Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരം; ആദ്യ ഗോൾ പിറന്നത് 16 വർഷവും 176 ദിവസവും പ്രായമുള്ളപ്പോൾ; അസിസ്റ്റും ഗോളുമായി ഇന്നലെ കളിയിലെ താരമാകുമ്പോൾ വയസ്സ് 35ഉം; മിശിഹയ്ക്ക് ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് കോച്ച്; മറിച്ചുള്ള സൂചനകൾ നൽകി മെസ്സിയും; ഖത്തറിലെ ഫൈനൽ ഇതിഹാസത്തിന്റെ അവസാന ലോകകപ്പ് മത്സരം

ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരം; ആദ്യ ഗോൾ പിറന്നത് 16 വർഷവും 176 ദിവസവും പ്രായമുള്ളപ്പോൾ; അസിസ്റ്റും ഗോളുമായി ഇന്നലെ കളിയിലെ താരമാകുമ്പോൾ വയസ്സ് 35ഉം; മിശിഹയ്ക്ക് ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് കോച്ച്; മറിച്ചുള്ള സൂചനകൾ നൽകി മെസ്സിയും; ഖത്തറിലെ ഫൈനൽ ഇതിഹാസത്തിന്റെ അവസാന ലോകകപ്പ് മത്സരം

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: മെസ്സിക്കായി ഒരു ലോകകപ്പ്... അർജന്റീനിയൻ താരങ്ങളും ആരാധകരും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും അതാണ്. അതിന് ഇനി ഒറ്റ മത്സരം മാത്രം. കിരീടം നേടിയാലും ഇല്ലെങ്കിലും ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയേക്കുമെന്ന് ലെയണൽ മെസ്സി മുമ്പ് തന്നെ സൂചന നൽകിയിരുന്നു. എന്നാൽ ഇനിയും കളിക്കണമെന്നാണ് അർജന്റീനയുടെ കോച്ച് ലയണൽ സ്‌കളോണി പറയുന്നത്. മെസിക്ക് 35 വയസ്സേ ആയുള്ളൂ. അതുകൊണ്ട് തന്നെ ഇനിയും കളിക്കാമെന്നായിരുന്നു കോച്ചിന്റെ പക്ഷം. എന്നാൽ കളി തുടരുന്നതിനോട് മെസിക്ക് താൽപ്പര്യമില്ലെന്നാണ് സൂചന.

ഖത്തറിലേത് അവസാന ലോകകപ്പായിരിക്കുമെന്ന സൂചന നൽകി അർജന്റീന സൂപ്പർ താരം ലയണൽ മെസി എത്തുകയാണ്. ഞായറാഴ്ച നടക്കുന്ന ഫൈനൽ തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്നാണ് മെസി വ്യക്തമാക്കിയിരിക്കുന്നത്. ഫൈനൽ മത്സരത്തോടെ ലോകകപ്പ് കരിയർ അവസാനിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അർജന്റീനിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു. ഇതോടെ അർജന്റീനിയൻ കുപ്പായത്തിലെ അവസാന മെസിയുടെ മത്സരമായി ഞായറാഴ്ചത്തെ ഫൈനൽ മാറും. ഉഗ്രൻ ഫോമിൽ കളിക്കുന്ന മെസിയെ തടയാൻ ഫൈനലിലെ എതിരാളികൾക്ക് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.

അടുത്ത ലോകകപ്പിന ഒരുപാട് വർഷങ്ങളുണ്ട്. ഇനിയും എനിക്ക് ഇതുപോലെ കളിക്കാനാവുമെന്ന് കരുതുന്നില്ല. ഈ രീതിയിൽ കരിയർ പൂർത്തിയാക്കുന്നതാണ് നല്ലത്. റെക്കോർഡുകളല്ല ടീമിന്റെ ലക്ഷ്യം നേടുന്നതിനാണ് താൻ പ്രധാന്യം നൽകുന്നത്. ഒരു ചുവട് മാത്രം അകലെയാണ് ഞങ്ങൾ. ലോകകപ്പ് എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ പരമാവധി പരിശ്രമിക്കുമെന്നും മെസി പറഞ്ഞു. സൗദി അറേബ്യയോട് ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് ശേഷമുള്ള ഓരോ മത്സരവും തങ്ങൾക്ക് ഫൈനലായിരുന്നുവെന്ന് ലയണൽ മെസി പറഞ്ഞിരുന്നു. ആദ്യമത്സര ഫലം കനത്ത തിരിച്ചടിയായിരുന്നു. ആറ് മത്സരങ്ങൾ തോൽക്കാതെയാണ് സൗദിക്കെതിരെ അർജന്റീന ഇറങ്ങിയത്. സൗദി അറേബ്യക്കെതിരെ തോൽക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പിന്നീട് ഓരോ മത്സരവും ഞങ്ങൾക്ക് ആസിഡ് പരീക്ഷണമായിരുന്നു. പക്ഷേ ശക്തരാണെന്ന് ഞങ്ങൾ തെളിയിച്ചു. മറ്റ് മത്സരങ്ങൾ ജയിച്ചു. വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് ഞങ്ങൾ ചെയ്തത്. ഓരോ മത്സരവും ഞങ്ങൾക്ക് ഫൈനലായിരുന്നു. മത്സരം തോൽക്കുകയാണെങ്കിൽ സ്ഥിതി ഗുരുതരമാവുമെന്ന് അറിയാമായിരുന്നുവെന്നും മെസി പറഞ്ഞു. അർജന്റീനയ്ക്കായി ലോകകപ്പിൽ കൂടുതൽ ഗോളെന്ന റെക്കോർഡ് മെസിക്ക് സ്വന്തമാണിപ്പോൾ. 11 ഗോളുകളുമായി ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡാണ് സൂപ്പർതാരം മറികടന്നത്.

മെസ്സി മിന്നിയതോടെ, കളിച്ച ആറു ലോകകപ്പ് സെമികളിലും തോറ്റിട്ടില്ലെന്ന ചരിത്രം ആവർത്തിച്ച് അർജന്റീന ഫൈനലിലേക്ക് എത്തുകയായിരുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും മെസി മിന്നിത്തിളങ്ങിയ മത്സരത്തിൽ ഖത്തർ ലോകകപ്പിലെ ടോപ് സ്‌കോറർമാരിൽ മെസ്സി, അഞ്ചു ഗോളുമായി ഫ്രാൻസിന്റെ കിലിയൻ എംബപെയ്‌ക്കൊപ്പമെത്തി. അസിസ്റ്റുകൾ കൂടി പരിഗണിക്കുമ്പോൾ, നിലവിൽ എംബപെയ്ക്കു മേൽ മെസ്സിക്കു മുൻതൂക്കമുണ്ട്. ഖത്തർ ലോകകപ്പ് സെമിഫൈനലിൽ ക്രൊയേഷ്യയെ 3-0 ന് തകർത്താണ് അർജന്റീന ഫൈനലിലെത്തിയത്. സൂപ്പർതാരം ലയണൽ മെസ്സി മിന്നിത്തിളങ്ങിയ മത്സരത്തിൽ അർജന്റീനയുടെ വിജയം ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു.

ക്രൊയേഷ്യക്കെതിരെ 2018ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ നേരിട്ട 3-0 തോൽവിക്ക് അതേ നാണയത്തിൽ സുപ്രധാന മത്സരത്തിൽ തിരിച്ചടി നൽകുകയായിരുന്നു അർജന്റീന. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ക്രൊയേഷ്യയുമായി മെസ്സിപ്പട ഏറ്റുമുട്ടിയപ്പോൾ 3-0 തോൽവിയായിരുന്നു ഫലം. ആന്റേ റെബിക്, ലൂക്ക മോഡ്രിച്ച്, ഇവാൻ റെകിറ്റിച്ച് എന്നിവരാണ് അന്ന് ക്രോട്ട് പടക്കായി വല കുലുക്കിയത്. തുടർന്നും മികച്ച പ്രകടനം നടത്തിയ അവർ ആദ്യമായി ലോകകപ്പ് ഫൈനലിലുമെത്തിയിരുന്നു. റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലാണ് ഇരുടീമുകളുമുണ്ടായിരുന്നത്.

2006ലും 2014ലുമായി നടന്ന സൗഹൃദ മത്സരങ്ങളിൽ ഇരുടീമുകളും ഓരോ മത്സരങ്ങളിൽ വിജയിക്കുകയായിരുന്നു. ലോകകപ്പിലും ഇതേ രീതിയിലാണ് മത്സര ഫലം. 2018ൽ അർജന്റീന പരാജയപ്പെട്ടപ്പോൾ 1998ൽ എതിരില്ലാത്ത ഒരു ഗോളിന് ലാറ്റിനമേരിക്കൻ കരുത്തർ വിജയിച്ചിരുന്നു. ദോഹയിൽ 33ാം മിനുട്ടിൽ പെനാൽറ്റി ഗോളിലൂടെ നായകൻ ലയണൽ മെസിയാണ് ടീമിനെ ആദ്യം മുന്നിലെത്തിച്ചത്. 39ാം മിനുട്ടിൽ സ്ട്രൈക്കർ ജൂലിയൻ അൽവാരസ് രണ്ടാം ഗോൾ നേടി. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ. 69ാം മിനുട്ടിൽ അൽവാരസ് തന്നെ ക്രൊയേഷ്യൻ ശവപ്പെട്ടിൽ മൂന്നാം ആണിയടിച്ചു. തകർപ്പൻ ഫോമിലയിരുന്ന മെസി നൽകിയ പാസിലായിരുന്നു അൽവാരസ് തന്റെ രണ്ടാം ഗോൾ നേടിയത്.

ഇന്നത്തെ സെമിയോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ് മെസി നേടി. 24 മത്സരങ്ങൾ കളിച്ച താരത്തിന് ലോതർ മത്തേവൂസിന്റെ 25 മത്സരങ്ങളെന്ന നേട്ടത്തിനൊപ്പമാണ് താരമെത്തിയത്. ക്യാപ്റ്റനായി മെസി 19 മത്സരങ്ങളും കളിച്ചു. അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരമാണ് മെസി. നോക്കൗട്ട് ഘട്ടത്തിൽ (6) ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോർഡ് പെലെയുടെ പേരിലാണ്. പെലെ, ഗ്രെഗോർസ് ലാറ്റോ, ഡീഗോ മറഡോണ, ഡേവിഡ് ബെക്കാം എന്നിവർ മൂന്ന് ലോകകപ്പുകളിൽ ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരവും മെസിയാണ്. 16 വർഷവും 176 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയത്. എന്നാൽ ഏറ്റവും ദീർഘ ലോകകപ്പ് കരിയർ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പേരിലാണ്. 16 വർഷവും 160 ദിവസവുമാണ് റൊണാൾഡോയുടെ ലോകകപ്പ് മത്സര കരിയർ. 2002 മുതൽ നൽകുന്ന പ്ലയർ ഓഫ് ദി മാച്ച് അവാർഡ് പത്ത് തവണയാണ് മെസിക്ക് ലഭിച്ചിട്ടുള്ളത്. ഇവയിൽ നാലെണ്ണം 2014ലെ ബ്രസീൽ ലോകകപ്പിലായിരുന്നു.

ഒരു ലോകകപ്പിൽ ഇത്ര തവണ മത്സരത്തിലെ താരമായ റെക്കോഡ് 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ വെസ്ലി സ്നെയ്ജ്ദെറും നേടിയിരുന്നു. ജർമനിയുടെ മിറോസ്ലേവ് ക്ലോസെ 17 മത്സര വിജയങ്ങളിൽ പങ്കാളിയായപ്പോൾ മെസി 15 എണ്ണത്തിലാണ് പങ്കെടുത്തത്. ലോകകപ്പിലെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനുമായുള്ള പോരാട്ടം ശക്തമാവുകയാണ്. ലയണൽ മെസി, കിലിയൻ എംബാപ്പെ, ഒലീവിയർ ജിറൂദ് എന്നിവർ തമ്മിലാണ് പ്രധാനമത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP