Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിബിസിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ഡോക്യമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐയും യൂത്ത് കോൺഗ്രസും; ഒരു കാരണവശാലും അനുവദിക്കരുതെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനും; ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പേരിൽ കേരളത്തിലും രാഷ്ട്രീയ മത്സരം

ബിബിസിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ഡോക്യമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐയും യൂത്ത് കോൺഗ്രസും; ഒരു കാരണവശാലും അനുവദിക്കരുതെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനും; ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പേരിൽ കേരളത്തിലും രാഷ്ട്രീയ മത്സരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി. (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ) തയ്യാറാക്കിയ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയെ ചൊല്ലി കേരളത്തിലും രാഷ്ട്രീയ വിവാദം ചൂടുപിടിക്കുന്നു. കേന്ദ്രസർക്കാർ പ്രദർശിപ്പിക്കരുതെന്ന് പറഞ്ഞ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് കേരളത്തിലെ രണ്ട് യുവജന സംഘടനകൾ രംഗത്തുവന്നിരിക്കുന്നത്. ഡിവൈഎഫ്‌ഐ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ യൂത്ത് കോൺഗ്രസും വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കി രംഗതതുവന്നു. അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും പ്രദർശനം യാതൊരു കാരണവശാലും അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനു രംഗത്തുവന്നു. ഇതോടെ വിവാദ ഡോക്യുമെന്ററി കേരളത്തിലും വിവാദമാകുകയാണ്.

'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയാണ് ആദ്യം വ്യക്തമാക്കിയത്. ഡോക്യമെന്ററിക്ക് കേന്ദ്ര സർക്കാർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരുന്നു. മോദി സർക്കാർ വിലക്കേർപ്പെടുത്തിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട് നഗരത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ടൗൺ ബ്ലോക്ക് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ വി.വസീഫാണ് സ്വിച്ച് ഓൺ ചെയ്യുകയെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടേതാണ് ആഹ്വാനം. തിരുവനന്തപുരത്തു പൂജപ്പുരയിൽ ഇന്നു വൈകിട്ടും പ്രദർശനം നടത്തും. ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് കമ്മറ്റിയാണ് പ്രദർശനം ഒരുക്കുന്നത്. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. ജനുവരി 27ന് കണ്ണൂർ ജില്ലയിലെ എല്ലാ കോളജുകളിലും പ്രദർശനമുണ്ടാകുമെന്നും അറിയിച്ചു.

അതേസമയം ഡിവൈഎഫ്‌ഐക്ക് പിന്നാലെ യൂത്ത് കോൺഗ്രസും വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കി രംഗത്തുവന്നു. ചരിത്ര യാഥാർത്ഥ്യങ്ങൾ
സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല. ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എവിടെയാണ് പ്രദർശനമെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

അതേസമയം 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്റി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്റി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് പ്രദർശനം അനുവദിക്കുന്നത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്.

സുപ്രീംകോടതിയെ അപമാനിക്കാൻ കേരളത്തിന്റെ മണ്ണ് ഉപയോഗിക്കണോയെന്ന് സർക്കാർ തീരുമാനിക്കണം. രണ്ടു ദശകം മുമ്പ് നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നത് മതസ്പർധ വളർത്തുമെന്നുറപ്പ്. ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓർമിപ്പിക്കുന്നതിലൂടെ നാം എന്താണ് നേടുന്നത്? ആ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദശകമായി കലാപങ്ങളില്ല, മറിച്ച് വികസനക്കുതിപ്പ് മാത്രം. ആ വികസനക്കുതിപ്പിലും ബിജെപിയുടെ വൻവിജയത്തിലും അസ്വസ്ഥയുള്ളവരാണ് ഡോക്യുമെന്ററിക്ക് പിന്നിൽ. നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനുമേൽ കടന്നുകയറി വിദേശമാധ്യമം നടത്തുന്ന പ്രചാരവേലയ്ക്ക് കൂട്ടുനിൽക്കുന്നത് രാജ്യദ്രോഹമാണ്.

നേരത്തെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ചൊവ്വാഴ്ച ജെഎൻയു ക്യാംപസിൽ പ്രദർശിപ്പിക്കാനുള്ള യൂണിയൻ തീരുമാനത്തിനെതിരെ സർവകലാശാല രംഗത്തുവന്നിരുന്നു. ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്നും സർവകലാശാലയിലെ സമാധാനാന്തരീക്ഷവും വിദ്യാർത്ഥികൾ തമ്മിലുള്ള ഐക്യവും നഷ്ടപ്പെട്ടേക്കാമെന്നും രജിസ്റ്റ്രാർ ഇറക്കിയ ഉത്തരവിൽ പറയുന്നു.

'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി ചൊവ്വാഴ്ച രാത്രി ഒൻപതുമണിക്ക് വിദ്യാർത്ഥി യൂണിയൻ ഓഫിസിൽ പ്രദർശിപ്പിക്കുമെന്നാണ് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചിരുന്നത്. എന്നാൽ പ്രദർശനം സംഘടിപ്പിക്കാൻ സർവകലാശാലയിൽനിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഡോക്യുമെന്ററി പ്രദർശനത്തിൽനിന്ന് വിദ്യാർത്ഥികൾ പിന്മാറണമെന്ന് ജെഎൻയു അധികൃതർ പറഞ്ഞു.

തിങ്കളാഴ്ച ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. സ്റ്റുഡന്റ് ഇസ്‌ലാമിക് ഓർഗനൈസേഷൻ, മുസ്‌ലിം സ്റ്റുഡന്റ് ഫെഡറേഷൻ എന്നീ വിദ്യാർത്ഥി സംഘടനകളാണ് ക്യാംപസിനുള്ളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഈ സംഘടനകളിൽനിന്നുള്ള അൻപതോളം വിദ്യാർത്ഥികൾ പ്രദർശനം കാണാനെത്തിയെന്നാണ് വിവരം. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ രംഗത്തെത്തി. എന്നാൽ വിദ്യാർത്ഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചെന്ന് വിവരം ലഭിച്ചെങ്കിലും ആരും പരാതി എഴുതി നൽകാത്തതിനാൽ നടപടി എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോടും യുട്യൂബിനോടും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. ട്വീറ്റുകളും യുട്യൂബ് വിഡിയോകളും മൈക്രോ ബ്ലോഗിങ്ങുമെല്ലാം നീക്കം ചെയ്യാനാണു സർക്കാർ ആവശ്യപ്പെട്ടത്. ഡോക്യുമെന്ററിയുടെ വിഡിയോ ലിങ്കുകൾ ട്വീറ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറക് ഓബ്രിയാൻ, മഹുവ മൊയ്ത്ര എന്നിവർ നടപടിയെ 'സെൻസർഷിപ്' എന്നു വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP