Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുധാകരനും മുരളീധരനും അടൂർപ്രകാശിനും ലോക്‌സഭയിലേക്ക് താൽപ്പര്യക്കുറവ്; ഹൈബി ഈഡനും രണ്ടു മനസ്സിൽ; വടകരയിലും കണ്ണൂരിലും നോട്ടമിട്ട് മുല്ലപ്പള്ളി; എറണാകുളത്തും ആറ്റിങ്ങലിലും മോഹമുള്ളത് നിരവധി പേർക്ക്; തദ്ദേശത്തിലെ വിജയം നൽകുന്നത് ആത്മവിശ്വാസവും; ലോക്‌സഭയിലെ സ്ഥാനാർത്ഥികളെ ഉടൻ കോൺഗ്രസ് ഉറപ്പിക്കും; കോട്ട പൊളിച്ച് മുന്നേറാൻ സുധാകരനും സതീശനും

സുധാകരനും മുരളീധരനും അടൂർപ്രകാശിനും ലോക്‌സഭയിലേക്ക് താൽപ്പര്യക്കുറവ്; ഹൈബി ഈഡനും രണ്ടു മനസ്സിൽ; വടകരയിലും കണ്ണൂരിലും നോട്ടമിട്ട് മുല്ലപ്പള്ളി; എറണാകുളത്തും ആറ്റിങ്ങലിലും മോഹമുള്ളത് നിരവധി പേർക്ക്; തദ്ദേശത്തിലെ വിജയം നൽകുന്നത് ആത്മവിശ്വാസവും; ലോക്‌സഭയിലെ സ്ഥാനാർത്ഥികളെ ഉടൻ കോൺഗ്രസ് ഉറപ്പിക്കും; കോട്ട പൊളിച്ച് മുന്നേറാൻ സുധാകരനും സതീശനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ സുധാകരൻ മത്സരിക്കില്ല. കെ മുരളീധരനും അടൂർ പ്രകാശിനും ദേശീയ രാഷ്ട്രീയത്തോട് താൽപ്പര്യമില്ല. ഇതോടെ കണ്ണൂരിലും വടകരയിലും ആറ്റിങ്ങലിലും പുതിയ സ്ഥാനാർത്ഥികളെ കോൺഗ്രസിന് കണ്ടെത്തേണ്ടി വരും. വടകരയിലോ കണ്ണൂരോ മത്സരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തയ്യാറായേക്കും. ആറ്റിങ്ങലിൽ ആരെത്തുമെന്നാണ് നിർണ്ണായകം. അടൂർ പ്രകാശിന് കോന്നിയിലേക്ക് താവളം മാറ്റാനാണ് താൽപ്പര്യം.

കെ മുരളീധരനും അടൂർ പ്രകാശിനേയും പോലെ നിയമസഭയിൽ കെ സുധാകരനും മത്സരിച്ചേക്കും. ഇവർക്ക് ഉറപ്പായി ജയിക്കാൻ കഴിയുന്ന സീറ്റുകൾ നിയമസഭയിലുണ്ട്. ഈ നേതാക്കൾക്ക് പകരം ആ മണ്ഡലത്തിൽ ആർക്കും ജയിക്കാനും കഴിയുന്നില്ല. കണ്ണൂരും വട്ടിയൂർക്കാവും കോന്നിയും അടക്കമുള്ള നിയമസഭാ സീറ്റുകൾ അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചു പിടിക്കാൻ ഈ നേതാക്കളെ നിയോഗിക്കാൻ കഴിയും. ഏതായാലും മത്സരത്തിനില്ലെന്ന് സുധാകരൻ പ്രഖ്യാപിച്ചു കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിന് ആവേശമാണ്. ഈ സാഹചര്യത്തിൽ ഉടൻ ലോക്‌സഭയിലെ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രവർത്തനങ്ങളിലേക്ക് കെപിസിസി കടക്കാനാണ് സാധ്യത.

അതിനിടെ ആർഎസ്എസ് കാര്യാലയത്തിന് മാത്രമല്ല എസ്എഫ്‌ഐ നേതാവിനും സംരക്ഷണം നൽകിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറയുന്നു. ബ്രണ്ണൻ കോളജിൽ വെട്ടേറ്റു കിടന്ന എസ്എഫ്‌ഐ നേതാവ് അഷ്‌റഫിനെ ചുമലിലേറ്റി ആശുപത്രിയിലാക്കി. എം വിരാഘവനുനേരെ സിപിഎം ഭീഷണി ഉയർന്നപ്പോഴും ആളെ വിട്ട് സംരക്ഷിച്ചുവെന്നും സുധാകരൻ പറഞ്ഞു. ആർ എസ് എസുമായുള്ള സഹകരണ വിവാദത്തിൽ കിറുകൃത്യമായി മറുപടി പറഞ്ഞ് സുധാകരൻ ചില സൂചനകൾ കൂടി നൽകി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ലെന്നും സുധാകരൻ പറഞ്ഞു. മനോരമ ന്യൂസ് മേക്കൾ പരിപാടിയിലായിരുന്നു ഈ പ്രഖ്യാപനം.

കെപിസിസി അധ്യക്ഷനെന്ന നിലയിൽ ഇപ്പോൾ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. മണ്ഡലത്തിലെ ജനങ്ങളോട് നീതി പുലർത്താൻ കഴിയാത്തതിനാലാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോഹിക്കുന്നവർക്കെല്ലാം സീറ്റ് നൽകില്ലെന്നും വിജയസാധ്യത മാത്രം പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയമെന്നും അദ്ദേഹം വ്യക്തമാക്കി. അതായത് പുതിയ സ്ഥാനാർത്ഥികൾക്ക് സാധ്യതയുണ്ടെന്ന് പറയുകയാണ് സുധാകരൻ. കേരളത്തിലെ 20ൽ 19ലും കോൺഗ്രസ് മുന്നണിക്ക് സിറ്റിങ് എംപിമാരുണ്ട്. ആലപ്പുഴയിൽ മാത്രമാണ് കഴിഞ്ഞ തവണ കോൺഗ്രസിന് തോൽവി പിണഞ്ഞത്.

ആലപ്പുഴയിലും വടകരയിലും കണ്ണൂരിലും ആറ്റിങ്ങളിലും സ്ഥാനാർത്ഥി മാറ്റമുണ്ടാകും. എറണാകുളത്തിന്റെ പ്രതിനിധിയായ ഹൈബി ഈഡനും ദേശീയ രാഷ്ട്രീയത്തോട് താൽപ്പര്യക്കുറവുണ്ട്. ഹൈബിയും നിയമസഭയിലേക്ക് മത്സരിക്കാനെത്തിയാൽ എറണാകുളത്തും പുതിയ സ്ഥാനാർത്ഥി ലോക്‌സഭയിലേക്ക് എത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ലോക്‌സഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യക്കുറവുണ്ട്. കേരളത്തിലെ നിയമസഭയിൽ മത്സരിക്കാനാണ് വേണുഗോപാലിനും താൽപ്പര്യം. അതുകൊണ്ട് തന്നെ ആലപ്പുഴ ലോക്‌സഭയിലേക്കും ചിലർ നോട്ടമിടുന്നുണ്ട്.

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് യു.ഡി.എഫ് രാഷ്ട്രിയം കരുത്താർജ്ജിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് നൽകുന്നത്. തുടർ ഭരണം ലഭിച്ച ഇടതു സർക്കാർ ജനങ്ങളിൽ നിന്ന് അകലുന്നതും ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ദൃശ്യമാണ്. 29 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 15 സീറ്റിലും തിളങ്ങുന്ന ജയമാണ് യു.ഡി.എഫ് കരസ്ഥമാക്കിയത്. 7 സീറ്റുകൾ മാത്രമാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്. സിപിഎമ്മിൽ നിന്ന് ഏഴും ബിജെപി യിൽ നിന്ന് രണ്ടും സീറ്റുകളും യു.ഡി.എഫ് പിടിച്ചെടുത്തു. എറണാകുളം കീരംപാറ പഞ്ചായത്തിലെ മുട്ടത്തു കണ്ടം വാർഡ് എൽ ഡി എഫിൽ നിന്ന് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണവും യു.ഡി.എഫിന് ലഭിച്ചു.

ഓഗസ്റ്റ് 22 ന് മട്ടന്നൂർ നഗരസഭയിലെ തെരഞ്ഞെടുപ്പ് ഫലവും യു.ഡി.എഫിന് അനുകൂലമായിരുന്നു. എൽ.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ മട്ടന്നുരിൽ 7 സീറ്റിൽ നിന്ന് 14 സീറ്റിലേക്ക് യു.ഡി.എഫിന്റെ വിജയം ഉയർന്നത് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ 29 ഉപതെരഞ്ഞെടുപ്പുകളിലും മന്ത്രിമാരടക്കമുള്ളവരെ കൊണ്ട് വന്ന ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് നടത്തിയത്. ആനാവൂർ നാഗപ്പനും ശിവൻ കുട്ടിയും അടക്കം പ്രചരണത്തിനിറങ്ങിയ തിരുവനന്തപുരം ജില്ലയിലെ രണ്ട് സീറ്റും ജയിച്ചത് യു.ഡി.എഫ് ആണ്. വിലകയറ്റവും ഭരണത്തിലെ തുടർ വീഴ്ചകളും വിവാദങ്ങളും ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിയെ തുടർന്ന് കോൺഗ്രസും യു.ഡി എഫും ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിൽ ആയിരുന്നു.

മുല്ലപ്പള്ളിയേയും ചെന്നിത്തലയേയും നീക്കി പകരം വന്ന സുധാകരനും സതീശനും മുന്നോട്ടുള്ള പോക്ക് എളുപ്പമല്ലായിരുന്നു. തുടർ ഭരണം ലഭിച്ചതിന്റെ ഖ്യാതിയുമായി അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും അധികാരം നഷ്ടപ്പെട്ട പാർട്ടിയിലെ നേതാക്കന്മാരുടെ കുത്തി തിരിപ്പുകൾ കളേയും ഒരേ പോലെ നേരിടാൻ ആദ്യം ഇവർ ബുദ്ധിമുട്ടിയെങ്കിലും പതുക്കെ കളം പിടിക്കാൻ ഇവർക്കായി. പല ജില്ലകളിലായി നടന്ന സിൽവർ ലൈൻ സമരത്തെ ഏകോപിപിച്ച് യു.ഡി.എഫിന്റെ കുടക്കീഴിൽ കൊണ്ട് വരാൻ സതീശന് കഴിഞ്ഞു. അതോടൊപ്പം ഫലപ്രദമായി സതീശൻ സിൽവർ ലൈൻ സമരം നയിച്ചതോടെ പിണറായി സിൽവർ ലൈനിൽ നിന്ന് പുറകോട്ട് കാൽ വച്ചു. കഴിഞ്ഞ ആറു വർഷത്തിനിടയിൽ യു.ഡി.എഫ് ഏറ്റെടുത്ത് വിജയിപ്പിച്ച ഏക ജനകീയ സമരമായിരുന്നു സിൽവർ ലൈൻ സമരം.

സമരവിജയത്തോടെ ജനങ്ങൾ യു.ഡി.എഫിനെ വിശ്വാസത്തിലെടുത്ത് തുടങ്ങി. കെപിസിസി പ്രസിഡണ്ട് കെ.സുധാകരനും പുതിയ ഡി.സി.സി പ്രസിഡണ്ട്മാരും പാർട്ടിക്ക് വേണ്ടി അക്ഷീണം അദ്ധ്വാനിക്കാൻ തുടങ്ങിയതോടെ പാർട്ടിയും ചലിച്ച് തുടങ്ങി. ലീഗും ആർ എസ് പിയും കേരള കോൺഗ്രസും ആർ എം പിയും ഒരേ മനസോടെ പ്രവർത്തിക്കാൻ തുടങ്ങിയതോടെ തൃക്കാക്കരയിലും മട്ടന്നൂരിലും ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയവഴിയിൽ തിരിച്ചെത്തി. ദിവസത്തിൽ മൂന്ന് നേരവും തിരുവനന്തപുരം കേന്ദ്രികരിച്ച് പത്രസമ്മേളനങ്ങൾ നടത്തി പ്രവർത്തിച്ചിരുന്ന കഴിഞ്ഞ കാലത്തിൽ നിന്ന് മാറി ബൂത്ത് തലങ്ങളിൽ ശ്രദ്ധ കേന്ദ്രികരിച്ച് പ്രവർത്തിക്കാൻ സതീശനും സുധാകരനും തീരുമാനമെടു ത്തതോടെ ഇടതു കോട്ടകളിൽ പോലും വിള്ളൽ ഉണ്ടാക്കാൻ യു.ഡി.എഫിന് സാധിച്ചു.

സിപിഎമ്മിന്റെ എല്ലാ കോട്ടകളും പൊളിക്കുമെന്ന് സതീശന്റെ ഉറച്ച പ്രഖ്യാപനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ഫലപ്രദമായി നേരിടാൻ യു.ഡി.എഫ് തയ്യാറായി കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP