പാമ്പുകൾ തമ്മിൽ പോരടിക്കുന്നതും പാമ്പും കീരിയും പോരടിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. വ്യത്യസ്ത ഇനത്തിൽപ്പെട്ട ഇത്തരം ജീവികളുടെ പോരാടൽ വീഡിയോകൾ നമ്മൾ കൗതുകത്തോടെയാണ് നോക്കി കാണാറ്. എന്നാൽ പക്ഷിയും പാമ്പും തമ്മിലുള്ള ഏറ്റുമുട്ടൽ അധികം ആരും കണ്ടിട്ടുണ്ടാവില്ല. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. പക്ഷിയും പാമ്പും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടന്നെങ്കിലും വിജയിക്കാനാവാതെ രണ്ടു പേരും ഒടുവിൽ പിന്മാറുകയാണ്.

ജലത്തിൽ വസിക്കുന്ന ഇനത്തിൽപ്പെട്ട പാമ്പ് വെളുത്ത നിറത്തിലുള്ള ഒരു പക്ഷിയെയാണ് ആക്രമിക്കുന്നത്. വെള്ളത്തിലൂടെ നീങ്ങുകയായിരുന്ന പക്ഷിയുടെ ചിറകിൽ തന്നെ പാമ്പ് കടിച്ചുവലിച്ചു. എന്നാൽ പെട്ടെന്നുള്ള ആക്രമണത്തിൽ പതറാതെ അപ്പോൾ തന്നെ നീണ്ട കൊക്കുപയോഗിച്ച് പക്ഷി പാമ്പിന്റെ തലയിൽ കൊത്തിപ്പിടിക്കുന്നതും കാണാം. അതുകൊണ്ടൊന്നും പക്ഷിയുടെ മേലുള്ള പിടിവിടാൻ പാമ്പ് തയാറായിരുന്നില്ല. അത് ശക്തിയോടെ പക്ഷിയെ വെള്ളത്തിലേക്ക് വലിച്ചുകൊണ്ടു പോകാൻ ശ്രമിക്കുകയാണ്.

 
 
 
View this post on Instagram

A post shared by Osman Uipon (@osmanuipon)

വിട്ടുകൊടുക്കാൻ തയാറാകാതെ പക്ഷി പല ആവർത്തി പാമ്പിന്റെ തലയിൽ ശക്തിയായി കൊക്കുകൾകൊണ്ട് ആക്രമിക്കുന്നുണ്ട്. ഇതിനിടെ പക്ഷിയുടെ തൂവലുകളിൽ നിന്ന് ചോര പൊടിയുകയും ചെയ്തു. എന്നാൽ എത്രയൊക്കെ ശ്രമിച്ചിട്ടും പക്ഷിയെ ഇരയാക്കാൻ പാമ്പിനു സാധിച്ചില്ല. ഏറെ നേരം പരസ്പരം പോരാടിയെങ്കിലും ഒടുവിൽ രണ്ടുപേരും പിന്മാറി. അല്പസമയത്തിനുശേഷം പക്ഷിയും പാമ്പും തടാകത്തിന്റെ കരയിലേക്ക് മടങ്ങുന്നതും വിഡിയോയിലുണ്ട്. ജീവഹാനി സംഭവിച്ചില്ലെങ്കിലും ശരിയായ വിധം നടക്കാനാവാത്ത നിലയിലായിരുന്നു പക്ഷി.

സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വിഡിയോ വളരെ വേഗത്തിൽ ജനശ്രദ്ധ നേടി. പക്ഷിയുടെ സ്ഥിതി കണ്ട് സഹതാപം തോന്നുന്നു എന്നാണ് ഭൂരിഭാഗം പേരും കമന്റായി കുറിക്കുന്നത്. പക്ഷി എത്രയും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുന്നവരും കുറവല്ല.