Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല, പ്രതിഷേധം അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെ; രാഹുലിന്റെ അയോഗ്യത കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ മറ്റാരു രീതി; കേരളത്തിൽ പോരാട്ടം സിപിഎമ്മും കോൺഗ്രസും തമ്മിൽ; എം വി ഗോവിന്ദന്റെ വഴിയെ യെച്ചൂരിയും; പിണറായിയെ അധിക്ഷേപിക്കുന്നതിനെ അപലപിച്ചു പിബി

സിപിഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല, പ്രതിഷേധം അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെ; രാഹുലിന്റെ അയോഗ്യത കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ മറ്റാരു രീതി; കേരളത്തിൽ പോരാട്ടം സിപിഎമ്മും കോൺഗ്രസും തമ്മിൽ; എം വി ഗോവിന്ദന്റെ വഴിയെ യെച്ചൂരിയും; പിണറായിയെ അധിക്ഷേപിക്കുന്നതിനെ അപലപിച്ചു പിബി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് പിന്തുണ അർപ്പിക്കുന്ന നടപടികളിൽ നിന്നും യുടേൺ അടിച്ചു സിപിഎം. നേരത്തെ പിന്തുണ രാഹുൽ ഗാന്ധിക്കല്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാദങ്ങളെ ഏറ്റെടുത്തു അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തുവന്നു. കേന്ദ്ര സർക്കാരിന് വിമർശനങ്ങളോടുള്ള അസഹിഷ്ണുതയുടെ തെളിവാണ് രാഹുൽ ഗാന്ധിക്കെതിരായ നടപടിയെന്ന് യെച്ചൂരി പറഞ്ഞു. സിപിഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല, അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെയാണ് തങ്ങൾ സംസാരിക്കുന്നത്. സർക്കാരിന് പല വിഷയങ്ങളിലും പലതും ഒളിക്കാനുണ്ട്. ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം, ഭരണ പക്ഷം തന്നെ പാർലമെന്റ് തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ ബിജെപിയോടൊപ്പം ചേർന്ന് സിപിഐഎമ്മിനെ കോൺഗ്രസ് അപകീർത്തിപ്പെടുത്തുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായി നടക്കുന്ന അധിക്ഷേപങ്ങളെ പോളിറ്റ്ബ്യൂറോയും അപലപിച്ചു. എൽ.ഡി.എഫ് സർക്കാരിനെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ബിജെപിയോട് ഒപ്പം ചേർന്ന പ്രവർത്തിക്കുന്ന നടപടിയാണ് കേരളത്തിൽ യു.ഡി.എഫിനും കോൺഗ്രസിനും ചെയ്യുന്നതെന്ന് സീതാറാം യെച്ചൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാഹുലിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട കോടതി നടപടികൾ എങ്ങനെയാകുമെന്ന് കാണട്ടെയെന്ന് വയനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി. കേരളത്തിൽ പ്രധാന പോരാട്ടം സിപിഎമ്മും കോൺഗ്രസും തമ്മിലാണ്. ധ്രുവികരണം ലക്ഷ്യമിട്ട് ക്രിസ്ത്യൻ, മുസ് ലീം വിഭാഗങ്ങൾക്ക് എതിരായ ആക്രമണം രാജ്യത്ത് തുടരുകയാണ്. കർണാടകയിൽ മുസ് ലീം വിഭാഗങ്ങൾക്കുള്ള സംവരണം ബിജെപി സർക്കാർ ഒഴിവാക്കി. ത്രിപുരയിൽ കോൺഗ്രസ് സിപിഎം സഹകരണം ഗുണകരമായിരുന്നുവെന്നാണ് പി.ബി വിലയിരുത്തി. ഉപരാഷ്ട്രപതിയും കേന്ദ്ര നിയമ മന്ത്രിയും അടക്കമുള്ളവർ പ്രസ്താവനകളിലൂടെ ജുഡീഷ്യറിയെ ആക്രമിക്കുകയാണെന്നും പി.ബി യോഗം വിലയിരുത്തി. അതേസമയം, ചർച്ച കൂടാതെ കേന്ദ്ര ബജറ്റ് പാസാക്കിയത് പി.ബി അപലപിച്ചു.

ബി.വി രാഘവുലു പി.ബി അംഗമായി തുടരും. ബി.വി രാഘവുലു ചുമതലകളിൽ നിന്ന് ഒഴിയാൻ കത്ത് നൽകിയെന്ന് റിപ്പോർട്ട് തള്ളാതെ, പ്രശ്‌നം പി.ബിയിൽ തന്നെ പരിഹരിച്ചതായി യെച്ചൂരി പറഞ്ഞു. പാർട്ടിക്കകത്തെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് സിപിഎം പി.ബി അംഗവും മുതിർന്നനേതാവുമായ ബി.വി രാഘവലു ചുമതലകളിൽ നിന്നൊഴിയാൻ സന്നദ്ധത അറിയിച്ചെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഏപ്രിൽ 27, 28, 29 തീയതികളിൽ സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം ചേരും. പോളിറ്റ് ബ്യുറോ അംഗം വിവി രാഘവലുവിന്റെ രാജി വിഷയം പരിഹരിച്ചിട്ടുണ്ട്. സിപിഐഎം ആന്ധ്ര ഘടകത്തിൽ സംഘടനാ പ്രശ്‌നങ്ങളുണ്ടെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുറന്നു സമ്മതിച്ചു. വിഷയം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തിട്ടുണ്ട്.

നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പിബി നിർദ്ദേശങ്ങൾ നടപ്പാക്കും. ബി വി രാഘവലു പോളിറ്റ് ബ്യുറോയിൽ തുടരും. അയോഗ്യനാക്കിയ വിഷയത്തിൽ സിപിഎമ്മിന്റെ പിന്തുണ രാഹുലിനല്ല, മറിച്ച് വിഷയത്തിനാണെന്ന് സീതറാം യെച്ചൂരി വിശദീകരിച്ചു. മമതയുടെ മുന്നണി നീക്കങ്ങളോടും ചെയ്യൂരി പ്രതികരിച്ചു. രാജ്യത്ത് വിശാല സഖ്യം സാധ്യമല്ലെന്നും, സഖ്യങ്ങൾ സംസ്ഥാന സാഹചര്യങ്ങൾക്ക് അനുസരിച്ച് ആകുമെന്നും കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാകും മത്സരമെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് എം വി ഗോവിന്ദൻ രംഗത്തുവന്നു. ജനാധിപത്യ വിരുദ്ധത കോൺഗ്രസിനെതിരെ വരുമ്പോൾ മാത്രമാണ് അവർ പ്രതികരിക്കുന്നതെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. ലക്ഷദ്വീപ് എം പിയെ അയോഗ്യനാക്കിയത് കോൺഗ്രസ് അംഗീകരിക്കുന്നില്ല. ഏത് പാർട്ടി ഏത് നേതാവ് എന്ന് നോക്കിയല്ല സിപിഎം പ്രവർത്തിക്കുന്നത്. മനീഷ് സിസോദിയ, കവിത എന്നിവർക്ക് എതിരായ നിലപാടിൽ കോൺഗ്രസിന് പ്രതിഷേധമില്ല.

രാഹുലിന്റെ അയോഗ്യത മാത്രമാണ് കോൺഗ്രസിന് പ്രശ്‌നം. വയനാട് മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല പിന്തുണയ്ക്കുന്നത്. പക്ഷേ കോൺഗ്രസിന്റെ നിലപാട് ഏകപക്ഷീയമാണ്. വയനാട് തെരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസിനെ എതിർക്കുന്ന നിലപാട് ആയിരിക്കും സിപിഎം സ്വീകരിക്കുക. സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു കോൺഗ്രസ് അല്ല, ബിജെപി ആണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP