Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരഞ്ഞെടുപ്പിന് 15 മാസമുള്ളപ്പോൾ താക്കോൽ സ്ഥാനം നൽകിയത് ആദ്യമായി നിയമസഭയിലെത്തിയ മുൻ മുൻസിപ്പൽ ചെയർമാന്; ആനന്ദി ബെൻ പട്ടേലിന്റെ വിശ്വസ്തൻ കാട്ടിയ 'നയതന്ത്രം' പാർട്ടിക്ക് നൽകുന്നത് അമിത് ഷായുടെ ടാർഗറ്റിനെ തകർക്കും വിജയം; പട്ടേൽ സമുദായം തിരിച്ചെത്തിയപ്പോൾ ചരിത്ര വിജയം; മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഇനി ഹീറോ

തെരഞ്ഞെടുപ്പിന് 15 മാസമുള്ളപ്പോൾ താക്കോൽ സ്ഥാനം നൽകിയത് ആദ്യമായി നിയമസഭയിലെത്തിയ മുൻ മുൻസിപ്പൽ ചെയർമാന്; ആനന്ദി ബെൻ പട്ടേലിന്റെ വിശ്വസ്തൻ കാട്ടിയ 'നയതന്ത്രം' പാർട്ടിക്ക് നൽകുന്നത് അമിത് ഷായുടെ ടാർഗറ്റിനെ തകർക്കും വിജയം; പട്ടേൽ സമുദായം തിരിച്ചെത്തിയപ്പോൾ ചരിത്ര വിജയം; മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഇനി ഹീറോ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: മോദിക്ക് കഴിയാത്തതാണ് ഭൂപേന്ദ്ര പട്ടേൽ സാധിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ ഭൂപേന്ദ്ര ഭായ് പട്ടേൽ എത്തിയത് 2021ലെ സെപ്റ്റംബറിലാണ്. ഒരു കൊല്ലം കൊണ്ട് ഭരണ വിരുദ്ധ തരംഗത്തെ അതിജീവിച്ച് വമ്പൻ വിജയം. അമിത് ഷാ മുമ്പിൽ വച്ചത് 142 സീറ്റിലെ അസാധ്യ ടാർഗറ്റായിരുന്നു. എന്നാൽ ഭൂപേന്ദ്ര പട്ടേൽ അതിനും മുകളിലേക്ക് പോയി വിജയിച്ചു. മോദിയും അമിത് ഷായും പ്രചരണം നയിച്ചുവെന്നതും വസ്തുതയാണ്. എന്നാൽ സമവായത്തിലൂടെ ഭൂപേന്ദ്ര നടത്തിയ ഇടപെടലും ഭരണവുമെല്ലാം ബിജെപിക്ക് വിജയത്തിൽ അടിത്തറയായി.

പാട്ടീദാർ അഥവാ പട്ടേൽ സമുദായത്തിലെ അംഗമാണ് എന്നതാണ് മുൻപരിചയമില്ലാതിരുന്നിട്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്താൻ ഭൂപേന്ദ്രയ്ക്ക് വളമായത്. നിയമസഭ തിരഞ്ഞെടുപ്പിന് 15 മാസം മാത്രം ബാക്കിനിൽക്കെയാണ് ഭൂപേന്ദ്രയെ ഗുജറാത്തിലെ താക്കോൽ സ്ഥാനം ഏൽപ്പിച്ചത്. ഗുജറാത്തിലെ വളരെ പ്രബലമായ വിഭാഗമാണ് പട്ടേൽ സമുദായം. സംസ്ഥാനത്തിന്റെ സഹകരണ-വിദ്യാഭ്യാസ-നിർമ്മാണ മേഖലകൾ മിക്കതും പട്ടേൽ വിഭാഗത്തിന്റെ അധീനതയിലാണ്. സംസ്ഥാനത്തു രാഷ്ട്രീയമായും സാമ്പത്തികമായും ഏറ്റവും കൂടുതൽ സ്വാധീനമുള്ള, ഗുജറാത്തിലുടനീളം പടർന്നു കിടക്കുന്ന വിഭാഗം.

1970വരെ സംസ്ഥാനത്തിന്റെ അധികാരം കയ്യാളിയ ഇവർ അന്ന് കോൺഗ്രസിനെയാണു പിന്തുണച്ചിരുന്നത്. എന്നാൽ 1980ൽ കോൺഗ്രസിനെ വിട്ട് ബിജപിയോടൊപ്പം ചേർന്നു. 182 നിയമസഭ മണ്ഡലങ്ങളുള്ള ഗുജറാത്തിൽ 70ൽ അധികം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു ഫലങ്ങളെ സ്വാധീനിക്കാൻ ഇവർക്കു കഴിയും. ഇവിടെ 15 ശതമാനമോ അതിൽ കൂടുതലോ വോട്ടർമാർ പട്ടേൽ സമുദായക്കാരാണ്. ഈ വോട്ടുകളെല്ലാം ഇത്തവണ ബിജെപിക്ക് വീണു. ആറു കോടി ജനസംഖ്യയുള്ള ഗുജറാത്തിൽ ഏകദേശം 12-14 ശതമാനം പട്ടേൽ സമുദായക്കാരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വോട്ട് വിഹിതം പരിശോധിച്ചാൽ അതിൽ നാലിൽ ഒന്നും പട്ടേൽ വിഭാഗത്തിൽനിന്നാണ്. ഇത്തവണ അത് ഇരട്ടിയോളമായി.

2012ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിച്ച 48 ശതമാനം വോട്ടുവിഹിതത്തിൽ 11 ശതമാനവും പട്ടേൽ സമുദായത്തിൽനിന്നാണ്. ഗുജറാത്തിൽ പ്രബലമായ പട്ടേൽ വിഭാഗം അടുത്തിടെയായി അവഗണിക്കപ്പെടുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇതു പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു ഭൂപേന്ദ്രയെ മുഖ്യമന്ത്രിയാക്കിയത്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിൽ മുഖ്യന്ത്രിയായിരുന്ന വിജയ് രൂപാണി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. ഇതെല്ലാം കണക്കിലെടുത്തയാണ് പുതുമുഖത്തെ അവതരിപ്പിച്ചത്. അതു ബിജെപിക്ക് 2022ൽ ചരിത്ര വിജയം നൽകുകയായിരുന്നു.

അപ്രതീക്ഷിതമായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിപദത്തിൽനിന്നുള്ള വിജയ് രൂപാണിയുടെ രാജിപ്രഖ്യാപനം. അതും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഒരുകൊല്ലം മാത്രം ബാക്കിനിൽക്കേയുള്ള രാജി. അപ്രതീക്ഷിതമായി അന്ന് ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കപ്പെട്ടു-ഭൂപേന്ദ്ര പട്ടേൽ. എംഎ‍ൽഎയായ ആദ്യ ടേമിൽത്തന്നെ ഗുജറാത്ത് മുഖ്യമന്ത്രിപദം അദ്ദേഹത്തെ തേടിയെത്തി. 80-കാരനായ ഭൂപേന്ദ്ര പട്ടേൽ, കട്വ പട്ടീദാർ സമുദായാംഗമാണ്. സർദാർ ധാം, വിശ്വ ഉമിയ ഫൗണ്ടേഷൻ എന്നീ പട്ടീദാർ സംഘടനകളുടെ ട്രസ്റ്റി കൂടിയാണ്.

സ്വാധീനശക്തിയും നിർണായക രാഷ്ട്രീയശക്തിയുമുള്ളതാണ് പാട്ടീദാർ സമുദായം. ഗുജറാത്തിൽ ബിജെപിക്ക് തുടർച്ചയായ വിജയം സമ്മാനിക്കുന്നതിൽ ഈ സമുദായത്തിന് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ കണക്കു കൂട്ടലിലാണ് ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത്. ഇത് അക്ഷരാർത്ഥത്തിൽ ബിജെപിയെ തുണച്ചു. ഘട്ലോദിയ മണ്ഡലത്തെയാണ് ഭൂപേന്ദ്ര പട്ടേൽ പ്രതിനിധീകരിക്കുന്നത്. ഇത്തവണ 80 ശതമാനത്തിന് മുകളിൽ വോട്ടും കിട്ടി. ഗുജറാത്ത് മുന്മുഖ്യമന്ത്രിയും ഘട്ലോദിയ മണ്ഡലത്തിലെ എംഎ‍ൽഎയുമായിരുന്ന ആനന്ദി ബെൻ പട്ടേലിന്റെ വിശ്വസ്തനായിരുന്നു ഭൂപേന്ദ്ര പട്ടേൽ.

2017-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശശികാന്ത് പട്ടേലിനെയാണ് ഭൂപേന്ദ്ര പരാജയപ്പെടുത്തിയത്. ഇത്തവണ യാമ്‌നി യാജ്‌നിക്കിനേയും. 1999-2000 കാലത്ത് മേംനഗഗർ മുൻസിപ്പാലിറ്റി അധ്യക്ഷനായിരുന്നു. 2008-10 വർഷങ്ങളിൽ എ.എം.സി. സ്‌കൂൾ ബോർഡ് വൈസ് ചെയർമാനുമായിരുന്നു. 2010-15-ൽ തൽതേജ് വാർഡിൽനിന്നുള്ള കൗൺസിലറായിരുന്നു അദ്ദേഹം. സിവിൽ എൻജിനീയറിങ്ങിൽ ഭൂപേന്ദ്ര പട്ടേൽ ഡിപ്ലോമ നേടിയിട്ടുണ്ട്.

ആനന്ദി ബെൻ പട്ടേൽ രാഷ്ട്രീയത്തിൽ നിന്നും അവധി എടുത്തതോടെയാണ് ഘട്ലോദിയ മണ്ഡലത്തിൽ മത്സരിക്കാൻ ഭൂപേന്ദ്രയ്ക്ക് അവസരമൊരുങ്ങിയത്. അത് മുഖ്യമന്ത്രി കസേരയിലേക്ക് വഴിയൊരുക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP