ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കഴിഞ്ഞ സീസണിൽ റണ്ണറപ്പായ രാജസ്ഥാൻ റോയൽസിന് മേൽ സമ്മർദമുണ്ടെന്ന് തുറന്നുസമ്മതിച്ച് നായകനും മലയാളി താരവുമായ സഞ്ജു സാംസൺ. ഫ്രാഞ്ചൈസിയുടെ പുതിയ ജഴ്സി ലോഞ്ചിനുശേഷമാണ് സഞ്ജു സാംസൺ മാധ്യമങ്ങളോടു മനസ്സു തുറന്നത്. പുതിയ സീസണിൽ റോയൽസിന്റെ ആദ്യ പോരാട്ടം ഏപ്രിൽ രണ്ടിന് ഹൈദരാബാദിലാണ്. സൺറൈസേഴ്സ് ഹൈദരാബാദുമായിട്ടാണ് അവർ ഏറ്റുമുട്ടുന്നത്.

2008നുശേഷം ആദ്യമായാണ് രാജസ്ഥാൻ റോയൽസ് കഴിഞ്ഞ വർഷം ഐപിഎൽ ഫൈനലിൽ കടന്നത്. എന്നാൽ കലാശപ്പോരാട്ടത്തിൽ ഐപിഎലിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റൻസിനോട് ഏഴു വിക്കറ്റിനു കീഴടങ്ങി. കഴിഞ്ഞവർഷം റണ്ണറപ്പായതോടെ ഈ വർഷം രാജസ്ഥാനു മേൽ പ്രതീക്ഷകൾ വാനോളമാണ്. കപ്പു കൈവിട്ടാലും രാജകീയ പരിവേഷത്തോടെ സീസൺ പൂർത്തിയാക്കിയ ടീമിന് ഇത്തവണയും കിരീടത്തിൽ കുറഞ്ഞ മോഹങ്ങളില്ല. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾക്ക് അതേ മികവിൽ വീണ്ടും കളിക്കുകയെന്നതുതന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി.

''എനിക്ക് 18 വയസ്സുള്ളപ്പോഴാണ് ഞാൻ രാജസ്ഥാൻ റോയൽസിൽ എത്തിയത്. ഇപ്പോൾ എനിക്ക് 28 വയസ്സായി. ഇതുവരെയുള്ള യാത്ര ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ പത്തു വർഷം തികച്ചും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ഇതാണ് എന്റെ ടീം, ആർആർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുന്നതിന്റെ സമ്മർദം എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും. 2022ൽ ഫൈനലിലെത്തിയത് സ്വപ്ന സമാന യാത്രയായിരുന്നു. കഴിഞ്ഞ വർഷം ഫൈനലിലെത്തിയ ഞങ്ങൾ വീണ്ടും അമ്പരപ്പിക്കുമെന്ന് ആളുകൾ പ്രതീക്ഷിക്കുന്നു. നന്നായി കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയുമല്ലാതെ ഞങ്ങൾക്ക് മറ്റു മാർഗമില്ല.'' സഞ്ജു സാംസൺ പറഞ്ഞു.

കുമാർ സംഗക്കാര ടീമിന് നൽകിയ സംഭാവനകളെ കുറിച്ചും സഞ്ജു സാംസൺ എടുത്തുപറഞ്ഞു. ''സംഗക്കാരയെ ഞങ്ങളുടെ പരിശീലകനാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യമാണ്. അദ്ദേഹം ഒരു ഇതിഹാസ താരമാണ്. പരിശീലനത്തിനിടെ ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും അദ്ദേഹം ഉണ്ടായിരിക്കുന്നത് ഞങ്ങൾക്ക് വലിയ ഉത്തേജനമാണ്. അദ്ദേഹത്തിന്റെ വലിയ അനുഭവങ്ങളുടെ പാഠം ഉൾക്കൊണ്ട്, ഞങ്ങൾ സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ടീമിന്റെ നേട്ടത്തിനായി വിവിധ തന്ത്രങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരം ചിന്തിക്കുന്നു.'' സാംസൺ കൂട്ടിച്ചേർത്തു:

കഴിഞ്ഞ വർഷത്തെ ഓറഞ്ച് ക്യാപ് ജേതാവായ ജോസ് ബട്ലർ തന്നെയാണ് ഈ സീസണിലും രാജസ്ഥാൻ റോയൽസിന്റെ തുറുപ്പുചീട്ട്. ഓപ്പണിങ്ങിൽ യശസ്വി ജയ്സ്വാൾ - ബട്ലർ കൂട്ടുകെട്ട് രാജസ്ഥാന്റെ ഫൈനലിലേക്കുള്ള വഴിയിൽ നിർണായകമായിരുന്നു. 2022 ഓഗസ്റ്റിൽ അവസാനമായി ട്വന്റി 20 ക്രിക്കറ്റ് കളിച്ച അവർ ജോ റൂട്ടിനെ പ്ലേയിങ് ഇലവനിൽ ഉൾക്കൊള്ളിക്കേണ്ടത് രാജസ്ഥാനു തലവേദനയാണ്. പേസർ പ്രസിദ്ധ് കൃഷ്ണയുടെ പരിക്കും അവർക്കു തിരിച്ചടിയായിട്ടുണ്ട്.