Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ അർബൻനിധി തട്ടിപ്പിൽ കൂടുതൽ അറസ്റ്റുകൾ; അസി. മാനേജർ ആദികടലായി സ്വദേശിനി ജീനയും കീഴടങ്ങി; താൻ വെറും ജീവനക്കാരി മാത്രമെന്നും പണം തിരിമറിയെ കുറിച്ചു ഒന്നും അറിയില്ലെന്നും ജീന; ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ഷൗക്കത്തലിയെയും ഗഫൂറിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ തുടങ്ങി

കണ്ണൂർ അർബൻനിധി തട്ടിപ്പിൽ കൂടുതൽ അറസ്റ്റുകൾ;  അസി. മാനേജർ ആദികടലായി സ്വദേശിനി ജീനയും കീഴടങ്ങി; താൻ വെറും ജീവനക്കാരി മാത്രമെന്നും പണം തിരിമറിയെ കുറിച്ചു ഒന്നും അറിയില്ലെന്നും ജീന; ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ഷൗക്കത്തലിയെയും ഗഫൂറിനെയും കസ്റ്റഡിയിൽ വാങ്ങി  ചോദ്യം ചെയ്യൽ തുടങ്ങി

അനീഷ് കുമാർ


കണ്ണൂർ: കണ്ണൂർ അർബൻ നിധി തട്ടിപ്പുകേസിൽ പ്രതിയായ ആദികടലായി വട്ടക്കുളത്തെ സി.വി ജീനയെ കോടതി റിമാൻഡ് ചെയ്തു. ഈ മാസം 23 വരെയാണ് റിമാൻഡ് ചെയ്തത്. ജീന തിങ്കളാഴ്‌ച്ച ഉച്ചയോടെയാണ് കണ്ണൂർ ജെ. എഫ്.സി. എം കോടതിയിൽ കീഴടങ്ങിയത്. അർബൻ നിധിയുമായി ബന്ധപ്പെട്ട 19 കേസുകളിൽ നാല്, അഞ്ച്. ആറ് സ്ഥാനത്തുള്ള പ്രതിയാണ് അസി. ജനറൽ മാനേജരായ ജീന. ഇവർക്കെതിരെ 420,409 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ജീന മുഖേനെയാണ് അർബൻ ബാങ്കിൽ ഭൂരിഭാഗം നിക്ഷേപങ്ങളുമെത്തിയതെന്നു പൊലിസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ താൻ അവിടെ സ്റ്റാഫ് മാത്രമായിരുന്നുവെന്നും തട്ടിപ്പിനെ കുറിച്ചു തനിക്കൊന്നും അറിയില്ലെന്നും ജീന കോടതിവളപ്പിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.അർബൻ നിധിയിലെ പണം കാണാതായ സംഭവത്തിൽ തനിക്കൊന്നും അറിയില്ല. അർബൻനിധിയിലെ പണം കാണാതായെന്നു അറിയാം. താൻ അവിടെ സ്റ്റാഫായി മാത്രമാണ് പ്രവർത്തിച്ചതെന്നും ജീന പറഞ്ഞു.

ഇതിനിടെ അർബൻ നിധി തട്ടിപ്പുകേസിൽ റിമാൻഡിയിൽ കഴിയുന്ന രണ്ടു പ്രതികളെ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്‌ച്ച കസ്റ്റഡിയിൽ വാങ്ങി. തൃശൂർ സ്വദേശി കെ. എം ഗഫൂർ(46) മലപ്പുറം സ്വദേശി ഷൗക്കത്തലി(43) എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യാനായി പൊലിസ് കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ ദിവസം മാത്രം അർബൻ നിധിക്കെതിരെ ആറുപരാതികൾ കൂടി ലഭിച്ചിട്ടുണ്ട്. ചക്കരക്കൽ, മയ്യിൽ, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷനുകളിലാണ് ലക്ഷങ്ങൾ നഷ്ടപ്പെട്ട നിക്ഷേപകർ പരാതിയുമായെത്തിയത്.

ഇതിൽ ഒരു തൃശൂർ സ്വദേശിയും പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. ചക്കരക്കല്ലിൽ ഗിരിജാ സന്തോഷിന്റെ പതിനൊന്നുലക്ഷവും മോഹനന്റെ പന്ത്രണ്ട് ലക്ഷവും കണ്ണൂർ ടൗണിൽ പ്രേമരാജന്റെ 15ലക്ഷവും ആദികടലായി സ്വദേശി അജിത്ത് കുമാറിന്റെ ഒൻപതു ലക്ഷവും ചാലാട് സ്വദേശി അജിത്ത് പവിത്രന്റെ ഒൻപതു ലക്ഷവും കണ്ണപുരത്ത് കല്യാശേരി സ്വദേശി മനോഹരന്റെ മൂന്നേ മുക്കാൽ ലക്ഷവും താളിക്കാവ് സ്വദേശി സതിയുടെ എട്ടുലക്ഷവും തൃശൂർ സ്വദേശി രാധാമണിയുടെ എട്ടുലക്ഷവും അർബൻ നിധിയിൽ നിക്ഷേപിച്ചതുകാരണം നഷ്ടപ്പെട്ടുവെന്നാണ് പരാതി. ചക്കരക്കൽ, മയ്യിൽ, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി സ്റ്റേഷനുകളിലാണ് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയുമായി കൂടുതൽ ആളുകളെത്തിയത്. നിലവിൽ 230- പരാതികളാണ് കണ്ണൂർ ജില്ലയിലാകെ ലഭിച്ചത്.

അർബൻ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് മയ്യിൽ സ്റ്റേഷനിൽ മാത്രം പണണം നഷ്ടപ്പെട്ടത് മുപ്പതുപേർക്കാണ്. നിലവിൽ രണ്ടുകേസുകളാണ് മയ്യിൽ പൊലിസ് രജിസ്റ്റർ ചെയ്തതെങ്കിലും കൂടുതൽ പേർ വരും ദിവസങ്ങളിൽ പരാതിയുമായെത്തുമെന്നാണ സൂചന. കൂലിപ്പണിക്കാർ മുതൽ പ്രവാസികൾ വരെ ഇവിടെ തട്ടിപ്പിനിരയായിട്ടുണ്ട്. അൻപതിനായിരം മുതൽ അഞ്ചുലക്ഷം രൂപ വരെ നിക്ഷേപം നടത്തിയവരുണ്ടെന്നാണ വിവരം. എന്നാൽ പണം നഷ്ടപ്പെട്ടവരിൽപലരും രേഖാമൂലം പരാതി നൽകാൻ തയ്യാറായിട്ടില്ല.

നിക്ഷേപങ്ങൾക്ക് പന്ത്രണ്ടു ശതമാനം പലിശയും സ്ഥാപനത്തിൽ സ്ഥിര ജോലിയും വാഗ്ദാനം ചെയ്താണ് സംഘം വ്യാപകമായി തട്ടിപ്പു നടത്തിയത്. ജോലി പ്രതീക്ഷിച്ചെത്തിയവർ അവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപ സമാഹരിച്ചുവെന്നാണ് വിവരം. മയ്യിലിൽ നിലവിൽ 31ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് രണ്ടു പരാതികളിലാണ് കേസെടുത്തത്. കരിങ്കൽകുഴിയിലെ പി. ആതിരയിൽ നിന്ന് 15.18 ലക്ഷം രൂപയും കണ്ണാടിപറമ്പ് ശബരി നിവാസിൽ മുരളിയിൽ നിന്ന് 15.20 ലക്ഷം രൂപയുംതട്ടിയെടുത്തുവെന്നാണ് പരാതി.

കണ്ണൂർ അർബൻ നിധി ഡയറക്ടർ തൃശൂർ കുന്നത്ത് പീടികയിലെ കെ. എം ഗഫൂർ, സഹസ്ഥാപനമായ എനി ടൈസ് മണിയുടെ ഡയറക്ടർമാരായ മലപ്പുരം ചങ്ങരംകുളം മേലെപ്പാട്ട് വളപ്പിൽ ഷൗക്കത്തലി, ആന്റണി, അർബൻ നിധിയുടെ അസി.ജനറൽ മാനേജർ കണ്ണൂർ സ്വദേശിനിയായ ജീന, എച്ച്. ആർ മാനേജർ പ്രഭീഷ്, ബ്രാഞ്ച് മാനേജർ ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ. ഉയർന്ന പലിശയും സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തു.

2021 മുതൽ നൂറുകണക്കിനാളുകളിൽ നിന്നും ഏകദേശം നൂറുകോടിയിലേറെ രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. തന്റെ 59.5 ലക്ഷം രൂപയുടെ നിക്ഷേപം നഷ്ടമായതായുള്ള തലശേരി സ്വദേശി ഡോ. ദീപക്ക് ഉൾപ്പെടെയുള്ളവരുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം കണ്ണൂർടൗൺ പൊലിസ് പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തിയത്. ഗഫൂറിനെയും ഷൗക്കത്തലിയെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ നിന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വാങ്ങിയിട്ടുണ്ട്. എന്നാൽ ഇരുവരുടെയും അറസ്റ്റു മയ്യിൽ പൊലിസും രേഖപ്പെടുത്തും.

അതേ സമയം ഷൗക്കത്തലിയും ഗഫൂറും സംസ്ഥാന വ്യാപകമായി തട്ടിപ്പു നടത്തിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂന്നുു മാസം മുൻപ് തൃശൂരിൽ പ്രതീക് അർബൻ ആഗ്രോ സൊസൈറ്റി എന്ന പേരിൽ പുതിയ ധനകാര്യസ്ഥാപനം തുടങ്ങിയതായും നിക്ഷേപംസ്വീകരിച്ചതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കേസുകളുടെ ബാഹുല്യം കാരണം കണ്ണൂർ ജില്ലയിൽ വിവിധ സ്റ്റേഷൻ പരിധികളിൽ തട്ടിപ്പിനിരയായവരുടെ കേസുകൾ അതാത് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് നടന്നുവരുന്നത്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് കണ്ണൂർ ജില്ലയിലെ കേസുകളുടെ അന്വേഷണം നടന്നുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP