തിരുവനന്തപുരം: ചെമ്പഴന്തി സ്വദേശിയെ വർക്കലയിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു അവശനാക്കിയ ശേഷം കോട്ടയത്ത് ഉപേക്ഷിച്ച സംഭവത്തിൽ പ്രമുഖ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവഗിരി മഠത്തിന്റെ ലീഗൽ അഡൈ്വസർ കൂടിയായ മനോജ് വർക്കലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് വർക്കല പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒക്ടോബർ 23-നാണ് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പഴന്തി സ്വദേശിയായ മണികണ്ഠപ്രസാദിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് രണ്ടുദിവസം തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചു. ആസിഡ് പോലെയുള്ള ദ്രാവകം വായിലൊഴിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠപ്രസാദിനെ പിന്നീട് കോട്ടയത്തെ വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തിൽ മണികണ്ഠപ്രസാദ് പരാതി നൽകിയെങ്കിലും മനോജിന്റെ സ്വാധീനം കാരണം പൊലീസ് കേസെടുത്തില്ലെന്നായിരുന്നു ആരോപണം. പിന്നീട് ഡി.ജി.പി.ക്ക് ഉൾപ്പെടെ പരാതി നൽകിയതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഏറെ ദിവസത്തിനുശേഷമാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.

ഇതോടെ മനോജ് വർക്കല മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് മനോജ് വർക്കല പൊലീസിന് മുൻപാകെ കീഴടങ്ങിയത്.

കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിക്കൊണ്ട് ആണ് പൊലീസ് കേസ് എടുത്തിരുന്നത്. കേസിലെ മറ്റ് പ്രതികളായ സുജിത്ത്, ഷിജിൻ, തസ്‌നിം, അഫ്‌സൽ, വൈശാഖ് എന്നീ അഞ്ചു പേരെ പൊലീസ് നേരത്തെ അറസ്റ്റ്‌ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. നഗരൂർ സ്വദേശി ഭാസി, വർക്കല സ്വദേശി നിതീഷ് എന്നിവരെ കൂടി ഈ കേസിൽ പിടികൂടാനുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.