കോട്ടയം: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനാണ് ഫാരിസ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കയാണ് കേരള ജനപക്ഷം (സെക്കുലർ) ചെയർമാൻ പി.സി.ജോർജ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ 17 അംഗങ്ങളുള്ള ടീമാണ് കേരളം ഭരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും ജോർജ് കുറ്റപ്പെടുത്തി.

കോട്ടയത്ത് വാർത്താസമ്മേളനം വിളിച്ചാണ് പി സി ജോർജ്ജ് ആരോപണം ഉന്നയിച്ചത്. ഫാരീസ് അബൂബക്കറിന്റെ പെങ്ങളുടെ മകനാണ് മുഹമ്മദ് റിയാസെന്നും ജോർജ്ജ് ആരോപിച്ചു. കഴിഞ്ഞ ആറു വർഷമായി മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയുമാണ് ഫാരിസ് അബൂബക്കറെന്ന് മുൻപും പി.സി.ജോർജ് ആരോപിച്ചിരുന്നു. പിണറായിയുടെ രണ്ടു മക്കളുടെ മൂന്നു കല്യാണത്തിന്റെ തലേന്നും ഫാരിസ് അബൂബക്കർ വീട്ടിലെത്തിയിരുന്നു. ഫാരിസ് അബൂബക്കർ നിഴൽ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. 2009ൽ കോഴിക്കോട് സീറ്റ് വീരേന്ദ്രകുമാറിൽ നിന്ന് പിടിച്ചെടുത്തത് ഫാരിസിന്റെ നിർദ്ദേശപ്രകാരമാണ്. അന്ന് അവിടെ മത്സരിച്ചത് മുഹമ്മദ് റിയാസാണ്. പെയ്‌മെന്റ് സീറ്റ് എന്ന് അന്നേ ആരോപണമുണ്ടായിരുന്നുവെന്നും ജോർജ് മുൻപ് പറഞ്ഞിരുന്നു.

2012 മുതൽ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കർ ആണെന്നും ജോർജ് ആരോപിച്ചിരുന്നു. സോളർ കേസിലെ പ്രതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ ജോർജ് കോടതിയിൽനിന്നു ജാമ്യം നേടി പുറത്തിറങ്ങിയശേഷമാണ് അന്ന് ഈ ആരോപണങ്ങളുന്നയിച്ചത്. 2016 മുതൽ അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫാരിസ് അബൂബക്കറുമായുള്ള സാമ്പത്തിക ഇടപാടുകൾക്കു വേണ്ടിയാണോ പിണറായി വിജയൻ തുടർച്ചയായി അമേരിക്ക സന്ദർശിക്കുന്നതെന്ന് കേന്ദ്ര സർക്കാരും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിക്കണമെന്നു ജോർജ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം വ്യവസായി ഫാരിസ് അബൂബക്കറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ രാഷ്ട്രീയ നേതാക്കൾക്കും പങ്കാളിത്തമുണ്ടെന്ന് ആദായ നികുതി വകുപ്പ് പറയുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ആദായ നികുതി വകുപ്പിന്റെ ചെന്നൈ ഓഫീസിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഫാരിസ് അബൂബക്കർ നടത്തിയ 94 റിയൽ എസ്റ്റേറ്റ് ഇടപാടുകളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടന്നത്. ഈ പരിശോധനയിലാണ് രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തുവന്നത്. കൊച്ചി, കൊയിലാണ്ടി, ചെന്നൈ, ബെംഗളൂരു, മുംബൈ, തൃശ്ശൂർ എന്നിവിടങ്ങളിലെ ഫാരിസിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ ഐടി വിഭാഗം ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഫാരിസ് ലണ്ടനിലാണ്.

ചെന്നൈ, കൊച്ചി, കോഴിക്കോട്, യൂണിറ്റുകൾ സംയുക്തമായാണ് ഇന്നലെ ഒരേസമയം റെയ്ഡ് നടത്തിയത്. വല്ലാർപാടം കണ്ടെയ്നർ റോഡിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് മുൻപ് തന്നെ മുളവുകാടിന് സമീപം ഫാരിസിന്റെ കമ്പനി 15 ഏക്കർ കണ്ടൽക്കാടും പൊക്കാളിപ്പാടവും നികത്തിയതിന്റെ രേഖകൾ പരിശോധനയിൽ കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ ഭാഗമായി ദേശീയപാത അഥോറിറ്റിക്ക് അധിക ചെലവ് ഉണ്ടാക്കും വിധം റോഡിന്റെ ദിശയിൽ മാറ്റം വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടിലാണ് കേരളത്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയ നേതാക്കൾക്ക് ഓഹരി പങ്കാളിത്തം ഉണ്ടെന്ന ആദായ നികുതി വകുപ്പിന്റെ നിഗമനം.

തണ്ണീർത്തട- വനസംരക്ഷണ- തീരദേശ നിയമങ്ങൾ ലംഘിച്ച് 2000 മുതൽ ഫാരിസ് അബൂബക്കർ കേരളത്തിൽ പലയിടങ്ങളിലും ഭൂമി നിക്ഷേപം നടത്തിയിരുന്നു. ഇതിൽ രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണം ഉണ്ടെന്നും ഇന്റിലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഫാരിസ് സ്വന്തമാക്കിയ ഭൂമികളുടെ ഉടമകളുടെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തും.