Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മികച്ചൊരു ഗോൾ കീപ്പർ ടീമിലുണ്ടായാൽ ബാക്കി കാര്യങ്ങളൊക്കെ താരതമ്യേന എളുപ്പമായിരിക്കും; ഭാഗ്യവശാൽ ഞങ്ങളോടൊപ്പം ഡൊമിനിക് ലിവാകോവിച്ചുണ്ട്; ആ സാന്നിധ്യം ടീമിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കും; തട്ടിത്തെറിപ്പിച്ചത് ഗോളെന്ന് നെയ്മറും കൂട്ടരും ഉറപ്പിച്ച ആറോളം ഷോട്ടുകൾ; ഗ്ലൗസ് അണിഞ്ഞ ആദ്യ ലോകകപ്പിൽ സൂപ്പർ സേവുകൾ; ഈ 27കാരൻ ഇന്ന് ക്രൊയേഷ്യയുടെ മിന്നൽ രക്ഷകൻ; കാനറികളെ മുട്ടുകുത്തിച്ച സേവുകൾക്ക് പിന്നിലെ മികവിന്റെ കഥ

മികച്ചൊരു ഗോൾ കീപ്പർ ടീമിലുണ്ടായാൽ ബാക്കി കാര്യങ്ങളൊക്കെ താരതമ്യേന എളുപ്പമായിരിക്കും; ഭാഗ്യവശാൽ ഞങ്ങളോടൊപ്പം ഡൊമിനിക് ലിവാകോവിച്ചുണ്ട്; ആ സാന്നിധ്യം ടീമിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കും; തട്ടിത്തെറിപ്പിച്ചത് ഗോളെന്ന് നെയ്മറും കൂട്ടരും ഉറപ്പിച്ച ആറോളം ഷോട്ടുകൾ; ഗ്ലൗസ് അണിഞ്ഞ ആദ്യ ലോകകപ്പിൽ സൂപ്പർ സേവുകൾ; ഈ 27കാരൻ ഇന്ന് ക്രൊയേഷ്യയുടെ മിന്നൽ രക്ഷകൻ; കാനറികളെ മുട്ടുകുത്തിച്ച സേവുകൾക്ക് പിന്നിലെ മികവിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: 'മികച്ചൊരു ഗോൾ കീപ്പർ ടീമിലുണ്ടായാൽ ബാക്കി കാര്യങ്ങളൊക്കെ താരതമ്യേന എളുപ്പമായിരിക്കും. ഭാഗ്യവശാൽ ഞങ്ങളോടൊപ്പം ഡൊമിനിക് ലിവാകോവിച്ചുണ്ട്, ആ സാന്നിധ്യം ടീമിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കും'- ക്രൊയേഷ്യൻ സൂപ്പർതാരം ഇവാൻ പെരിസിച്ചിന്റെ ഈ വാക്കുകൾമാത്രംമതി ഡൊമിനിക് ലിവാകോവിച്ച് എന്ന ഗോൾ കീപ്പറിൽ ടീം എത്രമാത്രം പ്രതീക്ഷവയ്ക്കുന്നു എന്നറിയാൻ. പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ലോകകപ്പ് പ്രീക്വാർട്ടറിൽ ജപ്പാന്റെ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ ലിവാകോവിച്ചിന്റെ ചിറകിലേറിയാണ് ക്രൊയേഷ്യ ക്വാർട്ടർ ടിക്കറ്റ് ഉറപ്പിച്ചത്. ബ്രസീലിയൻ കരുത്തും ലിവാകോച്ചിന് മുമ്പിൽ തകർന്നു. ഉഗ്രൻ സേവുകളുമായി ക്രൊയേഷ്യയ്ക്ക് സെമി ബർത്തും നൽകുകയാണ് ലിവോ എന്ന സുന്ദര ഗോൾക്കീപ്പർ.

ഡൊമിനിക് ലിവാകൊവിച്ച് ഇന്ന് ക്രൊയേഷ്യയിൽ ഹീറോയാണ്. ബ്രസീലിനെതിരെ ടീമിനെ വിജയിപ്പിച്ച കാൽപ്പന്തു കളിയിലെ യുദ്ധ വീരൻ. ജപ്പാനെതിരെ ഷൂട്ടൗട്ടിൽ ഐതിഹാസിക പ്രകടനമാണ് ഗോൾകീപ്പർ ലിവാകൊവിച്ച് പുറത്തെടുത്തത്. ഷൂട്ടൗട്ട് ഒരു പരീക്ഷണമാണ്. ജപ്പാനെതിരെ ആ പരീക്ഷ ഫസ്റ്റ് ക്ലാസിൽ പാസായിരിക്കുന്നു ഡൊമിനിക് ലിവാകൊവിച്ച്. സമുറായികളുടെ പോരാട്ടവീര്യത്തിന് ക്രൊയേഷ്യൻ കോട്ടയുടെ കാവൽക്കാരനെ കടക്കാൻ കെൽപ്പുണ്ടായിരുന്നില്ല. ബ്രസീലിന്റെ നിരന്തര ആക്രമണങ്ങളേയും ഈ ഗോളി അപ്രസക്തമാക്കി. കളിയുടെ 90 മിനിറ്റിലും ബ്രസീലിന് ഗോൾ നിഷേധിച്ചത് ഈ ഒരു ഗോളി മാത്രമാണ്. പക്ഷേ എക്‌സ്ട്രാ ടൈമിൽ നെയ്മറിന് മുമ്പിൽ ഒന്നു പതറി. പക്ഷേ ക്രൊയേഷ്യൻ പോരാളികൾ ഗോൾ മടക്കി. പിന്നെ പ്രതീക്ഷിച്ചതു പോലെ പെനാൽട്ടിയിലെ ആദ്യ കിക്ക് തടഞ്ഞ് ക്രൊയേഷ്യയ്ക്ക് മാനസിക മുൻതൂക്കം നൽകി. ഇതാണ് പെനാൽട്ടി കിക്കിൽ ബ്രസീലിനെ തളർത്തിയത്. പിന്നീട് അവർക്ക് പിന്നിൽ നിന്ന് മുന്നേട്ട് വരാനുമായില്ല.

ക്രൊയേഷ്യയ്ക്ക് അസാധ്യമെന്ന് തോന്നിച്ച ജയമാണ് ലിവോകോവിച്ച് ക്വാർട്ടറിൽ നൽകുന്നത്. എക്‌സ്ട്രാ ടൈമിലേക്ക് കടക്കും മുമ്പ് 15 ഷോട്ടുകളാണ് ബ്രസീൽ തൊടുത്തു വിട്ടത്. ഇതിൽ എട്ടും ഗോളന്നുറപ്പിച്ച അടികളായിരുന്നു. നെയ്മറുടെ അറ്റാക്കിൽ പിറന്നതായിരുന്നു ഇതിൽ പലതും. പാഞ്ഞടുത്ത നെയ്മറെ പിടിച്ചു കെട്ടുന്നതിൽ ക്രൊയേഷ്യൻ പ്രതിരോധം തകർന്നപ്പോഴും ലിവാകോവിച്ച് വന്മതിലായി. ഗോൾ പോസ്റ്റിലേക്ക് കുതിച്ചു വന്ന എട്ടു ഷോട്ടുകൾ ഗോളി തട്ടിക്കയറ്റി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ സേവിംഗുകൾ ബ്രസീലിനെതിരെ ലിവാകോവിച്ച് കാഴ്ച വച്ചു. ഇതു തന്നെയാണ് ബ്രസീലിന്റെ സെമി മോഹങ്ങളെ തകർത്തത്. ഒന്നാന്തരം ആക്രമണങ്ങൾ നടത്തിയിട്ടും ജയിക്കാതെയാണ് ബ്രസീലിന്റെ ദോഹയിൽ നിന്നുള്ള മടക്കം. അതിന് കാരണക്കാരൻ ലിവാകോവിച്ച് മാത്രമാണ്.

തുടരെ തുടരെ ക്രൊയേഷ്യൻ ഗോൾമുഖം വിറപ്പിച്ച് ബ്രസീൽ മുന്നേറ്റം. 55ാം മിനിറ്റിൽ നെയ്മറിന്റെ ഷോട്ട് ഗോളി തട്ടിയകറ്റി. ഗോളി ലിവാകോവിച്ച് മികച്ച സേവുകളുമായി ക്രൊയേഷ്യയുടെ രക്ഷക്കെത്തി. 56ാം മിനിറ്റിൽ റാഫിന്യക്ക് പകരം ആന്റണി കളത്തിൽ. ക്രൊയേഷ്യ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ബ്രസീൽ മുന്നേറ്റങ്ങളെല്ലാം ക്രോട്ട് പ്രതിരോധത്തിൽ തട്ടി വിഫലമാകുന്നു. ആക്രമണം കടുപ്പിക്കാനായി 64ാം മിനിറ്റിൽ വിനീഷ്യസിനെ പിൻവലിച്ച് റോഡ്രിഗോയും കളത്തിൽ. 66ാം മിനിറ്റിൽ ലൂകാസ് പക്വേറ്റയുടെ ഗോളിനുള്ള ശ്രമം ക്രൊയേഷ്യൻ ഗോളി തട്ടിയകറ്റി. അവസാന മിനിറ്റുകളിൽ ഗോളിനായി ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല. പക്ഷേ എക്‌സ്ട്രാ ടൈമിൽ പൂട്ടു പൊളിച്ചു നെയ്മർ ബ്രസീലിനെ മുമ്പിലെത്തിച്ചു. പിന്നീട് ഗോൾ മടക്കിയ ക്രൊയേഷ്യ ലിവാകോവിച്ചിന്റെ മികവിൽ മുന്നോട്ട് കുതിച്ചു.

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ നെയ്മാർ നേടിയ ഗോളിൽ ലീഡെടുത്ത ബ്രസീലിനെതിരെ, രണ്ടാം പകുതിയിലാണ് ക്രൊയേഷ്യ തിരിച്ചടിച്ചത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പകരക്കാരൻ താരം ബ്രൂണോ പെട്‌കോവിച്ചാണ് ക്രൊയേഷ്യയ്ക്കായി ഗോൾ മടക്കിയത്. ഇതോടെ, ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചു. തുടർന്ന് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട്. ഒരു ഗോൾ ലീഡ് നേടിയിട്ടും പ്രതിരോധം മറന്ന് വീണ്ടും ആക്രമിക്കാൻ മുന്നോട്ടു കയറിയ ബ്രസീലിനുള്ള ശിക്ഷയായിരുന്നു പെട്‌കോവിച്ചിന്റെ സമനില ഗോൾ. ഇതോടെ തന്നെ ലിവാകോവിച്ചിന്റെ ഗോളി മികവ് ബ്രസീലിനെ തോൽപ്പിക്കുമെന്ന ഉറപ്പായി. ആദ്യ കിക്ക് തന്നെ രക്ഷപ്പെടുത്തി ലിവാകോവിച്ച് ക്രൊയേഷ്യയുടെ നമ്പർ വൺ ഗോളിയായി.

ജപ്പാനെതിരായ ഷൂട്ടൗട്ടിൽ കൗരു മിറ്റോമ, തകുമി മിനാമിനോ, മായ യോഷിദ എന്നിവരുടെ ഷോട്ടുകളാണ് ലിവകോവിച്ച് തന്റെ മാന്ത്രികയ്യാൽ തടുത്ത് ടീമിനെ ക്വാർട്ടറിലേക്ക് കയറ്റിയത്. ഡാനിജെൽ സുബാസിക്കും (ഡെന്മാർക്ക് 2018) പോർച്ചുഗലിന്റെ റിക്കാർഡോയ്ക്കും (ഇംഗ്ലണ്ടിനെതിരെ 2006) ശേഷം ലോകകപ്പിൽ ഷൂട്ടൗട്ടിൽ മൂന്നെണ്ണം സേവ് ചെയ്ത മൂന്നാമത്തെ 'കീപ്പറായി ലിവാകോവിച്ച് മാറി. ടീം റണ്ണറപ്പായ 2018 ലെ ലോകകപ്പിൽ ടീമിന്റെ ഭാഗമായിരുന്നു 27 കാരനായ ലിവാകോവിച്ച്. 2018ൽ ഇംഗ്ലണ്ടിനെതിരായ യുവേഫ നേഷൻസ് ലീഗിൽ അരങ്ങേറ്റം കുറിച്ച ലിവാകോവിച്ച് ഇന്ന് ടീമിന്റെ നെടുംതൂണാണ്. 2015 മുതൽ ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിസൺ ക്ലബ്ബായ ഡിനാമോ സാഗ്രെബിനായി കളിക്കുന്നു. കരിയറിൽ 15 പെനാൽറ്റികൾ താരം സേവ് ചെയ്തിട്ടുണ്ട്.

അതേസമയം ഷൂട്ടൗട്ടിൽ തോറ്റ് തുടങ്ങിയ ഒരു ചരിത്രം പറയാനുണ്ട് ലിവാകോവിച്ചിന്. 2017ൽ ദേശീയ ടീമിനായുള്ള അരങ്ങേറ്റ മത്സരത്തിൽ ചിലിയോട് ഷൂട്ടൗട്ടിൽ പരാജയപ്പെട്ട കഥ. 2018 ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഈ ലോകകപ്പിലാണ് ആദ്യമായി ലിവോകോവിച്ച് ഗ്ലൗസ് അണിഞ്ഞത്. അതു തന്നെ ലോകത്തിന് മുമ്പിൽ കരുത്ത് തെളിയിക്കുകയും ചെയ്തു. 2018ലെ ലോകകപ്പിന് ശേഷം ഒന്നാം നമ്പർ ഗോൾകീപ്പർ സുബാസിച്ച് വിരമിച്ചു. പതിയെ ആ സ്ഥാനം ലിവാകോവിച്ചിനെ തേടിയെത്തി. ഇപ്പോഴിതാ ഒരു രാജ്യം ഉറ്റു നോക്കുകയാണ് ഈ ഗോളിയിലേക്ക്. രണ്ട് മത്സരങ്ങളിൽ കൂടി മികവ് തുടർന്നാൽ ക്രൊയേഷ്യയാകും ലോക ഫുട്‌ബോളിലെ രാജാക്കന്മാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP