Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്‌കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എം; ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയായപ്പോൾ സ്ഥിരീകരിച്ചത് പിജെ; ജമാഅത്തെ ഇസ്ലാമി ചെയ്തതു കൊടും പാതകമോ?

ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്‌കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എം; ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയായപ്പോൾ സ്ഥിരീകരിച്ചത് പിജെ; ജമാഅത്തെ ഇസ്ലാമി ചെയ്തതു കൊടും പാതകമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആത്മീയാചാര്യനായ ശ്രീ എം, പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായി എന്ന് വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം കേട്ടത്. ശ്രീ എമ്മും സിപിഎം നേതാവ് പി ജയരാജനും ഇത് സ്ഥിരീകരിച്ചു. വിവാദമുണ്ടായപ്പോൾ തള്ളിക്കളയാനായിരുന്നു എംവി ഗോവിന്ദൻ ശ്രമിച്ചത്. എന്നാൽ പിജെ പറഞ്ഞതോടെ ആ കൂടിക്കാഴ്ച സത്യമായി. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അതീവ രഹസ്യമായി ആർഎസ്എസ് നേതാക്കളായ ഗോപാലൻകുട്ടി മാസ്റ്റർ, വൽസൻ തില്ലങ്കേരി എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചുവെന്ന വിവരം മലയാളി മാധ്യമ പ്രവർത്തകകനാണ് പുറത്തുവിട്ടത്.

ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും നടത്തിയ ചർച്ച ന്യൂനപക്ഷ വിഭാഗങ്ങൾ ആഗ്രഹിക്കുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. അത് വെൽഫെയർ പാർട്ടി- യു.ഡി.എഫ്. രസതന്ത്രത്തിന്റെ തുടർച്ചയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിയുടെ മറ്റൊരു രൂപമായ വെൽഫെയർ പാർട്ടി കോൺഗ്രസിനും ലീഗിനുമൊപ്പം അണിചേർന്നവരാണ്. കോൺഗ്രസിലെ ഒരു വിഭാഗം സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്നുണ്ട്. ലീഗിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം വെൽഫെയർ പാർട്ടിയുമായി യോജിക്കുന്നതിന് അനുകൂലവുമാണ്. ഇവരൊക്കെ ആർഎസ്എസ്. ചർച്ചയിൽ പങ്കു വഹിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെയാണ് പഴയ ആർഎസ്എസ്-സിപിഎം ചർച്ചയാകുന്നത്.

ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷന് യോഗ സെന്റർ സ്ഥാപിക്കുന്നതിന് ഭൂമി നൽകാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനം വിവാദമായതിന് പിന്നാലെയാണ് പഴയൊരു കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നത്. ഇകണോമിക് ടൈംസ് ഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണൻ രചിച്ച 'The RSS And The Making of The Deep Nation എന്ന, പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച പുസ്തകം, ശ്രീ എമ്മിന് കേരള സർക്കാർ സൗജന്യ ഭൂമി നൽകിയത് വിവാദമായതോടെയാണ് കേരളത്തിൽ ചർച്ചയാകുന്നത്. 1987 ൽ ഇ.കെ നായനാർ സർക്കാർ അധികാരത്തിലെത്താൻ ആർഎസ്എസ് പരോക്ഷമായി സഹായിച്ചതായും പുസ്തകത്തിൽ പറയുന്നുണ്ട്. ഇതൊന്നും ആരും നിഷേധിച്ചതുമില്ല.

പെൻഗ്വിൻ പ്രസിദ്ധീകരിച്ച ഈ പുസ്തകം തൊട്ടുപിന്നാലെ വന്ന കൊറോണ ലോക്ഡൗണിൽ പെട്ടുപോകുകയായിരുന്നു. ആർ.എസ്.എസിന്റെ പദ്ധതികളെയും വളർച്ചയെയും കുറിച്ച് വിശദവും നിശിതവുമായ പഠനമായിരുന്നുവെങ്കിലും രാജ്യമെങ്ങും പുസ്തകശാലകൾ അടക്കം വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നതിനാൽ അധികം മുഖ്യധാര ശ്രദ്ധയിലെത്തിയില്ല. എന്നാൽ ആർഎസ്എസ്-സിപിഎം ചർച്ച പുറത്തായതോടെ പുസ്തകവും പ്രചാരത്തിൽ മുമ്പിലെത്തി. 350 ഓളം പേജുകളുള്ളപുസ്തകത്തിന്റെ നല്ലൊരുഭാഗം കേരളത്തിലെ ആർ.എസ്.എസിന്റെ ചരിത്രത്തെയും വർത്തമാനത്തെയും കുറിച്ചുള്ളതാണ്. ശ്രീഎമ്മിനെയും സിപിഎമ്മിനെയും ആർ.എസ്.എസിനെയും ബന്ധപ്പെടുത്തുന്ന നിരവധി സാഹചര്യങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നു. 2014 ൽ കണ്ണൂരിൽ സിപിഎം പ്രവർത്തകർക്കായി ശ്രീഎം നടത്തിയ യോഗ ക്യാമ്പാണ് ബന്ധത്തിന്റെ തുടക്കം. ഈ ക്യാമ്പിൽ പിണറായി വിജയനും പങ്കെടുത്തിരുന്നുവെന്ന് ദിനേഷ് നാരായണൻ പറയുന്നു.

ആർഎസ്എസ്, സിപിഎം നേതാക്കളുമായുള്ള തന്റെ നല്ല ബന്ധം ഇരുപക്ഷത്തെയും ചർച്ചാ മേശക്ക് മുന്നിലെത്തിക്കാൻ ശ്രീ എം ഉപയോഗിക്കുകയായിരുന്നു. സിപിഎം അധികാരത്തിലെത്തിയ ശേഷം 2016 ൽ അദ്ദേഹം അന്ന് പാർട്ടി ജില്ല സെക്രട്ടറിയായ പി. ജയരാജനെ കാണാനെത്തി. സമാധാനത്തിന്റെ സാധ്യതകൾ അദ്ദേഹം ജയരാജനോട് തേടി. ചരിത്രപരമായി ആർ.എസ്.എസിന്റെ ചെയ്തികളെ ജയരാജൻ വിശദീകരിച്ചു. സംസാരത്തിനിടെ ശ്രീ എം ഇടപെട്ടു. 'കാഴ്ചപ്പാടുകൾ വ്യത്യസ്തമാകാം. ആർ.എസ്.എസിന് വേറെ കാഴ്ചപ്പാടായിരിക്കും. അതിലിനി കാര്യമില്ല. ചരിത്രമെന്നത് ചരിത്രമായി കഴിഞ്ഞു'. പുതിയ തുടക്കത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ജയരാജൻ തന്റെ അംഗഭംഗം വന്ന വലതുകൈ നീട്ടി. 'ഞാൻ പറയുന്നത് വിശ്വസിക്കൂ. മറ്റുള്ളവർ പറയുന്നതുപോലെ ഞാനൊരു മൃഗമല്ല. ആരോടും എനിക്ക് വ്യക്തിപരമായി പകയില്ല. എന്നോട് ചെയ്തതിന് പ്രതികാരം ചെയ്യാനും ആഗ്രഹിക്കുന്നില്ല.' അതായിരുന്നു ശ്രീ എം കേൾക്കാൻ ആഗ്രഹിച്ചത്. അതിനായി അദ്ദേഹം നേരത്തെ പശ്ചാത്തലമൊരുക്കിയിരുന്നു.

ആഴ്ചകൾക്ക് മുമ്പ് സമാധാന സംഭാഷണങ്ങൾക്കുള്ള സാധ്യത ശ്രീ എം മുഖ്യമന്ത്രി പിണറായി വിജയനോടും ആരാഞ്ഞിരുന്നു. 'അവർ (ആർഎസ്എസ്) കേൾക്കുമോ' എന്നായിരുന്നു പിണറായിയുടെ മറുപടി. ആർഎസ്എസ് നേതാവ് ഗോപാലൻ കുട്ടിയോട് ശ്രീ എം ഇക്കാര്യം ഉന്നയിച്ചപ്പോൾ അദ്ദേഹം ചോദിച്ചതും ഇതുതന്നെയായിരുന്നു: 'താങ്കളെ കുറിച്ചും താങ്കളുടെ ആത്മീയ നിലപാടുകളെ കുറിച്ചും നമുക്ക് നന്നായി അറിയാം. പക്ഷേ, കമ്യൂണിസ്റ്റുകാർ സമ്മതിക്കുമോ'. പിന്നാലെ ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷിയെ കൊച്ചി ഓഫീസിൽ വെച്ച് ശ്രീ എം കണ്ടു. സംരംഭങ്ങളോട് പോസിറ്റീവായാണ് ജോഷി പ്രതികരിച്ചത്. സർസംഘ്ചാലകുമായും ശ്രീഎമ്മിന് സംസാരിക്കണമായിരുന്നു. ന്യൂഡൽഹിയിൽ വിഗ്യാൻ ഭവനിലെ ഒരു ചടങ്ങിനിടെ അദ്ദേഹത്തോടും ഇക്കാര്യം സൂചിപ്പിച്ചു. തനിക്ക് ബന്ധപ്പെടാനുള്ള വ്യക്തികളുടെ പേരുകൾ തരണമെന്നും ശ്രീ എം മോഹൻ ഭാഗവതിനോട് അഭ്യർത്ഥിച്ചു. നാലുപേരുകൾ ഭാഗവത് നൽകി. അങ്ങനെയാണ് നിർണായകമായ ആ അതീവരഹസ്യ കൂടിക്കാഴ്ചക്ക് അരങ്ങൊരുങ്ങിയത്.

ഇനിയുള്ള ഭാഗം ശ്രീ എം, പിണറായി വിജയൻ, പി. ഗോപാലൻകുട്ടി, എം. രാധാകൃഷ്ണൻ, വൽസൻ തില്ലങ്കേരി എന്നിവരുമായി 2017, 2018 വർഷങ്ങളിൽ ദിനേഷ് നാരായൺ നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. തിരുവനന്തപുരത്തെ ഒരു ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു. ആർഎസ്എസ് സ്റ്റേറ്റ് സെക്രട്ടറി ഗോപാലൻകുട്ടി, വിഭാഗ് പ്രചാർ പ്രമുഖ് വൽസൻ തില്ലങ്കേരി, ജന്മഭൂമി എം.ഡി എ.രാധാകൃഷ്ണൻ, മുൻ പ്രാന്ത് പ്രചാരക് എസ്. സേതുമാധവൻ എന്നിവർ നേരത്തെ എത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിന്നാലെ വന്നു. രാത്രി വൈകിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും എത്തി, ഒറ്റക്ക്. പൊലീസ് എസ്‌കോർട്ട് ഇല്ലാതെ. അതീവ രഹസ്യയോഗത്തിന്റെ വിവരങ്ങൾ പുറത്താകാതിരിക്കാൻ ഇരുപക്ഷവും ശ്രദ്ധിച്ചിരുന്നു. ചർച്ചകൾ തുടങ്ങി. ഒരു ആർഎസ്എസ് നേതാവ് സിപിഎം അക്രമങ്ങളെ കുറിച്ച് ആഞ്ഞടിച്ചു. പിണറായി നിശബ്ദനായി കേട്ടിരുന്നു. ഇടക്കൊന്ന് ശ്രീ എമ്മിനെ നോക്കി. മിനിറ്റുകൾ കഴിഞ്ഞപ്പോൾ ശ്രീ എം ഇടപെട്ടു. പിണറായി വിജയന് പറയാനുള്ള ശാന്തമായി കേൾക്കണമെന്ന് ആവശ്യപ്പെട്ടു. 'വിഴുപ്പലക്കാനല്ല ഞാനിവിടെ വന്നത്, അക്രമം അവസാനിക്കുന്നതിലാണ് എന്റെ താൽപര്യം' -പിണറായി വ്യക്തമാക്കി.

അതോടെ മഞ്ഞുരുകി. സ്ഥിരമായി കൂടിക്കാഴ്ചകൾ നടത്താനും ആശയവിനിമയത്തിനുമുള്ള സംവിധാനങ്ങൾ രൂപപ്പെട്ടു. മൂന്നുദശകത്തിനിടെ ആദ്യമായി അക്രമങ്ങൾക്ക് അറുതി വരുത്താനുള്ള തീരുമാനത്തിൽ ഇരുപാർട്ടികളുടെയും ഉന്നതനേതൃത്വം എത്തി. അക്രമങ്ങളുടെ പ്രഭവ കേന്ദ്രമായ കണ്ണൂരിൽ ഒരുയോഗം നടത്തുന്നതിനെ കുറിച്ച് പിണറായി വിജയൻ പറഞ്ഞു. സൗഹാർദ അന്തരീക്ഷത്തിലായിരുന്നു യോഗമെന്നും മുൻകാലയോഗങ്ങൾ പോലെ പരസ്പര ആരോപണങ്ങളും വാക്പോരും ഉണ്ടായില്ലെന്നും ഗോപാലൻ കുട്ടി പിന്നീട് സൂചിപ്പിച്ചു. ഈ സൗഹാർദ അന്തരീക്ഷം തുടരണമെന്നും ധാരണയായി. ഒരാഴ്ചക്ക് ശേഷം കണ്ണൂരിൽ ഒരുആർഎസ്എസ് പ്രവർത്തകൻ ആക്രമിക്കപ്പെട്ടു. ഉടൻ തന്നെ ഗോപാലൻകുട്ടി പിണറായി വിജയനെ നേരിട്ടുവിളിച്ചു. മുഖ്യമന്ത്രി ഉടനടി പ്രതികരിച്ചു. സമാധാന ശ്രമങ്ങളിൽ പിണറായി വിജയന് ആത്മാർഥത ഉണ്ടെന്ന് ഗോപാലാൻ കുട്ടി കരുതുന്നതായി ദിനേഷ് നാരായണൻ എഴുതുന്നു. പിന്നാലെ, ഇരുപാർട്ടികളും എല്ലാതലത്തിലും ആശയവിനിമയ സംവിധാനം സൃഷ്ടിച്ചു. ഓരോ തലത്തിലും ബന്ധപ്പെടേണ്ടവരുടെ പേരുകളും നമ്പരുകളും പരസ്പരം കൈമാറി. എന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടായാൽ അടിയന്തിരമായി നേതാക്കൾ ഇടപെടാനും ധാരണയായി-ഇതായിരുന്നു പുസ്തകത്തിലെ വെളിപ്പെടുത്തൽ.

എന്നാൽ ചർച്ച സ്ഥിരീകരിച്ച സിപിഎം നേതൃത്വം എന്താണ് സംഭവിച്ചതെന്ന് ഇനിയും പറയുന്നില്ല. ഇതാണ് വസ്തുതയെന്നിരിക്കെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ആർഎസ്എസ് ചർച്ച മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കടന്നാക്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP