Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ത്രിപുരയിൽ ബിജെപിക്ക് ഇക്കുറി കാലിടുമോ? കോൺഗ്രസ് - സിപിഎം സഖ്യം ഭരണകക്ഷിക്ക് ഉയർത്തുന്നത് വലിയ വെല്ലുവിളി; കോൺഗ്രസിന്റെ തുറുപ്പുചീട്ടായി സുദീപ് റോയ് ബർമാൻ എന്ന ഒറ്റയാൻ; സിപിഎമ്മിലെ ക്രൗഡ്പുള്ള ഇപ്പോഴും മണിക് സർക്കാർ തന്നെ; തിപ്ര മോത്ത തലവൻ പ്രദ്യോത് മാണിക്യയും അത്ഭുതം സൃഷ്ടിക്കാൻ കെൽപ്പുള്ളയാൾ

ത്രിപുരയിൽ ബിജെപിക്ക് ഇക്കുറി കാലിടുമോ? കോൺഗ്രസ് - സിപിഎം സഖ്യം ഭരണകക്ഷിക്ക് ഉയർത്തുന്നത് വലിയ വെല്ലുവിളി; കോൺഗ്രസിന്റെ തുറുപ്പുചീട്ടായി സുദീപ് റോയ് ബർമാൻ എന്ന ഒറ്റയാൻ; സിപിഎമ്മിലെ ക്രൗഡ്പുള്ള ഇപ്പോഴും മണിക് സർക്കാർ തന്നെ; തിപ്ര മോത്ത തലവൻ പ്രദ്യോത് മാണിക്യയും അത്ഭുതം സൃഷ്ടിക്കാൻ കെൽപ്പുള്ളയാൾ

മറുനാടൻ ഡെസ്‌ക്‌

അഗർത്തല: ത്രിപുരയിൽ ബിജെപി സർക്കാർ ഇക്കുറി ശക്തമായ വെല്ലുവിളിയാണ് നേരിടുന്നത്. കോൺഗ്രസ്- സിപിഎം സഖ്യം ഭരണകക്ഷിക്കെതിരെ ശക്തമായ മത്സരം തന്നെയാണ് ഇക്കുറി. ഭരണവിരുദ്ധ വികാരത്തിനൊപ്പം ശക്തമായ പ്രചരണം കൂടിയായാൽ അട്ടിമറികൾ അസാധ്യമല്ലെന്നാണ് സിപിഎം കണക്കുകൂട്ടൽ. മുൻ മുഖ്യമന്ത്രി മണിക് സർക്കാറിന്റെ ജനകീയ കരുത്ത് തന്നെയാണ് സിപിഎമ്മിന് പ്രതീക്ഷ നൽകുന്ന കാര്യം. ത്രിപുരക്കാർ ഇപ്പോഴും മാണിക് ദായോട് പ്രത്യേകം ഇഷ്ടം തന്നെയാണ്. ഇതിനൊപ്പം മറ്റു ക്രൗഡ്പുള്ളർമാരും കൂടി ചേരുന്നത് ഗുണമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ.

അതേസമയം സംസ്ഥാനത്ത് തീർത്തും ഇല്ലാതായെന്ന് വിധിയെഴുതിയ പാർട്ടിയെ കൈപിടിച്ചു ഉയർത്തി കൊണ്ടുവന്നത് സുദീപ് റോയ് ബർമാൻ എന്ന പോരാളിയാണ്. ബിപ്ലബ് ദേബിനെതിരേ പട നയിച്ച് അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിൽ നിന്നു പുറത്താക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സുദീപ് റോയ് ബർമാൻ കോൺഗ്രസിലേക്കു തിരിച്ചുവന്നതോടെയണ് പാർട്ടിക്ക് ഉണർവ്വുണ്ടാകുന്നത്. പാർട്ടിയുടെ ക്രൗഡ് പുള്ളറായി കണക്കാക്കുന്ന ബർമാനാണ് പാർട്ടിയെ മുന്നോട്ടു നയിക്കുന്നത്.

സുദീപിന്റെ നേതൃത്വത്തിൽ 7 മാസം മുൻപു നടന്ന ഉപതിരഞ്ഞെടുപ്പിൽ 27 ശതമാനം വോട്ടു വിഹിതം വർധിപ്പിച്ചു വരവ് അറിയിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് സുദീപ് കോൺഗ്രസിന്റെ ഏക എംഎൽഎയായി നിയമസഭയിലെത്തുകയും ചെയ്തു. ഈ ഫൈറ്റ് ത്രിപുര ജനത ഇപ്പോഴും ഓർത്തിരിക്കുന്നു എന്നാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന കാര്യം.

സിപിഎമ്മിനെതിരെയും പിന്നീട് ബിജെപിക്കെതിരെയും തെരുവിൽ പോരാടി ചങ്കുറപ്പുള്ള നേതാവ് എന്ന ഇമേജുമായാണ് സുദീപ് റോയ് ആരാധകരെ നേടിയെടുത്തത്. തുടർച്ചയായി 4 വട്ടം അഗർത്തലയിൽ നിന്നു കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് ബിജെപിയിൽ ചേർന്നത്. ബിപ്ലബ് ദേബ് സർക്കാരിൽ ആരോഗ്യ, പൊതുമരാമത്ത് മന്ത്രിയായിരുന്ന അദ്ദേഹം മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടിയാണ് പാർട്ടിയിൽ നിന്നു പുറത്തുപോകുന്നത്.

അസമിൽ കോൺഗ്രസിനെ നെടുകെ പിളർത്തി ഹിമന്ത ബിശ്വശർമ ബിജെപിയിൽ പ്രവേശിച്ചതിനു സമാനമായിരുന്നു സുദീപ് റോയിയുടെ ബിജെപി പ്രവേശനവും. സുദീപ് സൃഷ്ടിച്ച കൊടുങ്കാറ്റിൽ വൈകാതെ ബിപ്ലബ് ദേബിന് മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പിന് 9 മാസം മുൻപ് ഡോ.മണിക് സാഹയെ ബിജെപി മുഖ്യമന്ത്രിയാക്കി. ബിജെപി വിട്ട് ഒരുവർഷത്തിനകം 4 തവണ ആക്രമണത്തിനിരയായിട്ടുണ്ട് സുദീപ് റോയ് ബർമാൻ. ഇദ്ദേഹം കോൺഗ്രസിലെത്തിയ ശേഷമാണു സിപിഎമ്മിനു പോലും പുറത്തിറങ്ങി പ്രവർത്തിക്കാനുള്ള ആത്മവിശ്വാസമുണ്ടായതെന്നു നേതാക്കൾ തന്നെ സമ്മതിക്കുന്നു.

അതേസമയം രണ്ട് പതിറ്റാണ്ട് മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാർ ഇത്തവണ മത്സരരംഗത്തില്ല. സിപിഎമ്മിന്റെ 8 സിറ്റിങ് എംഎൽഎമാർ മത്സരരംഗത്തില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42.22% വോട്ടാണ് സിപിഎമ്മിന് ലഭിച്ചത്. ബിജെപിയെക്കാളും ഒന്നര ശതമാനത്തിനു താഴെ മാത്രം. 2013 തിരഞ്ഞെടുപ്പിൽ 36.53% വോട്ടും 10 സീറ്റും ലഭിച്ച കോൺഗ്രസിന് കഴിഞ്ഞ തവണ ലഭിച്ചത് 1.79% മാത്രമാണ് താനും.

ത്രിപുരയിലെ ബിജെപി സർക്കാരിന്റെ പരാജയവും ജനദ്രോഹവും മൂടിവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളക്കഥകൾ മെനയുകയാണെന്ന് പറഞ്ഞ് മണിക് സർക്കാർ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം നിറയെ അസത്യങ്ങളും അർധസത്യങ്ങളുമാണ്. ത്രിപുരയ്ക്ക് വികസനവും ജനങ്ങൾക്ക് ജീവിതപുരോഗതിയും ഉണ്ടായത് ഇടതുമുന്നണി ഭരണത്തിലാണ്.

ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട ബിജെപിയെ കരകയറ്റാൻ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സ്ഥാനം ദുരുപയോഗിക്കുകയാണ്. ആദിവാസിക്ഷേമം ഉറപ്പാക്കാൻ ത്രിപുരയിൽ ഇടതുമുന്നണി സർക്കാർ മേഖല കൗൺസിൽ രൂപീകരിക്കുകയും ക്ഷേമപദ്ധതികൾ നടപ്പാക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ ആദിവാസികളുടെ സ്ഥിതി എന്താണ്? ഇടതുമുന്നണി ഭരണകാലത്ത് സംസ്ഥാനം ശാന്തമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം ത്രിപുരയിൽ എന്താണ് നടന്നതെന്ന് എല്ലാവർക്കുമറിയാം. വഞ്ചിക്കപ്പെട്ട ത്രിപുര ജനതയ്ക്ക് മുന്നിൽ ഈ നാടകം വിലപ്പോകില്ല- മണിക് സർക്കാർ പറഞ്ഞു.

അതേസമയം ഈ തിരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നത് തിപ്ര മോത്ത പാർട്ടിയും തലവൻ പ്രദ്യോത് മാണിക്യ ദേബ് ബർമനിൽ നിന്നാണ്. ത്രിപുര രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനും കോൺഗ്രസ് മുൻ പ്രസിഡന്റുമായ പ്രദ്യോത് മാണിക്യ കോൺഗ്രസ് വിട്ടാണ് നാലു വർഷം മുൻപ് തിപ്ര മോത്ത (തിപ്ര ഇൻഡിജനസ് പ്രോഗ്രസീവ് റീജനൽ അലയൻസ്) രൂപീകരിച്ചത്. ത്രിപുര രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറാണ് ഗോത്ര മേഖലയെ ഇളക്കിമറിക്കുന്ന ഈ നാൽപത്തിനാലുകാരൻ.

ഗോത്ര വിഭാഗങ്ങൾക്കായി ഗ്രേറ്റർ തിപ്രലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന മുദ്രാവാക്യവുമായാണ് തിരഞ്ഞടുപ്പിനെ നേരിടുന്നത്. 20 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ത്രിപുര ട്രൈബൽ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ജയിച്ച തിപ്ര മോത്ത 42 സീറ്റുകളിൽ മത്സരിക്കുന്നുണ്ടെങ്കിലും 20 എസ്ടി മണ്ഡലങ്ങളെ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. 10 സീറ്റിനു മുകളിൽ തിപ്ര മോത്ത ഏതു സാഹചര്യത്തിലും നേടുമെന്നാണ് രാഷ്ട്രീയ എതിരാളികൾപോലും പറയുന്നത്. പ്രദ്യോത് മാണിക്യ മത്സരിക്കുന്നില്ല.

സിപിഎം-കോൺഗ്രസ് സഖ്യവും ബിജെപിയും തിപ്ര മോത്തയുമായി ചർച്ചകൾ നടത്തിയിരുന്നു. സിപിഎം-കോൺഗ്രസ് സഖ്യവുമായി തിപ്ര മോത്ത വോട്ട് പങ്കുവയ്ക്കുന്നതിൽ ധാരണയിലെത്തുമെന്നാണു കരുതുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 9 സീറ്റിൽ മത്സരിച്ച് ഒന്നൊഴികെ ബാക്കിയെല്ലാം നേടിയ ഐപിഎഫ്ടി (ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) എന്ന ഗോത്രവർഗ പാർട്ടിയുടെ തകർച്ചയ്ക്കു കാരണവും തിപ്ര മോത്തയാണ്. ബിജെപി സർക്കാരിലെ ഐപിഎഫ്ടി മന്ത്രിമാർ ഉൾപ്പെടെയുള്ളവർ തിപ്ര മോത്തയിൽ ചേർന്നതോടെ ആ പാർട്ടി ക്ഷയിച്ചു. തിപ്ര മോത്തയിൽ ഐപിഎഫ്ടി ലയിക്കാൻ ഏറെക്കുറെ ധാരണയായിരുന്നെങ്കിലും അവസാന മണിക്കൂറുകളിൽ ബിജെപി നടത്തിയ സമ്മർദത്തിൽ പാർട്ടി അതിനു മുന്നിർന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP