കൊല്ലം: കേരളത്തിലെ ഏറ്റവും വലിയ ആഡംബര വിവാഹത്തിനു കൊല്ലം വേദിയായപ്പോൾ പങ്കെടുക്കാനെത്തിയവരിൽ വിദേശരാജ്യങ്ങളിലെ പ്രമുഖരും. അതേസമയം, അസാന്നിധ്യം കൊണ്ട് ഇവിടെയും ശ്രദ്ധേയനായത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ്.

പ്രമുഖ വ്യവസായി രവി പിള്ളയുടെ മകൾ ഡോ. ആരതിയും ഡോ. ആദിത്യ വിഷ്ണുവും ആശ്രാമം മൈതാനത്തു പ്രത്യേകം തയ്യാറാക്കി വേദിയിൽ വച്ചാണു വിവാഹിതരായത്. 55 കോടി രൂപയാണ് മകളുടെ വിവാഹത്തിനായി രവി പിള്ള ചെലവഴിച്ചത്.

ബാഹുബലി സിനിമയെ വെല്ലുന്ന തരത്തിലുള്ള സെറ്റായിരുന്നു വിവാഹത്തിനായി ഒരുക്കിയിരുന്നത്. സെറ്റൊരുക്കിയതും ബാഹുബലി ടീം തന്നെയായിരുന്നു. കലാസംവിധായകൻ സാബു സിറിളാണ് വിവാഹപ്പന്തൽ ഒരുക്കിയത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള രാഷ്ട്രീയ നേതാക്കളും വിവാഹച്ചടങ്ങിൽ പങ്കെടുത്തു. 42 രാജ്യങ്ങളിൽ നിന്നുള്ള വ്യവസായിക പ്രമുഖരും ഗൾഫ് രാജ്യങ്ങളിലെ രാജകുംടുംബാംഗങ്ങൾ അടക്കം പ്രമുഖരെല്ലാം വിവാഹ ചടങ്ങിനെത്തി.

കോടികൾ ചെലവഴിച്ചു നടത്തിയ കല്യാണത്തിനു പങ്കെടുക്കാതിരുന്ന വി എസ് പത്തനംതിട്ടയിലെ മുൻ എംഎൽഎ രാജഗോപാലിന്റെ സഹോദരന്റെ മകളുടെ വിവാഹത്തിനാണ് ഇതേസമയം പങ്കെടുത്തത്. നേരത്തെ വിവാഹാഘോഷത്തിന്റെ ഭാഗമായി രവിപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച 'കാരുണ്യരവം' പരിപാടിയും വി എസ് ബഹിഷ്‌കരിച്ചിരുന്നു. കാരുണ്യരവത്തിനും രവിപിള്ളയുടെ മകൾക്കും എല്ലാ ആശംസകളും നേർന്നിട്ടുണ്ടെങ്കിലും പ്രതിപക്ഷനേതാവ് പങ്കെടുക്കാൻ എത്തിയില്ല.

സൗദി, ബഹ്‌റൈൻ, ഖത്തർ, ദുബായ് എന്നിവിടങ്ങളിലെ രാജകുടുംബങ്ങളിൽ നിന്നടക്കം വിദേശത്തെ 42 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും മോഹൻലാൽ, മുകേഷ് എന്നിവരടക്കമുള്ള ചലച്ചിത്ര താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാനെത്തി. പണക്കൊഴുപ്പിന്റെ മേള എന്ന രീതിയിയിൽ വിവാഹാഘോഷം ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുസമൂഹത്തിനിടയിൽ 'ഇമേജി'ന് കോട്ടം തട്ടുമോ എന്ന ആശങ്കയിലാണ് ഭൂരിപക്ഷം നേതാക്കളും.

രാജസ്ഥാനിലെ പ്രശസ്തമായ ജോധ്പൂർ കൊട്ടാരത്തിന്റെ മാതൃകയിലാണ് കല്ല്യാണപന്തലിന്റെ ഇന്റീരിയർ വർക്ക് ചെയ്തിട്ടുള്ളത്. പ്രവേശന കവാടവും കൊട്ടാരസദൃശമാണ്. നാലേകാൽ ലക്ഷം സ്‌ക്വയർ ഫീറ്റിൽ എർകണ്ടീഷൻ ചെയ്ത പന്തൽ ഗിന്നസ് റെക്കോർഡാവുമെന്നാണ് കരുതുന്നത്. കൂറ്റൻ താമരയിൽ നൃത്തത്തിനെത്തുന്ന നടി മഞ്ജുവാര്യർ, ഏറ്റവും ഒടുവിലായി താമരപ്പൂവിലെ മണ്ഡപത്തിലെത്തിയ വധൂവരന്മാർ, പതിനായിരം ബൾബുകളുടെ പ്രകാശസംവിധാനം ഒരുലക്ഷം വാട്ട്‌സിന്റെ ശബ്ദക്രമീകരണം എന്നിവയാണ് വിസ്മയം സൃഷ്ടിച്ചത്. ഏത് ഭാഗത്തിരുന്നാലും വിവാഹം കാണാവുന്ന രീതിയിലായിരുന്നു വേദിയുടെ രൂപകൽപ്പന. ലോകത്തെ ഏറ്റവും വലിയ പന്തലും ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹവുമായി ഇന്നത്തെ ചടങ്ങു മാറി.

കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം അതിഥികൾക്ക് അനുഭവിച്ചറിയാനാകുന്ന തരത്തിലുള്ള കലാവിരുന്നും വിവാഹത്തിന് മുന്നോടിയായി വേദിയിൽ ഒരുക്കിയിരുന്നു. മഞ്ജു വാര്യർ, ശോഭന, ഗായത്രി, സൂര്യ കൃഷ്ണമൂർത്തി, വെട്ടിക്കവല കെ.എൻ.ശശികുമാർ എന്നിവർ നയിക്കുന്ന കലാവിരുന്നാണ് വിവാഹത്തിനുമുമ്പായി അരങ്ങേറിയത്. കലാപരിപാടികൾക്കൊടുവിൽ വിടരുന്ന താമരപ്പൂവിലെ കതിർമണ്ഡപത്തിലാണ് വധൂവരന്മാർ മാലയിട്ടത്.

30 കോടിയാണ് കൊട്ടാര സദൃശമായ ഈ വിവാഹവേദി ഒരുക്കാൻ മാത്രം ചെലവിട്ടത്. കൊല്ലത്തിനു പുറമെ തിരുവനന്തപുരത്തും എറണാകുളത്തും വിവാഹാഘോഷങ്ങളുണ്ട്.