മൂന്നാർ: കുണ്ടള ഡാമിന് സമീപം രണ്ട് കാട്ടുപോത്തുകളുടെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം ഇറച്ചി മുറിച്ച് കടത്തിയതാണെന്നാണ് വനം വകുപ്പധികൃതരുടെ പ്രാഥമിക നിഗമനം. കെഡിഎച്ച്പി കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിനുള്ളിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടത്തിയത്. മൂന്നാർ- മറയൂർ റോഡരികിൽ തന്നെ 50 മീറ്റർ അകലത്തിലാണ് ഇവയുടെ ജഡം കണ്ടെത്തിയത്.

എപ്പോഴും വാഹന സഞ്ചാരമുള്ള മേഖലയിൽ ഇത്തരത്തിലുള്ള പ്രവർത്തനം നടന്നത് വനംവകുപ്പിനേയും ആശ്ചര്യപ്പെടുത്തുകയാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ വിവരം വനംവകുപ്പ് അറിയുന്നത്. തോട്ടത്തിലെ ജോലിക്കാരാണ് വിവരം അറിയിച്ചത്. കാട്ടുപോത്തിന്റെ കൊമ്പ് ഉൾപ്പെടെയുള്ള തല, എല്ലുകൾ, തോല് എന്നിവയാണ് കണ്ടെത്തിയത്. ആയുധം ഉപയോഗിച്ച് ഇറച്ചി മുറിച്ച് മാറ്റിയ നിലയിലാണ്. ദേവികുളം റേഞ്ചിലെ അരുവിക്കാട് സെക്ഷനിൽപ്പെട്ട മേഖലയാണിത്.

സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. മൂന്നാർ ഫ്ളൈയിങ് സ്‌ക്വാഡ് കേസ് അന്വേഷിച്ച് വരികയാണ്. അതേ സമയം പ്രാദേശികമായുള്ള ആളുകളുടെ സഹായം ഇല്ലാതെ ഇത്രയും അധികം ഇറച്ചി ഇവിടെ നിന്ന് കടത്താനാകില്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം. കൊല്ലപ്പെട്ട കാട്ടുപോത്തുകൾക്ക് 4 വയസ് പ്രായമുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മേഖലയിൽ സ്ഥിരമായി ഇവയുടെ സാന്നിധ്യവുമുണ്ട്. ഇതിനിടെ സംഭവത്തിൽ ജീവനക്കാർക്ക് പങ്കുണ്ടെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

മുറിച്ചെടുത്ത ഇറച്ചി മാട്ടുപ്പെട്ടി വഴി മൂന്നാറിലേക്ക് കടത്തി , മേഖലയിൽ പച്ചയ്ക്കും ഉണക്കിയും വിതരണം ചെയ്യാനാണ് സാധ്യത. വലിയ വിലയാണ് ഇതിന് ലഭിക്കുക. ഒരു പോത്തിൽ നിന്ന് തന്നെ ലക്ഷങ്ങളുടെ വ്യാപാരമാണ് നടക്കുക. ഇത്തരത്തിൽ ഇറച്ചി കടത്തിയാൽ അത് മാട്ടുപ്പെട്ടിയിലെ പാലാർ ചെക്ക് പോസ്റ്റ് കടന്ന് വേണം വാഹനം പോകാൻ.

മറയൂർ ഭാഗത്തേക്ക് പോയാലും ചെക്ക് പോസ്റ്റുകളുണ്ട്. ഇവിടെ എല്ലാം 24 മണിക്കൂറും നിരീക്ഷണം ഉള്ളതും രാത്രി യാത്രക്ക് നിരോധനമുള്ള മേഖലകളുമാണ്. ഇത് മറികടന്ന് പിക്കപ്പ് പോലുള്ള വാഹനത്തിലാകും ഇറച്ചി വലിയ വീപ്പകൾ പോലുള്ളവയിൽ ആക്കി കടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ ആദ്യം ഓൾഡ് ദേവികുളത്തെ വനം വകുപ്പ് നഴ്‌സറിക്ക് സമീപം റോഡരികിൽ കാട്ടുപോത്തിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു.

ഈ കേസിൽ യാതൊരു തുമ്പും ഇതുവരെ വനംവകുപ്പിന് കിട്ടിയിട്ടില്ലെങ്കിലും രണ്ട് കേസിനും പിന്നിൽ ഒരു സംഘം തന്നെയാണെന്നാണ് വിവരം. ഓപ്പറേഷൻ രീതിയും സമാനമാണ്. കാട്ടുപോത്തിനെ വെടിവച്ചാണ് പിടികൂടിയിരിക്കുന്നതെന്നാണ് സൂചന. ദേവികുളം, മൂന്നാർ മേഖലയിൽ ഇത്തരത്തിലുള്ള വേട്ട കൂടുമ്പോഴും ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ വനംവകുപ്പിന് ആകുന്നില്ല. സംഭവത്തിൽ വ്യാപക പരിശോധന വേണമെന്ന ആവശ്യം ശക്തമാണ്.