Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഉറവിട മാലിന്യ സംസ്‌കരണം ഒറ്റമൂലിയല്ല; ബ്രഹ്‌മപുരം അടക്കം ഖരമാലിന്യ സംസ്‌കരണത്തിൽ നമുക്ക് എന്തുചെയ്യാൻ സാധിക്കും? മുരളി തുമ്മാരുകുടി എഴുതുന്നു

ഉറവിട മാലിന്യ സംസ്‌കരണം ഒറ്റമൂലിയല്ല; ബ്രഹ്‌മപുരം അടക്കം ഖരമാലിന്യ സംസ്‌കരണത്തിൽ നമുക്ക് എന്തുചെയ്യാൻ സാധിക്കും? മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ബ്രഹ്‌മപുരത്തെ പറ്റി തന്നെ

ന്തുകൊണ്ടാണ് ബ്രഹ്‌മപുരത്ത് ഇത്രയും വലിയ പ്രശ്‌നം ഉണ്ടായിട്ടും ഞാൻ ഒന്നും പറയാത്തതെന്ന് നേരിട്ടും, പുച്ഛത്തോടെയും, ട്രോളായിട്ടും അനവധി ആളുകൾ ഫേസ്‌ബുക്കിലും അല്ലാതെയും ചോദിക്കുന്നുണ്ട്. കഴിഞ്ഞ പത്തു ദിവസമായി വ്യക്തിപരമായി ഒരു ആരോഗ്യ എമർജൻസി കൈകാര്യം ചെയ്യുകയായിരുന്നു. ഓരോ വർഷവും ഒരു ഫുൾ മെഡിക്കൽ ചെക്ക് അപ്പ് പതിവുണ്ട്, ഈ വർഷത്തെ ചെക്ക് അപ്പ് രണ്ടാഴ്ച് മുൻപ് ദുബായിൽ ആണ് നടത്തിയത്. അതിന് ശേഷം ചില കാര്യങ്ങൾ അല്പം വിശദമായി പരിശോധിക്കണം എന്ന നിർദ്ദേശം വന്നു. എന്റെയൊക്കെ പ്രായത്തിൽ ജീവിതം എന്നത് ഒരു സ്‌കാനിന് അപ്പുറവും ഇപ്പുറവും വളരെ വ്യത്യസ്തമാകാം. അതുകൊണ്ട് ആരോഗ്യ കാര്യത്തിൽ ഒട്ടും ഉപേക്ഷ കാണിക്കാറില്ല. രണ്ടാഴ്ചയായി ആശുപത്രി - ഡോകർമാർ എന്നുള്ള സീൻ ആയിരുന്നു. ആ ഒരു സാഹചര്യത്തിൽ ബ്രഹ്‌മപുരത്തെ പറ്റിയുള്ള ചർച്ചകളിൽ ഇടപെടാൻ സാധിച്ചില്ല.

നല്ല കാര്യം ആദ്യം പറയാം. ആരോഗ്യകാര്യത്തിൽ ഒരു കുഴപ്പവുമില്ല എന്നതാണ് റിസൾട്ട്. അടിപൊളി. ഇനി അതിനെ പറ്റി ചർച്ച വേണ്ട. ഇനി ബ്രഹ്‌മപുരത്തെ പറ്റി പറയാം. അല്പം വിശദമായ കുറിപ്പാണ്. താല്പര്യമുള്ളവർ ശ്രദ്ധിച്ചു വായിക്കുമല്ലോ. കേരളത്തിലെ നഗരവൽക്കരണത്തിന്റെ ഏറ്റവും മോശമായ മുഖം ഏതെന്നു ചോദിച്ചാൽ നിസംശയം പറയാം, അത് മാലിന്യ സംസ്‌ക്കരണം തന്നെയാണെന്ന്. ഇപ്പോൾ പ്രശ്‌നവും ശ്രദ്ധയും ബ്രഹ്‌മപുരത്താണെങ്കിലും തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും എല്ലാ നഗരങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാലിന്യ സംസ്‌ക്കരണത്തിന്റെ കാര്യത്തിൽ കഷ്ടപ്പെടുകയാണ്.ഇതിന് ഒരു പരിഹാരമില്ല?

എങ്ങനെയാണ് മറ്റു നഗരങ്ങൾ ഖരമാലിന്യ പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത്? എവിടെയാണ് നമുക്ക് പിഴക്കുന്നത്? ഖരമാലിന്യം എന്നത് ഒറ്റ വസ്തുവല്ല: നഗരത്തിലെ ഖരമാലിന്യത്തെ നമ്മൾ 'urban oslid waste' എന്ന ഒറ്റ പദം കൊണ്ടാണ് സൂചിപ്പിക്കുന്നതെങ്കിലും ഇത് ഒരു വസ്തു മാത്രമല്ല, അടുക്കളയിൽ നിന്നും ബാക്കി വരുന്ന ഭക്ഷണം, വീട്ടിൽ നിന്നും പുറത്ത് കളയേണ്ടി വരുന്ന ബാറ്ററി, സ്ട്രീറ്റ് ലൈറ്റിന്റെ ബൾബ്, വെട്ടിക്കളയുന്ന ചില്ലകളും പുല്ലും, പൊളിച്ചു കളയുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, ഉപയോഗ ശൂന്യമായ കമ്പ്യൂട്ടറുകൾ, എല്ലാം ജനവാസ മേഖലയിൽ ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളാണ്. ഇതുകൂടാതെ ആശുപത്രികളിൽ നിന്നും വരുന്ന രക്തവും പഞ്ഞിയും ഉൾപ്പെടുന്ന മെഡിക്കൽ മാലിന്യങ്ങൾ, എല്ലായിടത്തും നിന്നും വരുന്ന പ്ലാസ്റ്റിക്കും പാക്കേജിംഗും വസ്തുക്കൾ ഇവയെല്ലാം സംസ്‌ക്കരിക്കപ്പെടേണ്ട മാലിന്യങ്ങളിൽ പെടും. ഓരോ നഗരവും അവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ സ്വഭാവവും അളവും കൂടിവരും. ഇന്ത്യയിലെ ഏറ്റവും സന്പന്നവും ഉപഭോഗത്തിൽ മുന്നിൽ നിൽക്കുന്നതുമായ കേരളത്തിൽ മാലിന്യങ്ങൾ പുറത്തേക്ക് കളയുന്ന കാര്യത്തിലും നമ്മൾ നമ്പർ വൺ തന്നെയായിരിക്കും, ഉറപ്പ്.

ഉറവിട മാലിന്യ സംസ്‌ക്കരണം ഒറ്റമൂലിയല്ല

കേരളത്തിലെ ഖരമാലിന്യ സംസ്‌ക്കരണ രംഗത്ത് എപ്പോഴും കേൾക്കുന്ന വാക്കാണ് ഉറവിട മാലിന്യ സംസ്‌ക്കരണം എന്നത്. കേൾക്കുമ്പോൾ നല്ല ആശയമാണെന്നൊക്കെ തോന്നും. പണ്ടൊക്കെ വെങ്ങോലയിലെ വീട്ടിൽ ഒരു വളക്കുഴിയും ഒരു പൊട്ടക്കിണറും ഉണ്ടായിരുന്നു. അടുക്കള മാലിന്യമെല്ലാം വളക്കുഴിയിലെത്തും. പൊട്ടിയ ബൾബ് പോലെയുള്ള സാധനങ്ങൾ പൊട്ടക്കിണറ്റിലും. വീട്ടിൽ നിന്നും പുറത്തുവരുന്ന മാലിന്യങ്ങളുടെ അളവും രൂപവും മാറിയതോടെ ഇതൊരു സാധ്യമായ കാര്യമല്ലാതായി. രണ്ടേക്കർ പറമ്പിന്റെ നടുക്ക് കിടക്കുന്ന തുമ്മാരുകുടിയിൽ ഉറവിട മാലിന്യ സംസ്‌ക്കരണം പൂർണ്ണമായും സാധ്യമല്ലെങ്കിൽ മൂന്നു സെന്റിൽ വീട് വെക്കുന്നവർക്കും മൂന്നാം നിലയിൽ കഴിയുന്നവർക്കും ഇതെങ്ങനെ സാധിക്കാനാണ്?

ഒരു നഗരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിൽ ബഹുഭൂരിഭാഗവും ഉറവിടത്തിൽ സംസ്‌കരിക്കാൻ പറ്റില്ല. നമ്മുടെ വീട്ടിലെ ഫ്യൂസായ ബൾബും കേടായ ഫ്രിഡ്ജും മാത്രമല്ല, പഴയ പേപ്പറും സാനിറ്ററി നാപ്കിനും വരെ ഉറവിടത്തിൽ സംസ്‌ക്കരിക്കുക എന്നത് അസാധ്യമാണ്. ഉറവിട സംസ്‌ക്കരണം ഒറ്റമൂലി ആണെന്നുള്ള തരത്തിലുള്ള ചിന്താഗതി മാറണം. നമ്മുടെ നഗരത്തിലുണ്ടാകുന്ന ഖരമാലിന്യത്തിന് ഇരുപതോ ഇരുപത്തഞ്ചോ വ്യത്യസ്തമായ ചേരുവകളുണ്ടാകാം. ഇതിൽ ചിലത് ചില സാഹചര്യങ്ങളിൽ ഉറവിടത്തിൽ സംസ്‌ക്കരിക്കാൻ സാധിക്കും. പക്ഷെ, അത് എല്ലാവർക്കും എല്ലായ്‌പ്പോഴും സാധിക്കുന്ന കാര്യമല്ല.

ഇരുപത് മാലിന്യ വർഗ്ഗത്തിനും പരിസ്ഥിതി സൗഹൃദമായി സംസ്‌ക്കരണ രീതി ഓരോ വീട്ടിലോ, ഓഫീസിലോ, നഗരത്തിലോ, ജില്ലയിലോ എന്തിന്, സംസ്ഥാനത്തു തന്നെയോ സാധിക്കണമെന്നില്ല. ഇതിന്റെ അർത്ഥം വ്യക്തികൾക്ക് ഖരമാലിന്യ സംസ്‌ക്കരണത്തിൽ ഒരു പങ്കുമില്ല എന്നല്ല. നാലു തരത്തിൽ വ്യക്തികൾക്ക് ഖരമാലിന്യ സംസ്‌ക്കരണത്തിൽ സഹായിക്കാൻ സാധിക്കും. ഒന്ന്, ഉപഭോഗത്തിന്റെ സമയത്ത് തന്നെ മാലിന്യം കുറഞ്ഞ ഒരു സംസ്‌ക്കാരത്തിലേക്ക് മാറുക. പ്ലാസ്റ്റിക് ബാഗുകൾ വാങ്ങുന്നത് നിർത്തി തുണിസഞ്ചികൾ ശീലമാക്കുന്നത് ഒരുദാഹരണമാണ്. ആവശ്യത്തിൽ കൂടുതൽ അളവിൽ ഭക്ഷണമുണ്ടാക്കി കളയാതെ ശ്രദ്ധിക്കുക. രണ്ട്, പണ്ടുണ്ടായിരുന്ന നമ്മുടെ റിപ്പയർ-റീ യൂസ് സംസ്‌ക്കാരം തിരികെ കൊണ്ടുവരിക. മൂന്നാമത്, നമ്മുടെ മാലിന്യങ്ങൾ പറ്റുന്നത്ര വേർതിരിച്ച് വീണ്ടും ഉപയോഗിക്കാൻ സാധ്യതയുള്ളവ ആവശ്യക്കാർക്ക് നല്കാൻ ശ്രമിക്കുക. നാല്, സാധിക്കുന്നത്ര അടുക്കള മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌ക്കരിക്കാൻ ശ്രമിക്കുക.

ഉറവിടത്തിൽ സംസ്‌ക്കരിക്കുമ്പോൾ, ഇതിനായി പഴയ തരത്തിലുള്ള ബയോ ഗ്യാസ് പ്ലാന്റ്, തുമ്പൂർമൂഴി ഏറോബിക് കമ്പോസ്റ്റിങ്, മുറ്റത്ത് കുഴിച്ചിടാവുന്ന പൈപ്പ് കമ്പോാസ്റ്റിങ്, ഫ്‌ളാറ്റിനകത്ത് പോലും ചെയ്യാവുന്ന ബാസ്‌ക്കറ്റ് കന്‌പോസ്റ്റ് എന്നിങ്ങനെ പല രൂപങ്ങളും സാങ്കേതികവിദ്യയുമുണ്ട്. ഉറവിട സംസ്‌ക്കരണത്തിന്റെ കാര്യത്തിൽ പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം മാലിന്യ സംസ്‌ക്കരണം നടത്തുന്നത് ബാക്ടീരിയ മുതൽ മണ്ണിര വരെയുള്ള ജീവികളാണ്. അവക്കെല്ലാം വളരാൻ കൃത്യമായ ജീവിത സാഹചര്യവും വേണം. അതില്ലാതായാൽ അവർ പണിമുടക്കും. ഉദാഹരണത്തിന്, ഓക്‌സിജന്റെ അഭാവത്തിലാണ് ബയോ ഗ്യാസ് പ്ലാന്റുകളിലെ ബാക്ടീരിയ പ്രവർത്തിക്കുന്നത്. അപ്പോൾ ടാങ്കിലേക്ക് ലീക്കുണ്ടായാൽ അവ പ്രവർത്തിക്കുകയില്ല. അധിക അമ്ലമോ അധിക ക്ഷാരമോ ഇല്ലാത്ത അന്തരീക്ഷത്തിലേ ഏറോബിക് ആയാലും അല്ലെങ്കിലും ജീവികൾക്ക് പ്രവർത്തിക്കാൻ സാധിക്കൂ. അപ്പോൾ വീട്ടിൽ ചെറിയൊരു അച്ചാറുകുപ്പി പൊട്ടിയതെടുത്ത് ബയോഗ്യാസ് പ്ലാന്റിലിട്ടാൽ പോലും പ്ലാന്റ് പണിമുടക്കും. ജൈവ സംസ്‌ക്കരണത്തിനും ഒരു 'ലോഡിങ് റേറ്റ്' ഉണ്ട്. അതായത് എത്ര ബാക്ടീരിയക്ക് എത്ര ഭക്ഷണം കഴിക്കാമെന്ന്. ശരാശരി നാലുപേർക്ക് പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന അടുക്കള മാലിന്യം മാത്രമുപയോഗിച്ച് നിലനിർത്തുന്ന
ഒരു ജൈവ സംസ്‌ക്കരണശാലയിൽ അതിഥികൾ വന്നിട്ട് ബാക്കിയായ നാലുപേരുടെ ഭക്ഷണം കൂടി കമഴ്‌ത്തിയാൽ തന്നെ പ്ലാന്റ് അപ്സെറ്റാകും. ഇക്കാര്യത്തിൽ സാങ്കേതിക ജ്ഞാനമുള്ളവർക്ക് കുറച്ചൊക്കെ മാനേജ് ചെയ്യാൻ സാധിക്കും. പക്ഷെ, നല്ല പരിസ്ഥിതി ബോധം കൊണ്ടോ സർക്കാർ സബ്സിഡി കൊണ്ടോമറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതു കൊണ്ടോ ഉറവിട മാലിന്യ സംസ്‌ക്കരണം വീട്ടിൽ തന്നെ ആകാമെന്ന് വിചാരിച്ച ബഹുഭൂരിപക്ഷത്തിനും ഇത് ബുദ്ധിമുട്ടാണ്. ഒരിക്കൽ അപ്സെറ്റായ പ്‌ളാന്റുകൾ നന്നാക്കിക്കൊടുക്കാനുള്ള ടെക്നീഷ്യന്മാരൊന്നും ധാരാളം ഇല്ല.

വലിപ്പം പ്രധാനം

ജൈവ മാലിന്യ സംസ്‌ക്കരണത്തിനുൾപ്പെടെ എല്ലാ മാലിന്യ സംസ്‌ക്കരണത്തിലും വലിപ്പം പ്രധാനമാണ്. ഇതിന് മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്, ഒരു നഗരത്തിലെ പതിനായിരക്കണക്കിന് ആളുകളുടെ വീട്ടിൽ നിന്നും ഓഫീസിൽ നിന്നും ഹോട്ടലിൽ നിന്നുമെല്ലാം ജൈവമാലിന്യം ഒരിടത്ത് എത്തുമ്പോൾ മുൻപ് പറഞ്ഞ അച്ചാർ കുപ്പി പ്രശ്‌നവും അധികം വരുന്ന ബിരിയാണി പ്രശ്‌നവും മൊത്തം മാലിന്യത്തിന്റെ ചെറിയൊരു അംശമേ വരൂ. അതുകൊണ്ടുതന്നെ അത് മൊത്തം പ്രോസസ്സിനെ ബാധിക്കില്ല. രണ്ട്, ഒരു നഗരത്തിലെ മുഴുവൻ മാലിന്യവും ഒരുമിച്ച് സംസ്‌ക്കരിക്കുന്‌പോൾ ആ വിഷയത്തിൽ പരിചയവും പ്രാവീണ്യവുമുള്ളവരെ അവിടെ ജോലിക്കു വെക്കാം. അവർ പ്ലാന്റിനെ വേണ്ടവിധത്തിൽ പരിപാലിക്കും. സമയത്തിന് അറ്റകുറ്റപ്പണികൾ നടത്തും. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് പരിഹരിക്കുകയും ചെയ്യും. മൂന്ന്, ആയിരം വീടുകളിലെ മാലിന്യം ഒറ്റക്കൊറ്റക്ക് സംസ്‌ക്കരിക്കുന്നതിനേക്കാൾ ശരാശരി ചെലവ് കുറവായിരിക്കും ഇവ ഒരുമിച്ച് സംസ്‌ക്കരിക്കുമ്പോൾ. ഇങ്ങനെ പല ഗുണങ്ങൾ കേന്ദ്രീകൃത സംസ്‌ക്കരണത്തിനുണ്ട്.

വികേന്ദ്രീകരണം രാഷ്ട്രീയമാകുമ്പോൾ

കേരളത്തിലെ ഖര മാലിന്യ സംസ്‌ക്കരണം ഇപ്പോൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. കേരളത്തിൽ ആയിരത്തിൽ പരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉണ്ട്. കേരളത്തിലെ വൻ നഗരങ്ങളായ കൊച്ചിയും തിരുവനന്തപുരവും പോലും ഇന്ത്യയിലെ വലിയ നഗരങ്ങളുടെ അടുത്ത് പോലും വരില്ല. അപ്പോൾ ആയിരം പഞ്ചായത്തിലെ കാര്യം പറയാനുമില്ലല്ലോ. ശരാശരി ജനസംഖ്യ മുപ്പതിനായിരമാണ്. ഈ ചെറിയ ജനസംഖ്യ വെച്ച് ജൈവ മാലിന്യ സംസ്‌ക്കരണം പോലും ഓരോ തദ്ദേശ സ്ഥാപനത്തിന്റെ അതിർത്തിയിൽ സംസ്‌ക്കരിക്കുക എന്നത് സാധ്യമല്ല. സാങ്കേതികമായ പരിമിതികൾ മാത്രമല്ല, ഇത് ചെയ്യാനുള്ള സാങ്കേതിക വിദഗ്ധരുടെ അഭാവം, ഇത്ര ചെറിയ സ്‌കെയിലിൽ ഇത് ചെയ്യുമ്പോൾ ഉണ്ടാകുന്ന വലിയ ചെലവ് ഇതെല്ലാം കാരണമാണ് നമ്മുടെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഒന്നും മാലിന്യസംസ്‌ക്കരണം പച്ചപിടിക്കാത്തത്.

എല്ലാ വീട്ടിലും എല്ലാ ദിവസവും ഉണ്ടാകുന്ന ജൈവ മാലിന്യ സംസ്‌ക്കരണം പോലും പഞ്ചായത്ത് തലത്തിൽ ബുദ്ധിമുട്ടാകുമ്പോൾ, വല്ലപ്പോഴും മാത്രം ഉപയോഗിക്കേണ്ടി വരുന്ന ബൾബും ബാറ്ററിയും കംപ്യുട്ടറും സംസ്‌ക്കരിക്കുന്നത് പഞ്ചായത്ത് തലത്തിൽ സാധിക്കുന്ന പ്രശ്‌നമേ അല്ലല്ലോ. അതിനാൽ മാലിന്യ സംസ്‌ക്കരണം എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിക്കുള്ളിൽ മാനേജ് ചെയ്യേണ്ടതാണ് എന്ന് ചിന്തിക്കാതെ, സംസ്ഥാനം ഒന്നായി ചിന്തിച്ച് പദ്ധതികൾ തയ്യാറാക്കണം.

നമ്മുടെ നഗരങ്ങളിൽ നിന്നും വരുന്ന ഖരമാലിന്യങ്ങൾ ഇരുപതോളം പിരിവുകളുണ്ടെന്ന് പറഞ്ഞല്ലോ. ഇവയിൽ ഓരോന്നിനും പരിസ്ഥിതി സൗഹൃദമായ സംസ്‌ക്കരണ രീതികളുണ്ട്. എന്നാൽ ഇത് ഏത് സ്‌കേലിലാണ് സാന്പത്തികമായി കാര്യക്ഷമമാകുന്നത് എന്ന് വ്യത്യസ്തമാണ്. ഉദാഹരണത്തിന് 25 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തെ ജൈവമാലിന്യം സംഭരിച്ചാലേ ജൈവമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമായി നടത്താൻ സാധിക്കൂ, എന്നാൽ കംപ്യുട്ടറും മൊബൈൽ ഫോണും ടെലിഫോണും ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ മാലിന്യങ്ങളും സംഭരിച്ചാൽ പോലും അത് കാര്യക്ഷമമായി സംസ്‌ക്കരിക്കാൻ പറ്റിയെന്നു വരില്ല. അയൽ സംസ്ഥാനങ്ങളുമായി അത്തരം ഒരു സ്ഥാപനം ഉണ്ടാക്കേണ്ടി വരും. ഇത്തരത്തിൽ ഓരോ മാലിന്യങ്ങളുടെ പിരിവിനും കാര്യക്ഷമമായ കാച്ച്‌മെന്റ് ഏരിയ എത്രയെന്ന് സാങ്കേതിക വിദഗ്ദ്ധർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കും.

മാലിന്യത്തിൽ നിന്നും വൈദ്യതി

കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ മാലിന്യ സംസ്‌കരണ പദ്ധതികൾ കേരളത്തിൽ പരാജയപ്പെട്ടിരിക്കയാണ്. പുതൊയൊരു ഒറ്റമൂലി കണ്ടെത്താൻ ജനം അക്ഷമരാണ്. ഇവിടെയാണ് മാലിന്യത്തിൽ നിന്നും വൈദ്യുതി (waste to energy) എന്ന സാങ്കേതികവിദ്യ കേരളത്തിലേക്കെത്തുന്നത്. യൂറോപ്യൻ രാജ്യങ്ങൾ വിജയകരമായി ഉപയോഗിക്കുന്നു, സ്വീഡൻ നാട്ടിൽ മാലിന്യം പോരാഞ്ഞിട്ട് അയാൾ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നു എന്നൊക്കെയാണ് മാലിന്യത്തിൽ നിന്നും ഊർജ്ജം എന്ന പദ്ധതിയുടെ പ്രമോട്ടർമാർ പറയുന്നത്. ഇതിലൊക്കെ എത്രമാത്രം സത്യമുണ്ട്?

മൂന്നു കാര്യങ്ങൾ ആദ്യമേ പറയാം.

1. ഒരു നഗരത്തിൽ ന്നുണ്ടാകുന്ന എല്ലാ ഖരമാലിന്യങ്ങളും ശുദ്ധീകരിക്കുന്ന സംവിധാനമല്ല waste to energy plant. ഉദാഹരണത്തിന്, പഴയ കംപ്യുട്ടറോ മൊബൈൽ ഫോണോ ബെൽബോ ബാറ്ററിയെ ഒന്നും ഊർജ്ജമാക്കി മാറ്റാൻ സാധിക്കില്ല.

2. കത്തിച്ചുകളയാൻ സാധിക്കുന്ന മാലിന്യങ്ങളിൽ നിന്നാണ് ഊർജ്ജമുണ്ടാക്കാൻ പറ്റുന്നത്. ഓരോ തരം മാലിന്യത്തിൽ നിന്നും ഓരോ അളവിലാണ് ഊർജ്ജം ലഭിക്കുന്നത്. പക്ഷെ, ശരാശരി എടുത്താൽ വൈദ്യുതി ഉണ്ടാക്കാനുള്ള ലാഭകരമായ ഒരു മാർഗ്ഗമല്ല, ഖരമാലിന്യ സംസ്‌ക്കരണം.

3. കൽക്കരി മുതൽ ന്യുക്ലിയർ വരെയുള്ള വൈദ്യുതി സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയെക്കാളും വളരെ ചെലവുള്ളതാണ് മാലിന്യത്തിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി. അപ്പോൾ മാലിന്യത്തിൽ നിന്നും ഊർജ്ജമുണ്ടാക്കുന്ന പദ്ധതി ലാഭകരമാകണമെങ്കിൽ രണ്ട് മാർഗ്ഗങ്ങളേയുള്ളു, ഇത് മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായിക്കണ്ട് സർക്കാർ പ്ലാന്റുകൾക്ക് വലിയ തോതിൽ സബ്സിഡി നൽകണം. അല്ലെങ്കിൽ പരിസ്ഥിതി സൗഹൃദമായ വൈദ്യുതിയായതിനാൽ ഉപഭോക്താക്കൾ വലിയ വില നൽകി ഇത് വാങ്ങണം.

കേരളത്തിൽ ഇതിന് രണ്ടിനും ബുദ്ധിമുട്ടുകളുണ്ട്. ഒന്നാമത്, waste to energy പ്ലാന്റിന് സബ്സിഡി കൊടുക്കാനുള്ള പണം സർക്കാരിന്റെ കൈയിലില്ല. രണ്ട്, പരിസ്ഥിതി സൗഹൃദമായ ഊർജ്ജം കൂടുതൽ വിലക്ക് വാങ്ങുന്ന ഒരു സംസ്‌ക്കാരമോ സംവിധാനമോ ഇപ്പോൾ കേരളത്തിലില്ല. അതുകൊണ്ട് മറ്റൊരു രീതിയാണ് സർക്കാർ പ്ലാൻ ചെയ്തിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലായത്. അതായത്, waste to energy പ്ലാന്റിലുണ്ടാക്കുന്ന വൈദ്യുതി മറ്റ് വൈദ്യുതി നിലയങ്ങളിൽ നിന്നും കിട്ടുന്ന വൈദ്യുതിയെക്കാൾ വില കൊടുത്തു വാങ്ങാൻ വൈദ്യുതി ബോർഡിനോട് ആവശ്യപ്പെടുക. ഈ വില വൈദ്യുതി ബോർഡ് ഉപഭോക്താക്കളുടെ കൈയിൽ നിന്നും വാങ്ങുന്ന വിലയിലും അധികമാണ്. പ്രത്യക്ഷത്തിൽ വലിയ കുഴപ്പമില്ലെന്ന് തോന്നുന്ന ഈ സംവിധാനത്തിന് ഒരു കുഴപ്പം ഉണ്ട്. ഒരു നഗരത്തിലെ waste to energy പ്ലാന്റിലെ വൈദ്യുതി ഉയർന്ന വിലക്ക് വാങ്ങുകയും അതിലും കുറഞ്ഞ വിലക്ക് കേരളത്തിലെ മൊത്തം ഉപഭോക്താക്കൾക്ക് വിൽക്കുകയും ചെയ്യുന്‌പോൾ ഉണ്ടാകുന്ന നഷ്ടം സഹിക്കുന്നത് കേരളത്തിലെ മുഴുവൻ ഉപഭോക്താക്കളുമാണ്. അതായത്, കൊച്ചിയിലെ മാലിന്യ സംസ്‌ക്കരണത്തിന്റെ ഗുണമനുഭവിക്കുന്നതുകൊച്ചിക്കാർ മാത്രമാകുന്‌പോൾ അതിന് പണം കൊടുക്കുന്നതിൽ കേരളത്തിലെ എല്ലാ ഉപഭോക്താക്കളും കാണും. ഇതിൽ യാതൊരു തരത്തിലുള്ള ഖരമാലിന്യ സംസ്‌ക്കരണ സൗകര്യങ്ങളും ലഭിക്കാത്ത കുഗ്രാമത്തിലെ പാവപ്പെട്ടവരും കാണും. ഇത് തീരെ ശരിയല്ല.

നഗരവൽക്കരണത്തിന്റെ ചെലവ് വഹിക്കേണ്ടത് നഗരവാസികൾ തന്നെയാണ്. കൊച്ചിയിലെ waste to energy പ്ലാന്റിലെ വൈദ്യുതി ഉയർന്ന നിരക്കിൽ വാങ്ങാൻ വൈദ്യുതി ബോർഡ് ചെലവാക്കുന്ന മുഴുവൻ തുകയും കൊച്ചിയിലെ ഖരമാലിന്യം ഉണ്ടാക്കുന്നവരിൽ നിന്നുതന്നെ ഈടാക്കണം. അപ്പോഴാണ് ഖരമാലിന്യം നഗരത്തിന്റെ ഉത്തരവാദിത്തമാകുന്നത്. കൊച്ചിയിലെ ഫ്‌ളാറ്റിൽ താമസിക്കുന്നവരുടെ ഉപഭോക്തൃ ജീവിത രീതിയുടെ ചെലവ് വെങ്ങോലയിൽ ജീവിക്കുന്നവർ എന്തിന് വഹിക്കണം ?. ഇനി അഥവാ ഒരു നഗരത്തിലെ സബ്സിഡി സർക്കാർ വഹിക്കാമെന്നോ ബോർഡിൽ കൂടി സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും ബില്ലിൽ എത്തിക്കാമെന്നോ വച്ചാൽ തന്നെ സംസ്ഥാനത്തെ മുഴുവൻ കോർപ്പറേഷനും മുനിസിപ്പാലിറ്റിക്കും വേണ്ടി ഇത്തരം പദ്ധതി ഉണ്ടാക്കുന്‌പോൾ അത് സർക്കാരിനും ബോർഡിനും താങ്ങാൻ പറ്റാതാകും.

ഇതിന്റെയർത്ഥം waste to energy എന്ന സാങ്കേതികവിദ്യയോട് എനിക്ക് എതിർപ്പുണ്ടെന്നല്ല. മറിച്ച് കേരളത്തെ ഒരു ഖരമാലിന്യ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കാൻ കഴിവുള്ള പദ്ധതിയാണിത്. മുൻപ് പറഞ്ഞതുപോലെ കേന്ദ്രീകൃത - വികേന്ദ്രീകൃതമായ അനവധി പദ്ധതികൾ പരാജയപ്പെട്ട ഒരു നാടാണ് നമ്മുടേത്. കേരളത്തിലെസാമൂഹ്യ സാന്പത്തിക പരിസ്ഥിതിക്കൊന്നും ചേരാത്ത തരത്തിലുള്ള പരിസ്ഥിതി മലിനീകരണമാണ് നമ്മുടെ നഗരത്തിലും ഗ്രാമത്തിലും ഖരമാലിന്യം കൊണ്ടുണ്ടാകുന്നത്. അതുകൊണ്ടുതന്നെ മാലിന്യം നന്നായി സംസ്‌ക്കരിക്കാൻ പറ്റുന്ന സാങ്കേതികവിദ്യകൾ വരണം. waste to energy അത്തരത്തിലുള്ള ഒരു സാങ്കേതികവിദ്യയാണ്. പക്ഷെ ഓരോ നഗരത്തിലെയും ഖരമാലിന്യത്തിന്റെ സംസ്‌കരണത്തിന്റെ ചെലവ് ആ നഗരത്തിൽ ഉള്ളവർ വഹിക്കണം, അപ്പോഴാണ് അവർക്ക് ഉത്തരവാദിത്ത ബോധം ഉണ്ടാകുന്നത്. അപ്പോഴാണ് അവർക്ക് പെരുമാറ്റത്തിൽ മാറ്റം ഉണ്ടാകുന്നത്.

സാങ്കേതികവിദ്യ മാറിയേ തീരൂ

waste to energy പ്ലാന്റുകളിൽ മാത്രമല്ല, കന്‌പോസ്റ്റിങ്, ഖര മാലിന്യ സംസ്‌ക്കരണം, ആശുപത്രി മാലിന്യവും ബാറ്ററിയും സംസ്‌ക്കരിക്കൽ എന്നിവയിലെല്ലാം പുതിയ സാങ്കേതിക വിദ്യകൾ നാം ഉപയോഗിക്കണം.ഓരോ നഗരത്തിലെ ഖര മാലിന്യവും ഇരുപതോളം പ്രധാന പിരിവുകൾ ഉള്ളതാണെന്ന് പറഞ്ഞല്ലോ. ഇതിലോരോന്നും സംസ്‌ക്കരിക്കുന്നതിന് വ്യത്യസ്ത തരത്തിലുള്ള സംവിധാനങ്ങളാണ് വേണ്ടത്. ചില കാര്യങ്ങൾക്ക് കേരളത്തിൽ തന്നെ സാങ്കേതിക സംസ്‌ക്കാരം ഉണ്ടാക്കാം (കന്‌പോസ്റ്റിങ്). ചിലതിന് നമുക്ക് യാതൊരു പരിചയവും ഉണ്ടാകില്ല. (ഇ- വേസ്റ്റ് സൗഹൃദപരമായി സംസ്‌ക്കരിക്കുന്നത്). പക്ഷെ, മാലിന്യ സംസ്‌ക്കരണം ശരിയായി ചെയ്യണമെങ്കിൽ ഇരുപത് പിരിവിനും ശരിയായ സാങ്കേതികവിദ്യ കൂടിയേ തീരൂ. നമുക്ക് അറിയാവുന്നതോ പരിചയമുള്ളതോ ആയ സാങ്കേതികവിദ്യ കൊണ്ട് മാലിന്യം സംസ്‌ക്കരിക്കുന്നത് നിർത്തി ലോകത്തെ ഏറ്റവും നല്ല സാങ്കേതികവിദ്യകൾ തന്നെ ഓരോന്നിനും നാട്ടിലെത്തിക്കണം.

അന്പതുകൊല്ലം മുൻപ് വെങ്ങോലയിൽ ഖരമാലിന്യ നിർമ്മാർജ്ജനത്തിന് രണ്ടു കുഴികളുണ്ടായിരുന്നെന്ന് പറഞ്ഞല്ലോ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിൽ പല നഗരങ്ങളിലും ഇപ്പോഴും ഖര മാലിന്യ നിർമ്മാർജ്ജനം എന്നത് ഒറ്റക്കുഴിയിൽ തീർക്കുന്ന കാര്യമാണ്. ലാന്റ് ഫിൽ എന്ന പേരിൽ വിളിക്കുന്ന ഇത്തരം കുഴിയിൽ അടുക്കളമാലിന്യം തൊട്ട് അറവ് മാലിന്യവും ആശുപത്രി മാലിന്യവും പഴയ കട്ടിലും മേശയും വരെ എത്തുന്നു. ജൈവമാലിന്യങ്ങൾ അവിടെ കിടന്ന് അഴുകുന്നു. മറ്റുള്ളവക്ക് എന്ത് പറ്റുന്നുവെന്ന് അന്വേഷിക്കാൻ പോലും ആർക്കും സാധിക്കുന്നില്ല. വല്ലപ്പോഴും അതിനു മുകളിൽ മണ്ണ് വെട്ടിയിട്ട് മുനിസിപ്പാലിറ്റി സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്നു. 'Out of site is out of mind' എന്ന തത്വശാസ്ത്രം അനുസരിച്ച് സ്വന്തം വീട്ടിൽ നിന്നും കടയിൽ നിന്നും ആശുപത്രിയിൽ നിന്നും മാലിന്യം ഒഴിവായ സന്തോഷത്തിൽ നമ്മൾ സുഖമായി കിടന്നുറങ്ങുന്നു.

എന്നാൽ ഇനിയുള്ള കാലം ഇത് നമ്മുടെ ഉറക്കം കെടുത്താൻ പോകുകയാണ്. മണ്ണിട്ട് മൂടിയ ജൈവമാലിന്യം അവിടെക്കിടന്നഴുകി മീതേ വാതകം നിറയുന്നു. അത് പുറത്തുവന്ന് ഹരിതവാതകമായി കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കൂട്ടുകയും വല്ലപ്പോഴും അതിന് തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യും. ഇതൊക്കെ ലോകത്ത് പലയിടത്തും സംഭവിച്ചിട്ടുണ്ട്. പക്ഷെ, ഇത് മാത്രമല്ല അവിടുത്തെ പ്രധാന പ്രശ്‌നം. നമ്മുടെ മാലിന്യങ്ങളിൽ ഖര ലോഹങ്ങളും രാസവസ്തുക്കളും ധാരാളമുണ്ട്. മുകളിൽ നിന്ന് വെള്ളമൊഴുകിയും, ജൈവമാലിന്യങ്ങൾ അഴുകുന്‌പോൾ ഉണ്ടാകുന്ന രാസമാറ്റങ്ങൾ കൊണ്ടും ഈ രാസവസ്തുക്കൾ വെള്ളത്തിൽ കലർന്ന് അടുത്തുള്ള കിണറ്റിലും കുളത്തിലും എത്തുന്നു. അത് പിന്നീട് കുടിവെള്ളത്തിലൂടെയും കഴിക്കുന്ന മൽസ്യങ്ങളിലൂടെയും നമ്മുടെ ശരീരത്തിൽ എത്തുന്നു.
രണ്ടായിരത്തി ഇരുപതോടെ യൂറോപ്യൻ രാജ്യങ്ങളിൽ 'ലാൻഡ് ഫിൽ' എന്ന സംവിധാനം പൂർണ്ണമായും നിരോധിക്കപ്പെടുകയാണ്. നഗരത്തിൽ ഉണ്ടാകുന്ന സകല മാലിന്യവും ഒരു കുഴികുത്തി അതിനുള്ളിൽ നിറക്കുക എന്ന എളുപ്പവഴിയല്ലാതുള്ള മറ്റെന്തെങ്കിലും പോംവഴി കണ്ടേ പറ്റൂ. പക്ഷെ, അവിടെയും തീരുന്നില്ല, കാര്യങ്ങൾ.

ഖര ലോഹങ്ങൾ ഒലിച്ചിറങ്ങി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന എല്ലാ മാലിന്യക്കുഴികളും പടിപടിയായി വൃത്തിയാക്കേണ്ടി വരും. ഓൾട്ടൺ എന്ന ചെറു നഗരത്തിലെ ഇത്തരം ഒരു മാലിന്യക്കുഴി വൃത്തിയാക്കാനുള്ള ചെലവ് കേട്ടാൽ നമ്മൾ അന്തം വിടും. അയ്യായിരം കോടി രൂപയെടുത്ത് പത്തുവർഷം കൊണ്ടാണ് ഒരു മാലിന്യക്കുഴി വൃത്തിയാക്കിയത്. ഇന്ന് നമ്മൾ ലഭിക്കുന്ന ഓരോ രൂപക്കും നിങ്ങളുടെ അടുത്ത തലമുറ പത്തു രൂപ ചെലവാക്കേണ്ടി വരും. സംശയം വേണ്ട. യൂറോപ്പിലും സിങ്കപ്പൂരിലും പോയി നല്ല രീതിയിലുള്ള മാലിന്യസംസ്‌കരണം കണ്ടിട്ട് 'ഇതൊന്നും നാട്ടിൽ എന്താണ് നാടക്കാത്തത്' എന്ന് ചോദിക്കുന്നവരുണ്ട്. നാട്ടിലുള്ളവർ തന്നെ മുനിസിപ്പാലിറ്റിയും കോർപ്പറേഷനും എന്തുകൊണ്ടാണ് ഖര മാലിന്യ സംസ്‌ക്കരണ വേണ്ട വിധത്തിൽ നടപ്പാക്കാത്തതെന്ന് പരാതിപ്പെടുന്നുണ്ട്. ഇവിടെ നാം അറിയേണ്ട ഒരു കാര്യമുണ്ട്. ഖരമാലിന്യങ്ങൾ പരിസ്ഥിതി സൗഹൃദമായി സംഭരിക്കാനും ശേഖരിക്കാനും സംസ്‌ക്കരിക്കാനും നവീന സാങ്കേതിക വിദ്യകൾ വേണം. ഉന്നത സാങ്കേതിക പരിശീലനം ലഭിച്ച ആളുകളെ അവിടെ ജോലിക്ക് വെക്കണം. അതിന് ധാരാളം പണച്ചെലവുണ്ട്. ഇപ്പോൾ കേരളത്തിലെ ആളുകൾ മുനിസിപ്പാലിറ്റി ടാക്‌സ് കൊടുക്കതുകൊണ്ട് സാധിക്കുന്ന കാര്യമല്ല.

സമൂഹത്തിൽ പണമില്ല എന്നതല്ല കേരളത്തിലെ പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം. പണം വേണ്ടിടത്ത് ചെലവാക്കുന്നില്ല എന്നതാണ്. മുനിസിപ്പാലിറ്റി കരം പത്തു ശതമാനം വർധിപ്പിച്ചാൽ തന്നെ നമ്മൾ യുദ്ധത്തിനിറങ്ങും. വോട്ട് നഷ്ടപ്പെടുത്തേണ്ട എന്ന് കരുതി സർക്കാർ ഉടനടി അത് പിൻവലിക്കും. ഉള്ള പണം കൊണ്ട് പറ്റുന്നത്ര ചെയ്യാൻ ശ്രമിക്കും. . ഓരോ വർഷവും കൊതുകിനെ പ്രതിരോധിക്കാൻ വീട്ടിൽ നെറ്റ് പിടിപ്പിക്കുന്നതും, കൊതുകുതിരി വാങ്ങുന്നതും, പനി ചികിത്സക്ക് ആശുപത്രിയിൽ ചെലവാകുന്നതും, മഴക്കാലത്ത് പണിക്ക് പോകാൻ പറ്റാതെ നഷ്ടമുണ്ടാകുന്നതും, പുറത്തിറങ്ങിയാൽ മൂക്ക് പൊത്തേണ്ട സ്ഥിതി വീടിനുണ്ടാക്കുന്ന മൂല്യനഷ്ടവും കൂട്ടിനോക്കിയാൽ നല്ല ടാക്‌സ് കൊടുത്ത് നല്ല പരിസ്ഥിതി സൗകര്യങ്ങൾ ഉണ്ടായിരുന്നാൽ വരുന്ന ചെലവിന്റെ എത്രയോ മടങ്ങാണ്. കോർപ്പറേഷന് കൊടുക്കാൻ മടിക്കുന്നത് ആശുപത്രിയിൽ കൊടുക്കുന്നു, അത്രയേയുള്ളൂകാര്യം.

വിദഗ്ധരുടെ സേവനം വേണം

കേരളത്തിലെ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും ചുരുങ്ങിയത് ബിരുദാനന്തര ബിരുദമെങ്കിലുമുള്ള പരിസ്ഥിതി വിദഗ്ധരെ നിയമിക്കണം. പാറമടയുടെ പരിസ്ഥിതി ക്ലിയറൻസ് മുതൽ മറൈൻ പെർമിറ്റ് വരെ, പുഴ സംരക്ഷണം മുതൽ ജലസുരക്ഷ വരെ, ഖരമാലിന്യ സംസ്‌ക്കരണം മുതൽ റിന്യുവബിൾ എനർജിയുടെ വ്യാപനം വരെ വിദഗ്ദ്ധർക്ക് ചെയ്യാൻ സാധിക്കുന്നതിലും എത്രയോ അധികം ജോലി ഓരോ പഞ്ചായത്തിലുമുണ്ട്. ഓരോ ഗ്രാമത്തിലെയും വിഭവം ചൂഷണം ചെയ്യുന്നതിന് ഏർപ്പെടുത്തുന്ന ചെറിയൊരു ടാക്സിലൂടെ, ഖരമാലിന്യ സംസ്‌ക്കരണത്തിന് ഏർപ്പെടുത്തുന്ന ഫീയിലൂടെ, സോളാർ പ്ലാന്റുകൾ വിറ്റഴിച്ചാലുണ്ടാകാവുന്ന ലാഭത്തിലൂടെ എങ്ങനെ വേണമെങ്കിലും ഇതിനുള്ള പണം നമുക്ക് കണ്ടെത്താം. ഇങ്ങനെയൊക്കെയാണ് കേരളം ഇന്ത്യക്ക് വഴി കാട്ടേണ്ടത്, ഇങ്ങനെയാണ് നാം നന്പർ വൺ ആകുന്നത്, ഇങ്ങനെയാണ് നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തേണ്ടത്.

വിദേശങ്ങളിലുള്ള ഒരു സംവിധാനം നാം ശ്രദ്ധിക്കണം. വസ്തു വിൽക്കുന്‌പോൾ തന്നെ അത് ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്ന കാലത്ത് മാലിന്യ നിർമ്മാർജ്ജനം ചെയ്യാനുള്ള ചെലവ് മുഴുവൻ മുൻകൂർ വാങ്ങുന്ന പദ്ധതിയായതിയാണ് disposal tax . ഉദാഹരണത്തിന് പതിനായിരം രൂപക്ക് ഒരു മൊബൈൽ ഫോൺ വാങ്ങുന്‌പോൾ ആയിരം രൂപ ഡിസ്‌പോസൽ ടാക്സായി മുൻകൂർ വാങ്ങുന്നു. ആ പണമുപയോഗിച്ച് മൊബൈൽ ഫോൺ പരിസ്ഥിതി സൗഹൃദമായി നിർമ്മാർജ്ജനം ചെയ്യാനുള്ള ഒരു പ്ലാന്റ് സ്ഥാപിക്കുന്നു. നമ്മുടെ ഫോൺ ഉപയോഗശൂന്യമാകുന്ന കാലത്ത് അത് കന്പനി പറയുന്ന സ്ഥലത്ത് നിക്ഷേപിച്ചാൽ
ബാക്കി കാര്യം അവർ നോക്കിക്കൊള്ളും. ആവശ്യമില്ലാത്തത് എവിടെയും വലിച്ചെറിയുന്ന നമ്മുടെ സ്വഭാവം മാറ്റാൻ ഒരു പണി കൂടി ചെയ്യാം. പതിനായിരം രൂപയുടെ ഫോണിന് പന്ത്രണ്ടായിരം രൂപ വാങ്ങാം. ഫോൺ ഉപയോഗശൂന്യമാകുന്‌പോൾ അത് കന്പനി പറയുന്നിടത്തുകൊടുത്താൽ ആയിരം രൂപ തിരിച്ചുകിട്ടുമെന്ന് പറയുക.

ഒഴിവാകാത്ത ഉത്തരവാദിത്തം: അനുകരണീയമായ മറ്റൊരു സിദ്ധാന്തം കൂടിയുണ്ട്. ഒരു വസ്തു ഉദ്പ്പാദിപ്പിക്കുന്ന കമ്പനി തന്നെയാണ് ആ വസ്തുവിന്റെ നിർമ്മാണത്തിന് ഉത്തരവാദി എന്നതാണ് അത് (Extended producer responsibility). ഉദാഹരണത്തിന് കുടിവെള്ളത്തിന്റെ ബോട്ടിൽ എവിടെ കണ്ടാലും അത് നിർമ്മാർജ്ജനം ചെയ്യുന്ന ഉത്തരവാദിത്തം അതിന്റെ കമ്പനിക്കാണ്. അപ്പോൾ കുപ്പി സംഭരിക്കാനും നിർമ്മാർജ്ജനം ചെയ്യാനുമുള്ള പണം കമ്പനി ആദ്യമേ വാങ്ങും. അതിനുള്ള സംവിധാനം ഒരുക്കുകയോ അതിനുള്ള സംവിധാനമുള്ളവരോട് കോൺടാക്ട് വെക്കുകയോ ചെയ്യും. ബാറ്ററിയും സോളാർ പാനലും പോലെ നിർമ്മാർജ്ജനം ചെയ്യാൻ വളരെ ചെലവുള്ള വസ്തുക്കൾ നിർമ്മിക്കുന്നവർ പരമാവധി പുനരുപയോഗം ചെയ്യാവുന്ന തരത്തിൽ വസ്തുക്കൾ നിർമ്മിച്ച് തുടങ്ങും.

എനിക്ക് എന്ത് ചെയ്യാൻ സാധിക്കും ?

സത്യത്തിൽ എനിക്ക് വളരെ അറിവും പരിചയവും ഉള്ള മേഖലയാണ് ഇത്. ജപ്പാനിലെ സുനാമി ഉൾപ്പടെ ലോകത്തെ വൻ ദുരന്തങ്ങൾ കഴിഞ്ഞപ്പോൾ എല്ലാം അവിടുത്തെ ഖരമാലിന്യ സംസ്‌കരണത്തെ പറ്റി നിർദ്ദേശങ്ങൾ നൽകാൻ ഐക്യരാഷ്ട്ര സഭ അയച്ച സംഘങ്ങളെ നയിച്ചത് ഞാനാണ്. ഇപ്പോൾ എന്റെ കർമ്മ മണ്ഡലം മാറിയെങ്കിലും ഈ വിഷയത്തിൽ ലോകത്തെ ഏറ്റവും മിടുക്കരായ വിദഗ്ദ്ധർ തന്നെ എന്റെ കൂട്ടുകാരായ സഹ പ്രവർത്തകർ ആയിരുന്നു. ഇപ്പോഴും അവരുമായി എനിക്ക് സൗഹൃദം ഉണ്ട്. അപ്പോൾ ഈ വിഷയത്തിൽ ഏറ്റവും നല്ല വിദഗ്ദ്ധരുമായി നമ്മുടെ സംവിധാനങ്ങളെ ബന്ധിപ്പിക്കാനും കൊച്ചിയിൽ മാത്രമല്ല കേരളത്തിന് മൊത്തമായി ഖരമാലിന്യ നിർമ്മാർജ്ജനത്തിന് ഒരു കർമ്മ പദ്ധതി ഉണ്ടാക്കാനും തീർച്ചയായും നിർദ്ദേശങ്ങൾ നൽകാനും ശ്രമിക്കും. ഒരു കാര്യം കൂടെ പറയട്ടെ.

ഈ പറഞ്ഞ കാര്യം മുഴുവൻ ഞാൻ രണ്ടായിരത്തി പത്തൊമ്പത് ഫെബ്രുവരി ഇരുപത്തി നാലാം തിയതി അന്ന് ബ്രഹ്‌മപുരത്ത് ഒരു തീ പിടിത്തം ഉണ്ടായപ്പോൾ എഴുതിയ ലേഖനത്തിൽ നിന്നാണ്. അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. ഇപ്പോഴത്തെ പ്രശ്‌നം കുറച്ചു ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടും. മാധ്യമങ്ങളിൽ നിന്നും വിഷയം മാറും. പക്ഷെ നമ്മൾ ഈ വിഷയത്തിൽ ഉള്ള ശ്രദ്ധ വിട്ടു കളയരുത്. ഇനി ബ്രഹ്‌മപുരം ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ശ്രീ പി രാജീവ് പറഞ്ഞിട്ടുണ്ട്. വളരെ നല്ലത്. ബ്രഹ്‌മപുരത്ത് മാത്രമല്ല കേരളത്തിൽ എല്ലായിടത്തും ആധുനികമായ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഉണ്ടാക്കാൻ ഉള്ള ഒരു അവസരമായി നമ്മൾ ഈ ദുരന്തത്തെ മാറ്റിയെടുക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP