- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പഠാന്' പിന്നാലെ വിമർശകർ; അഹമ്മദാബാദിലെ ആൽഫവൻ മാൾ അടിച്ചു തകർത്തു; ഷാരൂഖിന്റെയും ദീപികയുടെയും കട്ടൗട്ടുകൾ ചവിട്ടിക്കൂട്ടി ബജ്രംഗ് ദൾ; സിനിമ റിലീസ് ചെയ്യരുതെന്ന് മുന്നറിയിപ്പ്
അഹമ്മദാബാദ്: നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരൂഖ് നായകനായി എത്തുന്ന ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'പഠാൻ'. എന്നാൽ ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം റിലീസ് ചെയ്തതോടെ പഠാൻ ബഹിഷ്‌കരണാഹ്വാനങ്ങൾ ശക്തമായിരുന്നു. ഗാനരംഗത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ആയിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. ഷാരൂഖിനും ചിത്രത്തിനും എതിരെ ഓരോ ദിവസവും വിമർശനങ്ങളും ഭീഷണികളും ഉയരുകയാണ്.
ഇതിനിടെ സിനിമ റിലീസ് ചെയ്യരുതെന്ന മുന്നറിയിപ്പ് നൽകി ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ. 'പഠാൻ' സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി വച്ച ദീപിക പദുക്കോണിന്റെയും ഷാരൂഖ് ഖാന്റെയും കട്ടൗട്ടുകൾ വച്ചതിനെ തുടർന്ന് അഹമ്മദാബാദിലെ ആൽഫവൻ മാൾ ആക്രമിച്ച് തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
ബജ്രംഗ് ദൾ പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും ഷാരൂഖിന്റെയും ദീപികയുടെയും കട്ടൗട്ടുകൾ ഇവർ കീറി നശിപ്പിച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അയോധ്യയിലെ പരമഹൻസ് ആചാര്യ എന്ന വിവാദ സന്യാസി ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്നും പറഞ്ഞ് ഭീഷണി മുഴക്കിയിരിന്നു. പ്രതീകാത്മകമായി താരത്തിന്റെ മരണാനന്തര ചടങ്ങുകൾ നടത്തുകയും ചെയ്തു. ഷാരൂഖ് ഖാൻ കാവി നിറത്തെ അപമാനിച്ചുവെന്നാണ് ഇയാളുടെ ആരോപണം.
'പഠാൻ' റിലീസ് ചെയ്യുന്ന തിയേറ്ററുകൾ കത്തിക്കാൻ ഹനുമൻ ഗാർഹിയിലെ പുരോഹിതൻ മഹന്ദ് രാജു ദാസ് ആഹ്വാനം ചെയ്തു. ബോളിവുഡും ഹോളിവുഡും എപ്പോഴും സനാതന മതത്തെ കളിയാക്കാൻ ശ്രമിക്കുന്നു. ദീപിക പദുക്കോൺ ബിക്കിനിയായി കുങ്കുമം ഉപയോഗിച്ച രീതി ഞങ്ങളെ വേദനിപ്പിക്കുന്നു. സിനിമ ബഹിഷ്‌കരിക്കാൻ താൻ അഭ്യർത്ഥിക്കുന്നു. സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ കത്തിക്കുക, അല്ലാത്തപക്ഷം അവർക്ക് മനസ്സിലാകില്ല, തിന്മയെ നേരിടാൻ നിങ്ങൾ തയ്യാറാകണമെന്നാണ് ഇയാൾ പറഞ്ഞത്.
കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു പഠാനിലെ ബേഷാരം രംഗ് എന്ന ആദ്യഗാനം റിലീസ് ചെയ്തത്. ഇതിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറം ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയും ആയിരുന്നു. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്‌കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു.
2023 ജനുവരി 25നാണ് 'പഠാൻ' റിലീസിന് എത്തുക. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാർഥ് ആനന്ദ് ആണ്.ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാൻ തിയറ്ററുകളിലെത്തും.




