തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖസ്ഥാപനങ്ങളിലൊന്നായ ഗ്രാന്റ്‌മോട്ടോർസ് ജപ്തി നടപടികളുടെ ഭാഗമായി ലേലത്തിന്.പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെ ലേലം എന്നതിനപ്പുറത്തേക്ക് ഈ ലേലത്തെ ശ്രദ്ധേയമാക്കുന്നത് മറ്റൊരു വസ്തുത കൂടിയാണ്. സ്ഥാപനത്തിന്റെ ഉടമസ്ഥൻ ആരാണെന്ന കാര്യം.ആശോക് വിശ്വനാഥൻ എന്നാണ് ഔദ്യോഗിക രേഖകളിലെ പേര് എങ്കിലും മലയാളികൾക്ക് ഇദ്ദേഹത്തെ പരിചയം മറ്റൊരു തരത്തിലാണ്.മോഹൻലാലിനെ മലയാളത്തിന് സമ്മാനിച്ച സംവിധായകനായ വി അശോക് കുമാർ എന്ന പേരിൽ.

മോഹൻലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനാണ് അശോക് വിശ്വനാഥൻ എന്ന വി അശോക് കുമാർ.ആദ്യ സിനിമ പെട്ടിയിലായെങ്കിലും പിന്നാലെ കൂലി,തേനും വയമ്പും കിളിക്കൊഞ്ചൽ എന്നീ ചിത്രങ്ങളും സംവിധായകന്റെതായി പുറത്തിറങ്ങി.ഇതിനിടയിലാണ് അദ്ദേഹം ബിസിനസ്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഗ്രാന്റ് മോട്ടേർസ് എന്ന സ്ഥാപനത്തിലൂടെ വിജയം കാണുന്നതും.ദേശിയ തലത്തിൽ തന്നെ മികച്ച ഡീലർക്കുള്ള 2007-2008 ലെ പുരസ്‌കാരമുൾപ്പടെ നേടി വ്യവസായ രംഗത്ത് നേട്ടം കൊയ്ത സ്ഥാപനമാണ് ഇപ്പോൾ ജപ്തി നടപടികളുടെ ഭാഗമായി ലേലത്തിന് വച്ചിരിക്കുന്നത്.

ഉടമസ്ഥനും ഒന്നാം ജാമ്യക്കാരനുമായ തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശി അശോക് വിശ്വനാഥൻ, രണ്ടാം ജാമ്യക്കാരൻ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം നിവാസി പത്മനാഭവൻ സുബ്ബറാവു മുന്നാം ജാമ്യക്കാരനും അശോക് വിശ്വനാഥിന്റെ മകനുമായ ഉണ്ണിക്കൃഷ്ണൻ ആശോക് എന്നിവർ എസ് ബി ഐയുടെ വായ്പ തിരിച്ചടവിൽ വരുത്തിയ കുടിശ്ശിക 2022 നവംബർ 30 ലെ കണക്ക് പ്രകാരം നാൽപ്പത്തിനാല് കോടി പതിനാല് ലക്ഷത്തി അൻപത്തി ഒന്നായിരത്തി മുന്നൂറ്റി മുപ്പത്തെട്ട് രൂപയാണ് (44,14,51,338).

തിരുവനന്തപുരം തൈക്കാട് വില്ലേജിലെ റീസർവ്വേ നമ്പർ 51/1-1, 51 ൽ സ്ഥിതി ചെയ്യുന്ന 8.02 ആർസ് വിസ്തീർണ്ണമുള്ള വസ്തുവും എല്ലാ ഇംപ്രുവ്‌മെന്റുകളും, ബിൽഡിങ്ങുകളും സ്ട്രക്ചറുകളുമടങ്ങുന്നതാണ് ലേലത്തിന് വച്ച വസ്തു.റിസർവ്വ് തുകയായി 2, 20,00,000 രൂപയും നിരതദ്രവ്യനിക്ഷേപത്തുക 22,00,000 രൂപയുമാണ്.2023 ജനുവരി 24 ന് രാവിലെ 11 മുതൽ വൈകീട്ട് 4 വരെയാണ് ഇ ലേലം.അപ്രതീക്ഷിതമായ സിനിമ ട്രാജഡി പോലയാണ് ഇപ്പോൾ ഗ്രാന്റ്‌മോട്ടോർസിനും പതനം സംഭവിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ ആദ്യ സിനിമാ സംവിധായകൻ മാത്രമല്ല അശോക് കുമാ്ർ എന്ന അശോക് നാഥ്.മോഹൻലാലിന്റെ സുഹൃത്തുക്കളിൽ ഒന്നാമൻ കൂടിയാണ് അശോക് കുമാർ.ആദ്യ കൂട്ടുകാരൻ മാത്രമല്ല ആജന്മ സുഹൃത്തുമാണ് ലാലിന്റെ ആദ്യ സിനിമയുടെ സംവിധായകൻ കൂടിയായ അശോക് കുമാർ.ഇരുവരുടേയും കൂട്ടുകെട്ട് എന്നു തുടങ്ങി എന്നറിയില്ല. സൗഹൃദചരടിന്റെ നീളം തലമുറയിലേക്ക് നീളും.

ലാലിന്റെ അമ്മയുടെ അച്ഛനും അശോകിന്റെ അമ്മയുടെ അച്ഛനും അടുത്ത സുഹൃത്തുക്കൾ. ചങ്ങനാശ്ശേരി ചന്തയിൽ ഒന്നിച്ചു കച്ചവടം നടത്തിയിരുന്നവർ. അശോകിന്റെയും ലാലിന്റേയും അച്ഛന്മാരുടെ പേര് ഒന്നായിരുന്നു. വിശ്വനാഥൻ നായർ. പേരിൽ മാത്രമല്ല കൂട്ടുകെട്ടിലും ഒറ്റക്കെട്ട്. പ്രേംനസീർ, കാവാലം നാരായണപണിക്കർ എന്നിവർക്ക് ഒപ്പം.ചങ്ങനാശ്ശേരി എസ്ബി കോളേജിൽ ഒന്നിച്ചു പഠനം.ജോലി കിട്ടി ഇരുവരും തിരുവനന്തപുരത്തേക്ക്.

അടുത്തടുത്ത വീടുകൾ വാടകയക്കെടുത്ത് താമസം. ഇരു വീടാണെങ്കിലും ഒരു വീടുപോലെ താമസം. അച്ഛന്മാരുടെ സൗഹൃദം മക്കളിലേക്കും പകർന്നു. മോഹൻലാലും അശോകും എല്ലാത്തിനും ഒരുമിച്ച്.മോഹൻലാൽ ആത്മ സുഹൃത്തുമാത്രമല്ല.ആപത് ബാന്ധവൻ കൂടിയാണെന്ന് അശോക് കുമാർ പറയും. ജീവിതത്തിലെ വിഷമ ഘട്ടത്തിലെല്ലാം അശോകിനെ ആദ്യം വിളിക്കുന്നത് മോഹൻ ലാൽ ആയിരിക്കും. സിനിമയിൽ നിന്ന് മാറി ഓട്ടോ മൊബൈൽ ബിസിനസ്സിലേക്ക് തിരിഞ്ഞ അശോകിന് ചില തിരിച്ചടികൾ ഉണ്ടായപ്പോൾ കരുത്തായത് 'ഞാൻ നിന്നോടൊപ്പം ഉണ്ട്' എന്ന ലാലിന്റെ വാക്കുകളാണ്.

തനിക്കുവേണ്ടി ഡോക്ടറോടും വക്കീലിനോടും ഒക്കെ ശുപാർശ ചെയ്യാൻ മടികാണിക്കാത്ത ലാലിനെപോലെ സുഹൃത്ത് ഭാഗ്യമായി കരുതുന്ന അശോക് കുമാർ വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറാകുകയായിരുന്നു. പാച്ചല്ലൂരിലെ അശോകിന്റെ വീട്ടിൽ ലാലും പ്രിയനും സുരേഷും ഉൾപ്പെടെയുള്ള കൂട്ടുകാർ ഇടയ്ക്കിടെ കൂടും.ഈ വീടിനുമുണ്ട് കഥ. സുരേഷ് കുമാറിന്റെ വകയായിരുന്ന സ്ഥലം.വിൽക്കുന്ന കാര്യം പറഞ്ഞപ്പോൾ അശോക് വാങ്ങുകയായിരുന്നു.

തൊട്ടടുത്തുതന്നെ മോഹൻലാലിന് ഫ്‌ളാറ്റുണ്ട്. സുരേഷിന്റെ മകളും അഭിനയത്തിനുള്ള ദേശീയ അവാർഡ് ജേതാവുമായ കീർത്തി സുരേഷിന്റെ ആദ്യ ഷോട്ട് ചിത്രീകരിച്ചത് ഈ വീട്ടിൽ വച്ചാണ്. അശോക് കുമാറിന്റെ ചേട്ടൻ രാജീവ് നാഥും സിനിമാ സംവിധായകൻ എന്ന നിലയിൽ പേരെടുത്തത്ത വ്യക്തിയാണ്.അഹം, പകൽ നക്ഷത്രങ്ങൾ തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചത് രാജീവ് നാഥാണ്.