ന്യൂഡൽഹി: കേരളത്തിൽ കെ സുധാകരന്റെ മനസ്സ് ശശി തരൂരിനൊപ്പമാണെന്നും അതുകൊണ്ട് തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റണമെന്ന ആവശ്യവുമായി ഹൈക്കമാണ്ടിൽ സ്വാധീനമുള്ള പ്രബലർ. തരൂരിനൊപ്പമാണ് സുധാകരന്റെ മനസ്സെന്ന് രാഹുൽ ഗാന്ധിയെ അടക്കം അവർ ധരിപ്പിച്ചു. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലെ ചർച്ചകൾ തരൂരിന് അനുകൂലമായിരുന്നു. ഇതിന് കാരണം സുധാകരനാണ്. അതുകൊണ്ട് സുധാകരനെ മാറ്റണമെന്നാണ് ആവശ്യം. നേതൃമാറ്റം ശക്തമായി ആവശ്യപ്പെടുന്നത് നിലവിൽ കെ.സി- വി ഡി പക്ഷവും ഏതാനും എംപിമാരും മാത്രമാണ്.

എംപിമാരുടെ പിന്തുണയോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് നേതൃമാറ്റ ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഡൽഹി സന്ദർശിച്ച സതീശൻ, പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഖാർഗെ അധ്യക്ഷനായ ശേഷം നേരിൽ കണ്ടില്ലെന്നും അതിനുവേണ്ടിയാണ് ഡൽഹിയിൽ എത്തിയത് എന്നുമായിരുന്നു സതീശൻ വിഭാഗം നൽകിയ വിശദീകരണം. എന്നാൽ സുധാകരനെ മാറ്റുന്നകാര്യവും കെപിസിസി പുനഃസംഘടനയും ചർച്ച ആയി. കെപിസിസി പുനഃസംഘടനയ്ക്ക് മുമ്പ് സതീശനെ മാറ്റണമെന്നാണ് ആവശ്യം. മഹിളാ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട ഭാരവാഹി പട്ടിക ഹൈക്കമാൻഡ് തടഞ്ഞുവെച്ചിരിക്കുകയാണ്. തന്നോട് ആലോചിച്ചില്ലെന്ന് പിസിസി പ്രസിഡന്റ് കത്ത് നൽകിയതോടെയാണ് ഹൈക്കമാൻഡ് നടപടി.

ചില യുവ എംപിമാരും സുധാകരനെതിരായ നീക്കങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ഭാരത് ജോഡോ യാത്ര 100 ദിനം പൂർത്തിയാക്കിയ പരിപാടിയിൽ പങ്കെടുക്കാൻ ജയ്പൂരിൽ എത്തിയ സതീശൻ രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും കണ്ടപ്പോഴും കേരളത്തിലെ സ്ഥിതിഗതികൾ ചർച്ചയായി. എല്ലാം എഐസിസി അധ്യക്ഷനെ അറിയിക്കാനും രാഹുൽ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഡൽഹിയിൽ എത്തി ഖാർഗെയുമായി സതീശൻ സംസാരിച്ചത്. ഐ ഗ്രൂപ്പും എ ഗ്രൂപ്പും സുധാകരന് അനുകൂലമാണ്. ഇതിൽ എ വിഭാഗം തരൂരിനേയും പിന്തുണയ്ക്കുന്നു. എന്നാൽ ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തല തരൂരിന് എതിരാണ്. അപ്പോഴും കെ മുരളീധരനും മറ്റും തരൂരിനെ അനുകൂലിക്കുന്നു.

സുധാകരന്റെ ആർഎസ്എസ് അനുകൂല പരാമർശങ്ങൾ ന്യൂനപക്ഷങ്ങളിൽ ഉണ്ടായ അസ്വസ്ഥതയ്ക്ക് അപ്പുറം സംഘടന വിഷയങ്ങളും അദ്ദേഹത്തിന്റെ അനാരോഗ്യവും സതീശൻ ആയുധമാക്കുന്നു. സംഘടന കോൺഗ്രസ് കാലത്ത് സുധാകരൻ നടത്തിയ ആർഎസ്എസ് അനുകൂല പ്രവർത്തനങ്ങൾ ഇപ്പോൾ ചർച്ചയാക്കുന്നതിലെ വൈരുദ്ധ്യം ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം കെസി വേണുഗോപാലിന്റെ പിന്തുണയുമുണ്ട്. നിലവിലെ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനം വിഡി-കെസി ഗ്രൂപ്പിലെ പ്രധാനിയെ ഏൽപ്പിക്കാനാണ് നീക്കം.

അധ്യക്ഷനായശേഷം സംഘടന അടിമുടി ഉടച്ചുവാർക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രധാനം സെമികേഡർ ആയിരുന്നു. ബിജെപിയുടെയും ഇടതു പാർട്ടികളുടെയും പ്രവർത്തനശൈലി കടമെടുത്ത് സെമി കേഡർ. ഇതിനായി ചില നടപടികൾ അദ്ദേഹം തുടങ്ങിവെച്ചു. കെപിസിസി പുനഃസംഘടന പൂർത്തിയാക്കി. ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. ഊർജ്ജസ്വലമായ സംഘടന തുടക്കത്തിൽ ചലിച്ചു. എന്നാൽ ഡിസിസി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം പുനഃസംഘടന തുടങ്ങാനിരിക്കെ കോൺഗ്രസിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സുധാകരന്റെ നീക്കങ്ങളെ അട്ടിമറിക്കുകയും ചെയ്തു. കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ എല്ലാം ഹൈക്കമാണ്ടിനെ ചുമതലപ്പെടുത്തി പ്രമേയവും പാസാക്കി. ഈ പ്രമേയം അടിസ്ഥാനമാക്കി സുധാകരനെ മാറ്റാനാണ് നീക്കം.

ഇതിനിടെ അധ്യക്ഷ പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ പുനഃസംഘടന പൂർത്തിയാക്കാൻ എഐസിസി അനുമതി നൽകി. എന്നാൽ പുനഃസംഘടന പുതിയ അധ്യക്ഷൻ വന്നശേഷം മതിയെന്നാണ് സുധാകരനെ എതിർക്കുന്നവരുടെ പക്ഷം. സർക്കാരിനെ പ്രതികൂട്ടിലാക്കാൻ കഴിയുന്ന അവസരങ്ങൾ നിരവധി ലഭിച്ചെങ്കിലും പ്രതിപക്ഷം മുതലാക്കിയില്ലെന്ന വാദവും സജീവമാണ്. പാർട്ടിയും പ്രതിപക്ഷ നേതാവും രണ്ടു വഴിക്കാണെന്നാണ് നേതാക്കളുടെ അടക്കം പറച്ചിൽ. ഇതിനിടെയാണ് തരൂരിന്റെ വരവ്. സതീശൻ കെ സി വേണുഗോപാലിനായി പ്രവർത്തിക്കുന്നുവെന്നാണ് സുധാകര അനുകൂലികളുടെ ആക്ഷേപം.

കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പരാമർശത്തിലും നെഹ്റുവിനെതിരായ പ്രസ്താവനയിലും എഐസിസിക്ക് കടുത്ത അതൃപ്തിയാണുള്ളത്. ഇക്കാര്യം സുധാകരനെ അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ അതു തീർന്നതാണ്.