- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ഞിരോട് സബ് സ്റ്റേഷൻ വളപ്പിൽ വൻതീപിടിത്തം; കേബിളുകൾ കത്തിനശിച്ചു; വൻദുരന്തമൊഴിവായത് തലനാരിഴയ്ക്ക്
കണ്ണൂർ: കണ്ണൂർ-മട്ടന്നൂർ സംസ്ഥാനപാതയിലെ കാഞ്ഞിരോട് കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ വളപ്പിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച്ച രാവിലെ ഒൻപതരോടെയാണ് അപകടം. യാർഡിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കെ ഫോൺ കേബിളുകളും കത്തിയമർന്നു. പ്ലാസ്റ്റിക് വസ്തുക്കൾ ഉൾപ്പെടെ കത്തിയതിനാൽ കറുത്തപുകച്ചുരുൾ അന്തരീക്ഷത്തിലുയർന്നു. തീ പിടിത്തത്തെ തുടർന്ന് എച്ചൂർ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങി.സബ് സ്റ്റേഷനിലേക്ക് തീപടരാതിക്കാൻ മട്ടന്നൂർ ഫയർഫോഴ്സ് നടത്തിയ രക്ഷാപ്രവർത്തനമാണ് വൻദുരന്തമൊഴിവാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കെ. എസ്. ഇ.ബി അധികൃതർ അറിയിച്ചു. മണിക്കൂറോളമുള്ള തീപിടിത്തം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. തീപിടിത്തമുണ്ടായ ഉടൻ ജീവനക്കാർ സബ് സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.
ഇതിനിടെ കണ്ണൂർ ജില്ലയിൽ മൂന്നിടങ്ങളിലുണ്ടായ വൻതീപിടിത്തത്തിൽ വ്യാപകനാശനഷ്ടമുണ്ടായി.പേരാവൂർ ട:ൗണിലെ ഇരിട്ടി റോഡിൽ വെള്ളിയാഴ്ച്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മൊബൈൽ ഫോൺ കടകത്തിനശിച്ചു. പെരുന്തോടി സ്വദേശി അബ്ദുൽ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ പാർക്ക് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കടപൂർണമായും കത്തിനശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച രാവില ആറരയോടെയാണ് സംഭവം.
അഗ്നിശമന സേനയെത്തുമ്പോഴെക്കും കടപൂർണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിനെ തുടർന്ന് പേരാവൂർ ജങ് ഷൻവഴിയുള്ള വാഹനഗതാഗതവും ഒരു മണിക്കൂറോളം തടസപ്പെട്ടു. പേരാവൂർ ടൗണിൽ കത്തിനശിച്ച മൊബൈൽ ഷോപ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് ദേവസ്യാമേച്ചേരി, വൈസ് പ്രസിഡന്റ് കെ.കെ രാമചന്ദ്രൻ, സെക്രട്ടറി എ.സുധാകരൻ, പി.പുരുഷോത്തമൻ, എസ്.ബഷീർ എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്.
ഇതിന് സമാനമായി കല്യാട് ചെങ്കിൽ ക്വാറിക്ക് സമീപമുണ്ടായ തീപിടിത്തത്തിൽ പത്തേക്കറോളം കത്തിനശിച്ചു. കല്യാട് ആയുർവേദ ഗവേഷണ കേന്ദ്രത്തിന് സമീപം വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ചേകാലിനായിരുന്നു തീപിടിത്തം. ക്വാറിക്ക് സമീാപത്തെ അടിക്കാടിന് തീപിടിച്ച് പടരുകയായിരുന്നു. മട്ടന്നൂർ, ഇരിട്ടി അഗ്നി ശമന നിലയങ്ങളിലെ സേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. അസി.സ്റ്റേഷൻ ഓഫീസർമാരായി പി.ലിഷാദ്, മെഹ്റൂഫ് എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.സുകുമാരൻ, ഫയർ ആൻഡ് റെസ്്ക്യൂ ഓഫീസർമാരായ സുനിൽ കുമാർ പൂച്ചാലി, പ്രവീൺ തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
മറ്റൊരു സംഭവത്തിൽ പയ്യാവൂരിലെ വീടിനു തീപിടിച്ചു അഞ്ച് ക്വിന്റൽ റബർ ഷീറ്റും ഒൂു ക്വിന്റൽ അടയ്ക്കയും കത്തിനശിച്ചു. പയ്യാവൂർ ഫിഷ് മാർക്കറ്റിന് സമീപം ആത്മതടത്തിൽ കുര്യന്റെ വീടിനാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച്ച പുലർച്ചെയാണ് സംഭവം. കുര്യനും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയതിനാൽ ഇവിടെ റബർ ഷീറ്റും അടയ്ക്കയും ഉണക്കാനിട്ടതായിരുന്നു. ചിമ്മിനിയിൽ നിന്നും തീ പടർന്ന് പിടിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഇരിട്ടി അഗ്നിരക്ഷാ സേനയും പയ്യാവൂർ പൊലിസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.




