Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

100 കോടിയിലേറെ നിക്ഷേപ തട്ടിപ്പ് നടത്തിയിട്ട് മുങ്ങിയത് തമിഴ്‌നാട്ടിലേക്ക്; പൊലീസിനെ വെട്ടിച്ചുകടന്ന പ്രവീൺ റാണ പൊള്ളാച്ചിയിൽ നിന്ന് പിടിയിൽ; ഒളിവിൽ കഴിഞ്ഞത് ദേവരായപുരത്തെ പാറമടയിൽ; പിടികൂടുമ്പോൾ സന്യാസി വേഷത്തിൽ; പൊലീസ് പിടികൂടിയത് ബലം പ്രയോഗിച്ച്; കേരളത്തിൽ നിന്ന് മുങ്ങിയത് ഈ മാസം ആറിന്

100 കോടിയിലേറെ നിക്ഷേപ തട്ടിപ്പ് നടത്തിയിട്ട് മുങ്ങിയത് തമിഴ്‌നാട്ടിലേക്ക്;  പൊലീസിനെ വെട്ടിച്ചുകടന്ന പ്രവീൺ റാണ പൊള്ളാച്ചിയിൽ നിന്ന് പിടിയിൽ; ഒളിവിൽ കഴിഞ്ഞത് ദേവരായപുരത്തെ പാറമടയിൽ; പിടികൂടുമ്പോൾ സന്യാസി വേഷത്തിൽ; പൊലീസ് പിടികൂടിയത് ബലം പ്രയോഗിച്ച്; കേരളത്തിൽ നിന്ന് മുങ്ങിയത് ഈ മാസം ആറിന്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പുകേസിലെ സൂത്രധാരൻ കൈപ്പുള്ളി പുഷ്‌ക്കരൻ പ്രവീൺ റാണ അറസ്റ്റിലായി. പൊള്ളാച്ചിയിൽ ദേവരായപൂരത്ത് പാറമടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പെരുമ്പാവൂർ സ്വദേശിയാണ് ഒളിയിടം ഒരുക്കിയത്. പിടികൂടുമ്പോൾ സന്യാസി വേഷത്തിലായിരുന്നു ഇയാളെന്ന് പറയുന്നു. കൊച്ചി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ബലംപ്രയോഗിച്ചാണ് ഇയാളെ കീഴ്‌പ്പെടുത്തിയതെന്നും വിവരമുണ്ട്. അതിഥി തൊഴിലാളിയുടെ ഫോണിൽ വീട്ടുകാരെ വിളിച്ചതാണ് ഒളിയിടത്തെ കുറിച്ച് സൂചന നൽകിയത്. കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. ഇയാളെ കേരളത്തിലേക്ക് കൊണ്ടു വരികയാണ് എന്നാണ് വിവരം.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീൺ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതിനോടകം പരാതികൾ ലഭിച്ചിട്ടുണ്ട്. പ്രവീൺ റാണ ഒളിവിൽ പോയതിന് പിന്നാലെ ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ നേപ്പാൾ അതിർത്തി വഴി രാജ്യം വിടാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കുകയും ഇയാളുടെ സുഹൃത്തുകളെയെല്ലാം ചോദ്യം ചെയ്യുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

നേരത്തെ ഇയാളുടെ കൂട്ടാളിയായ വെളുത്തൂർ സ്വദേശി അറസ്റ്റിലായിരുന്നു. റാണയുടെ സ്ഥാപനത്തിലെ അഡ്‌മിനിസ്ട്രേഷൻ ചുമതല നിർവഹിച്ചിരുന്ന സതീഷിനെ പാലാഴിയിലെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ അറസ്റ്റായിരുന്നു ഇത്.

നേരത്തെ, കൊച്ചിയിലെ ഫ്ളാറ്റിൽ തേടി വന്ന തൃശൂർ പൊലീസിനെ വെട്ടിച്ച് പ്രവീൺ റാണ മുങ്ങിയിരുന്നു. കൊച്ചി നഗരത്തിൽ എം.ജി റോഡിലെ ഹോട്ടൽ ബിസിനസുകാരനുമായി പ്രവീണിനു പണമിടപാടുകളുമുണ്ട്. ഇദ്ദേഹത്തിന്റെ ചിലവന്നൂർ റോഡിലുള്ള ഫ്‌ളാറ്റിലാണ് പ്രവീൺ ഒളിവിൽ തങ്ങിയിരുന്നത്. റാണയുടെ ഹോട്ടൽ ബിസിനസ് പങ്കാളിയെ ചിലവന്നൂരിലെ ഫ്‌ളാറ്റിൽ പൊലിസ് ചോദ്യം ചെയ്തുകൊണ്ടിരുന്ന സമയത്ത് മുകളിലെ ഫ്‌ളാറ്റിൽ റാണയുണ്ടായിരുന്നുവെന്നാണ് സൂചന.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തൃശൂരിൽ നിന്നുള്ള പൊലിസ് ഇവിടെയെത്തിയെങ്കിലും റെയ്ഡുവിവരം ചോർന്നതിനാൽ പ്രവീൺ റാണ അവിടെ നിന്നും മുങ്ങുകയായിരുന്നു. അവിടെയുണ്ടായിരുന്ന പ്രവീണിന്റെ രണ്ടു വാഹനങ്ങൾ അടക്കം നാല് ആഡംബര വാഹനങ്ങൾ പൊലിസ് കസ്്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിപ്പ് നടത്തി സ്വരൂപിച്ച പണം ബാറുകളിലും സിനിമയിലുമാണ് പ്രവീൺ റാണ നിക്ഷേപിച്ചത്. നിരവധി ആഡംബര കാറുകളും ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്.

എല്ലാ തട്ടിപ്പുകാരെയും പോലെ, ഷോ മാനാണ് പ്രവീൺ റാണയും. തനിക്ക് ചുറ്റും ഒരു സൂപ്പർ സ്റ്റാർ ഇമേജുണ്ടാക്കി സെൽഫ് മാർക്കറ്റിങ്. അതുതന്നെയാണ് പ്രവീൺ റാണ നടത്തി പോന്നത്. തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ സ്ഥാപനത്തിലേക്ക് ഡോ. പ്രവീൺ റാണ നൂറുകണക്കിന് ഇടപാടുകാരെയാണ് ആകർഷിച്ചത്. എഡിസണെയും ഐൻസ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീൺ റാണ ഉന്നത വ്യക്തികളുമൊത്തുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം നേടിയത്. സ്വയം ഡോക്ടർ ചമഞ്ഞുകൊണ്ടും മാധ്യമങ്ങളിൽ നിറഞ്ഞു. പ്രവീൺ റാണയുടെ പേരിൽ റിസോർട്ടും ഉണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. താൻ അതിസമ്പന്നനെന്ന് ചൂണ്ടയിൽ കൊളുത്താൻ വരുന്ന നിക്ഷേപകരെ ബോധ്യപ്പെടുത്തണമല്ലോ. അതിന് വേണ്ടി ആറരക്കോടി രൂപയ്ക്ക് വാങ്ങിയതാണ് ഈ റിസോർട്ട് എന്നാണ് പ്രവീൺ പ്രചരിപ്പിച്ചിരുന്നത്.

വാങ്ങിയതല്ല, വാടകയ്ക്ക്

അരിമ്പൂർ സ്വദേശികളായ നാലുപേരുടെ പങ്കാളിത്തത്തിൽ ഉള്ളതാണ് ഈ റിസോർട്ട്. മാസവാടക ഒന്നേകാൽ ലക്ഷം രൂപ. വാടക മുടക്കം വരുത്തി വലിയതുക കുടിശികയായതോടെ, റാണ ഔട്ടായെന്നാണ് വിവരം. എന്നാൽ റാണയുടെ പുളുവടിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. ഒരു വർഷം മുൻപ് ആറരക്കോടി രൂപയ്ക്ക് ഈ റിസോർട്ട് വാങ്ങി എന്നാണ് റാണ എല്ലാവരോടും പറഞ്ഞത്. ആളുകളെ പറഞ്ഞ് പറ്റിക്കുന്നതിൽ മോൺസൻ മാവുങ്കലിനേക്കാൾ വീരനാണ് പ്രവീൺ റാണ. സൂര്യ എന്നായിരുന്നു റിസോർട്ടിന്റെ ആദ്യത്തെ പേര്. തുടർന്ന് റാണാസ് റിസോർട്ട് എന്ന് പേരുമാറ്റി. നിക്ഷേപകരെ കൈയിലെടുക്കാൻ ആഡംബര വിവാഹമടക്കം നടത്തി. പളപളപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. റാണയുടെ സേഫ് ആൻഡ് സ്ട്രോങ്ങിൽ നിക്ഷേപിച്ചവർക്കെല്ലാം കൈപൊള്ളി.

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കാനുള്ള വൈഡൂര്യമാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് ഈ തട്ടിപ്പുകാരൻ വിലസിയത്. ഇതിനെല്ലാം മാധ്യമങ്ങളെയും കൂട്ടുപിടിച്ചു. ലോകോത്തര പദ്ധതികളിലൂടെ 2029 നുള്ളിൽ ഇന്ത്യയിലെ ഒന്നാം നമ്പർ വ്യവസായി ആയി താൻ മറും. അതിന്റെ പ്രയോജനം നിക്ഷേപർക്കുണ്ടാകും, ഇങ്ങനെ പോകുന്നു റാണയുടെ സ്വയം പ്രഖ്യാപനങ്ങൾ. ഇതൊക്കെ കേട്ട് കോരിത്തരിച്ചാണ് നൂറുകണക്കിന് നിക്ഷേപകർ കോടികൾ നിക്ഷേപിച്ചത്. ഇദ്ദേഹത്തെ വിശ്വ പൗരനായി അവതരിപ്പിക്കാൻ ചില ജീവനക്കാർ പ്രവീൺ റാണയുടെ ചിത്രം ദേഹത്ത് പച്ചകുത്തി. അത്യാഡംബര വാഹനങ്ങളിൽ മിന്നിമറഞ്ഞ റാണ നിക്ഷേപകർക്കുമുന്നിൽ സൂപ്പർ താരമായി

പ്രതിവർഷം 48 ശതമാനം വരെ എന്നൊക്കെ പറഞ്ഞാൽ ആളുകൾ വിശ്വസിക്കുമോ? വിശ്വസിപ്പിക്കാൽ ഡോ.പ്രവീൺ റാണയ്ക്ക് അറിയാം. സേഫ് ആൻഡ് സ്‌ട്രോങ്ങിന്റെ നിധി കമ്പനിയിൽ നിക്ഷേപിച്ചാൽ 12 ശതമാനം പലിശ കിട്ടുമ്പോൾ സേഫ് ആൻഡ് സ്‌ട്രോങ് കൺസൾട്ടന്റ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 40 ശതമാനമായിരുന്നു വാഗ്ദാനം. സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എന്ന പേരിൽ നിക്ഷേപകരുമായി കരാർ ഒപ്പിട്ടായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്.

റെയ്ഡും ഒളിവിൽ പോക്കും

നിക്ഷേപത്തിന് വൻതുക വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇയാൾ തട്ടിപ്പു നടത്തിയത്. 18 കേസുകളാണ് തൃശ്ശൂർ പൊലീസ് ഇയാൾക്കെതിരെ എടുത്തിരിക്കുന്നത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസെടുത്തു.

കഴിഞ്ഞ ദിവസം ഇവിടെ ഒരു കേസെടുത്തിരുന്നു. തൃശ്ശൂർ വെസ്റ്റ് പൊലീസ് 5 പരാതികളിൽ കേസെടുത്തു. കുന്നംകുളത്ത് ഒന്നും. 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഫ്രാഞ്ചൈസി ചേർക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം രൂപ മുതൽ ഇരുപത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാർ. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയേക്കും.

പീച്ചി സ്വദേശിനി ഹണി തോമസിന്റെ പരാതിയിലാണ് പ്രവീൺ റാണയ്ക്ക് എതിരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആദ്യം കേസെടുത്തത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നൽകാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നായിരുന്നു പരാതി. തൃശ്ശൂർ ആദം ബസാറിൽ പ്രവർത്തിക്കുന്ന സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ് കൺസൾട്ടൻസിൽ ഫ്രാഞ്ചൈസിയായി പ്രവർത്തിക്കുന്നതിന് ഒരു ലക്ഷം രൂപ നിക്ഷേപം വാങ്ങി. പ്രതിമാസം രണ്ടായിരം രൂപ സ്റ്റൈപന്റ്, കാലാവധി പൂർത്തിയായാൽ നിക്ഷേപം തിരികെ എന്നായിരുന്നു വാഗ്ദാനങ്ങളിലൊന്ന്. സ്റ്റൈപന്റ് കൈപ്പറ്റിയില്ലെങ്കിൽ അഞ്ച് വർഷം പൂർത്തിയാവുമ്പോൾ ഒരു ലക്ഷത്തിന് പുറമെ രണ്ടര ലക്ഷം രൂപ കൂടി നൽകാമെന്നും പറഞ്ഞ് പറ്റിച്ചെന്നുമാണ് പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP