്പിച്ചേക്കും. കാരണം മിക്ക നേതാക്കൾക്കും, സ്വന്തമായ വോട്ടുബാങ്കും, പിന്തുണയ്ക്കാൻ ഗ്രൂപ്പുകളുമുണ്ട്. മറ്റിടങ്ങളിലൊക്കെ ഭരണവിരുദ്ധ വികാരം തടയാൻ ബിജെപി പുതുമുഖങ്ങളെയാണ് പരീക്ഷിച്ചിരുന്നത്. തീർച്ചയായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയിൽ ഊന്നുന്നതുകൊണ്ട് മോദിയുടെ കൂടുതൽ റാലികളും റോഡ്‌ഷോകളും പ്രതീക്ഷിക്കാം.
ബസവരാജ് ബൊമ്മെ സർക്കാർ പ്രതീക്ഷയ്ക്ക് ഒത്തുയരാത്തതുകൊണ്ട് ജാതിക്കളികൾ തങ്ങൾക്ക് അനുകൂലമാക്കാൻ സകല അടവും ബിജെപി പയറ്റുമെന്ന് ഉറപ്പ്. മുസ്ലീങ്ങളുടെ നാലുശതമാനം സംവരണ ക്വാട്ട എടുത്തുകളഞ്ഞ് വോക്കലിഗക്കാരുടെയും , ലിംഗായത്തുകളുടെയും ക്വാട്ടാ കൂട്ടി ബിജെപി സർക്കാർ നയം വ്യക്തമാക്കി കഴിഞ്ഞു. ബഞ്ചാര, ഭിവി തുടങ്ങിയ ചില സമുദായങ്ങൾ ഇതിനെതിരെ പ്രതിഷേധിച്ചു. യെദ്യുരപ്പയുടെ വസതിക്ക് നേരേ പ്രതിഷേധക്കാർ കല്ലെറിയുന്നത് വരെ കാര്യങ്ങൾ എത്തിയതോടെ, തിരഞ്ഞെടുപ്പിൽ സംവരണം മുഖ്യവിഷയമായിരിക്കുമെന്ന് ഉറപ്പായി. ഹിജാബ് നിരോധനവും ബിജെപി സർക്കാർ വലിയ നേട്ടമായി ഉയർത്തിക്കാട്ടുന്നു.
അഴിമതിയിലും, സംവരണത്തിലും ബിജെപിയെ പിടിക്കാൻ കോൺഗ്രസ്
അധികാരത്തിൽ എത്തിയാൽ, മുസ്ലീങ്ങളുടെ നാലുശതമാനം പുനഃ സ്ഥാപിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുകാലത്ത് തങ്ങളുടെ കോട്ടയായിരുന്ന കർണാടകയിൽ അധികാരം പിടിക്കുക തന്നെയാണ് കോൺഗ്രസിന്റെ ലക്ഷ്യം. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉയർത്തിക്കാണിക്കുമ്പോൾ തന്നെ ഡി കെ ശിവകുമാറിനും പ്രാധാന്യം നൽകുന്നു. എന്നാൽ, ഇരുവരും തമ്മിലുള്ള ശീതയുദ്ധം തിരഞ്ഞെടുപ്പിനെ ബാധിക്കാതെ നോക്കേണ്ടത് തലവേദനയാണ്.
ജനങ്ങളെ ആകർഷിക്കുന്ന സിദ്ധരാമയ്യ ഒരുവശത്തും, സംഘനാപാടവവും, പ്രസിസന്ധിഘട്ടത്തിൽ രക്ഷകനുമായ ഡികെ മറുവശത്തും.മുൻ പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു, മുൻ ഉപമുഖ്യമന്ത്രിയും ദളിത് നേതാവുമായ ജി. പരമേശ്വര തുടങ്ങിയവർ ശക്തമായ ജനപിന്തുണയുള്ള നേതാക്കളാണ്. ഡി.കെയാണ് 2018-ൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യകക്ഷി സർക്കാർ രൂപവത്കരണത്തിന് പിന്നിൽ പ്രവർത്തിച്ചത്. കോൺഗ്രസ്, ജെ.ഡി.എസ്. എംഎൽഎമാരെ ബിജെപി. സ്വന്തം പാളയത്തിലെത്തിക്കുന്നത് തടയാൻ ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ റിസോർട്ട് രാഷ്ട്രീയം പയറ്റിയതും ഡി.കെയായിരുന്നു. ജി പരമേശ്വരയെ പാർട്ടിയിൽ ഒതുക്കുന്നതായ പരാതികളും കേൾക്കുന്നുണ്ട്. കെപിസിസി പ്രചാരണ കമ്മിറ്റി ചെയർമാനായി നിയോഗിച്ച ലിംഗായത്ത് നേതാവ് എം ബി പാട്ടീലും നിശ്ശബ്ദനാണ്.
ഡികെ, ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയെന്ന് അഭ്യൂഹങ്ങളും കേൾക്കുന്നുണ്ട്. കോൺഗ്രസിന് ഭൂരിപക്ഷത്തിൽ നേരിയ കുറവ് വന്നാൽ, ജെഡി എസ് ഡികെയെ മുഖ്യമന്ത്രി സ്ഥാനത്ത് പിന്തുണയ്ക്കണം. പകരം കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാറിന് രാമനഗര മണ്ഡലത്തിൽ, ഡികെ അനായാസ ജയം ഉറപ്പാക്കും. മന്ത്രിസഭയിൽ ഒരു സീറ്റും.
രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിഷയവും കർണാടകയിൽ കോൺഗ്രസ് വലിയ പ്രചാരണായുധമാക്കും. അയോഗ്യതയെ കോടതിയിൽ ചോദ്യം ചെയ്യാൻ കോൺഗ്രസ് ഒരുതിടുക്കവും കാട്ടുന്നില്ല. രാഹുലിനെ ഇരയായും, മോദിയെ സ്വേച്ഛാധിപതിയെന്നും, ഭീരുവെന്നും അഴിമതിക്കാരനെന്നും ഉള്ള പ്രചാരണ ചരടിൽ കോർക്കാനും കോൺഗ്രസ് ശ്രമിച്ചേക്കും. എന്നാൽ, രാഹുൽ-മോദി പോര് ഒരു പക്ഷേ ബിജെപിക്കായിരിക്കും ഗുണം ചെയ്യുക.
ജെ ഡി എസ് കിങ് മേക്കർ ആകുമോ?
തൂക്കുസഭ വന്നാൽ, ജെഡി എസ് കിങ് മേക്കറിന്റെ റോളെടുക്കും. ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും തുല്യ അകലം പാലിക്കാനാണ് ജെഡി എസ് ശ്രമിക്കുന്നത്. പഴയ മൈസുരു മേഖലയ്ക്ക് പുറത്ത് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനും പാർട്ടി ശ്രമിക്കുന്നു. 2018 ൽ
ജെ.ഡി.എസ് -കോൺഗ്രസ് സഖ്യസർക്കാറിന് 14 മാസം മാത്രമായിരുന്നു ആയുസ്. സഖ്യകക്ഷിയിലെ 17 എംഎൽഎമാർ മറുകണ്ടംചാടി. ഇവർ പാർട്ടി അംഗത്വം രാജിവെച്ചതോടെ കർണാടകയിലെ സഖ്യസർക്കാർ പ്രതിസന്ധിയിലായി. രണ്ട് സ്വതന്ത്ര എംഎൽഎമാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ കർണാടകയിലെ സഖ്യസർക്കാർ നിലംപതിച്ചു.
തുടർന്ന് റിസോർട്ട് രാഷ്ട്രീയത്തിന് ശേഷം 2019 ജൂലൈ 23-ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ വീണു. മൂന്നുദിവസത്തിനു ശേഷം ജൂലൈ 26-ന് ബി.എസ്. യെദ്യൂരപ്പ വീണ്ടും കർണാടക മുഖ്യമന്ത്രിസ്ഥാനത്തെത്തി. പഴയ ദുരനുഭവം മറക്കാത്തതുകൊണ്ട്, ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. നാല് വർഷത്തെ ഡബിൾ എഞ്ചിൻ സർക്കാർ പരാജയപ്പെട്ടെന്നും, കർണാടകത്തിന് ഇനി പുതിയ എഞ്ചിൻ വരുമെന്നും ഡി കെ ശിവകുമാർ പറയുന്നു. കനകപുരയിൽ നിന്നാണ് ഡികെ മത്സിക്കുന്നത്. സിദ്ധരാമയ്യ രണ്ടാം മണ്ഡലമായി കോലാറിൽ നിന്ന് മത്സരിച്ചേക്കുമെന്ന വാർത്തകൾ ഡികെ തള്ളി. പാർട്ടിയിൽ നിന്ന് ഇനി മറുകണ്ടം ചാടൽ ഉണ്ടാവില്ലെന്നും കോൺഗ്രസുകാർ പാറപോലെ ഉറച്ചുനിൽക്കുമെന്നും ഡികെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
മെയ് 10 നാണ് കർണാടകയിൽ വോട്ടെടുപ്പ്. ഫലം മെയ് 13 ന് വരും.