Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷാവേസിന്റെ വെനിസ്വേലയിൽ വിലക്കയറ്റം ആയിരം ശതമാനം! ലെബനനിലും സുഡാനിലും 200 ശതമാനം; സിറിയയിയും തുർക്കിയിലും 100 ശതമാനം; ചൈനയിൽ ബാങ്കുകൾ പൊളിയുന്നു; അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും മാന്ദ്യമെത്തുന്നു; ചായക്ക് ഗതിയില്ലാതെ പാക്കിസ്ഥാൻ; പിടിച്ചു നിന്ന് അത്ഭുതമായി ഇന്ത്യ; ലോകം സാമ്പത്തിക സൂനാമിയിലേക്കോ?

ഷാവേസിന്റെ വെനിസ്വേലയിൽ വിലക്കയറ്റം ആയിരം ശതമാനം! ലെബനനിലും സുഡാനിലും 200 ശതമാനം; സിറിയയിയും തുർക്കിയിലും 100 ശതമാനം; ചൈനയിൽ ബാങ്കുകൾ പൊളിയുന്നു; അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും മാന്ദ്യമെത്തുന്നു; ചായക്ക് ഗതിയില്ലാതെ പാക്കിസ്ഥാൻ; പിടിച്ചു നിന്ന് അത്ഭുതമായി ഇന്ത്യ; ലോകം സാമ്പത്തിക സൂനാമിയിലേക്കോ?

എം റിജു

രു പത്തുവർഷം മുമ്പത്തെ കാര്യമെടുത്താൽ, ഇന്ന് ചങ്കിലെ ചൈനയേക്കളും സ്നേഹമായിരുന്നു, കേരളത്തിലെ ഇടത് അനുഭാവികൾക്ക് വെനിസ്വേലയെന്ന ലാറ്റിൻ അമേരിക്കൻ രാജ്യത്തോട്. ഹ്യുഗോ ഷാവേസ് എന്ന കമ്യൂണിസ്റ്റ് നേതാവ് നടപ്പാക്കിയ നേട്ടങ്ങളുടെയും, അമേരിക്കയെ വിറപ്പിച്ചതിന്റെയുമൊക്കെ, കഥകൾ മാത്രമായിരുന്നു എവിടെയും. പക്ഷേ ഇന്ന് അതേ വെനിസ്വേലയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുക. വിലക്കയറ്റം ആയിരം ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് നിങ്ങൾ ഒരു കിലോ അരി അമ്പതുരൂപക്ക് വാങ്ങിയിരുന്നെങ്കിൽ ഇന്ന് അതിന് അയ്യായിരം രൂപ കൊടുക്കണമെന്ന് ചുരുക്കം. ഇത് വെനിസ്വേലയുടെ മാത്രം കഥയല്ല. കോവിഡും യുക്രൈൻ യുദ്ധവും വന്നതോടെ ലോകത്തിലെ നിരവധി രാജ്യങ്ങളുടെ നേരത്തെയുള്ള സാമ്പത്തിക പ്രതിസന്ധി കൂനിൽമേൽ കുരുവെന്നപോലെ വർധിച്ചിരിക്കയാണ്. അർജന്റീനയിലൊക്കെ കടകളിൽ വില നിലവാരംപോലും പ്രദർശിപ്പിക്കാൻ കഴിയില്ല എന്നാണ് ബിബിസി ഈയിടെയും റിപ്പോർട്ട് ചെയ്തത്. പൊള്ളുന്ന വിലക്കയറ്റം കാരണം, ഇന്നലത്തെ വിലയായിരിക്കില്ല ഇന്ന്. നാലു കോടിയിലധികം ജനസംഖ്യയുള്ള ഈ രാജ്യത്ത് ഹോട്ടലുകളിൽ വിലനിലവാരം പ്രദർശിപ്പിക്കുന്നതു തന്നെ നിർത്തി. മിക്കവാറും എന്നും കൂടുന്ന വിലയായതുകൊണ്ടാണ് ഇത്.

അർജന്റീനയിലെ വിലക്കയറ്റം 100 ശതമാനമാണ്. യൂറോപ്പിന്റെയും ഏഷ്യയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന തുർക്കിയിലും വിലക്കയറ്റം 100 ശതമാനമാണ്. ഇങ്ങനെ വില കൂടുമ്പോഴാണ്, തുർക്കി ഭരണാധികാരി എർദോഗാൻ ഇസ്ലാമിക നിയമപ്രകാരം പലിശ വാങ്ങാൻ ആവില്ല എന്ന് പറഞ്ഞ് റിപ്പോ നിരക്ക് കുറച്ചത്. അതോടെ രാജ്യം ഒന്നും കൂടി പ്രതിസന്ധിയിൽ ആയി എന്ന് പറയേണ്ടല്ലോ. ലെബനൻ (200%), സുഡാൻ (200%), സിറിയ (100%) എന്നിവയും ഹൈപ്പർ ഇൻഫളേഷൻ നേരിടുന്ന രാജ്യങ്ങളാണ്. കറൻസിക്ക് ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന രീതിയിൽ വിലയിടിഞ്ഞ സിംബാബവേയുടെയൊക്കെ കഥ നാം നേരത്തെ വായിച്ചതാണ്. കലാപമുണ്ടായ ശ്രീലങ്കയുടെ പണപ്പെരുപ്പം 40 ശതമാനമാണ്. അപ്പോൾ മറ്റുള്ളവരുടെ അവസ്ഥ ഓർത്തുനോക്കണം.

പക്ഷേ ഇപ്പോഴിതാ പണപ്പെരുപ്പവും, മാന്ദ്യവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുകയാണ്. ചൈനയും, ബ്രിട്ടനും, അമേരിക്കയും, യൂറോപ്പിലുമെല്ലാം പണപ്പെരുപ്പത്തിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ വിലക്കയറ്റം അതിരൂക്ഷമായി തുടരുന്നു. 30കൾക്ക് സമാനമായ ആഗോള മാന്ദ്യ ഭീഷണിയിലൂടെയാണ് ലോകം കടന്നുപോകുന്നത് എന്ന് ബ്ലൂബർഗ് അടക്കമുള്ള ക്രെഡിറ്റ് റേറ്റിങ്ങ് ഏജൻസികളും, ഐഎംഎഫും മുന്നറിയിപ്പ് നൽകുന്നു. കോവിഡും യുക്രൈൻ യുദ്ധവും ഒപ്പം നേരത്തെയുള്ള കടവും കൂടിയായപ്പോൾ ലോകം മറ്റൊരു മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് സംശയമുണ്ട്. ഇതിനിടിയിൽ പിടിച്ചുനിന്ന് ഇന്ത്യ ഒരു അദ്ഭുദവും ആവുകയാണ്.

യുഎസിലും യൂറോപ്പിലും വിലക്കയറ്റം

അമേരിക്കയിലും യൂറോപ്പിലും ബ്രിട്ടനിലും ഏകദേശം 40 കൊല്ലത്തിനിടയ്ക്ക് കണ്ട ഏറ്റവും ഉയർന്ന തോതിലുള്ള പണപ്പെരുപ്പമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. വളർച്ചാനിരക്കിന്റെ നാലോ അഞ്ചോ മടങ്ങാണ് വിലക്കയറ്റത്തിന്റെ തോത്. അമേരിക്കയിൽ സാധാരണ വളർച്ച നിരക്ക് 2-3 ശതമാനമാണെങ്കിൽ വിലക്കയറ്റം എട്ടു ശതമാനമാണ്. യൂറോപ്പിൽ വിലക്കയറ്റം 10 ശതമാനവും. അതായത്, വളർച്ചയുടെ അഞ്ചു മടങ്ങ്. ബ്രിട്ടനിലും സ്ഥിതി വ്യത്യസ്തമല്ല. ആഗോള ഉത്പാദനത്തിന്റെ 50 ശതമാനം കൈയാളുന്ന മേഖലയാണ് അമേരിക്ക, യൂറോപ്പ്, ബ്രിട്ടൻ അടങ്ങുന്ന പ്രദേശം. അഭൂതപൂർവമായ ഈ പണപ്പെരുപ്പം നേരിടാൻ പലിശ നിരക്ക് പെട്ടെന്നു തന്നെ കൂട്ടി കടുത്ത സാമ്പത്തിക ഞെരുക്കലിന്റെ പാതയിലാണ് ഈ രാജ്യങ്ങളെല്ലാം. മിക്കവാറും പൂജ്യം എന്ന നിലവാരത്തിൽ നിന്നാണ് തുടർച്ചയായുള്ള പലിശ വർധനയുടെ ഒരു പരമ്പര തന്നെ തുടങ്ങിയത്. മാത്രവുമല്ല, പണപ്പെരുപ്പം മെരുങ്ങുന്നതുവരെ ഈ നയം തുടരുമെന്ന് ഈ രാജ്യങ്ങൾ വ്യക്തമാക്കി കഴിഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ഈ മൂന്നു പ്രദേശങ്ങളിലും പലിശ നിരക്ക് പെട്ടെന്നും കുത്തനെയും ഉയരുമ്പോൾ അത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വിദേശ വിനിമയ മൂല്യശോഷണത്തിന്റെ പ്രശ്‌നമായി വരും. കാരണം പലിശനിരക്ക് കൂടുന്നതുമൂലം വിദേശ നിക്ഷേപകർ നമ്മുടെ വിപണിയിൽ നിന്നും മറ്റും പിൻവലിച്ച് പണം അങ്ങോട്ടു കൊണ്ടുപോകും. രൂപയുടെ വില ഇടിയുകയല്ല, ഡോളർ ശക്തിപ്പെടുകയാണ് എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത് വെറും ട്രോൾ ആയിട്ട് കാണേണ്ട കാര്യമില്ല.

പക്ഷേ, ഇതിനോടൊപ്പം ഈ രാജ്യങ്ങളിൽ നിന്നെല്ലാം വലിയൊരു മാന്ദ്യത്തിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്. വിലക്കയറ്റവും മാന്ദ്യവും കൂടിയുള്ള ഒരു ഇരട്ട പ്രഹരം താങ്ങാനുള്ള ശക്തി ആഗോള സമ്പദ്ഘടനയ്ക്ക് ഇപ്പോഴുണ്ടോ എന്ന സംശയം ബാക്കി നിൽക്കുന്നു.

ചൈനയും പ്രതിസന്ധിയിലേക്ക്

വാളെടുത്തവൻ വാളാൽ എന്ന പ്രയോഗം ഇപ്പോൾ കമ്യുണിസ്റ്റ് ചൈനക്ക് ചേരുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്. ശ്രീലങ്കയെയും, പാക്കിസ്ഥാനെയുമൊക്കെ പണം കടംകൊടുത്ത് സഹായിച്ച് ഒടുവിൽ അവർക്ക് നിൽക്കക്കള്ളിയില്ലാതായപ്പോൾ, തുറമുഖങ്ങൾ വരെ അടിച്ചെടുക്കുകയും, നയപരമായ കാര്യങ്ങളിൽ ഇടപെട്ട് സാമന്ത രാഷ്ട്രം ആക്കുകയും ചെയ്ത ചൈനയും ഇന്ന് സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വലിയ ഇടതുപക്ഷം ആഭിമുഖ്യം കാട്ടാറുള്ള ഗാർഡിയൻ പത്രംപോലും ഇപ്പോൾ ചൈനയിലെ സാമ്പത്തിക പ്രതിസന്ധി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ചൈനയിലെ ഗോസ്റ്റ് ടൗണുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വായിച്ചാൽ അമ്പരന്നുപോവും. ഒരിടത്ത് ആയിരിക്കണക്കിന് അപ്പാർട്‌മെന്റ്കൾ ആളൊഴിഞ്ഞ്, ആരും വാങ്ങിക്കാൻ തയാറില്ലാതെ കിടക്കുന്നു. ഷാങ്ങ്ഹായിലും ബെയ്ജിങ്ങിലുമൊക്കെ വൻ ടൗൺഷിപ്പുകളാണ് ഇങ്ങനെ ആളൊഴിഞ്ഞു കിടക്കുന്നത്. ലക്ഷക്കണക്കിന് അപ്പാർട്ട്മെന്റുകളാണ് ഇങ്ങനെ വെറുതെ കിടക്കുന്നത്. ദ ബിസിനസ്് ഇൻസഡൈറിന്റെ കണക്ക് പ്രകാരം ആറരക്കോടി അപ്പാർട്ടുമെന്റുകൾ ആണ് വാങ്ങാൻ ആളില്ലാതെ വെറുതെ കിടക്കുന്നത്. ഈ ആറരക്കോടിയെന്നത് ഫ്രാൻസിന്റെ മൊത്തം ജനസംഖ്യക്ക് തുല്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വേറൊരിടത്താണെങ്കിൽ പൊതുജനത്തിൽ നിന്ന് മാസ ഗഡുക്കൾ വാങ്ങിച്ചുകൊണ്ടിരുന്നിട്ടും ലക്ഷക്കണക്കിന് അപ്പാർട്‌മെന്റുകൾ, മുഴുമിപ്പിക്കപ്പെടുന്നില്ല. കെട്ടിട പണി നടത്തേണ്ട പല കമ്പനികളും പാപ്പരായി. ഇതോടെ പ്രതിഷേധിക്കാൻ അവകാശങ്ങളില്ലാത്ത ജനത സോഷ്യൽ മീഡിയകളിലൂടെ സംഘടിച്ച് പ്രതിഷേധിക്കയാണ്. മാസ ഗഡുക്കൾ ഇവർ അടക്കാതിരിക്കയാണ്. റിപ്പോർട്ടുകൾ പറയുന്നത് 8,70,000 പേർ മാസ ഗഡുക്കൾ അടക്കുന്നത് നിർത്തി എന്നാണ്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയെ മാത്രമല്ല ബാങ്കിങ് വ്യവസ്ഥയെയും സാരമായി ബാധിക്കയാണ്. പ്രതിസന്ധി രൂക്ഷമായതോടെ ഇപ്പോൾ ചൈനീസ് ഭരണകൂടം ഇടപെട്ട് കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കയാണ്.

അതുപോലെ പ്രാദേശകി ബാങ്കുകൾ പാപ്പർ ആയതും ചൈനയിൽ വൻ പ്രതിസന്ധിയുണ്ടാക്കി. കഴിഞ്ഞമാസം ജനം തെരുവിൽ ഇറങ്ങിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനെ നേരിടാൻ, ചൈനീസ് നഗരങ്ങളിൽ ആർമി ടാങ്കുകൾ ഇറങ്ങിയതിന്റെ ചിത്രങ്ങൾ വന്നു തുടങ്ങുന്നുണ്ട്. 1989ലെ കുപ്രസിദ്ധമായ ടിയാന്മെൻ സ്‌ക്വയർ കൂട്ടക്കൊലക്ക്ശേഷം ആദ്യമായാണ് ചൈനീസ് ടാങ്കുകൾ നഗരങ്ങളിൽ ഇറങ്ങുന്നത്. ഇത് ഒരുപക്ഷേ ഒറ്റപ്പെട്ട സംഭവം ആയിരിക്കാം. പക്ഷെ പ്രതിഷേധങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ള ചൈനയിൽ ഇങ്ങനെ സംഭവിക്കയാണെങ്കിൽ ജനം എത്രമാത്രം ബുദ്ധിമുട്ടിയിരിക്കണം എന്നാണ് വിദേശമാധ്യമങ്ങൾ ചോദിക്കുന്നത്. പൗരന്മാർ കഷ്ടപ്പെട്ട് സ്വരൂപിച്ചു ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന തുക കിട്ടാനാണ് ഈ സാഹസം എന്നോർക്കണം. പലരുടെയും ജീവിത സാമ്പാദ്യം ബാങ്കിൽ ചെന്നാൽ ലഭ്യമല്ല. ചില ബാങ്കുകൾ പാപ്പരായി. പല ചൈനീസ് ലോക്കൽ ഗവർന്മെന്റ്കളും പാപ്പരാണത്രെ. പക്ഷേ ചൈനയിൽനിന്ന് ഒരിക്കലും നിങ്ങൾക്ക് ഇതിന്റെ യഥാർഥ കണക്ക് കിട്ടില്ല. കരുവന്നൂർ മോഡലിൽ വ്യാജ വായ്‌പ്പകൾ കൊടുത്താണ് ബാങ്കുകൾ പാപ്പർ ആയത്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ തുടങ്ങിയ പ്രതിസന്ധി പതുക്കെ മറ്റ് മേഖലയിലേക്കും വ്യാപിക്കയാണ്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ചൈനീസ് ടെക് സ്ഥാപനമായ ആലിബാബ പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു. വ്യക്തമായി പറഞ്ഞാൽ ജൂൺ പാദത്തിൽ ടെക് കമ്പനി 9,241 ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെയുള്ള പിരിച്ചുവിടലിലൂടെ ആലിബാബയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 245,700 ആയി കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

അതേസമയം ഇപ്പോഴത്തെ ചില പ്രശ്നങ്ങൾ മൂലം ചൈനീസ് സമ്പദ് വ്യവസ്ഥയാകെ തകർന്നു എന്ന് പറയുന്നതിലും കഥയില്ല. ഇപ്പോഴും ഡോളർ റിസർവ് ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ള രാജ്യമാണ്് ചൈന. ചൈനക്ക് ഡോളർ തിരിച്ചടവ് പ്രതിസന്ധിയില്ല. ഡോളർ ലഭ്യതക്കുറവുമില്ല. മുപ്പത് ട്രില്യൺ ഡോളർ റിസേർവ് അവർക്കുണ്ട്.

പ്രതിസന്ധി പരിഹരിക്കാൻ അടിസ്ഥാന സൗകര്യവികസനത്തിനും ഈരംഗത്തെ നിക്ഷേപത്തിനും ബാങ്കുകളെ പ്രേരിപ്പിക്കാൻ ചൈനാ സർക്കാർ ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ ഒടുവിൽ പ്രഖ്യാപിച്ച 300 ബില്യൺ യുവാൻ പദ്ധതിക്കു പുറമെയാണിത്. അടിസ്ഥാന സൗകര്യ വികസന മേഖലയെ സഹായിക്കുന്നതിന്റെ ഭാഗമായി സർക്കാറുടമയിലുള്ള ഊർജോത്പാദന കമ്പനികളോടും പ്രാദേശിക ഭരണകൂടങ്ങളോടും ബോണ്ടു വിൽപന നടത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.


മറ്റ് 69 രാജ്യങ്ങളും കുഴപ്പത്തിലേക്ക്

ഈ സാമ്പത്തിക സൂനാമിയിൽനിന്ന് മറ്റ് രാജ്യങ്ങൾക്കും രക്ഷപ്പെടാൻ കഴിയില്ല. വേൾഡ് ബാങ്ക് റിപ്പോർട്ട് പറയുന്നത് ഇനിയൊരു പന്ത്രണ്ടു രാജ്യങ്ങൾ കൂടി അടുത്തുതന്നെ സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുമെന്നും, 69 രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നുമാണ്. വരും മാസങ്ങളിൽ വർഷങ്ങളിൽ എത്ര രാജ്യങ്ങളിൽ ജനം തെരുവിലിറങ്ങും എത്ര രാജ്യങ്ങളിൽ ഭരണകൂടത്തിനെതിരെ പ്രക്ഷോഭമുണ്ടാവും, എത്ര രാജ്യങ്ങളിലെ ജനാധിപത്യ വ്യവസ്ഥ പരാജയപ്പെടും എന്നത് കണ്ടുതന്നെ അറിയണം.

ശ്രീലങ്കൻ സാമ്പത്തിക തകർച്ചക്ക് സമാനമായ അവസ്ഥയിൽ എത്തിനിൽക്കുന്ന രാജ്യങ്ങളുടെ പട്ടിക നീണ്ടതാണ്. ലെബനൻ, സുരിനാം ,ഘാന, സാംബിയ, പാക്കിസ്ഥാൻ, കമ്പോഡിയ, ലാവോസ്, നവ ലിബറൽ നയങ്ങൾ തൊടാത്ത , ക്യാപിറ്റലിസ്റ്റ് അല്ലാത്ത ക്യൂബ, തുർക്കി, കെനിയ, അർജന്റീന, ഇക്വഡോർ, ഈജിപ്ത് നിര നീണ്ടതാണ്. അവിടം വിലക്കയറ്റത്തിന്റെ പിടിയിലാണ്. തൊഴിലില്ലായ്മയും ജീവിതനിലവാര തകർച്ചയും പ്രകടമാണ്.

ഐഎംഎഫിന്റെ സഹായം കിട്ടുമ്പോൾ ഇതിലെ ചില രാജ്യങ്ങൾ പാക്കിസ്ഥാൻ, ഈജിപ്ത്, എന്നിവ വീഴാതെ മുന്നോട്ടുപോകുമായിരിക്കും. ലെബോണനിലും ഈജിപ്തിലും ഘാനയിലും തുർക്കിയിലും മൊക്കെ ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ എങ്ങനെയായിരിക്കും കാര്യങ്ങൾ എന്ന് കണ്ടറിയാം. സിംബാബ്വേയിൽ അങ്ങനെ സംഭവിക്കാൻ ഇടയില്ല. കാരണം തലമുറകളായി അവർ ഹൈ ഇൻഫ്‌ളേഷനിലാണ് ജീവിക്കുന്നത്. അവർ അവരുടെ 'ശനിദശ' യുമായി വർഷങ്ങളായി പൊരുത്തപ്പെട്ടാണ് ജീവിക്കുന്നത്. സിംബാബ്‌വെയിലെ ഹൈപ്പർ ഇൻഫ്ളേഷൻ പതിയെ കുറഞ്ഞു തുടങ്ങിയതാണ് എന്നാൽ ഇപ്പോൾ തിരിച്ചു 130 ശതമാനത്തിലേക്ക് പോയിരിക്കുന്നു.


വമ്പൻ ബാങ്കുകൾ ഉലയുന്നു?

കൂനിന്മേൽകുരു പോലെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ സ്വിറ്റ്സർലൻഡിലെ 'ക്രെഡിറ്റ് സ്യൂസ്' ആടിയുലയുന്നത്. 2008-ലെ 'ലേമാൻ ബ്രദേഴ്‌സ്' തറപറ്റിയതു പോലെയാവില്ല ഈ ബാങ്കിന്റെ സ്ഥിതി എന്ന് പരക്കെ വിശ്വാസം ഉണ്ടെങ്കിലും അന്താരാഷ്ട്രതലത്തിൽ വളരെ ആശങ്കയ്ക്ക് വക നൽകിയിട്ടുണ്ട് ഈ സ്വിസ് ബാങ്കിന്റെ 'ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ്' വിഭാഗത്തിലെ പ്രവർത്തനങ്ങൾ. വലിയ നഷ്ടം നികത്താനായി സ്വിസ് സർക്കാരിന്റെ സഹായമോ അല്ലെങ്കിൽ ലയനമോ തന്നെ വേണ്ടിവരും എന്നാണ് വിപണി കണക്കാക്കുന്നത്. ബാങ്കിന്റെ ഓഹരിവില ഏകദേശം 75 ശതമാനത്തോളം കൂപ്പുകുത്തി.

ഇതേ അവസ്ഥയിലാണ് കുറേ വർഷങ്ങളായി നഷ്ടത്തിൽ ഓടുന്ന ജർമനിയിലെ 'ഡോയ്ഷ് ബാങ്ക്'. ഒരു ബാങ്കിന്റെ പ്രശ്‌നം സാധാരണ സാമ്പത്തിക മേഖലയിൽ അതിന്റെ മാത്രം പ്രശ്‌നമായി അവസാനിക്കാറില്ല. പരസ്പര ബന്ധിതമായ ബാങ്കിങ് മേഖലയിൽ ഏതെങ്കിലും ഒരു സ്ഥാപനം തകർന്നാൽ അതിന്റെ പ്രത്യാഘാതം ദൂരവ്യാപകമാവും. അതുകൊണ്ടുതന്നെ ഈ ബാങ്കുകളെല്ലാം സ്വകാര്യ മേഖലയിൽ ആണെങ്കിലും, അന്തിമമായി സർക്കാരുകളാവും അവയുടെ രക്ഷക്കെത്തുക. ആ ഒരു വിശ്വാസമാണ് ഇപ്പോൾ വിപണിയെ നയിക്കുന്നതും.


കോവിഡും യുദ്ധവും പിന്നെ കടവും

ഇപ്പോൾ ലോകത്ത് കാണുന്ന സാമ്പത്തിക പ്രതിസന്ധികളുടെ അടിസ്ഥാന കാരണങ്ങൾ യൂക്രൈൻ യുദ്ധം മാത്രമല്ല. അത് ഒരു കാരണം മാത്രമാണ്. കടത്തിൽമേൽ കടം എന്ന രീതിയിൽ ലോകരാജ്യങ്ങൾ ഉണ്ടാക്കിവെച്ച ബാധ്യതക്കൊപ്പമാണ് കോവിഡും, യുദ്ധവും സൃഷ്ടിച്ച മാന്ദ്യംകൂടി വരുന്നത്. തോന്നിയപോലെ പണം അടിച്ചുകൂട്ടിയതിന്റെ പ്രശ്നം അമേരിക്കയ്ക്ക് അടക്കമുണ്ട്. ഇതൊക്കെ പക്ഷെ ഭാവിയിൽ ഒരുനാൾ തിരിച്ചടക്കേണ്ട കടങ്ങളായി കിടക്കുമെന്ന് ആരും ഓർത്തില്ല. ലോകരാഷ്ട്രങ്ങളെല്ലാം ചേർന്ന് ഉണ്ടാക്കിയെടുത്ത ഈ വൻ കടക്കൂമ്പാരമാണ് സാമ്പത്തിക സൂനാമി ഭീയി ഉയർത്തുന്നത്. മാനവരാശിയുടെ പുരോഗതിയെ ദശാബ്ദങ്ങളോളം മുരടിപ്പിക്കുന്ന കട ബാധ്യതകൾ ലോക പ്രമുഖ രാഷ്ട്രങ്ങളെല്ലാം തന്നെ വരുത്തിവെച്ചിരിക്കുന്നു.

കടമെടുപ്പ് സൗകര്യങ്ങൾ രാഷ്ട്ര വികസനത്തിന് എന്ന പ്രധാന ലക്ഷ്യത്തിൽ നിന്ന് തെറ്റി പോപ്പുലിസത്തിന് വഴിമാറിയിരിക്കുന്നു. കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങളായി ഇതിനൊരു അപകടകരമായ മാനം ഉണ്ടായിരിക്കുന്നു. എല്ലാ രാജ്യങ്ങളും, വികസിത ജനാധിപത്യങ്ങൾ മാത്രമല്ല, അവികസിതവും, ഏകാധിപത്യ സ്വഭാവമുള്ള രാജ്യങ്ങളും, കമ്മ്യൂണിസ്റ്റ് സ്വഭാവമുള്ള രാജ്യങ്ങളും ഈ കലാപരിപാടി നടപ്പാക്കുന്നു. ഫലം ലോകമാകെ ഇന്ന് വലിയൊരു കടക്കൂമ്പാരത്തിനു മുകളിലാണ്് 2008 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഇത് ഭരണാധികാരികളുടെ നിയന്ത്രണങ്ങളിൽ നിൽക്കാത്ത ഭീമാകാരമായ രൂപമായി മാനവരാശിക്ക് മുകളിൽ നിൽക്കുന്നു.

നമ്മൾ പത്രങ്ങളിൽ വായിക്കാറുള്ള അമേരിക്കയുടെ ദേശീയ ഋണ ഘടികാരം ( നാഷണൽ ഡെബ്റ്റ് ക്ലോക്ക്) നോക്കുക. ന്യൂയോർക്ക് നഗരത്തിൽ അമേരിക്കക്കാരെ നിരന്തരം ഓർമിപ്പിക്കാൻ ഓരോ അമേരിക്കക്കാരനും എത്രമേൽ കടത്തിലാണ് എന്ന് നിരന്തരം ഓർമ്മിപ്പിക്കാൻ സ്ഥാപിച്ചിട്ടുള്ളതാണത്. അമേരിക്കയുടെ പൊതുകടം 2.7ട്രില്യൺ ഡോളർ ആയിരുന്നപ്പോൾ 1989 ൽ സ്ഥാപിച്ചതാണത്. ഇപ്പോൾ ആ ഡിജിറ്റൽ ഡിസ്പ്ലൈക്ക് അക്കങ്ങൾ തികയാതെ വരികയും ആ ഘടികാരത്തെ മാറ്റി പുനഃസ്ഥാപിക്കുകയും ചെയ്യേണ്ട അവസ്ഥയിലെത്തി. ഇന്ന് അമേരിക്കയുടെ പൊതുകടം 30 ട്രില്യൺ ഡോളർ കടന്നു നിൽക്കുന്നു. ഈ ട്രില്യൺ എന്നൊക്കെ പറഞ്ഞാൽ ഒരേകദേശ രൂപം ഉണ്ടാക്കിയെടുത്തെങ്കിലേ കാര്യങ്ങളുടെ ഗൗരവം മനസ്സിലാവുകയുള്ളു.

ചുരുക്കിപ്പറഞ്ഞാൽ ഈ കടം, 30 ട്രില്യൺ, ഒരു കാലത്തും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കൻ സർക്കാരിന് അടച്ചു തീർക്കാൻ കഴിയില്ല. അതാണ് അതിന്റെ ഒരു തോത്. ബ്രിട്ടന്റെ കടം 9 ട്രില്യൺ ഡോളർ, ചൈനയുടേത് 13 ട്രില്യൺ തുടങ്ങി ഫ്രാൻസ് ജർമനി ജപ്പാൻ കാനഡ ഗ്രീസ് ബ്രസീൽ ഇറ്റലി എന്നിങ്ങനെ ലോകത്തെ എല്ലാ പ്രമുഖ രാഷ്ട്രങ്ങളും, മൂന്നാം ലോക രാഷ്ട്രങ്ങളും കടക്കൂമ്പാരത്തിലാണ്. അതുകൊണ്ടാണ് ഇതെല്ലാം ചേർന്ന് ഒരു സാമ്പത്തിക സൂനാമിയിലേക്ക് പോകുമോ എന്ന ആശങ്ക നിലനിൽക്കുന്നത്.

30കൾക്ക് സമാനമായ അവസ്ഥ

1930 കളിലെ ദ ഗ്രേറ്റ് ഡിപ്രഷന് സാമ്പത്തിക അവസ്ഥ ഉണ്ടാകുമെന്ന് പലരും പറയുന്നു. 2008 ലെ പ്രതിസന്ധിയല്ല. 1930നു സമാനമായ അവസ്ഥയാണ് ഭയപ്പെടുന്നതെന്ന് ന്യയോർക്ക് ടൈംസ് പോലുള്ള പത്രങ്ങൾ പറയുന്നു. സാമ്പത്തിക മാന്ദ്യതകൾ ക്യാപിറ്റലിസത്തിലെ ഒരു അവിഭാജ്യ ഭാഗമാണ്. അതൊരു ഇടവിട്ട് ഇടവിട്ട് വരാറുള്ള ഒരു പ്രതിഭാസമാണെന്ന് പറയാം. ഉദാഹരണമായി 1969 -1970 കളിൽ അമേരിക്കയിൽ റിസെഷൻ ഉണ്ടായി. 1973- 1975 ൽ ഉണ്ടായി, 1981- 1982 ൽ റിസെഷൻ ഉണ്ടായി, 2001 ൽ ഉണ്ടായി. 2008 ലെ വൻ പ്രതിസന്ധി എല്ലാവർക്കും അറിയാവുന്നതാണ്. 2020- 21 വീണ്ടും ഒരു റിസെഷൻ ഉണ്ടായി. അത് പക്ഷെ കോവിഡിന്റെ ചുമലിൽ വെച്ച് നമ്മളൊക്കെ സമാധാനിച്ചു. റിസെഷൻ എന്ന് വച്ചാൽ അത്രക്ക് അങ്കലാപ്പോടെ കാണേണ്ട കാര്യമില്ല. ഇവിടെ ഇക്കാര്യത്തെ കുറിച്ച് ഒരു സാമ്പത്തിക വിദഗ്ദ്ധൻ പറഞ്ഞതെന്തെന്നാൽ, വ്യക്തികൾക്ക് ഉറങ്ങുക ഉണരുക എന്നതുപോലെ സാമ്പത്തിക സിസ്റ്റത്തിന് റിസെഷൻ ഇടക്ക് ഒരു ആവശ്യമാകുന്നു ്എന്നാണ്.

പക്ഷേ 1930 ലേത് സാമ്പത്തിക പ്രതിസന്ധി എന്ന വാക്കിൽ ഒതുങ്ങില്ല. അതിനെ ഒരു ഇക്കണോമിക് സിസ്റ്റങ്ങളുടെ കൊളാപസ്സ് എന്നാണ് പറയേണ്ടത്. അതിനെ ദ ഗ്രേറ്റ് ഡിപ്രഷൻ എന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ വിളിക്കുന്നു. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പ് മുഴുവൻ സാമ്പത്തിക പരാധീനതകളിൽ ആയിരുന്നുവെങ്കിലും, അമേരിക്കൻ എക്കണോമി പെട്ടെന്നുതന്നെ പുനരുദ്ധരിക്കപ്പെടുകയും വളരെ വിജയകരമായി മുന്നോട്ടുപോകുകയായിരുന്നു. എങ്ങും ആത്മവിശ്വാസത്തിന്റെ സ്വരങ്ങളായിരുന്നു. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു, എല്ലാ അടുക്കളകളിലും ചിക്കനും, എല്ലാ വീട്ടുമുറ്റത്തും കാറും നമ്മൾ എത്തിക്കും. എല്ലാ വീടുകളും വൈദ്യദീകരിക്കപ്പെട്ടു. റേഡിയോ , ടെലിഗ്രാഫ് ,ടെലിഫോൺ, ഏറോപ്ലെയിൻ എന്നിങ്ങനെ അമേരിക്കയിൽ സമൃദ്ധിയുടെ കാലങ്ങളായിരുന്നു 1920 കൾ.

അവരുടെ ഷെയർ മാർക്കെറ്റ് ദിവസം തോറും മുകളിലേക്ക് പോയിക്കൊണ്ടിരുന്നു. സാധാരണക്കാർ വരെ പത്രങ്ങളിലും റേഡിയോകളിലും മാർക്കറ്റ് നിലവാരം വായിച്ചു, ശ്രദ്ധിച്ചു. ന്യൂയോർക്ക് നഗരത്തിലെ ഡ്രൈവർമാരും ഓഫീസ് ബോയ് മുതൽ വഴിയരികിലെ ഷൂ പോളിഷ് ബോയ്സ് വരെ ഷെയർ മാർക്കെറ്റ് സംസാരിക്കുന്ന കാലം. എന്നാൽ 1929 ഒക്ടോബറിൽ ഒരു ബ്ലാക്ക് തേസ്‌ഡേ ഉണ്ടായി. ഷെയർ മാർക്കെറ്റ് താഴേക്ക് വീണു തുടങ്ങി. പിന്നീട് വരുന്ന ദിവസങ്ങളിൽ ആ വീഴ്ച തുടർന്നുകൊണ്ടേയിരുന്നു. ചില ബാങ്കുകൾ ഒന്നിച്ചുചേർന്നു മാർക്കറ്റിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചില ദിവസങ്ങൾക്കുശേഷം മാർക്കറ്റിന്റെ പതനം തുടർന്നു. ഷെയർ മാർക്കെറ്റ് വില, മാർക്കെറ്റ് ക്യാപിറ്റലൈസേഷൻ, 1931 ആകുമ്പോഴേക്കും 90 ശതമാനവും ഇടിഞ്ഞു ഇല്ലാതായി. മണി ആവിയായി അപ്രത്യക്ഷമായി. ഷെയർ മാർക്കെറ്റ് നിലവാരം 1932 അവസാനമാകുമ്പോഴേക്ക് തിരിച്ചുവന്നെങ്കിലും ഉത്പാദന മാന്ദ്യത ആ ദശകം മുഴുവൻ 1939 ലെ രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലം വരെ തുടർന്നു. ( ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഉയർന്ന വിൻസ്റ്റൻ ചർച്ചിൽ ഇക്കാലത്ത് ന്യൂയോർക്ക് ഷെയർ മാർക്കെറ്റിൽ നിക്ഷേപിച്ചിരുന്നു. അദ്ദേഹത്തിന് 1929ൽ വൻ ധനനഷ്ടമുണ്ടായി; അന്നത്തെ ഒരു മില്ല്യൺ ഡോളർ നഷ്ടപ്പെട്ടുവത്രെ.).

1930 ലെ അമേരിക്കൻ സാമ്പത്തിക പ്രതിസന്ധിയെ പലരും ഒരു സ്റ്റോക്ക് മാർക്കെറ്റ് കൊളാപ്പ്‌സ് ആയാണ് മനസ്സിലാക്കിവെച്ചിട്ടുള്ളത്. എന്നാൽ അത് സ്റ്റോക്ക് മാർക്കെറ്റിൽ തുടങ്ങി അമേരിക്കൻ വ്യവസായം മുതൽ അവരുടെ കാർഷിക മേഖലയെയും അവരുടെ ജീവിത നിലവാരം വരെ എല്ലാറ്റിനെയും തകർന്നടിയിച്ച ജനജീവിതത്തെ ദുരിതമാക്കിയ ഇക്കണോമി ദുരന്തമായിരുന്നു. പത്തുലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടു. ഫാക്ടറികൾ പലതും അടച്ചുപൂട്ടപ്പെട്ടു. ഉൽപാദനം തകർന്നു. 2000 ത്തിലധികം ബാങ്കുകൾ പൊളിഞ്ഞു. ജനം തെരുവുകളിലേക്ക് എറിയപെട്ടു. അമേരിക്കക്കാരൻ കുപ്പത്തൊട്ടികളിൽ ആഹാര ശകലങ്ങൾക്കായി പരതി. അമേരിക്കകാരന്റെ പ്രശസ്ഥമായ സെൻട്രൽ പാർക്കിനകത്തു ജനം കാർഡ് ബോർഡ് പെട്ടികൾ കൊണ്ട് കുടിലുകെട്ടി താമസിച്ചു. കറുത്ത വർഗ്ഗക്കാരനെയാണ് ദുരിതം ഏറെ ബാധിച്ചത്. അല്ലെങ്കിൽ തന്നെ അവരുടെ ജോലി അടിക്കാനും തളിക്കാനും റൂം ബോയ് ആയിട്ടും ഒക്കെയായിരുന്നു. ഫാക്ടറികളിലും മറ്റും ആദ്യത്തെ ലെ ഓഫ് കറുത്തവനെയായിരുന്നു. പട്ടിണിയും ദുരിതങ്ങളുടെയും വർഷങ്ങളായിരുന്നു അത്.

വരാൻ പോകുന്ന മാസങ്ങൾ പ്രത്യേകിച്ച് 2023, വളരെ നിർണ്ണായകം ആയിരിക്കും. ലോക വ്യാപാരം, ഉൽപാദന ക്രയവിക്രയ രീതികൾ ഇനിയും തടസ്സപ്പെട്ടാൽ, കാര്യങ്ങൾ കൈവിട്ടുപോകും. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ പാക്കിസ്ഥാൻ 2023 ൽ ഡിഫോൾട്ടിലേക്ക് പോകുമെന്ന് അനുമാനിക്കപ്പെടുന്നു. എന്നുവച്ചാൽ അവർ ഇൻഫ്ളേഷൻ കയത്തിലേക്ക് ഇന്നത്തേതിലും കൂടുതലായി പതിക്കപെടും. കയറ്റുമതിയെ ആശ്രയിക്കുന്ന ബംഗ്ലാദേശ് കാരുടെ ഡോളർ വരുമാനം ബാധിച്ചുതുടങ്ങി. പല ആഫ്രിക്കൻ രാജ്യങ്ങളും കെടുതിയിലാകും. ലോകം ഇതുവരെ നേടിയിരുന്ന ജീവിത നിലവാരങ്ങൾ പുറകിലേക്ക് പോകും. ബാലമരണങ്ങൾ, ജീവിത ദൈർഘ്യം, മാതൃമരണ നിരക്ക് എല്ലാം പുറകിലേക്ക് പോകും.

ഇന്ത്യ പിടിച്ചു നിൽക്കുന്നു

ആയിരവും, ഇരുനൂറും, നുറും ശതമാനം പണപ്പെരുപ്പമുള്ള രാജ്യങ്ങൾക്കിടയിൽ വെറും
ഏഴു ശതമാനം മാത്രം പണപ്പെരുപ്പമായി ഇന്ത്യ പിടിച്ച് നിൽക്കുന്നുണ്ട്. പക്ഷേ നമുക്ക് അതുപോലും ദുസ്സഹമായി തോന്നുന്നെങ്കിൽ മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ.

ഇന്ത്യയുടെ സാമ്പത്തികസ്ഥിതി താരതമ്യേന മെച്ചത്തിലാണെന്നാണ് ഐഎംഎഫ് അടക്കമുള്ളവർ വിലയിരുത്തുന്നത്. ലോകത്തിലെ വലിയ സമ്പദ്ഘടനകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം. അസ്ഥിരത തീരെ ഇല്ലെന്നു മാത്രമല്ല ആഭ്യന്തര രംഗത്ത് പ്രതിസന്ധികളൊന്നും ഇന്ത്യ നേരിടുന്നില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ പ്രശ്‌നങ്ങളുണ്ടെങ്കിലും. ആഗോളതലത്തിൽ മാന്ദ്യത്തിന്റെ കരിനിഴലും ഉയർന്ന പലിശ നിരക്കിന്റെ തരംഗങ്ങളും കൂടിച്ചേർന്നുവന്നാലും പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. സർക്കാരിന്റെ മൊത്തം കടത്തിലെ വിദേശനാണയ കടത്തിന്റെ ചെറിയ തോത്, ഭേദപ്പെട്ട വിദേശ നാണ്യശേഖരം, കാർഷിക മേഖലയിലെ നല്ല ഉത്പാദനം, സുസ്ഥിര രാഷ്ട്രീയ നേതൃത്വം എന്നിവ ഇന്ത്യയ്ക്ക് കരുത്തേകുന്ന ഘടകങ്ങളാണ്.

പക്ഷേ ഇന്ത്യയുടെ തൊട്ട് അയൽ നാടുകളിലേക്ക് നോക്കുക. ശ്രീലങ്ക, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ എല്ലാം പ്രതിസന്ധിയിലാണ്. അടുത്തകാലം വരെ നല്ല പെർഫോമൻസ് കാഴ്ചവെച്ചിരിക്കുന്ന ബംഗ്ലാദേശ്, ഇപ്പോൾ ഫോറിൻ റിസർവ് കുത്തനെ ഇടിഞ്ഞ് കുഴപ്പത്തിലായിരിക്കയാണ്. പാക്കിസ്ഥാനിലാവട്ടെ പണമില്ലാത്തതിനാൽ, പ്രസിഡന്റിന്റെ കൊട്ടാരത്തിലെ പോത്തുകളെ തൊട്ട് മൃഗശാലയിലെ സിംഹങ്ങളെവരെ ലേലം ചെയത് വിറ്റുകഴിഞ്ഞു. ആ ഒരു സാഹചര്യത്തിലും ഇന്ത്യ മുന്നോട്ട് കുതിക്കയാണ്. പക്ഷേ നമ്മൾ പ്രത്യകിച്ച് മലയാളികൾക്ക് ഇന്ത്യ വലിയ പ്രതിസന്ധിയിലാണെന്ന് പ്രചരിപ്പിക്കാനാണ് താൽപ്പര്യം! 2008ൽെ സാമ്പത്തിക മാന്ദ്യം കാര്യമായി ബാധിക്കാതെ കടന്നുപോയതുപോലെ, 2023ലെ ആസന്നമായ പ്രതിസന്ധിയെയും ഭാരതം അതിജീവിക്കുമെന്നാണ്, സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.

വാൽക്കഷ്ണം: പാക്കിസ്ഥാനിലെ ജനങ്ങൾ ചായ കുടിക്കുന്നത് കുറക്കണമെന്ന കഴിഞ്ഞമാസം അവിടുത്തെ ആസൂത്രണ വിഭാഗം മന്ത്രി അഹ്സാൻ ഇഖ്ബാൽ പറഞ്ഞിരുന്നു. ''ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. രാജ്യത്തെ വിദേശ വിനിമയ റിസർവ് താഴ്ന്ന നിലയിലാണ്. തേയില ഇറക്കുമതി ചെയ്യാൻ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങൾ ഒന്ന്-രണ്ട് കപ്പ് ചായ കുറയ്ക്കണമെന്നാണ് അഭ്യർത്ഥന''- അഹ്സാൻ ഇഖ്ബാൽ പറയുന്നു. ചായക്കുപോലും ഗതിയില്ലായെ പാക്കിസ്ഥാൻ മാറുമ്പോഴാണ് ഇന്ത്യ പിടിച്ച് നിക്കുന്നത് എന്നോർക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP