- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരുന്തിന്റെ ആക്രമണത്തിൽ തേനീച്ച കൂട് തകർന്നു; വീണത് സമീപത്ത് കൂടി പോവകുയായിരുന്ന കുഞ്ഞിരാമന്റെ ദേഹത്ത്; കല്യാശ്ശേരിക്കൊപ്പം പുല്ലൂരിലും തേനീച്ച ആക്രമണത്തിൽ മരണം; തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം
കണ്ണൂർ: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് ദാരുണ അന്ത്യം. കല്യാശ്ശേരി സെൻട്രൽ കരിക്കാട്ട് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ ക്ഷീരകർഷകൻ കണ്ണാടിയൻ കുഞ്ഞിരാമൻ (78), പുല്ലൂർ ഉദയനഗർ ഗവ. യു.പി. സ്‌കൂളിന് സമീപത്തെ കെ.എസ്.എഫ്.ഇ. മുൻ മാനേജർ എ.പി.ഗോവിന്ദൻ നായർ (84) എന്നിവരാണ് മരിച്ചത്.
പായ് തേനീച്ചയുടെ കുത്തേറ്റാണ് കുഞ്ഞിരാമൻ മരിച്ചത്. വീടിന് സമീപത്തെ വയലിൽ പശുവിനെ കെട്ടാൻ പോയപ്പോഴാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. കുഞ്ഞിരാമൻ പശുവിന് അടുത്തേക്ക് പോകുമ്പോൾ തെങ്ങിന് മുകളിലുണ്ടായ തേനീച്ചക്കൂടിന്റെ ഒരുഭാഗം ദേഹത്തേക്ക് വീഴുകയായിരുന്നു. പരുന്തിന്റെ ആക്രമണത്തിലാണ് തേനീച്ചക്കൂട് വീണത്. സമീപത്തുകൂടി നടന്നുപോകുകയായിരുന്ന ശ്രീഹരി, നിതിൻ കെ.സജീവൻ, പാറപ്പുറം സ്വദേശി സജീവൻ, എം.റനീഷ് എന്നിവർക്കും പശുവിനും തേനീച്ചയുടെ കുത്തേറ്റു.
പാപ്പിനിശ്ശേരിയിലെ പഴയ പി.ജി. പ്ലൈവുഡ് തൊഴിലാളിയാണ് കുഞ്ഞിരാമൻ. ഭാര്യ: ലളിത. മക്കൾ: സുരേന്ദ്രൻ (ബലിയപട്ടം ടൈൽ വർക്സ്), സുമ. മരുമക്കൾ: പ്രിയ, മോഹനൻ. സഹോദരൻ: പരേതനായ ഗോപാലൻ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒൻപതിന് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തിൽ.
ഗോവിന്ദൻ നായർക്ക് കുത്തേറ്റത് വണ്ണാർവയലിലെ പറമ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ്. ഉദയനഗർ കമ്യൂണിറ്റി ഹാൾ പരിസരത്താണ് സംഭവം. തലയ്ക്കും മുഖത്തും കുത്തേറ്റ ഗോവിന്ദൻ നായരെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിസയ്ക്കിടെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
ഭാര്യ: പി.മാനസി. മക്കൾ: ഡോ. എം.മായ, എം.മോഹൻ. മരുമക്കൾ: ഡോ. പ്രശാന്ത് (വാഴയൂർ), ദീപ്തി (അദ്ധ്യാപിക, ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ, കാഞ്ഞങ്ങാട്). സഹോദരങ്ങൾ: പരേതരായ പി.ചാത്തുകുട്ടി നായർ, എ.പി.നാരായണൻ നായർ, പി.കുമാരൻ നായർ.




