Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ രാജധാനി എക്സ്പ്രസ് ചങ്ങല വലിച്ചു നിർത്തി; സർവീസിലുള്ള ഡിവൈഎസ് പി ചെയ്ത നിയമവിരുദ്ധ പ്രവർത്തനത്തിന്റെ വിവരങ്ങൾ വ്യക്തിഗതമെന്നും നൽകാൻ കഴിയില്ലെന്നും റെയിൽവേയിലെ വിവരാവകാശ ഉദ്യോഗസ്ഥന്റെ വിചിത്ര മറുപടി; ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി അബ്ദുൾ റഷീദിനെതിരായ വിവരങ്ങൾ പൂഴ്‌ത്തുമ്പോൾ

സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ രാജധാനി എക്സ്പ്രസ് ചങ്ങല വലിച്ചു നിർത്തി; സർവീസിലുള്ള ഡിവൈഎസ് പി ചെയ്ത നിയമവിരുദ്ധ പ്രവർത്തനത്തിന്റെ വിവരങ്ങൾ വ്യക്തിഗതമെന്നും നൽകാൻ കഴിയില്ലെന്നും റെയിൽവേയിലെ വിവരാവകാശ ഉദ്യോഗസ്ഥന്റെ വിചിത്ര മറുപടി; ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി അബ്ദുൾ റഷീദിനെതിരായ വിവരങ്ങൾ പൂഴ്‌ത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവരാകാശ നിയമം അട്ടിമറിച്ച് തങ്ങൾക്ക് വേണ്ടെപ്പെട്ടവരെയും സ്വാധീനമുള്ളവരെയും സംരക്ഷിക്കുന്ന പ്രവണത വർധിക്കുന്നു. ഇതിനായി നിയമത്തിലെ വകുപ്പുകൾ തന്നെയാണ് ദുർവിനിയോഗം ചെയ്യുന്നത്. പല കാരണങ്ങൾ പറഞ്ഞ് മറുപടി വൈകിപ്പിക്കുകയോ നൽകാതെ ഇരിക്കുകയോ ചെയ്യും. അത്തരമൊരു നടപടിയാണ് റെയിൽവേയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

സ്റ്റോപ്പില്ലാത്ത റെയിൽവേ സ്റ്റേഷനിൽ രാജധാനി എക്സ്പ്രസ് ചങ്ങല വലിച്ച് നിർത്തുകയും ലോക്കോപൈലറ്റിനോട് മോശമായി പെരുമാറുകയും ചെയ്ത കേസിൽ പ്രതിയായ ഡിവൈ.എസ്‌പിയെക്കുറിച്ചും സംഭവത്തിന്റെ വിശദാംശങ്ങൾ തേടിയും നൽകിയ വിവരാവകാശ അപേക്ഷ നിരസിച്ചിരിക്കുകയാണ് റെയിൽവേയിലെ വിവരാവകാശ ഉദ്യോഗസ്ഥൻ. ഇത് വ്യക്തിഗത വിവരങ്ങളാണെന്നും വിവരാവകാശ നിയമം 8(1)(ജെ) പ്രകാരം നൽകാൻ കഴിയില്ലെന്നുമാണ് അറിയിച്ചിട്ടുള്ളത്.

നിലവിൽ ഐപിഎസ് കൺഫർ ചെയ്തു കിട്ടിയിട്ടുള്ള, മാധ്യമ പ്രവർത്തകൻ ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി എൻ. അബ്ദുൾ റഷീദ് ആണ് രാജധാനി എക്സ്പ്രസ് ട്രെയിൻ ചങ്ങല പിടിച്ചു നിർത്തിയത്. 2010 ഡിസംബർ 28 നായിരുന്നു സംഭവം. ഗോവയിൽ അവധി ആഘോഷിച്ച് മടങ്ങിയ അബ്ദുൾ റഷീദിനും കുടുംബത്തിനും കൊല്ലത്താണ് ഇറങ്ങേണ്ടിയിരുന്നത്. ഇവിടെ രാജധാനി എക്സ്പ്രസിന് സ്റ്റോപ്പ് ഇല്ല. കൊല്ലത്തിനുള്ള യാത്രക്കാർ തിരുവനന്തപുരത്ത് പോയി ഇറങ്ങി തിരികെ വരണം. എട്ടു മണിക്കൂർ വൈകി ഓടിവന്ന ട്രെയിൻ കൊല്ലം സ്റ്റേഷൻ പിന്നിടാൻ ഒരുങ്ങുമ്പോഴാണ് അബ്ദുൾ റഷീദ് ചങ്ങല വലിച്ചു നിർത്തിയത്. തുടർന്ന് ഇദ്ദേഹം കുടുംബാംഗങ്ങളുമായി ഇവിടെ ഇറങ്ങുകയും ചെയ്തു.

ചോദ്യം ചെയ്ത ലോക്കോ പൈലറ്റ്, ആർപിഎഫ് ഉദ്യോഗസ്ഥർ എന്നിവരോട് റഷീദ് മോശമായി പെരുമാറി. ആർപിഎഫ് എസ്ഐ ടി. മനോഹരൻ ക്രൈംനമ്പർ 1/2011 ആയി റെയിൽവേ ആക്ട് 1989 പ്രകാരം 141-ാം വകുപ്പിട്ട് റഷീദിനെതിരേ കേസ് എടുത്തു. എന്നാൽ, പിന്നീട് ഈ ഉദ്യോഗസ്ഥൻ തന്റെ നിലപാട് പാടേ മാറ്റി. ട്രെയിന്റെ ചങ്ങല വലിച്ചത് ആരെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് 2011 ഡിസംബറിൽ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി. തിരുവനന്തപുരം ആർപിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ ഇതേ നിലപാട് റെയിൽവേ കോടതിയിലും ആവർത്തിച്ചു.

റഷീദ് ട്രെയിനിന്റെ ചങ്ങല വലിച്ച് നിർത്തിയതിന് ഒരു സാക്ഷി വന്നതോടെ കേസിന് വീണ്ടും ജീവൻ വച്ചു. 2013 മെയ്‌ 10 ന് എസ്‌ഐ ടി. മനോഹരൻ അബ്ദുൾ റഷീദിന് എതിരേ കോടതിയിൽ കുറ്റപത്രം നൽകി. ഉണ്ണിത്താൻ വധശ്രമക്കേസിൽ പ്രതിയായപ്പോൾ അബ്ദുൾ റഷീദിനെതിരേ സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഈ വിവരങ്ങൾ പ്രതിപാദിക്കുകയും മാധ്യമങ്ങൾ അത് വാർത്തയാക്കുകയും ചെയ്തിരുന്നു.

ഈ സംഭവം സംബന്ധിച്ചാണ് അപേക്ഷകൻ ഒമ്പതു ചോദ്യങ്ങൾ റെയിൽവേയിലെ വിവരാവകാശ ഉദ്യോഗസ്ഥനോട് ചോദിച്ചത്. ഉണ്ണിത്താൻ വധശ്രമക്കേസിൽ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ റഷീദ് ചെയിൻ വലിച്ചു ട്രെയിൻ നിർത്തിയത് പരാമർശിക്കുന്ന ഭാഗം സഹിതമായിരുന്നു ചോദ്യം. എല്ലാ ചോദ്യങ്ങൾക്കും വ്യക്തിഗത വിവരം ആയതിനാൽ നൽകാൻ കഴിയില്ലെന്ന മറുപടിയാണ് ആർപിഎഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി ഓഫീസർ നൽകിയത്. ഇവിടെയാണ് അട്ടിമറി നടന്നത്. ഈ കേസിന് എന്തു സംഭവിച്ചു എന്നറിയാനുള്ള സാധാരണ പൗരന്റെ അവകാശമാണ് ഹനിക്കപ്പെട്ടത്.

ഡിവൈ.എസ്‌പി പബ്ലിക് സെർവന്റ്, മറുപടി നിഷേധിച്ചത് വിവരാവകാശത്തിന് വിരുദ്ധം

താൻ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നിഷേധിച്ചതിനെതിരേ അപേക്ഷകൻ അപ്പീൽ നൽകിയിട്ടുണ്ട്. അട്ടിമറി മറുപടിയിൽ നിന്ന് വ്യക്തമാണെന്ന് വിവരാവകാശ പ്രവർത്തകർ പറയുന്നു. പൊതുജനസേവകനായ ഡിവൈ.എസ്‌പിയെ സംബന്ധിച്ച വിവരങ്ങൾ, പ്രത്യേകിച്ചും ഒരു കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഒരിക്കലും വ്യക്തിഗതമല്ല. സർക്കാരിന്റെ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന പൊതുജനസേവകനായ ഡിവൈ.എസ്‌പി ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റിയതിന് ശേഷമാണ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ഇത് കാരണം വിവരം നൽകുന്നത് നിഷേധിക്കാനാവില്ല. അബ്ദുൾ റഷീദ് നിലവിൽ ഐ.പി.എസ് നേടിക്കഴിഞ്ഞു. അദ്ദേഹത്തിന് ഐപിഎസ് ലഭിക്കുന്നതിന് മുന്നോടിയായി ഈ കേസ് തീർക്കേണ്ടതാണ്. എങ്ങനെയാണ് കേസ് തീർത്തത് എന്ന് അറിയാൻ പൊതുജനത്തിന് താൽപര്യമുണ്ട്. ഇതൊന്നും വ്യക്തിഗതമല്ല. പൊതുതാൽപര്യമുള്ളതാണ്. ആ വിവരം മറച്ചു വയ്ക്കാൻ വിവരാവകാശ നിയ പ്രകാരം പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP