Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിയുടെ ഫേസ്‌ബുക്ക് പേജ് തുറന്നപ്പോൾ ഓൺലൈൻ ചൂതാട്ടത്തിന്റെയും ലോട്ടറിയുടെയും ഗെയിമുകളുടെയും ലിങ്കുകൾ തുരുതുരാ; വ്യാജ പരസ്യ ലിങ്കുകൾ വഴി പണം തട്ടുന്ന സംഘം ഹാക്ക് ചെയ്തത് മന്ത്രി കെ.രാജന്റെയും മുന്മന്ത്രി കെ കെ ശൈലജയുടെയും ഫേസ്‌ബുക്ക് പേജുകൾ; മന്ത്രിയുടെ എഫ്ബി പേജിന്റെ നിയന്ത്രണം വീണ്ടെടുത്തത് ഒരുമാസത്തിന് ശേഷം

മന്ത്രിയുടെ ഫേസ്‌ബുക്ക് പേജ് തുറന്നപ്പോൾ ഓൺലൈൻ ചൂതാട്ടത്തിന്റെയും ലോട്ടറിയുടെയും ഗെയിമുകളുടെയും ലിങ്കുകൾ തുരുതുരാ; വ്യാജ പരസ്യ ലിങ്കുകൾ വഴി പണം തട്ടുന്ന സംഘം ഹാക്ക് ചെയ്തത് മന്ത്രി കെ.രാജന്റെയും മുന്മന്ത്രി കെ കെ ശൈലജയുടെയും ഫേസ്‌ബുക്ക് പേജുകൾ; മന്ത്രിയുടെ എഫ്ബി പേജിന്റെ നിയന്ത്രണം വീണ്ടെടുത്തത് ഒരുമാസത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെലിബ്രിറ്റികളുടെ ഫേസ്‌ബുക്ക് പേജുകൾ ഹാക്ക് ചെയ്ത് പണം തട്ടിപ്പിനും വിവരം ചോർത്തലിനും ഉപയോഗിക്കുന്നത് പതിവായിരിക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത് ഒക്ടോബറിലാണ്. രണ്ടു വീഡിയോ മെസ്സേജുകളാണ് അന്ന് പേജിൽ പോസ്റ്റ് ചെയ്തത്. നേരത്തെ, കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാറിന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തിരുന്നു. ഏറ്റവുമൊടുവിൽ മന്ത്രി കെ.രാജൻ, മുൻ മന്ത്രി കെ കെ ശൈലജ എന്നിവരുടെ ഫേസ്‌ബുക്ക് പേജുകളാണ് ഹാക്ക് ചെ്‌യ്തത്.

മന്ത്രി കെ.രാജന് ഒരു മാസം ഫേസ്‌ബുക്ക് ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഔദ്യോഗിക പേജിന്റെ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലായിരുന്നു. അനാവശ്യ ഉള്ളടക്കം അടങ്ങിയ ലിങ്കുകളും ഫോട്ടോകളും ഹാക്കർമാർ തുടർച്ചയായി പോസറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പേജിന്റെ നിയന്ത്രണം മന്ത്രിക്ക് തിരിച്ചുകിട്ടിയത്. പ്രശ്‌നം പരിഹരിക്കാൻ സഹായിച്ച സൈബർ വിദഗ്ധൻ ജിയാസ് ജമാലിന് മന്ത്രി തന്റെ പേജിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.

മന്ത്രി കെ രാജന്റെ പേജിൽ പ്രത്യക്ഷപ്പെട്ടത് ഓൺലൈൻ ലോട്ടറികളുടെയും, ഓൺലൈൻ ഗെയിമുകളുടെയും മറ്റും പരസ്യ ലിങ്കുകളാണ്. ക്ലിക്ക് ചെയ്താൽ കാശ് പോകുന്ന വഴി അറിയില്ല. എന്തുകൊണ്ടാണ് മന്ത്രിമാരുടെയും സിനിമാ താരങ്ങളുടെയും ഒക്കെ ഫേസ്‌ബുക്ക് പേജുകൾ ഹാക്ക് ചെയ്യുന്നത് എന്ന് ചോദിച്ചാൽ, തട്ടിപ്പിനും വേണമല്ലോ വിശ്വാസ്യത. വേരിഫൈഡ് പേജുകൾ ആകുമ്പോൾ പെട്ടെന്ന് ആരും സംശയിക്കില്ല.

ഡൽഹി എയിംസ് ആശുപത്രിയുടെ സൈറ്റ് ഹാക്ക് ചെയ്തത് ചൈനീസ് സംഘമെന്ന് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. അമിത് ഷായും, സോണിയ ഗാന്ധിയും അടക്കം പ്രമുഖർ ചികിത്സ തേടാറുള്ള ആശുപത്രിയുടെ നാലു സർവറുകളിലെ പൂർണ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയിരുന്നു. പുതിയ കാലത്ത് ഡാറ്റ അല്ലെങ്കിൽ, വിവരം തന്നെയാണ് പണമുണ്ടാക്കാനുള്ള വലിയ മാർഗ്ഗങ്ങളിലൊന്ന്. അതുകൊണ്ട് തന്നെ സെലിബ്രിറ്റികളുടേതടക്കം സൈറ്റുകളും എഫ്ബി പേജുകളും ഹാക്ക് ചെയ്യുന്നത് വിവരം ചോർത്താനോ, വ്യാജ സൈറ്റുകളിലൂടെ പണം തട്ടാനോ ഒക്കെയാവും.

പലപ്പോഴും നമ്മൾ ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളും മറ്റും ആപ്പായി മാറാം. സെലിബ്രിറ്റുകളുടെ ഫേസ്‌ബുക്ക് പേജിൽ വരുന്ന ലിങ്കുകൾ അശ്രദ്ധമായി ക്ലിക്ക് ചെയ്താൽ പണി കിട്ടിയത് തന്നെ. ഈ ലിങ്കുകൾ വഴി ആളുകളെ ട്രാക്ക് ചെയ്യാൻ കഴിയുന്ന ആപ്പുകൾ ഇൻസ്റ്റാൾ ആകുന്നതോടെ, വിവരങ്ങൾ ചോരുന്നത് അറിയില്ല.

കേരള പൊലീസിന്റെ സൈബർ വിഭാഗം ചില മുൻകരുതലുകൾ നിർദ്ദേശിക്കുന്നുണ്ട്.

മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.

ഗൂഗിൾ വഴി സെർച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകൾ, ഇമെയിൽ സോഷ്യൽ മീഡിയ വഴിയും ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം, , ആന്റിവൈറസ് സോഫ്ട്‌വെയറുകൾ അടിക്കടി അപ്ഡേറ്റ് ചെയ്യുക.

വളരെ അത്യാവശ്യമായവ ഒഴിച്ച് ബാക്കിയുള്ള ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ആവശ്യപ്പെടുന്ന പെർമിഷനുകൾ പരിശോധിക്കുകയും ആപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമില്ലാത്ത പെർമിഷനുകൾ കൊടുക്കാതിരിക്കുകയും ചെയ്യുക.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂ എന്നിവയെ കുറിച്ച് വിലയിരുത്തുക.

മൊബൈൽ ഫോൺ വാങ്ങുമ്പോഴും സർവ്വീസ് ചെയ്ത ശേഷവും ഫാക്ടറി റീസെറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.

അതുപോലെ തന്നെ ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യുമ്പോഴും മുൻകരുതലെടുക്കാം

ആധുനിക ജീവിതത്തിൽ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകൾ സ്‌കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്.

QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോൾ, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

ഇമെയിലുകളിലെ, SMS ലെ സംശയകരമായ ലിങ്കുകൾ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നത് പോലെ QR കോഡുകളിൽ സംഭരിച്ചിരിക്കുന്ന URL-കൾ എല്ലാം ശരിയാകണമെന്നില്ല. ഒരു ഫിഷിങ് വെബ്സൈറ്റിലേക്ക് കൊണ്ടുപോകാൻ അതിന് കഴിഞ്ഞേക്കും.

QR കോഡ് സ്‌കാനർ APP- സെറ്റിങ് സിൽ 'open URLS automatically' എന്ന ഓപ്ഷൻ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതാണ് ഉചിതം.

അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന് മാത്രം QR കോഡ് ജനറേറ്റ് ചെയ്യുക.
QR കോഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാൻസാക്ഷൻ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുക.

കസ്റ്റം QR കോഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക..QR കോഡ് സ്‌കാൻ ചെയ്യാൻ കഴിയുന്നതും ഉപകരണ നിർമ്മാതാവ് നൽകുന്ന വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുക.
ഏതൊരു ടെക്‌നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതൽ കരുതലോടെ ഇവയെ സമീപിക്കാൻ സഹായിക്കും.

ഇനി ഹാക്ക് ചെയ്യപ്പെട്ട ഫേസ്‌ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാനും പൊലീസിന്റെ വക നിർദ്ദേശമുണ്ട്

എന്റെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന് സംശയമുണ്ട്.. പാസ്സ്വേർഡ് മാറ്റാനും കഴിയുന്നില്ല ' എന്ന് പലരും മെസ്സേജ് ചെയ്യാറുണ്ട്. ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ പൊലീസിൽ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കർ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാൻ കഴിയില്ല.

അക്കൗണ്ട് തിരികെ ലഭിക്കാൻ http://www.facebook.com/hacked എന്ന ലിങ്കിൽ പ്രവേശിക്കുക. 'My account is compromised' എന്നത് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഇമെയിൽ / ഫോൺ നമ്പർ നൽകുക. അപ്പോൾ ഈ വിവരങ്ങളുമായി യോജിക്കുന്ന മാരെ ഫേസ്‌ബുക്ക് കണ്ടെത്താൻ ശ്രമിക്കും

അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാൽ നിലവിലുള്ളതോ മുൻപുള്ളതോ ആയ പാസ്സ്വേർഡ് ചോദിക്കും. പഴയപാസ്സ്വേർഡ് മാറ്റിയിട്ടുണ്ടെകിൽ. Secure my Account എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്വേർഡ് നൽകരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

പാസ്സ്വേർഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയിൽ വിലാസത്തിലേക്ക് അയച്ചുതരാൻ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയിൽ ആയി സെറ്റ് ചെയ്യുക. തുടർന്നുള്ള ചില നിർദ്ദേശങ്ങൾക്ക് കൂടെ മറുപടി നൽകിയാൽ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP