- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മത്സരത്തിനിറങ്ങി സൺഷൈൻ മക്രിയും ഫസ്റ്റ്ബോൺ മാനറും; വോട്ട് ചെയ്യാൻ ന്യൂക്ലിയറും കോംപ്ലാൻ ടാങ്സോങും: മേഖാലയിലെ സ്ഥാനാർത്ഥികളുടേയും സമ്മതിദായകരുടേയും പേരുകൾ കൗതുകമാകുന്നു
ഷില്ലോങ്: മേഖാലയയിൽ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇന്ന്. സൺമൂൺ മറക് മുതൽ ഫോർകാസ്റ്റർ നോങ്റാങ് വരെ കൗതുകമുണർത്തുന്ന നിരവധി സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥികളുടേത് മാത്രമല്ല സമ്മതിദായകരുടേയും പേരുകൾ രസകരമാണ്. ഇംഗ്ലീഷ് വാക്കുകളോടുള്ള കൗതുകമാണ് അർത്ഥം പോലും നോക്കാതെ പേരുകൾ ഇടാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. അമാൽറെം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ പേര് ഫസ്റ്റ്ബോൺ മാനർ (എശൃേെയീൃി ങമിിലൃ) എന്നാണ്. മാതാപിതാക്കളുടെ ആദ്യത്തെ കുട്ടിയായതുകൊണ്ടാണ് ഈ പേരിട്ടത്.
നാർത്യാങ്ങിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായ ജനറസ് പാസ്ലെൻ (Generous Paslein), ജൊവായിൽ നിന്നുള്ള യുഡിപി സ്ഥാനാർത്ഥി മൂൺലൈറ്റ് പാരിയട്ട് (Moonlight Pariat), റാലിയാങ്ങിൽ നിന്നുള്ള കമിങ് വൺ യിംബോൻ (Coming One Ymbon) എന്നിവർ ഉദാഹരണം. ഇംഗ്ലിഷ് പേരുകളോടു പ്രത്യേക താൽപര്യമുള്ള അതിർത്തി ജില്ലയായ ഈസ്റ്റ് ഖാസി ഹിൽസിൽ നിന്നുള്ള സ്ഥാനാർത്ഥികൾക്കാണ് വ്യത്യസ്തമായ പേരുകളുള്ളത്. അവിടെ ഏറക്കുറെ എല്ലാ വീട്ടിലും ഇത്തരം പേരുള്ളവർ ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
കേന്ദ്രമന്ത്രി രാംദാസ് അത്തവാലെയുടെ ആർപിഐ(എ) സ്ഥാനാർത്ഥിയുടെ പേര് സൺമൂൺ മറക് (Sunmoon Marak) എന്നാണ്. അതേ മണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർത്ഥിയുടെ പേര് ഫോർകാസ്റ്റർ നോങ്റാങ് (Forcaster Nongrang). റിഭോയ് ജില്ലയിലെ യുഡിപി സ്ഥാനാർത്ഥികളിലൊരാളുടെ പേര് സൺഷൈൻ മക്രി (Sunshine Makri) എന്നാണ്. ഈസ്റ്റ് ഖാസി ഹിൽസിലെ ബിജെപി സ്ഥാനാർത്ഥി ഹൈലാൻഡർ ഖർനാൽകി (Highlander Kharnalki) ആണ്.
മവ്ലായിലെ യുഡിപി സ്ഥാനാർത്ഥി പ്രോസസ് ടി. സോക്മി (Process T Sawkmie) ആണെങ്കിൽ വോയ്സ് പീപ്പിൾ പാർട്ടി സ്ഥാനാർത്ഥി ബ്രൈറ്റ്സ്റ്റാർവെൽ മർബാനിയങ് (Brightstarwell Marbaniang) ആണ്. ഈസ്റ്റ് ഖാസി ഹിൽസിലെ പീപ്പിൾ ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാർത്ഥിയുടെ പേര് ഓസ്പീഷ്യസ് ലിങ്ദോ (Auspicious Lyngdoh) എന്നാണ്. പൈനുർസ്ല മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് നേതാവ് നെഹ്റു സ്യൂട്ടിങ് (Nehru Suiting) മത്സരിക്കുന്നത്. സമീപ മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർത്ഥി കൗൺസലർ മുഖിം (Counselor Mukhim) മത്സരിക്കുന്നു.
ഫോർട്ടീൻസൺ ലിങ്ഖോയ് (Fourteenson Lyngkhoi), പോൾസ്റ്റാർ നോങ്സീജ് (Polestar Nongsiej), സൗണ്ടർ കാജീ (Sounder Cajee), ഇവാൻ ബോതം കെ. സാങ്മ (Ian Botham K Sangma), നവംബർത്ത് മറക് (Novembirth Marak) എന്നിങ്ങനെ നീളുന്നു സ്ഥാനാർത്ഥിപ്പട്ടികയിലെ കൗതുകപ്പേരുകൾ.
സ്ഥാനാർത്ഥികളുടേത് മാത്രമല്ല സമ്മതി ദായകരുടേ പേരുകളും ഇങ്ങനെയൊക്കെ തന്നെ. തേസ്ഡേ ഡിങ്ദോ (Thursday Diengdoh), സൺഡേ ഡിങ്ദോ (Sunday Diengdoh), ന്യൂക്ലിയർ ഖ്വീറ്റം (Nuclear Khiewtam), വീനസ് ഖോങ്ടിം (Venus Khongtim), ജൂലൈ ഖോങ്സ്ഡാം (July Khongsdam), കോംപ്ലാൻ ടാങ്സോങ് (Complan Tangsong), രാജ്ദൂത് ജിമ്മാങ് (Rajdoot Jymmang), ഫസ്റ്റ് സ്റ്റാർവെൽ ഖോങ്യിയാങ് (First Starwell Khongyiang). ഡബിൾ ബ്ലെസ് ഖോങ്വിർ (Double Bless Khongwir), എവരിഡേ ടാങ്സോങ് (Everyday Tangsong) തുടങ്ങിയവ ഉദാഹരണങ്ങൾ.



