Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അദാനി വിവാദത്തിൽ ബിജെപിക്ക് ഒന്നും ഒളിക്കാനില്ല; രാഹുൽ ഗാന്ധിയുടെ പ്രസംഗം നീക്കിയതിൽ തെറ്റില്ല; ചട്ടങ്ങൾ അനുസരിച്ചാണ് ചർച്ച നടത്താത്തതു കൊണ്ടാണ് പ്രസംഗം നീക്കിയത്; 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കാര്യമായ മത്സരം നേരിടേണ്ടി വരില്ല; വിവാദങ്ങൾക്കിടെ മൗനം വെടിഞ്ഞ് അമിത്ഷാ

അദാനി വിവാദത്തിൽ ബിജെപിക്ക് ഒന്നും ഒളിക്കാനില്ല; രാഹുൽ ഗാന്ധിയുടെ പ്രസംഗം നീക്കിയതിൽ തെറ്റില്ല; ചട്ടങ്ങൾ അനുസരിച്ചാണ് ചർച്ച നടത്താത്തതു കൊണ്ടാണ് പ്രസംഗം നീക്കിയത്; 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കാര്യമായ മത്സരം നേരിടേണ്ടി വരില്ല; വിവാദങ്ങൾക്കിടെ മൗനം വെടിഞ്ഞ് അമിത്ഷാ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങൾ പുറത്തുവരവേ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി അമിത്ഷാ രംഗത്ത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷം ബിജെപിയെ ആക്രമിക്കുന്നതിനിടൊണ് ഈ വിഷയത്തിൽ അടക്കം നിലപാട് പറഞ്ഞ് അമിത്ഷാ രംഗത്തുവന്നത്. അദാനി വിവാദത്തിൽ ബിജെപിക്ക് യാതൊന്നും മറയ്ക്കാനില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്ന നിലയിൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അമിത് ഷാ അറിയിച്ചു.

''ഈ വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മന്ത്രിയെന്ന നിലയിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല. പക്ഷേ, ഈ വിഷയത്തിൽ ബിജെപിക്ക് ഒന്നും ഒളിക്കാനില്ല എന്നതാണ് വസ്തത. ഭയപ്പെടാനും ഒന്നുമില്ല' വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അമിത് ഷാ വിശദീകരിച്ചു.

പ്രതിപക്ഷത്തിന് വെറുതേ ബഹളമുണ്ടാക്കാനേ അറിയൂവെന്നും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തെന്ന് കരുതുന്നുവെങ്കിൽ കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടാണെന്നും അമിത് ഷാ ചോദിച്ചു. എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.ലോക്സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തതിനെ സംബന്ധിച്ച ചോദ്യത്തോടും അമിത് ഷാ പ്രതികരിച്ചു.

ചട്ടങ്ങൾ അനുസരിച്ചാണ് പാർലമെന്റിൽ ചർച്ച നടക്കേണ്ടത്. അദ്ദേഹം എന്ത് പ്രസംഗം നടത്തണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹവും പ്രസംഗത്തിന്റെ തിരക്കഥ എഴുതുന്നവരുമാണ്. കോൺഗ്രസ് എം പിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യൽ പാർലമെന്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കാൻ നാളിതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. യുപിഎ സർക്കാരിന്റെ കാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു.

ഹിൻഡൻബർഗ് റിപ്പോർട്ടിന്റെയും ബിബിസി ഡോക്യുമെന്ററിയുടെയും പശ്ചാത്തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് ചോദ്യത്തിന്, 'എത്ര ഗൂഢാലോചനകൾ നടന്നാലും സത്യത്തെ തകർക്കാൻ കഴിയില്ല. സത്യം സൂര്യനെപ്പോലെ പ്രകാശിക്കും. 2002 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവർ ഓരോന്നും ചെയ്യുകയാണ്. എന്നാൽ ഓരോ തവണയും അദ്ദേഹം കൂടുതൽ ശക്തനായി ജനങ്ങൾക്കിടയിൽ ജനപ്രീതി നേടുന്നു,' അമിത് ഷാ കൂട്ടിച്ചേർത്തു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കാര്യമായ മത്സരം നേരിടേണ്ടി വരുമെന്ന് കരുതുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി. നിലവിൽ രാജ്യം ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നിൽ അണിനിരന്നിരിക്കുകയാണെന്നും അദ്ദഹം പറഞ്ഞു. രാജ്യത്തെ നഗരങ്ങളുടെ പേരു മാറ്റി മുഗൾ ചക്രവർത്തിമാരുടെ സംഭാവനകൾ ചരിത്രത്തിൽനിന്ന് മായ്ക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും അമിത് ഷാ അഭിമുഖത്തിൽ നിഷേധിച്ചു. ഇക്കാര്യത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ വിശദമായ ആലോചനകൾക്കു ശേഷം അവരുടെ അധികാര പരിധിക്കുള്ളിൽ നിന്നാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ചരിത്രത്തിൽനിന്ന് ആരുടെയും സംഭാവനകൾ നീക്കാൻ ബിജെപിക്ക് താൽപര്യമില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

''ഇന്ത്യൻ ചരിത്രത്തിൽ ആരുടെയും സംഭാവനകൾ വിസ്മരിക്കപ്പെടാൻ പാടില്ല. ആരുടെയും സംഭാവനകൾ നീക്കാൻ ഞങ്ങൾക്ക് ആഗ്രഹവുമില്ല. പക്ഷേ, രാജ്യത്തിന്റെ പാരമ്പര്യം കാത്തുസംരക്ഷിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ, അതിനോട് എതിർപ്പുണ്ടാകുമെന്ന് കരുതുന്നില്ല' അമിത് ഷാ വിശദീകരിച്ചു. ''മുൻപ് മറ്റൊരു പേരിൽ അറിയപ്പെട്ടിരുന്ന നഗരങ്ങളല്ലാതെ, ഒറ്റ നഗരത്തിന്റെയും പേര് ഞങ്ങൾ പുനർനാമകരണം ചെയ്തിട്ടില്ല. വിശദമായ കൂടിയാലോചനകൾക്കു ശേഷമാണ് ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഞങ്ങളുടെ സർക്കാരുകൾ കൈക്കൊണ്ടിട്ടുള്ളത്. ഓരോ സർക്കാരുകൾക്കും അവരുടേതായ അവകാശങ്ങളും അധികാരങ്ങളുമുണ്ട്' അമിത് ഷാ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ സംഭാവനകളെ വിസ്മരിച്ച് ജമ്മു കശ്മീരിന്റെ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കും അമിത് ഷാ മറുപടി നൽകി. ബിജെപി സർക്കാർ നീക്കം ചെയ്ത ആർട്ടിക്കിൾ 370 പ്രഥമ പ്രധാനമന്ത്രിയുടെ സർക്കാരാണ് ഭരണഘടനയിൽ കൂട്ടിച്ചേർത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇതുമൂലം രാജ്യത്തിന് ഒട്ടേരെ നഷ്ടം സംഭവിച്ചതായും അമിത് ഷാ പറഞ്ഞു.

''നെഹ്‌റു കാരണമാണ് ആർട്ടിക്കിൾ 370 നടപ്പാക്കിയത്. 1950 മുതൽ തന്നെ ഇത് നടപ്പാക്കരുതെന്ന് ആവശ്യപ്പെടുന്നവരാണ് ഞങ്ങൾ. ഇത് രാജ്യത്തിന് കനത്ത നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ ജമ്മു കശ്മീരിൽ ഭീകരവാദം തീർത്തും കുറഞ്ഞതും, അവിടെ നടക്കുന്ന വികസനപ്രവർത്തനങ്ങളും ഞങ്ങളുടെ വാദത്തെ സാധൂകരിക്കുന്നു. അതിന്റെ കണക്കുകൾ ആർക്കും പരിശോധിക്കാം. ഇപ്പോൾ ജമ്മു കശ്മീർ ഒട്ടേറെ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്' അമിത് ഷാ പറഞ്ഞു.

ഉടൻ തിരഞ്ഞെടുപ്പു നടക്കുന്ന കർണാടകയിൽ ബിജെപി ഭൂരിപക്ഷം നേടുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഞാൻ അഞ്ച് തവണ അവിടം സന്ദർശിച്ചു. അവിടുത്തെ ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും അവർക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ജനപ്രീതിയും ഞാൻ നേരിട്ടു കണ്ടു. കർണാടകയിൽ ബിജെപി വലിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന് തീർച്ച' അമിത് ഷാ പറഞ്ഞു. കർണാടകയ്ക്കു പുറമെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലും ബിജെപി അധികാരം പിടിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP