തിരുവനന്തപുരം: സംസ്ഥാന സർക്കാറിനും പൊലീസ് സംവിധാനങ്ങൾക്കുമെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോൾ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണെന്ന് സതീശൻ ചോദിച്ചു. പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ പൊലീസ് നിരന്തരം ശ്രമിക്കുന്നത് സംസ്ഥാന ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെയും ബിജെപിയുടെയും ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കണ്ണൂർ ഡി.സി.സി ഇന്ന് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജും സജീവ് ജോസഫ് എംഎ‍ൽഎയും ഉൾപ്പെടെയുള്ളവരെ പൊലീസ് കൈയേറ്റം ചെയ്തു. അതിനെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ ക്രൂരമായി മർദിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസുകാരുടെ തലയടിച്ച് പൊളിച്ചതും പിണറായിയുടെ പൊലീസാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറിയും രാഹുൽ ഗാന്ധിയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുമ്പോഴും ബിജെപി- സംഘപരിവാർ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തെ ക്രൂരമായാണ് അടിച്ചൊതുക്കുന്നത്. മോദിക്കും സംഘപരിവാറിനും എതിരായ ഒരു പ്രതിഷേധവും കേരളത്തിൽ അനുവദിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രിയും എൽ.ഡി.എഫ് സർക്കാരും സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്?

കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രതിഷേധങ്ങളെ അടിച്ചൊതുക്കി മോദിയെയും ബിജെപിയെയും സന്തോഷിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയൻ ശ്രമിക്കുന്നത്. പ്രതിഷേധങ്ങളെയും ചോദ്യങ്ങളെയും ഭയപ്പെടുന്ന മോദിയുടെ അതേ ഫാസിസ്റ്റ് രീതിയാണ് കേരള സർക്കാരും മുഖ്യമന്ത്രിയും പിന്തുടരുന്നത്. പൊലീസിനെ ഉപയോഗിച്ച് സംഘപരിവാർ ക്വട്ടേഷൻ നടപ്പാക്കി പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്. നിങ്ങളുടെ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.