Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

1916ൽ ശ്രീമൂലം തിരുനാൾ ഏക്കറിന് 1800 രൂപ നിരക്കിൽ ട്രാവൻകൂർ ഹൗസും 8 ഏക്കറും സ്വന്തമാക്കി; സ്വാതന്ത്ര്യാനന്തരം നികുതി കാശിന് വാങ്ങിയ ഡൽഹിയിലെ കൊട്ടാരത്തിന്റെ യഥാർത്ഥ അവകാശി സംസ്ഥാന സർക്കാർ; എന്നിട്ടും വിൽപ്പനക്കരാർ; തിരുവിതാംകൂർ രാജകുടുംബത്തിലെ റിയൽ എസ്റ്റേറ്റ് ഇടപാടിന് പിന്നിൽ ചെന്നൈയിലെ ഉന്നതൻ? നടക്കാൻ പോകുന്നത് കോടികളുടെ അഴിമതി

1916ൽ ശ്രീമൂലം തിരുനാൾ ഏക്കറിന് 1800 രൂപ നിരക്കിൽ ട്രാവൻകൂർ ഹൗസും 8 ഏക്കറും സ്വന്തമാക്കി; സ്വാതന്ത്ര്യാനന്തരം നികുതി കാശിന് വാങ്ങിയ ഡൽഹിയിലെ കൊട്ടാരത്തിന്റെ യഥാർത്ഥ അവകാശി സംസ്ഥാന സർക്കാർ; എന്നിട്ടും വിൽപ്പനക്കരാർ; തിരുവിതാംകൂർ രാജകുടുംബത്തിലെ റിയൽ എസ്റ്റേറ്റ് ഇടപാടിന് പിന്നിൽ ചെന്നൈയിലെ ഉന്നതൻ? നടക്കാൻ പോകുന്നത് കോടികളുടെ അഴിമതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡൽഹിയിലെ ട്രാവൻകൂർ ഹൗസിന്റേയും കപൂർത്തല പ്ലോട്ടിന്റേയും ഉടമസ്ഥാവകാശം തിരികെ ലഭിക്കാൻ ഇടപെടലാവശ്യപ്പെട്ട് തിരുവിതാംകൂർ രാജകുടുംബം നടത്തുന്ന ഇടപെടൽ അന്തിമഘട്ടത്തിലേക്ക് എത്തുമ്പോൾ ചർച്ചയാകുന്നതുകൊട്ടാരം വിൽക്കാനുള്ള ഡീൽ. ഇതു സംബന്ധിച്ച് രാജകുടുംബത്തിന് അനുകൂലമായ നിലപാട് കേന്ദ്ര സർക്കാരിനെ കേരളം അറിയിച്ചുവെന്നാണ് സൂചന. നിലവിൽ ഡൽഹി നഗര മധ്യത്തിലുള്ള പതിനഞ്ച് ഏക്കറോളം വരുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടേയും നിയന്ത്രണം സംസ്ഥാന സർക്കാരിനാണ്. ഇത് മനസ്സിലാക്കിയാണ് വിൽപ്പനയ്ക്കുള്ള നീക്കം.

സർക്കാർ അനുമതിയില്ലാതെ ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് വിൽക്കാൻ തിരുവിതാംകൂർ രാജകുടുംബമൊരുങ്ങുന്നു എന്നാണ് വാർത്ത. സംസ്ഥാനസർക്കാറിന്റെ കൈവശമുള്ള വസ്തു വിൽക്കാൻ ചെന്നൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയുമായാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. എന്നാൽ ഇതിന് പിന്നിൽ വമ്പൻ അഴിമതിയാണുള്ളത്. സംസ്ഥാന സർക്കാരിലെ ഉന്നതനുമായി പണം പങ്കുവയ്ക്കാനാണ് നീക്കം. രാജകുടുംബത്തിന്റെ ബെംഗളൂരുവിലെ ആസ്തിയും കൂടി ചേർത്ത് 250 കോടി രൂപയുടെ വസ്തു വിൽക്കാനാണ് നീക്കം. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ അനുമതി കിട്ടുന്ന അടിസ്ഥാനത്തിൽ ഇടപാട് നടക്കുമെന്നാണ് കരാർ. സംസ്ഥാന സർക്കാർ സാംസ്‌കാരിക കേന്ദ്രമാക്കാൻ പദ്ധതിയിട്ട സ്ഥലമാണിത്. ഈ സ്ഥലമാണ് കള്ളക്കളികളിലൂടെ വിൽക്കാൻ ശ്രമിക്കുന്നത്.

ഡൽഹിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ട്രാവൻകൂർ ഹൗസ് വിൽക്കാൻ ചെന്നൈ ആസ്ഥാനമായുള്ള സഹാന റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡേഴ്സ് എന്ന കമ്പനിയുമായി കഴിഞ്ഞ മാസം 29-നാണ് രാജകുടുംബം കരാറിൽ ഏർപ്പെട്ടത്. വേണുഗോപാൽ വർമ്മയാണ് രാജകുടുംബത്തിന് വേണ്ടി കരാറിൽ ഒപ്പിട്ടിരിക്കുന്നത്. 250 കോടി രൂപയുടെ ഇടപാടാണ് ഇതുവഴി നടത്താൻ ശ്രമിക്കുന്നത്. പൈതൃക പാരമ്പര്യമുള്ള ട്രാവൻകൂർ ഹൗസും അതിനോട് ചേർന്നുള്ള എട്ടേക്കർ ഭൂമിയാണ് വിൽക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് 2019-ൽ തിരുവിതാംകൂർ രാജകുടുംബം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ അന്ന് സംസ്ഥാനസർക്കാർ വ്യക്തമാക്കിയത് ട്രാവൻകൂർ ഹൗസിന്റെ ഉടമസ്ഥാവകാശം സംസ്ഥാനസർക്കാറിന് തന്നെയാണെന്നായിരുന്നു.

ഈ തർക്കം നിലനിൽക്കുന്നതിനിടയ്ക്കാണ് തിരുവിതാംകൂർ രാജകുടുംബം ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ട്രാവൻകൂർ ഹൗസ് വിൽക്കാനുള്ള കരാറുണ്ടാക്കിരിക്കുന്നത്. ഈ കരാറിൽ പറഞ്ഞിരിക്കുന്നത് കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ അനുമതി വാങ്ങുന്ന മുറയ്ക്ക് ഇടപാട് നടക്കുമെന്നാണ്. ഇതിന് പിന്നിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളിയായ ബിസിനസ്സുകാരനും പങ്കുണ്ട്. ഇയാളുടെ ഇടനിലയിലാണ് സർക്കാരിലെ ചിലരുമായി ഒത്തൂതീർപ്പുണ്ടാക്കുന്നത്. കോടതിയിലെ കേസിൽ തോറ്റ് വസ്തുവും കൊട്ടാരവും രാജകുടുംബത്തിന് കൈമാറുന്ന തലത്തിലാണ് ഇടപാടുകൾ നടക്കുന്നത്. ഇതിന് പിന്നിൽ കോടികളുടെ അഴിമതിയയ്ക്കാണ് കളമൊരുങ്ങുന്നത്.

രാജ്യ തലസ്ഥാനത്തെ കസ്തൂർബാ ഗാന്ധി മാർഗിലുള്ള ട്രാവൻകൂർഹൗസ് 8.195 ഏക്കറും കോപർ നിക്കസ് മാർഗിലുള്ള കപൂർത്തല പ്ലോട്ട് 6.104 ഏക്കറുമാണ്. ഒന്നായി കിടന്ന ഭൂമി 1973 ലാണ് രണ്ടാകുന്നത്. തിരുവിതാംകൂർ രാജാവിന്റെ വസതിയായിരുന്നു ട്രാവൻകൂർ ഹൗസ്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്നുള്ള ഭൂമിയുടെ അവകാശം രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാന സർക്കാരിനു കൈമാറിയത്. നേരത്തെ കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയുടെ കൈവശകാശം മാത്രമാണ് സംസ്ഥാന സർക്കാരിനുള്ളതെന്നാണ് അവകാശവാദം. ഇക്കാര്യം ചൂണ്ടികാട്ടി കൊട്ടാരം പ്രതിനിധി ആദിത്യ വർമയാണ് ദേശീയ ലാന്റ് ഡെവലപ്മെന്റ് ഓഫിസറെ സമീപിച്ചത്. എന്നാൽ ഇപ്പോൾ കരാറിൽ ഒപ്പിടുന്നത് വേണുഗോപാൽ വർമ്മയും.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കേന്ദ്ര സർക്കാർ ആരാഞ്ഞു. നിയമോപദേശത്തിനു ശേഷം കേന്ദ്ര സർക്കാരിനു മറുപടി നൽകുകയായിരുന്നു സംസ്ഥാന സർക്കാർ. ഇത് അനുകൂലമാണെന്നാണ് സൂചന. അനുകൂലമല്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കാൻ കൊട്ടാരം തീരുമാനിച്ചിട്ടുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ചില രാജകുടുംബത്തിന് എതിരായിരുന്നു നിലപാടുകൾ. ശംഖുമുഖം കൊട്ടാരവും കനകക്കുന്ന് കൊട്ടാരവുമൊക്കെ നേരത്തേ തിരുവിതാംകൂർ രാജകുടുംബത്തിന്റേതായിരുന്നു. അതൊക്കെ തിരിച്ചു ചോദിച്ചാൽ എന്തു ചെയ്യുമെന്നും കടകംപള്ളി ചോദിച്ചു. ഏതു സാഹചര്യത്തിൽ ആണ് രാജകുടുംബം ഉടമസ്ഥാവകാശം ഉന്നയിച്ചത് എന്ന് മനസിലാകുന്നില്ലെന്നും കടകംപള്ളി 2019ൽ പ്രതികരിച്ചിരുന്നു.

1916ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് ഏക്കറിന് 1800 രൂപ നിരക്കിലാണ് ട്രാവൻകൂർ ഹൗസ് സ്ഥിതി ചെയ്യുന്ന 8 ഏക്കർ ഭൂമി വാങ്ങിയത്. കപൂർത്തല മഹാരാജാവിൽ നിന്ന് ശ്രീചിത്രതിരുനാൾ മഹാരാജാവ് 1936ൽ 6 ഏക്കർ ഭൂമി 11000 രൂപക്ക് വാങ്ങിയെന്നും രാജകുടുംബം പറയുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനിക ആവശ്യങ്ങൾക്കായി ഈ രണ്ട് ഭൂമിയും വിട്ടുകൊടുത്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ സ്ഥലത്ത് പല കെട്ടിടങ്ങളും ഉയർന്നു. 1988ൽ സുപ്രീംകോടതി 3.88 ഏക്കറിന്റെ കൈവശാവകാശം സംസ്ഥാന സർക്കാരിന് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാൽ 2011ലും 2014ലും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ഈ ഭൂമിയിലുള്ള നിർമ്മാണ അപേക്ഷകൾ തള്ളിയിരുന്നു.

ഈ സാഹചര്യത്തിലാണ്, കൈവിട്ടുപോയ ഭൂമി തിരികെ പിടിക്കാൻ തിരുവിതാംകൂർ രാജകുടുംബം നീക്കം ശക്തമാക്കിയത്. 1967ൽ കേരള എഡ്യൂക്കേഷൻ സൊസൈറ്റിക്ക് കൈമാറിയ 2.16 ഏക്കർ ഒഴികെയുള്ള ഭൂമി തിരികെ വേണമെന്നാണ് ആവശ്യം. വിവിധ സർക്കാർ ഏജൻസികളിൽ നിന്നും നാഷണൽ ആർക്കൈവ്സിൽ നിന്നും ലഭിച്ച രേഖകൾ അനുസരിച്ച് സംസ്ഥാന സർക്കാരിന് ഭൂമിയിൽ കൈവശാവകാശം മാത്രമേയുള്ളുവെന്ന് വ്യക്തമായി. കേന്ദ്ര ലാന്റ് ഡവലപ്മെന്റ് ഓഫീസർക്ക് ആദിത്യവർമ്മ നൽകിയ കത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാജകുടുംബത്തിന്റെ കത്തിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം കേന്ദ്രം തേടിയിട്ടുണ്ട്. 100 വർഷത്തോളം പഴക്കമുള്ള ഭൂമി ഇടപാടുകൾ ഉൾപെട്ടതിനാൽ ഈ അവകാശ തർക്കം ഏറെ നീളാനാണ് സാധ്യത.

ലഭ്യമായ രേഖകൾ അനുസരിച്ച് സംസ്ഥാന സർക്കാരിന് കെട്ടിടത്തിന്റെയും ഭൂമിയുടെയും കൈവശാവകാശം മാത്രമാണുള്ളതെന്നും പട്ടയരേഖകൾ ലഭിക്കാൻ നടപടിയുണ്ടാകണമെന്നുമാണ് ഹൗസിങ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിനു കൊട്ടാരം നൽകിയ നിവേദനത്തിൽ പറഞ്ഞിരുന്നത്. രണ്ടു സ്ഥലങ്ങളുടെയും രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടായിരുന്നു ആദിത്യവർമ്മ ആദ്യകത്ത് അയച്ചത്. രേഖകളുടെ പകർപ്പ് കേന്ദ്രം കൈമാറി. ഈ രേഖകൾ പരിശോധിച്ചപ്പോൾ സംസ്ഥാന സർക്കാരിനു കൈവശാവകാശം മാത്രമാണുള്ളതെന്നു ബോദ്ധ്യപ്പെട്ടതായി ലാൻഡ് ഡെവലപ്‌മെന്റ് ഓഫീസർ അമിത് ഘട്ടാരിയയ്ക്ക് അയച്ച രണ്ടാമത്തെ കത്തിൽ പറയുന്നു.

തുടർന്നാണ് പട്ടയം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതിലാണ് കേരളത്തോട് കേന്ദ്രം നിലപാട് ആരാഞ്ഞത്. രാജകുടുംബം കോടതിയിൽ പോകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അത് തിരികെ കൊടുക്കാനുള്ള നീക്കമെന്നാണ് സൂചന. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP